Saturday, April 9, 2011

അല്യോഷ


(ദസ്തയേവ്സ്ക്കിയുടെ കാരാമസോവ് സഹോദരന്മാരിൽ മൂന്നാമനും, ക്രിസ്തുസദൃശനുമായ അലക്സി കാരാമസോവിനെ (അല്യോഷയെ) മുൻ നിർത്തി ഒരു വിചാരം)

വെറുപ്പും വിദ്വേഷവും പുകയുന്ന
കാരാമസോവിന്റെ പേജുകളിൽ
അല്യോഷാ, നീയൊരു സുഗന്ധമായുതിരുന്നു.
പ്രതികാരവും പ്രണയവും ഭ്രാന്തും ചേർത്തുരുക്കിത്തീർത്ത
മഹാഗോപുരത്തിന്റെ ഇരുമ്പു വാതിലുകൾ
നീ മലക്കെ തുറന്നിടുന്നൂ, സ്വാഗതം!

മനുഷ്യാവസ്ഥയെ പകുത്ത്, നാലു സമുദ്രങ്ങളിൽ
നിറച്ചവൻ ദസ്തയേവ്സ്ക്കി.

ചൂതാട്ടത്തിനും മുടിഞ്ഞ മദ്യപാനത്തിനും
പിശാചു മോഹങ്ങൾക്കും ഹിസ്റ്റീരിയക്കും ഇടയിലൂടെ
മനുഷ്യന്റെ ഹതാശമായ ആകാശത്ത്
അല്യോഷാ,
 നീയൊരു പെരുമീൻ പോലെ ഉദിച്ചുയരുന്നു.

ദിമിത്രിയിലേക്ക്, ഇവാനിലേക്ക്,
കാതറീനയിലേക്ക്, ഗ്രുഷങ്കയിലേക്ക്,
 രോഗാതുരനായ  ഇല്യൂഷയിലേക്ക്,
വീൽചെയറിൽ അവളുടെ മാലാഖയെ കാത്തിരിക്കുന്ന ലിസ്സിനരുകിലേക്ക്,
ഗുരുനാഥന്റെ മരണക്കിടക്കയിലേക്ക്
തീക്കടലുകൾ താണ്ടുമ്പോൾ പോലും നീ
പേജുകൾക്കിടയിലൊന്ന് നിന്ന്
ദസ്തയേവ്സ്ക്കിയുടെ പൊന്നോമന
പാളിപ്പോയെന്നു പറഞ്ഞവരെ നോക്കി
കരുണാർദ്രമായി പുഞ്ചിരിക്കുന്നു.

പ്രജ്ഞയുടെ ഒരു മിന്നലിൽ കാതറീന 
അവളുടെ നേര് നിന്നിൽ നിന്നറിയുന്നു
ഗ്രുഷങ്ക നിന്റെ സ്നേഹത്താൽ സ്നാനപ്പെടുന്നു.
ഇവാന്റെ ധിഷണയുടെ ചുണ്ടുകൾ
ഒരു ചുംബനത്താൽ നീ മുദ്രിതമാക്കുന്നു.
ദിമിത്രിയുടെ ചരടു പൊട്ടിയ പട്ടം
നിന്റെ തിരുമുറിവിൽ ചുറ്റിത്തടഞ്ഞു നിൽക്കുന്നു.


അല്യോഷാ, വരൂ!
വരികൾക്കിടയിലൂടെയുള്ള നിന്റെ വരവും കാത്ത്
പുസ്തകത്തിനകത്തും പുറത്തും
 എല്ലാ കാരാമസോവുകളും അക്ഷമരായിരിക്കുന്നു.
ഗംഭീരമതദ്രോഹവിചാരകരുടെ അരമനകൾക്ക്
സ്പർശിക്കാനാവാത്ത  മഹാധാവളൃമേ,
തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽ
തന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്ന
തന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ,
എന്തും അനുവദനീയമായ ഈ ഭൂമിയിൽ,
അല്യോഷാ,   ഓമനേ, നീ വരൂ,
എന്റെ വിളക്കിൽ എണ്ണ വറ്റിത്തീരാറായിരിക്കുന്നു.
ഒരുമ്മയും അതു സഹിക്കാനുള്ള കരുത്തും നീ എനിക്കും തരൂ!
നീതിമാന്മാരെ തേടിയല്ലോ, നീ വന്നതു.

63 comments:

mayflowers said...

ഇവിടം സംസ്കരിക്കാന്‍ ഒരലോഷ്യ വരേണ്ടിയിരിക്കുന്നു..
വരികള്‍ അര്‍ത്ഥസമ്പുഷ്ടം..

നിരഞ്ജന്‍.ടി.ജി said...

Salute..! from an idiot..

അംജിത് said...

ഇതിനൊരു കമന്റ്‌ എഴുതാനുള്ള വിവരം എനിക്കില്ല.. എങ്കിലും, വായിച്ചു..ഇഷ്ടപ്പെട്ടു..
കൊക്കിലോതുങ്ങാത്തതാണ് എങ്കിലും, എന്തോ വലിയ കാര്യമാണെന്ന് മനസ്സിലായി

മൻസൂർ അബ്ദു ചെറുവാടി said...

Great and beautiful Srinathan Jee.
One of the best from you.
Congratz.

Echmukutty said...

ഗംഭീരമായിട്ടുണ്ട്. അവസാന വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു.

ഒരാഴ്ച കോളേജിൽ പോകാതെ ബ്രദേഴ്സ് കാരമസോവ് വായിച്ചു തീർത്ത പത്തൊമ്പതുകാരി ....എവിടെയോ നിന്നെത്തി നോക്കി...
ഒത്തിരി നന്ദി.
മറന്നിരിയ്ക്കുകയായിരുന്നു അല്യോഷയെ....പൊടുന്നനെ ഒരു തിരത്തള്ളൽ പോലെ അല്യോഷ എന്റെ മുൻപിൽ നിൽക്കുന്നു!

ഒത്തിരി നന്ദി.

SHANAVAS said...

ഇതിനു കമന്റെഴുതാനുള്ള വിവരം ഉണ്ടെന്നു തോന്നുന്നില്ല.എങ്കിലും അതീവ ഗഹനമായ വരികള്‍,ആശംസകള്‍,ശ്രീനാഥന്‍ ജീ.

പട്ടേപ്പാടം റാംജി said...

വലിയ വായനകള്‍ ഒന്നും എനിക്കില്ലാത്തതിനാല്‍ വലിയ ഒരു കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയാകില്ല.
"അരമനകൾക്ക്സ്പർശിക്കാനാവാത്ത മഹാധാവളൃമേ,തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽതന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്നതന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ,എന്തും അനുവദനീയമായ ഈ ഭൂമിയിൽ,അല്യോഷാ"

പ്രതീക്ഷകള്‍ കൈവെടിയാതെ ജനം എന്തോ കാത്തിരിക്കുന്നു....

ഭാനു കളരിക്കല്‍ said...

മഷേ, ദസ്തയേവ്സ്ക്കിയുടെ കാരാമസോവ് സഹോദരന്മാര്‍ എന്ന കൃതിയെക്കുറിച്ച് ധാരാളം വായിച്ചതിനു ശേഷമാണ് ഞാന്‍ ആ കൃതി വായിച്ചത്. അപ്പോള്‍ അമിത പ്രതീക്ഷയാണോ ആവോ, ദസ്തയേവ്സ്ക്കിയുടെ തന്നെ മറ്റു കൃതികള്‍ വായിച്ച അനുഭവം എനിക്ക് ഉണ്ടായില്ല.

മനുഷ്യാവസ്ഥയെ പകുത്ത്, നാലു സമുദ്രങ്ങളിൽനിറച്ചവൻ ദസ്തയേവ്സ്ക്കി. ഈ പ്രസ്താവന എത്രയോ ശരി. മാഷുടെ വരികള്‍ ശക്തം.

Manoraj said...

ദസ്തയവസ്കിയുടെ കാരമസോവ് സഹോദരങ്ങളുടെ സംഗ്രഹീത പുനരാഖ്യാനമേ ഇത് വരെ വായിച്ചിട്ടുള്ളൂ. വരികള്‍ ഇഷ്ടമായി.

ചാണ്ടിച്ചൻ said...

മാഷേ...ഞാനിതൊന്നും വായിച്ചിട്ടില്ല...അത് കൊണ്ട് ഒരഭിപ്രായം പറയാന്‍ ഞാനാളല്ല...
തീര്‍ച്ചയായും ഇതൊരു ശ്രേഷ്ഠകവിത തന്നെയായിരിക്കണം...മാഷല്ലേ എഴുതിയത്...

സീത* said...

ബ്രദേർസ് കാരാമസോവിലെ വരികൾ മനസ്സിൽ മിന്നിപ്പൊലിഞ്ഞു...
“തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽതന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്നതന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ,എന്തും അനുവദനീയമായ ഈ ഭൂമിയിൽ”....

കാത്തിരിക്കാതെ വയ്യ ഒരു അല്യോഷായെ...ഒരു അല്യോഷായ്ക്ക് ഈ പ്രാർത്ഥനകൾക്കർത്ഥം പകർന്ന് പുനർജ്ജനിക്കാതെയും വയ്യ...വരികൾക്കിടയിലൂടെ അതിനായുള്ള കാത്തിരുപ്പ്...നന്നായി ഏട്ടാ...മനസ്സിലെ മറവിയിൽ പൊടി പിടിച്ചു കിടന്ന ഒരേട് തുറന്നു തന്നതിന്...മനസ്സിലിപ്പോ അല്യോഷാ ചിരിക്കുന്നു...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഗഹനമായ ഒരു വിഷയത്തെ പ്രധിനിധീകരിക്കുന്ന ഉചിതമായ ഭാവന.
അതിസൂക്ഷ്മായ കണ്ടെത്തലുകള്‍ക്ക് ആ കൃതിയും അതിന്‍റെ ചരിത്രവും അരച്ചുകുടിച്ച കരുത്തുണ്ട്.
കൂടുതല്‍ അഭിപ്രായപ്രകടനങ്ങളിലൂടെ ഇത് ഇതില്‍ കൂടുതല്‍ ലളിതമായിത്തീരുന്നത് കാത്തിരിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

gambheeramayittundu..... aashamsakal....

നികു കേച്ചേരി said...

പാപികളെ തേടിയല്ലേ ????

ചിത്ര said...

ഈയടുത്താണ് brothers karamazov വായിച്ച് തീര്‍ത്തത്..കഴിഞ്ഞ ആഴ്ച..കഥാപാത്രങ്ങള്‍ എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് തന്നെ മാഷുടെ പോസ്റ്റും..അല്യോഷയുടെ നന്മയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് എല്ലാ കഥാപാത്രങ്ങള്‍ക്കുള്ളിലും ഉള്ള നന്മയുടെ നനുത്ത തരികളാണ്...ആ നന്മയില്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം.. മനുഷ്യരിലുള്ള വിശ്വാസം നില നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ കഥാപാത്ര നിര്‍മ്മിതികളിലുണ്ട്..

വേണുഗോപാല്‍ ജീ said...

ഈ കമെന്റ്സ് ഒക്കെ വായിക്കുമ്പോഴാ മനസിലാകുന്നത് കുറെ പേര്‍ സാറിനെ പോലെ ഉള്ളവര്‍ ഉണ്ട് എന്ന്... ഞാന്‍ ഇതൊന്നും വായച്ച്ചിട്ടില്ല..... എങ്കിലും... എന്താ ഇത്..?? അല്ലാ... എന്താ ഇത്... ചുമ്മാ ബ്ലോഗിന് ചീത്ത പെരുണ്ടാക്കാന്‍... വല്ലാതങ്ങു standard ആക്കുകാ?? ഇനി ഈ ഉള്ളവന്‍മാരെ പോലുള്ളവര്‍ വല്ലതും മെഴുകിയാല്‍ യാര് വായിക്കാന്‍? അസൂയ..... അസൂയ.. !!!!!!

പ്രയാണ്‍ said...

interesting....!

Vayady said...

ദസ്തയേവ്സ്ക്കിയുടെ കാരാമസോവ് സഹോദരന്മാര്‍ എന്ന കൃതി വായിച്ചിട്ടില്ല. മാഷിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ കാരാമസോവ് സഹോദരന്മാരരെ വായിച്ചില്ലല്ലോ എന്ന്‌ നഷ്ടബോധം തോന്നുന്നു. ഹോ! എന്ത് രസമായിട്ടാണ്‌ എഴുതിയിരിക്കുന്നത്! അഭിനന്ദനം മാഷേ.

Unknown said...

കുറേപേര്‍ മനസ്സിലായില്ല വായിചില്ലാന്നൊക്കെ പറഞ്ഞു.
പിന്നെ ഞാനെന്തിനു പറയാതിരിക്കണം..
അല്ല പിന്നെ എനിക്കുണ്ടോ ഇത് വല്ലതും തിരിയുന്നു.

രമേശ്‌ അരൂര്‍ said...

അല്യോഷാ, വരൂ!
വരികൾക്കിടയിലൂടെയുള്ള നിന്റെ വരവും കാത്ത്
പുസ്തകത്തിനകത്തും പുറത്തും
എല്ലാ കാരാമസോവുകളും അക്ഷമരായിരിക്കുന്നു.
സത്യത്തില്‍ കമന്റു എഴുതിയ ഭൂരിപക്ഷം പേരെയും മുന്നില്‍ കണ്ടാവാം മാഷ്‌ ഈ വരികള്‍ കുറിച്ചിട്ടത്‌ ,,,ഇല്ലെങ്കില്‍ ഇതാ ആ പ്രവചനം പോലെ ആലോഷ്യയെ തേടി ഒത്തിരി പേര്‍ അലയാന്‍ തുടങ്ങുന്നു ....നന്നായി എഴുതിയിരിക്കുന്നു ....ദസ്തയേവ്സ്കി യുടെ ഏതു വായനയ്ക്ക് ശേഷവും മനസിലെ പിന്തുടരുന്ന കുറെയേറെ ചിന്തകളും കഥാപത്രങ്ങളും ഉണ്ടാവും ..അദ്ദേഹത്തിന്‍റെ രചനകളുടെ പരിഭാഷകള്‍ ആയാല്‍ പോലും ഈ ബാധ പിന്നാലെയുണ്ടാവും ...:)

ശ്രീനാഥന്‍ said...

നാലാം ക്ലാസിൽ വെച്ച് വായിച്ച ‘കുട്ടികളുടെ മഹാഭാരത’ ത്തിനുശേഷം എന്നെ ഏറ്റവും അധികം ആവേശിച്ച മനുഷ്യമഹാഗാഥയാണ് കാരാമസോവ് സഹോദരന്മാർ. ഫെദ്യോർ പാവ്ലോവിച്ചും അയാളുടെ മൂന്നു മക്കളും ചേർന്നാൽ മനുഷ്യനായി. ദസ്തയേവ്സ്ക്കിയുടെ ഉൽക്കടമായ ഒരാഗ്രഹമായിരുന്നു, മനുഷ്യവിമോചനചിഹ്നമായിരുന്നു അല്യോഷാ എന്ന സ്നേഹത്തിന്റെ നിറകുടം. ദൈവം മരിച്ചു പോയതിനാൽ എതും അനുവദനീയമാണെന്ന ഇവാന്റെ ദർശനത്തെ ( അല്യോഷയുടെ സ്നേഹചുംബനത്താൽ ഈ നോവലിലുടനീളം ദസ്തയേവ്സ്ക്കി നേരിടുന്നു. എങ്കിലും അല്യോഷ എന്ന കഥാപാത്രം പാളിപ്പോയി എന്നു പറഞ്ഞ നിരൂപകരുണ്ട്. കാരാമസോവ് സഹോദരന്മാരുടെ രണ്ട് ഭാഗങ്ങൾ എഴുതിയപ്പോഴേക്കും ദസ്തയേവ്സ്ക്കി നാടു നീങ്ങിപ്പോയിരുന്നു. മൂന്നാം ഭാഗം അല്യോഷയെ ഫോക്കസ് ചെയ്ത് എഴുതാനായിരുന്നു ഉദ്ദേശ്യം, (നിർ‌)ഭാഗ്യവശാൽ ഒത്തില്ല. ഒരുപക്ഷേ അല്യോഷയുടെ പരാജയം എഴുതേണ്ടി വരുമായിരുന്നു അദ്ദേഹത്തിന് (?). എങ്കിലും നമുക്ക് നാണത്താൽ പെട്ടെന്ന് മുഖം ചുവന്നു തുടുക്കുന്ന അല്യോഷയെന്ന സ്നേഹസ്വരൂപനെ മുറുകെ പിടിക്കാം, അല്യോഷ, മാനവികതയുടെ പ്രകാശഗോപുരമാണ്. രാമൊഴി പറഞ്ഞ പോലെ നന്മയുടെ തരികൾ ഓരോ കാരാമസോവിലും (മനുഷ്യനിലും) ഉണ്ട്. ആ ദൈവാംശം പ്രോജ്ജ്വലിപ്പിക്കുകയാണ് അല്യോഷ. അതാണ് എക്കാലവും പ്രവാചകർ ചെയ്തിരുന്നതും.

കാരാമസോവ് സഹോദരന്മാർ വായിച്ചവർക്ക് ആ മഹത്തായ കൃതി (ഫ്രോയിഡിനെ ഏറ്റവും സ്വാധീനിച്ച നോവൽ) ഓർക്കാനും വായിക്കാത്തവർക്ക് അത് ഒരു വട്ടമെങ്കിലും വായിക്കാനുള്ള പ്രചോദനമാകാനും ഈ പോസ്റ്റ് ഉപകാരപ്പെട്ടെങ്കിൽ ഞാൻ ധന്യനായി. പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയംഗമമായ സ്നേഹം, നന്ദി.

Rare Rose said...

ഞാനും വായിച്ചിട്ടില്ല.:(
പക്ഷേ ശാന്തിയുടെ,മനുഷ്യനന്മയുടെ പ്രതീകമായി കാണത്തക്ക വിധത്തില്‍ എന്തൊക്കെയോ അലോഷ്യയിലുണ്ടെന്ന് മനസ്സിലാവുന്നു.ഇനി വായിക്കാന്‍ പോകുന്നവര്‍ക്കും വരികളിലൂടെ കരുണാസ്വരൂപനായി അലോഷ്യ മുഖം തരുന്നുണ്ട്..നന്ദി മാഷേ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഫയദോര്‍ നിനക്ക് വീണ്ടും പ്രണാമം

ഗീത said...

തീരെ കുഞ്ഞുപ്രായത്തിൽ കാരമസോവ് സഹോദരന്മാർ വായിക്കാനെടുത്തതാണ്, അപ്പൂപ്പന്റെ പുസ്തകശേഖരത്തിൽ നിന്ന്. പക്ഷേ അന്നത് വായിച്ചു തീർത്തില്ല എന്ന് ഓർമ്മയുണ്ട്. അതൊരു തടിയൻ പുസ്തകമായിരുന്നല്ലോ.‘സ്കി’ എന്ന് അവസാനിക്കുന്ന റഷ്യൻ പേരുകളുടെ പ്രത്യേകതകൾ മനസ്സിൽ തങ്ങിനിന്നു. എന്നാലും അലോഷ്യയെ കുറിച്ച് തീരെ ഓർമ്മ വരുന്നില്ല. പിന്നെ വായന ആസ്വദിക്കാവുന്ന പ്രായമായപ്പോൾ ആ പുസ്തകം അപ്പൂപ്പന്റെ ശേഖരത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇനി വായിക്കണം.

ശ്രീനാഥന്‍ said...

റോസ്,സൂനിൽ,ഗീതാ- സന്തോഷം,നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

മനുഷ്യാവസ്ഥയെ പകുത്ത്, നാലു സമുദ്രങ്ങളിൽ
നിറച്ചവൻ ദസ്തയേവ്സ്ക്കി.

Raman said...

ishtaayi. alla vallye ishtaayi

ഒരില വെറുതെ said...

ഇവാന്റെ ധിഷണയുടെ ചുണ്ടുകൾ
ഒരു ചുംബനത്താൽ നീ മുദ്രിതമാക്കുന്നു.

ഗംഭീരമായി

ശങ്കരനാരായണന്‍ മലപ്പുറം said...
This comment has been removed by the author.
ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി!

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ നന്നായിരിക്കുന്നു. റഷ്യന്‍ സാഹിത്യവും
കഥാപാത്രങ്ങളും കാലാതീവര്‍ത്തികളാണു്.ബൂലോക
ത്തു് ഈടുറ്റ ഒരു കവിത അതില്‍ നിന്നും പിറവി
യെടുത്തിരിക്കുന്നു.

Umesh Pilicode said...

ഇഷ്ടായി മാഷേ...

Promod P P said...

എങ്ങനെ മറക്കാനായി പവലോവിച്ചിനെ?
എങ്ങനെ മറക്കാനായി അലെക്സിയെ,പാവേലിനെ അഗ്രഫെനയെ കത്രീനയെ,സോസിമ അച്ചനെ???

ദിമിത്രോവും പവലോവിച്ചും ഇവാനും ഒരുമിച്ച് ഇല്ലാത്ത ഒറ്റസങ്കൽ‌പ്പങ്ങളുടെ എരുമത്തൊഴുത്തിലേക്ക് കരംസോവ് സഹൊദരന്മാരെ മാറ്റി കെട്ടിയത്തിൽ പ്രതിഷേധിക്കുന്നു...

Promod P P said...

ഫിയോഡോർ ദെസ്തയോവ്സ്കി 50 ഇൽ അധികം തവണ തിരുത്തി എഴുതിയതാണത്രെ ഇഡിയറ്റ്. ഇങ്ങേർക്ക് സ്വബോധം ഇല്ലേ?

Unknown said...

നല്ല രസത്തില്‍ വായിച്ചു .....എന്തോ ഒരു ആവേശം വായിക്കാന്‍ ...........നന്ദി മാഷെ

നിരഞ്ജന്‍.ടി.ജി said...
This comment has been removed by the author.
Neena Sabarish said...

സര്‍ , ഇതെങ്ങനെ കവിതയല്ലാതാകും?????????? ബ്ളോഗേഴ്സ് മീററില്‍ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ മനോഹരമായൊരു ബ്ളോഗെനിക്കു നഷ്ടപ്പെട്ടേനേ....വീണ്ടും വരാം ചേച്ചിയോടും പറയൂ.....

ശ്രീനാഥന്‍ said...

കുസുമം, രാമൻ, ഒരില, മയ്ഡ്രീംസ്, പാറ്റൂർ, ഉമേഷ്, ശങ്കരനാരായണൻ, തഥാഗതൻ, നീന ----- എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി.നീന- ചേച്ചിയോട് പറയാം കെട്ടോ!

Areekkodan | അരീക്കോടന്‍ said...

):

Muralee Mukundan , ബിലാത്തിപട്ടണം said...

അലോഷ്യ നീ എന്റെ മുന്നിൽ വന്ന് നിൽക്കുന്നു...!
“എല്ലാ കാരാമസോവുകളും അക്ഷമരായിരിക്കുന്നു.
ഗംഭീരമതദ്രോഹവിചാരകരുടെ അരമനകൾക്ക്
സ്പർശിക്കാനാവാത്ത മഹാധാവളൃമേ,
തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽ
തന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്ന
തന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ...”
ആധുനിക മന:ശാസ്ത്രത്തിന്റെ പിതാവിനെ പോലും ഏറ്റവും സ്പർശിച്ച കഥാപാത്രങ്ങൾ...

ഗൗരീനന്ദൻ said...

അല്യോഷായെ കാത്തിരിക്കയല്ലാതെ മറ്റെന്തു വഴി...വരികൾക്കിടയിൽ നിന്നും അവൻ പുനർജനിക്കട്ടെ

SASIKUMAR said...

ഈ കൃതിയിനി വായിക്കാതിരിക്കുന്നതെങ്ങനെ, ശ്രീനാഥൻ, അതിസുന്ദരം !!

ശ്രീനാഥന്‍ said...

മുരളീ മുകുന്ദൻ, ചെമ്മരൻ, ശശികുമാർ- വളരെ സന്തോഷം, നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.

ശ്രീനാഥന്‍ said...

അരീക്കോടൻ മാഷ്, ഗൌരീനന്ദനൻ-വളരെ സന്തോഷം, നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.

anju minesh said...

vayichu maranna aloshyaye ormichu

ഹാപ്പി ബാച്ചിലേഴ്സ് said...

ശ്രീനാഥൻ മാഷേ, നമസ്ക്കാരം. മാഷിന്റെ ഡെൽഹി വിശേഷങ്ങൾ വായിച്ചാണ് ഇവിടെയെത്തിയത്. കുറേ നാളുകൾക്ക് ശേഷം ഇവിടെയൊക്കെ വരുമ്പോൾ നല്ല സന്തോഷം. മാഷിന്റെ കവിതയുമായി ഇഞ്ചോടിഞ്ച് പൊരുതാൻ ഒരു കവിതയുമായി ഉടൻ വരുന്നുണ്ട്ട്ടൊ. :)) കാണാം.

ശ്രീനാഥന്‍ said...

അഞ്ജു- വളരെ സന്തോഷം, വായിച്ചതിന്. ഹാപ്പീസ്-ഇരട്ടകളെവിടാരുന്നൂ, സന്തോഷം. ഗവിതകളുമായി വെക്കം വാ.

K@nn(())raan*خلي ولي said...

ചിലതൊക്കെ മനസ്സിലായി.
ഹമ്പടാ, കാരമസോവിനേം പിടിച്ചു അല്ലെ!
നടക്കട്ടെ നടക്കട്ടെ..

lekshmi. lachu said...

മാഷെ ഞാന്‍ ഇതൊന്നും വായിചിട്ടില്ല്യ.അഭിപ്രായം പറയാന്‍
എനിക്കറിവ്പോര

ബെഞ്ചാലി said...

നീതിമാന്മാരെ തേടിയല്ലോ, നീ വന്നതു.
well said.

jyo.mds said...

വായിച്ചു.കമന്റ് പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.

ശ്രീനാഥന്‍ said...

കണ്ണൂരാൻ,ലച്ചു, ബെഞ്ചാലി, ജ്യോ- വളരെ നന്ദി, സന്തോഷം വായിച്ചതിനും അഭിപ്രായത്തിനും.

jiya | ജിയാസു. said...

ഒരു സങ്കീർത്തനം പോലേ.....!!!!

നന്നായിരിക്കുന്നു.. ആശംസകൾ

കുസുമം ആര്‍ പുന്നപ്ര said...

മാഷേ പുതിയതൊന്നും എഴുതിയില്ലേ??????????

ശ്രീനാഥന്‍ said...

@ജിയാസു-സന്തോഷം, നന്ദി. @കുസുമം- അന്വേഷണത്തിനു നന്ദി. കഴിയാഞ്ഞിട്ടാണ്. നോക്കട്ടേ!

Raveena Raveendran said...

വെറുപ്പും വിദ്വേഷവും പുകയുന്ന
കാരാമസോവിന്റെ പേജുകളില്‍
അല്യോഷാ, നീയൊരു സുഗന്ധമായുതിരുന്നു.

ശേഷം വായിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍ ........

വിമൽ said...

ഗുരുജി....
അലോഷ്യയെപ്പറ്റിയും, കാരമസോവ് സഹോദരങ്ങളെപ്പറ്റിയും മുൻപ് പറഞ്ഞതോർക്കുന്നു....
മഴയാണെന്ന് കരുതി...
പക്ഷെ അവസാനം വരികൾക്ക് തീ പിടിച്ചതുകണ്ട്.. അന്തംവിട്ട് നിൽക്കുന്നു...
മനസ്സ് മുറിഞ്ഞ് നീറ്റൽ പടരുന്നു...
ആശംസകൾ

ശ്രീനാഥന്‍ said...

രവീനാ,വിമൽ- വളരെ സന്തോഷം!

Nisthula said...

നല്ല വരികള്‍

Anonymous said...

എന്തും അനുവദനീയമായ ഭൂമിയില്‍..അതെ, അതാണു ശരി. ലൈസന്‍സ് ഉണ്ട്് ഇവിടെ ചിലര്‍ക്കെന്തും ചെയ്യാം, പറയാം ..ദൈവം എവിടെയോ മറഞ്ഞിരിക്കുന്നുവെന്ന് എനിക്കും തോന്നാറുണ്ട്.ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ ചിലപ്പോള്‍ ആത്മനിന്ദ ഉളവാക്കാറുണ്ട്. നന്ദനത്തില ഉണ്ണിയേട്ടനും പ്രാഞ്ചേിയേട്ടനിലെ സെയിന്റും ഈ നിസ്സഹായാവസ്ഥയില്‍ നിന്ന്ു ഭാവന കണ്ടുപിടിക്കുന്ന പ്രത്യാശാകിരണങ്ങളാണ്.
കാരമസോവ് കുട്ടിക്കാലത്തു വായിച്ചതാണ്. ഒന്നു കൂടി വായിക്കാന്‍ തോന്നുന്നുണ്ട്. കെ.സുരേന്ദ്രന്റെ ദസ്തയേവ്‌സ്‌കി കൈയ്യിലുണ്ട്. അതും ഒന്നു വായിക്കണം എന്നു പ്ലാന്‍. നടക്കുമോ ആവോ?

off topic-കുട്ടികളുടെ മഹാഭാരതത്തിന്റ ദ്രൗപദിയുടെ സുന്ദരമുഖത്തിന്റെ പടമുള്ള കവര്‍പേജ് ഇപ്പോഴും ഓര്‍ക്കുന്നു. എന്റേയും പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്. ഇപ്പോള്‍ സ്വാമി ദയാനന്ദതീര്‍ത്ഥയുടെ ഭാരതസംഗ്രഹം.

siya said...

ശ്രീമാഷേ ,ഞാന്‍ ഇവിടെ എത്താന്‍വളരെ വൈകി.എന്തോ തിരക്കില്‍ ഈ പോസ്റ്റ്‌ വന്നത് കണ്ടില്ല .ഇന്ന് ആണ് വായിച്ചത് ..

ശ്രീനാഥന്‍ said...

nisthula,maitreyi,siya- എന്റെ സന്തോഷം, നന്ദി. കെ. സുരേന്ദ്രന്റെ ദസ്തയേവ്സ്ക്കി പുസ്തകം, ഏറേ കൊട്ടിഘോഷിക്കപ്പെട്ട ‘ഒരു സങ്കീർത്തനം പോലെ’ ക്കാൾ ഒരു പടി മുകളിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

anupama said...

പ്രിയപ്പെട്ട ശ്രിനാഥന്‍,
മഴയില്‍ നനഞ്ഞ ഒരു സുപ്രഭാതം!
അലോഷ്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍,താങ്കളുടെ കവിത എന്നെ പ്രേരിപ്പിക്കുന്നു.മനോഹരമായി എഴുതിയ ഒരു കവിത!അഭിനന്ദനങ്ങള്‍!
ഒരു സുന്ദര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു