Monday, August 9, 2010

മുപ്പത് വർഷങ്ങൾക്ക് മുമ്പൊരു സാഹിത്യസമ്മേളനത്തിൽ…

അലനല്ലൂരിലൊരു സാഹിത്യസമ്മേളനം, 1980-ൽ ആണെന്നു തോന്നുന്നു. ഞാൻ പാലക്കാട് എഞ്ചിനീയറിങ് പഠിക്കുന്ന(?) കാലം. ‘കലിയും, കവിതയും’ ബാധിച്ച കാലം. തോളറ്റം മുടിയും, താടിയും വളർത്തി, ഒറ്റമുണ്ടുടുത്ത്, മൂന്നു രൂപ മീറ്ററിനു വിലയുള്ള വലിച്ചാൽ വലിയുന്ന, വെള്ളം കാണാത്ത വെളുത്ത (?) ഷർട്ടുമിട്ട്, സഞ്ചി തൂക്കി, ഒരു ബീഡി വലിച്ച്, പകുതിയാകുമ്പോൾ കെടുത്തി, പിന്നെയും കത്തിച്ച്, വഴി നീളെ കവിത ചൊല്ലി നടക്കുന്ന ഒരു ജന്മമായിരുന്നു അന്നു ഞാൻ. (ഇന്നും സ്ഥലകാലബോധമില്ലാതെ കവിത ചൊല്ലുന്ന ദുശ്ശീലം മുഴുവനായും എന്നെ വിട്ടുപോയിട്ടില്ല, മാഷല്ലേ, കുട്ടികൾ വട്ടാണെന്നു ധരിക്കില്ലേ എന്ന് കരുതി നിയന്ത്രിക്കാറുണ്ടെന്നു മാത്രം. എന്ത് ചെയ്യാം, എഴുപതുകളുടെ ഹാങോവർ!)

ആ, അപ്പോൾ, അലനല്ലൂരിലൊരു സാഹിത്യസമ്മേളനം. പുറപ്പെട്ടു. അലനല്ലൂർ ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഒരു താടിക്കാരൻ, കുളിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, കവിലക്ഷണം. പരിചയപ്പെട്ടു. നേരോം, കാലോം നോക്കാതെ ആരുമായും കവിതയും വിപ്ലവവും വാതോരാതെ സംസാരിക്കുന്ന അസുഖമുണ്ടായിരുന്നു എനിക്ക് അക്കാലത്ത്. താടിയുമായി സംവാദത്തിലേർപ്പെട്ടു. ചെറുതായി ഒന്നു ചിരിച്ച് വളരെ യുക്തിസഹമായി സംസാരിച്ചു അയാൾ. കവിയല്ലെന്നുറപ്പായി, അതിവൈകാരികതയില്ല, നല്ല ജ്ഞാനവും, നിരീക്ഷണപാടവവും. രാജൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരനുമായി അലനല്ലൂരിലെത്തുമ്പോഴേക്കും ഞാൻ നല്ല ചങ്ങാത്തമായി. സമ്മേളനസ്ഥലത്തെത്തി, ആളുകൾ അയാളുമായി കുശലം പറയുന്നതു കേട്ടപ്പോഴാണ്, അദ്ദേഹം, പ്രശസ്ത ചരിത്ര പണ്ഡിതനും, ഇപ്പോൾ എം.ജി. സർവ്വക ലാശാലാ വൈസ്ചാൻസലറുമായ രാജൻഗുരുക്കൾ സാറാണെന്ന് മനസ്സിലായത്. ചമ്മി അടപ്പൂരി, എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ളിച്ചിരിക്കുമോ ഞാൻ ബസ്സിൽ വെച്ച് … എന്നൊക്കെയായി ചിന്ത. എന്തായാലും സമ്മേളനത്തിന്റെ രണ്ടു ദിവസവും സാർ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. നല്ല മനുഷ്യൻ.

അലനെല്ലൂർ സമ്മേളനത്തിൽ മേജർസെറ്റുകാർ പലരും പങ്കെടുത്തിരുന്നു.(ഒരു ‘യുഗപ്രഭാവൻ‘ കയറിവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നത് ഓർക്കുന്നു, ആരായിരുന്നു അത്? ഓർമയില്ല, വള്ളത്തോൾ എന്നു സങ്കൽ‌പ്പിക്കാനാണ് എനിക്കിഷ്ടം.) രണ്ടു ചിത്രങ്ങൾ മാത്രം മിഴിവാർന്നു നിൽക്കുന്നു, ഇന്നും.

ഒന്ന്: കോവിലൻ! ഏ മൈനസ് ബി, ഏഴാമെടങ്ങൾ, ഹിമാലയം,തോറ്റങ്ങൾ... ഒക്കെ വായിച്ച് ഒരു കടുത്ത കോവിലൻ ഫാൻ ആയിരുന്നു ഞാൻ അന്ന് (ഇന്നും). ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന പുലിമടയിലിരുന്ന്, തീരെ മേദസ്സില്ലാത്ത, കരുത്തും ഓജസ്സുമുറ്റ ശൈലിയിൽ ചോരപൊടിയും വിധം കോവിലൻ മനുഷ്യകഥയുടെ കോലങ്ങൾ മലയാളിയുടെ മനസ്സിൽ കോറിയിട്ടു. മുമ്പു പറഞ്ഞ ബൃഹദാഖ്യാനങ്ങളൊന്നും വേണ്ടാ, ‘റ’ എന്ന ഒറ്റക്ഷരശീർഷകത്തിലുള്ള ഒറ്റപ്പേജു കഥ ഒന്നു മതി, കോവിലൻ അനശ്വരനാകാൻ. സമ്മേളനത്തിൽ കോവിലൻ സംസാരിച്ചിരുന്നു. ആത്മാർഥത തുളുമ്പുന്ന സ്വരത്തിൽ, past continuous tense ധാരാളമായി ഉപയോഗിച്ച് (അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു…എന്നൊക്കെ)ഉരുക്കു പോലുള്ള ആ മനുഷ്യൻ സംസാരിച്ചപ്പോൾ ഞാൻ വാപൊളിച്ച് കേട്ടിരുന്നു.

ഒരിടവേളയിൽ ഞാൻ കോവിലന്റെ അരികിലെത്തി, ഒരു ഡയറി നീട്ടി, ഓട്ടോഗ്രാഫ്! മുഖം ചുളിഞ്ഞു കോവിലന്റെ. അതൊന്നും ശരിയാകില്ലെന്നു പറഞ്ഞു. തലകുനിച്ച് ഞാൻ അവിടെത്തന്നെ നിന്നു. മുമ്പിലുള്ള ദയനീയരൂപത്തെ നോക്കിനിൽക്കെ പതുക്കെ കോവിലൻ കരുണാമയനായി. കൈനീട്ടി ഡയറി വാങ്ങി അതിൽ കുറിച്ചു-കൊത്തിവച്ചതുപോലുള്ള, വിറയാർന്ന അക്ഷരങ്ങളിൽ - ‘നന്മകൾ നേരുന്നു: കോവിലൻ‘ – പിന്നെ, തെളിവെയിലുപോലെ ഒന്നു ചിരിച്ചു. അങ്ങനെ, ആദ്യമായും, അവസാനമായും ഒരു സെലിബ്രിറ്റിയിൽ നിന്ന് ഞാൻ ഓട്ടോഗ്രാഫ് വാങ്ങി.

രണ്ട്: എൻ.എൻ. കക്കാട്! അന്ന് ക്യാൻസർ ബാധിതനായിരുന്ന കക്കാട്, ഏറെ പ്രയാസപ്പെട്ട് സഫലമീ യാത്ര ചൊല്ലി. അതിപ്രശസ്തമായ ഈ കവിത പിന്നീടാണ് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതെന്നാണ് എന്റെ ഓർമ. ഏതോ പുഴയുടെ കളകളത്തിൽ.. എന്നു തുടങ്ങുന്ന ഖണ്ഡം ചൊല്ലിച്ചൊല്ലി എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ എന്നിടത്തെത്തിയപ്പോഴേക്കും കക്കാടിന്റെ കണ്ണുകൾ സജലങ്ങളായത് ഞാൻ അറിഞ്ഞു. എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന്നിപ്പോയി.

സഫലമീ യാത്രയുടെ രചയിതാവു മാത്രമായാണ് കക്കാട് പുതിയ തലമുറയിൽ അറിയപ്പെടുന്നത് എന്ന് തോന്നുന്നു. വൈലോപ്പിള്ളിയെ മാമ്പഴം കൊണ്ടും ഇടശ്ശേരിയെ പൂതപ്പാട്ടു കൊണ്ടും മാത്രം അടയാളപ്പെടുത്തുന്നതിലുള്ള നീതികേടുണ്ട് ഇതിൽ. ഈ മൂന്നു കവിതകളും മഹത്തായ രചനകളാണെങ്കിലും (വൈലോപ്പിള്ളി മാ മ്പഴത്തിന്റെ കാര്യത്തിൽ അതുപോലും സമ്മതിച്ചിരുന്നില്ല!) ഈ കവികളുടെ കാവ്യസപര്യയുടെ മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്നില്ല അവ. കക്കാട്, ‘എന്തു നിൻ മിഴിയിണ തുളുമ്പിയെന്നോ സഖീ …‘ എന്നൊക്കെ എഴുതിയതിനേക്കാൾ ‘നീരന്ധ്രയന്ത്രാരവഭൈരാവരാവിൽ, പൊടിയും, വെളിച്ചവും കൊണ്ടു മൂടിയ മോഹാന്തമാമീ മഹാനഗരത്തിൻ കവലയിൽ….’ എന്നൊക്കെയാണു കൂടുതലും എഴുതാൻ ഇഷ്ടപ്പെട്ടിരുന്നത്. കാളിദാസനും, എലിയട്ടും ചേർന്നൊരു കവിതയെഴുതിയ പോലെ. രചനാശൈലിയിലും, വിഷയസ്വീകരണത്തിലും തന്റെ കാ ലത്തിനു മുമ്പേ നടന്നു, കക്കാട്. പഴമയുടേയും, ആധുനികതയുടേയും ഒരപൂർവ്വസംഗമഭൂമിയാണ് കക്കാടിന്റെ കാവ്യപരിസരം.

ന്യൂ ജനറേഷൻ കോഴ്സുകൾ തട്ടിപ്പാണെന്നും അവ പഠിച്ചാൽ പണികിട്ടില്ലെന്നും എം.ജി. സർവ്വകലാശാലാ വൈസ്ചാൻസലർ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. മുപ്പത് കൊല്ലം മുമ്പ് ഞാൻ കണ്ട ചെറുപ്പക്കാരൻ ഒരു വി.സി യുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നതിൽ എനിക്ക് അത്ഭുതാദരങ്ങൾ ഉണ്ട്.

എങ്കിലും പിന്നീട് ഞാനൊരിക്കലും രാജൻ ഗുരുക്കൾ സാറിനെ കണ്ടിട്ടില്ല, പരിചയം പുതുക്കിയിട്ടുമില്ല.

രാജൻ ഗുരുക്കൾ സാറ് എന്നെ ഓർക്കാൻ ഒരു സാധ്യതയും ഇല്ല.

കക്കാട് ഇന്നില്ല.

കോവിലൻ ഇന്നില്ല.