Monday, May 31, 2010

ദേ, പിന്നേം, തൊടങ്ങീ...

ജൂൺ ഒന്നാണിന്ന്. ഈ മാഷമ്മാരുടെ ഒരു കഷ്ടപ്പാട് മാളോർക്കറിയാമോ? രണ്ട് മാസത്തെ കുശാലായ അവധിപ്പൊറുപ്പാണ് വെടി തീരാൻ പോകുന്നത്. വെറുതെയങ്ങനെ ചാരുകസേരയിൽ മലർന്ന് കിടന്ന്, ചാനലായ ചാനലൊക്കെ മാറ്റിമാറ്റിക്കളിച്ച്, അവധിക്കു വന്ന മകനോട് റിമോട്ടിനു തല്ലുകൂടി, ഇടയ്ക്കിടയ്ക്ക് പഠിക്കടാ..എന്ന് ആക്രോശിച്ച് ..... (കേട്ട ഭാവം നടിക്കാറില്ല, തൃപ്പുത്രൻ- ഒന്നേ ഉള്ളു, ഒലയ്ക്കക്കടിച്ച് വളർത്തേണ്ടതായിരു ന്നു), ഈ ടിവിയിലാകെ ചവറാണല്ലോ എന്നു പറഞ്ഞു കഴിഞ്ഞു, കഴിയുന്നത്ര നേരം. (എന്നെക്കൊണ്ടൊന്നും പറയിപ്പിക്കെണ്ടാ എന്നു ഭാര്യ) പിന്നെ, ബ്ലോഗുലകം മുഴുവൻ പരതി, ‘ആക്ഷേപങ്ങളും, അഭിപ്രായങ്ങളും’ പോസ്റ്റു ചെയ്യലായിരുന്നു മറ്റൊരു പ്രധാന പണി. അതു വിട്ടാൽ, സെൻസെക്സിന്റെ രേഖീയാന്ദോളനങ്ങൾ അനുധാവനം ചെയ്യൽ (വ്യാപാരമൊന്നുമല്ല പൊന്നേ, വിൻഡോ ഷോപ്പിങിന്റെ സൈബെർ പരിഭാഷ). പിന്നെ കാലാകാലത്ത്, ജോലിക്കു പോകുന്നതിനു മുമ്പ് കളത്രം ഉണ്ടാക്കിവെച്ചതൊക്കെ, അവരുടെ ഭാഷയിൽ പറഞ്ഞാൽ, വെട്ടിവിഴുങ്ങുക. പിന്നെയും സമയം കിട്ടിയാൽ, ദേശീയപാത മീറ്റർ മുപ്പതു വേണോ, നാൽപ്പത്തഞ്ചു വേണോ, സ്വത്വരാഷ്ട്രീയമോ, വർഗ്ഗരാഷ്ടീയമോ ശരി, നീലകണ്ഠനെ തല്ലിയത് ചരിത്ര-സാമൂഹ്യ-രാഷ്ട്രീയ-പരിപ്രേക്ഷ്യങ്ങളിൽ വിലയിരുത്തുമ്പോൾ തൊഴിലാളിവർഗ്ഗത്തിനാണോ, അയാൾക്കാ ണോ മൈലേജു കിട്ടുക- മുതലായ കാര്യങ്ങളെക്കുറിച്ച് കൂലങ്കഷമായി പരിശോധിക്കും.

ഈശ്വരാ, ഒരു സുവർണ്ണകാലം അവസാനിക്കുകയാണ് , ഇന്ന് ജൂൺ ഒന്ന്. എന്താണാവോ പഠിപ്പിച്ചു കൊണ്ടിരുന്നത്? നാലാം സെമസ്റ്ററോ, അതോ അഞ്ചാം—അല്ല, നാലു തന്നെ. മൈക്രോപ്രൊസസ്സേർസ്-എവിടെ നിർത്തിയെന്ന് ദൈവത്തിനറിയാം! സാരമില്ല, ഏതെങ്കിലും പഠിപ്പിസ്റ്റുകൾ നോട്ടു കൊണ്ടു വരാതിരിക്കില്ല, അതു നോക്കിയിട്ട് തുടങ്ങാം. ചർവിതചർവണം ആയതിനാൽ എവിടെന്നും തുടങ്ങാമെന്ന ധൈര്യം ഉണ്ട്. പോരാത്ത തിന് ആദ്യത്തെ ക്ലാസല്ലേ, അവധിയൊക്കെ എങ്ങനെ ചെലവഴിച്ചു എന്നു ചോദിക്കുന്ന സൂത്രമൊക്കെ സ്ക്കൂളിൽ മാത്രമല്ല, എഞ്ചിനീയറിങ് കോളേജിലും എടുക്കാം, ആരും തൂക്കിക്കൊല്ലില്ല. (പഴയ കുട്ടികളാരും ബ്ലോഗു കാണില്ല എന്നാണു പ്രതീക്ഷ, അല്ലെങ്കിൽ ശ്രീമാഷ് ഈ മൈക്രോപ്രൊസസ്സേർസ് താഴെ വച്ചില്ലേ ഇതുവരെയും എന്നു വിചാരിക്കും. ഒരു ഇൻഫൊസിസുകാരൻ ഈയിടെ കണ്ടപ്പോൾ കുശലം ചോദിച്ചതാണ്, സാറിന്റെ സ്റ്റാക്കിനും, റാമിനും, ഇന്റരപ്റ്റുകൾക്കും, തീറ്റക്കും,ഡെൽറ്റക്കും, ഗാമക്കും ഒക്കെ സുഖമല്ലേ എന്ന്. തന്റെയൊക്കെ കൃപാകടാക്ഷത്താൽ, അവറ്റയൊക്കെ കഞ്ഞികുടിച്ചു കഴിയുന്നെടേ എന്നു പറഞ്ഞു. ഇൻഫൊസിസ് തന്നെ ആകെക്കൂടെ ഒരു പ്രോഗ്രാം ചെയ്തിട്ട് അത് തിരിച്ചും മറിച്ചും പെയിന്റടിച്ചു വിറ്റല്ലേ കഴിഞ്ഞു കൂടുന്നത്?)
അപ്പോൾ ജൂൺ ഒന്ന് ! dear Mark, every june first, the teacher felt miserable as it started another academic year’s suffering at college!!!!!

എങ്കിലും കൂട്ടരേ, രണ്ടാമതൊരു കുറി മുങ്ങാനാവാത്ത നദി പോലുള്ള കുട്ടികളുടെ നിതാന്തപ്രവാഹത്തിൽ ഈ മാഷും ഒന്നു മുങ്ങിനിവർന്ന് കന്മഷമകറ്റട്ടെ!

Wednesday, May 19, 2010

ഇലയനക്കങ്ങൾ

കൊച്ചിലയനക്കങ്ങൾക്കുള്ളിലൂടെ
സൂചിപ്രകാശമായി കടന്നുചെന്നാലും.
കാറ്റ് മടിഞ്ഞു മടിഞ്ഞ്, അടിയിൽ
കൊച്ചിലയനക്കങ്ങൾ.
നോവാതെ,നോവിക്കാതെ, കടന്നുചെന്നാലും.
ഇലകളുടെ അടിയിലെ വെള്ളനാരുചെപ്പുകൾക്കുമടിയിൽ
മാനും മാഞ്ചാടിയുമറിയാതെ ശയിക്കൂ.
ഇലകളുടെ അറ്റങ്ങൾ നിങ്ങളെ മെല്ലെത്തലോടുന്നു
ഇളം ചുവപ്പുതണ്ടുകളുടെ പുളിപ്പ് ചുണ്ടിൽ തൊടുന്നു
മണ്ണിന്റെ അതിസൂക്ഷ്മസുഷിരങ്ങൾ
രഹസ്യക്കുളിരിനാൽ നിങ്ങളെ മൂടുന്നു
യുഗങ്ങളോളം പോന്ന നിദ്രയിലേക്ക്
നിങ്ങൾ ഒലിച്ചു പോകുന്നു.

Tuesday, May 18, 2010

കെട്ട ജീവിതം, ഉണ്ടെനിക്കെന്നാൽ,
മറ്റൊരു സൈബർ ജീവിതം മന്നിൽ!