ജൂൺ ഒന്നാണിന്ന്. ഈ മാഷമ്മാരുടെ ഒരു കഷ്ടപ്പാട് മാളോർക്കറിയാമോ? രണ്ട് മാസത്തെ കുശാലായ അവധിപ്പൊറുപ്പാണ് വെടി തീരാൻ പോകുന്നത്. വെറുതെയങ്ങനെ ചാരുകസേരയിൽ മലർന്ന് കിടന്ന്, ചാനലായ ചാനലൊക്കെ മാറ്റിമാറ്റിക്കളിച്ച്, അവധിക്കു വന്ന മകനോട് റിമോട്ടിനു തല്ലുകൂടി, ഇടയ്ക്കിടയ്ക്ക് പഠിക്കടാ..എന്ന് ആക്രോശിച്ച് ..... (കേട്ട ഭാവം നടിക്കാറില്ല, തൃപ്പുത്രൻ- ഒന്നേ ഉള്ളു, ഒലയ്ക്കക്കടിച്ച് വളർത്തേണ്ടതായിരു ന്നു), ഈ ടിവിയിലാകെ ചവറാണല്ലോ എന്നു പറഞ്ഞു കഴിഞ്ഞു, കഴിയുന്നത്ര നേരം. (എന്നെക്കൊണ്ടൊന്നും പറയിപ്പിക്കെണ്ടാ എന്നു ഭാര്യ) പിന്നെ, ബ്ലോഗുലകം മുഴുവൻ പരതി, ‘ആക്ഷേപങ്ങളും, അഭിപ്രായങ്ങളും’ പോസ്റ്റു ചെയ്യലായിരുന്നു മറ്റൊരു പ്രധാന പണി. അതു വിട്ടാൽ, സെൻസെക്സിന്റെ രേഖീയാന്ദോളനങ്ങൾ അനുധാവനം ചെയ്യൽ (വ്യാപാരമൊന്നുമല്ല പൊന്നേ, വിൻഡോ ഷോപ്പിങിന്റെ സൈബെർ പരിഭാഷ). പിന്നെ കാലാകാലത്ത്, ജോലിക്കു പോകുന്നതിനു മുമ്പ് കളത്രം ഉണ്ടാക്കിവെച്ചതൊക്കെ, അവരുടെ ഭാഷയിൽ പറഞ്ഞാൽ, വെട്ടിവിഴുങ്ങുക. പിന്നെയും സമയം കിട്ടിയാൽ, ദേശീയപാത മീറ്റർ മുപ്പതു വേണോ, നാൽപ്പത്തഞ്ചു വേണോ, സ്വത്വരാഷ്ട്രീയമോ, വർഗ്ഗരാഷ്ടീയമോ ശരി, നീലകണ്ഠനെ തല്ലിയത് ചരിത്ര-സാമൂഹ്യ-രാഷ്ട്രീയ-പരിപ്രേക്ഷ്യങ്ങളിൽ വിലയിരുത്തുമ്പോൾ തൊഴിലാളിവർഗ്ഗത്തിനാണോ, അയാൾക്കാ ണോ മൈലേജു കിട്ടുക- മുതലായ കാര്യങ്ങളെക്കുറിച്ച് കൂലങ്കഷമായി പരിശോധിക്കും.
ഈശ്വരാ, ഒരു സുവർണ്ണകാലം അവസാനിക്കുകയാണ് , ഇന്ന് ജൂൺ ഒന്ന്. എന്താണാവോ പഠിപ്പിച്ചു കൊണ്ടിരുന്നത്? നാലാം സെമസ്റ്ററോ, അതോ അഞ്ചാം—അല്ല, നാലു തന്നെ. മൈക്രോപ്രൊസസ്സേർസ്-എവിടെ നിർത്തിയെന്ന് ദൈവത്തിനറിയാം! സാരമില്ല, ഏതെങ്കിലും പഠിപ്പിസ്റ്റുകൾ നോട്ടു കൊണ്ടു വരാതിരിക്കില്ല, അതു നോക്കിയിട്ട് തുടങ്ങാം. ചർവിതചർവണം ആയതിനാൽ എവിടെന്നും തുടങ്ങാമെന്ന ധൈര്യം ഉണ്ട്. പോരാത്ത തിന് ആദ്യത്തെ ക്ലാസല്ലേ, അവധിയൊക്കെ എങ്ങനെ ചെലവഴിച്ചു എന്നു ചോദിക്കുന്ന സൂത്രമൊക്കെ സ്ക്കൂളിൽ മാത്രമല്ല, എഞ്ചിനീയറിങ് കോളേജിലും എടുക്കാം, ആരും തൂക്കിക്കൊല്ലില്ല. (പഴയ കുട്ടികളാരും ബ്ലോഗു കാണില്ല എന്നാണു പ്രതീക്ഷ, അല്ലെങ്കിൽ ശ്രീമാഷ് ഈ മൈക്രോപ്രൊസസ്സേർസ് താഴെ വച്ചില്ലേ ഇതുവരെയും എന്നു വിചാരിക്കും. ഒരു ഇൻഫൊസിസുകാരൻ ഈയിടെ കണ്ടപ്പോൾ കുശലം ചോദിച്ചതാണ്, സാറിന്റെ സ്റ്റാക്കിനും, റാമിനും, ഇന്റരപ്റ്റുകൾക്കും, തീറ്റക്കും,ഡെൽറ്റക്കും, ഗാമക്കും ഒക്കെ സുഖമല്ലേ എന്ന്. തന്റെയൊക്കെ കൃപാകടാക്ഷത്താൽ, അവറ്റയൊക്കെ കഞ്ഞികുടിച്ചു കഴിയുന്നെടേ എന്നു പറഞ്ഞു. ഇൻഫൊസിസ് തന്നെ ആകെക്കൂടെ ഒരു പ്രോഗ്രാം ചെയ്തിട്ട് അത് തിരിച്ചും മറിച്ചും പെയിന്റടിച്ചു വിറ്റല്ലേ കഴിഞ്ഞു കൂടുന്നത്?)
അപ്പോൾ ജൂൺ ഒന്ന് ! dear Mark, every june first, the teacher felt miserable as it started another academic year’s suffering at college!!!!!
എങ്കിലും കൂട്ടരേ, രണ്ടാമതൊരു കുറി മുങ്ങാനാവാത്ത നദി പോലുള്ള കുട്ടികളുടെ നിതാന്തപ്രവാഹത്തിൽ ഈ മാഷും ഒന്നു മുങ്ങിനിവർന്ന് കന്മഷമകറ്റട്ടെ!
33 comments:
കലക്കി.
മാഷേ, കന്മഷമകറ്റി പുള്ളേരുടെ കൂടെ വെക്കം കൂട്...
മാഷെ.. എന്റെ ബ്ലോഗിലെ കാമെന്‍റ് കണ്ടു പിന്‍തുടറ്ന്നെത്തിയതാ... നന്ദി അഭിപ്രായത്തിന്.
ആദ്യം കണ്ടതോ.
ഈ സങ്കടവും. "അര്‍മാന്‍തിച്ചില്ലെ" അവധിക്കാലം. ഇനി കുട്ടികള്‍ക്ക് വല്ലതും പറഞ്ഞു കൊടുക്കാന്‍ നോക്കൂ. ഹല്ല പിന്നെ. അല്ലെങ്കിലും അവധിക്കാലമായാല്‍ ഈ മാഷന്‍മാരേ ചവിട്ടിയിട്ട് വഴിനടക്കാന്‍ പറ്റില്ലായിരുന്നു. എന്‍റെ സ്കൂള്‍ ഭാഗവതീ... നിനക്കു ഒരു വഴിപാട് .........
നല്ല പോസ്റ്റ്. പിന്നെ ഫോളോ ചെയ്യാന്‍ കാണുന്നില്ലല്ലോ. അതോ വേണ്ടെന്ന് വാച്ചോ?
paramasathyam
aa nadiyude nithantha pravahathil arikuthenja paarakalude ganathil njanumundallooo...
നന്ദി ജ്യോതീ,നിലീനം,സുൽഫി,പഥികൻ-ഇനി അവധി തുടങ്ങാൻ ഏറെക്കാലം കഴിയണമെല്ലോ!
നല്ല എഴുത്ത് :)
അടഞ്ഞ വാതിലിനു മുമ്പിൽ,ഒരു ലാബ്രിന്തിൽ. .
MSD class
ആണോ ശ്രീ മാഷെ അത്??
ഞാനും ഒരു മാഷ് ആണേ
വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ തുറക്കുന്നതിന്റെ തലേദിവസം തോന്നുന്ന അതേ വികാരം തന്നെ മാഷ്മാര്‍ക്കും,കോടതി തുറക്കുമ്പോള്‍ വക്കീല്‍മാര്‍ക്കും
നന്ദി,കൂതറ,ഹംസ, കൃഷ്ണകുമാർ- ലിഡിയ എഞ്ചിനീയറിംഗ് പഠിക്കയാണല്ലേ? ക്ലാസ് അതുതന്നെ-ആയിരത്തിയൊന്നാംരാവ്, ഒരേ തൂവല്പക്ഷിക്കു സ്വാഗതം,
Saar....njan nishanth...2004 passout...nannayittund..
അവധിയുടെ ആലസ്യത്തില്‍ നിന്നും വീണ്ടും തിരക്കുകളിലേക്ക് ചാടുമ്പോഴുള്ള ആ ഒരു വിഷമം അല്ലേ.അക്കാര്യത്തില്‍ കുട്ടികളായാലും,അദ്ധ്യാപകരായാലും ഒരേ മനസ്സാണെന്നു മനസ്സിലായി.:)
പിന്നെ മൈക്രോപ്രൊസസ്സേർസ് എനിക്കിഷ്ടമുള്ളൊരു കക്ഷിയായിരുന്നു..
ആ, നിഷാന്ത്, കണ്ടതിൽ വളരെ സന്തോഷം, സുഖമായിരിക്കുന്നുവോ? റോസ്, കുട്ടികൾ പഠിച്ചു പഠിച്ചു പടിപ്പുറത്തു (platform) കയറുന്നതാണല്ലോ മാഷ്!
അപ്പൊ എന്നെപ്പോലൊരു മടിയനാണല്ലേ? രണ്ടു മാസം കിട്ടിയിട്ടും ഇങ്ങനെ? ഒട്ടും ശരിയല്ല.
ജൂണ്‍ തുടങ്ങി സാറേ... എനിക്ക് സന്തോഷമായി...
"പഴയ കുട്ടികളാരും ബ്ലോഗു കാണില്ല എന്നാണു പ്രതീക്ഷ, അല്ലെങ്കിൽ ശ്രീമാഷ് ഈ മൈക്രോപ്രൊസസ്സേർസ് താഴെ വച്ചില്ലേ ഇതുവരെയും എന്നു വിചാരിക്കും."
എന്ത്..ഇതു ഞങ്ങളെ പഠിപ്പിച്ച ശ്രീമാഷാണോ? ച്ഛെ..എനിക്ക് വെറുതെ തോന്നുന്നതായിരിക്കും.
ഏയ്! ഞങ്ങളുടെ മാഷ് ഈ മാഷേ പോലെ അത്ര മടിയൊനൊന്നുമല്ല. :)
എന്റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം.
വഷളന്‍, സന്ദര്‍ശനത്തിനു നന്ദി, മടിയൊക്കെ മാറി നല്ല മാഷായി.വായാടീ,അത്ര മടിയനൊന്നുമല്ല, കെട്ടോ,അല്ലെങ്കില്‍ കുട്ടികളോട് ചോദിച്ചു നോക്കൂ (ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ട്)
ണ്ടാമതൊരു കുറി മുങ്ങാനാവാത്ത നദി പോലുള്ള കുട്ടികളുടെ നിതാന്തപ്രവാഹത്തിൽ..
അതൊരു നല്ല പ്രയോഗമാണ്.
സാർ..കാണാൻ അൽപ്പം വൈകി..
സെമസ്റ്റർ തുടങ്ങുന്ന ആ പഴയ ജൂൺ പ്രഭാതങ്ങളിലേക്ക് ചുമ്മ ഒന്ന് പൊയി..സെക്കന്റ് അവറിനു ശേഷം മഴ നനഞ്ഞ് ഏഴിലംപാല കടന്ന് കാന്റീനിൽ ചെന്ന് ഒരു ചായയും പഴം പൊരിയും കഴിച്ചു. തിരികെ വന്ന് സ്റ്റോറിൽ നിന്നും ഒരു നീളൻ നോട്ട് ബുക്ക് വാങ്ങി.. വരാന്ത അവസാനിക്കുന്നിടത്തെ പടികളിൽ കൂടിയിരിക്കുന്ന സുഹൃത്തുക്കളോടൊപ്പം ചെർന്ന് ഒരു സിസർ ഫിൽട്ടർ വലിച്ചു. അത് വഴി വന്ന സോമൻസാറിനെ കണ്ട് കൂട്ടത്തോടെ എല്ലാവരും നടന്ന് നീങ്ങി. പിന്നെ ഉച്ചയ്ക്ക് ചന്ദ്രന്റെ റേഷൻ ഊണും അത് കഴിഞ്ഞ് കെ കെ പി സാറിന്റെ ഇൻഡസ്റ്റ്രിയൽ ഓട്ടോമേഷൻ ക്ലാസ്സും മുകുന്ദൻ കുട്ടി സാറിന്റെ ഒപറേഷൻസ് റിസർച്ച് ക്ലാസ്സും കഴിഞ്ഞ് ബസ്സ് കയറാൻ ആലിൻ ചോട്ടിലേക്ക് നടക്കുമ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. ടാർജെറ്റ് മീറ്റ് ചെയ്യാനുള്ള വല്ല പണിയും ചെയ്യാതെ സ്വപ്നം കണ്ടിരിപ്പണൊ എന്ന് ബോസ്സ് ആക്രോശിക്കുന്നു...
പരോൾ കഴിഞ്ഞ് ജയിലിലേയ്ക്ക് തിരികെ പോകാറായല്ലോ എന്നാണ് ഒരധ്യാപിക പറഞ്ഞത്!...ശരിക്കും പ്രൈമറി-സെക്കന്ററി അധ്യാപകർക്ക് തടവുകാലം പോലെയാണിപ്പോൾ സ്കൂൾകാലം.ജോലിയോടുള്ള അവഗണന കൊണ്ടൊന്നുമല്ല ഇത് .തുമ്പികളെക്കോണ്ട് കല്ലെടുപ്പിക്കുമ്പോലെ ,തീരെ വിശ്രമം നൽകാതെ ചുമക്കാവുന്നതിലുമധികം ഭാരം അടിച്ചേൽപ്പിക്കുകയും അവധിദിവസങ്ങളിൽ പോലും വീട്ടിലിരിക്കാനോ സ്വന്തം കുട്ടികൾക്കൊപ്പമോ ബന്ധുക്കളുടെ കല്യാണത്തിനോ ഒന്നും പങ്കെടുക്കാൻ പോലുമോ അനുവദിക്കാതിരിക്കുകയും പരിഷ്കാരങ്ങൾ എന്ന പേരിൽ ഓരോ കോപ്രായങ്ങൾ കൊണ്ടുവരികയും ഒക്കെ ചെയ്ത് അധ്യാപകസമൂഹത്തിലെ 99%പേരും മടുത്തിരിക്കുകയാണ്
തഥാഗത, സന്തോഷം, പഴയ ക്യാമ്പസ് ദിനങ്ങൾ ഓ ർമയിലെത്തിയല്ലോ. അതും നല്ലോരു ചിത്രം, നന്ദി. ഇനി ടാർജെറ്റ് മീറ്റ് ചെയ്യുക! @നനവ്, വന്നതിൽ നന്ദി, എങ്കിലും ചെറിയ വിയോജിപ്പുണ്ട് അഭിപ്രായത്തോട്. നമുക്കു പണിയെടുക്കാൻള്ള വൈമുഖ്യവും ഒരു പ്രശ്നമാണ്. വിദ്യാഭ്യാസത്തിൽ വന്നു കൊണ്ടിരിക്കുന്ന paradigm shift നാം കണ്ടേ മതിയാവൂ, പിന്നെ, സമൂഹം ഏൽപ്പിക്കുന്ന ചില ജോലികളും ഏറ്റെടുക്കേണ്ടി വരും, നോക്കുക, ആയിരത്തിനും, രണ്ടായിരത്തിനും അൺ-എയിഡഡ് വിദ്യാലയങ്ങളിൽ വിടുപണി എടുക്കുന്നവരെ, നാം എത്ര ഭാഗ്യം ചെയ്തവർ!
മാഷെ,കാര്യം ശരി തന്നെ,എങ്കിലും ശമ്പളം തരുന്നുണ്ടെങ്കിലും, അടിമകളേപ്പോലെ മാത്രം കരുതി എല്ലാം അടിച്ചേൽപ്പിക്കുമ്പോൾ അധ്യാപകനുണ്ടായിരുന്ന സ്ഥാനം ഇല്ലാതാക്കപ്പെടുമ്പോൾ ,ഫണ്ട് തരുന്നവരോട് അവർ തന്ന പണത്തിന് ഇതൊക്കെ ചെയ്യുന്നു എന്ന് കാണിച്ചില്ലെങ്കിൽ പ്രശ്നമാകും എന്നതിനാൽ മാത്രം പലതും കാട്ടിക്കൂട്ടി അതിന്റെ അനാവശ്യഭാരമത്രയും അധ്യാപകരിൽ അടിച്ചേൽപ്പിക്കുമ്പോൾ മൊത്തം അധ്യാപകസമൂഹവും ഇന്ന് അസംതൃപ്തരാണ്.അതിനെപ്പറ്റിയാണ് നനവ് സൂചിപ്പിച്ചത്..
oru vadhyaarude pankappadukal!!!!!!!!
ശ്രീമാഷേ, ഞാന്‍ മാഷിന് എനിക്കേറെ പ്രിയപ്പെട്ട ഈ കവിത സമര്‍പ്പിക്കുന്നു.
വായാടി, മടിയൻ എന്നു കേട്ടപ്പോഴേ എന്നെ ഓർത്തതിനു നന്ദി. മടി മഹത്തായ ഒരു ഗുണമാകുന്നു. സാക്ഷാൽ ശ്രീകൃഷ്ണൻ ഒരു മടിയനായിരുന്നു, അതുകൊണ്ടല്ലേ, ഗോവർദ്ധനഗിരി ചുമന്നത്.
സ്‌കൂള്‍ കാലത്ത് ഞാനുമൊരു ടോം സോയര്‍ ആയിരുന്നു. അവധി കഴിഞ്ഞ് ബോര്‍ഡിംഗിലേക്കു പോകണ്ട ദിവസം രാവിലെ ചെവി വേദനിക്കും. അങ്ങനെ ഒരു ദിവസം കൂടി വീട്ടില്‍ കിട്ടും.
നല്ല എഴുത്ത് ശൈലി. c u again.
ടോം സോയറെ ഇതിൽ ആദ്യമായി ആണ് ഒരാൾ സ്പോട്ട് ചെയ്തത് എന്നു തോന്നുന്നു. നന്ദി.
നേരത്തേ വന്നപ്പോള്‍ കമന്റുകള്‍ മുഴുവന്‍ വായിക്കന്‍ പറ്റിയില്ല. ഇപ്പഴാ വായിച്ചത്. നന്നായി രസിച്ചു തഥാഗതന്റെ കമന്റ്. നനവിന്റെ അഭിപ്രായങ്ങളോട് തീരെ യോജിക്കാനാവുന്നില്ല. അതിനു താങ്കള്‍ നല്‍കിയ മറുപടിയോട് പൂര്‍ണ്ണ യോജിപ്പും.പിന്നെ കാലം മാറിയില്ലേ.
ഈയിടെ ഒരു സ്‌കൂളില്‍, അദ്ധ്യാപകരുടെ പ്രകടനം ടി.വി.യില്‍ കണ്ടപ്പോള്‍ മനസ്സു നൊന്തു.
ഒരു വന്ദ്യവയോധികന്‍, വേദോപനിഷത്തുകള്‍ എല്ലാം പഠിച്ച ആള്‍, റിട്ട.പ്രൊഫസറാണ്, ഒരിക്കല്‍ പറഞ്ഞു, പണ്ട് വിദ്യ, ഭക്ഷണം ഇവ രണ്ടും വില്‍ക്കുന്നത് ഏറ്റവും നിഷിദ്ധമായിരുന്നു എന്ന്. ഇന്ന് അതു രണ്ടും നമ്മുടെ ഏറ്റവും വലിയ വ്യവസായങ്ങളല്ലേ? സ്വന്തമായി വ്യവസായം തുടങ്ങുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന യാതൊരു ബ്യൂറോക്രസി പീഡനവും അനുഭവിക്കാതെ നടത്താവുന്ന വ്യവസായം.
എന്റെ അച്ഛനും ഒരു പ്രൊഫസറായിരുന്നു കേട്ടോ. A very dedicated teacher. ഒരിക്കല്‍ എനിക്കും എഴുതണം ഒരു memoir.
മൈത്രേയീ, എഴുതുക അഛനെക്കുറിച്ച്, അത്തരം സ്മരണകൾക്ക് പ്രസക്തി ഏറെയുണ്ട്. സത്യത്തിൽ ഇന്നു ഞാൻ എന്റെ അഛനെക്കുറിച്ച് (ഒരു യുപി സ്കൂൾ അധ്യാപകനായിരുന്നു) എഴുതണമെന്ന് വിചാരിച്ചു, അധ്യാപകനെന്ന നിലയിൽ അഛന്റെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. പിന്നെ തഥഗതൻ എന്റെ കോളെജിലെ പൂർവ്വ വിദ്യാർഥി, വലിയ വിശ്വസാഹിത്യപരിചയം ഉള്ള ഒരാൾ.
Interesting article Sir...
Sir annu kayyil thanna microprocessorum, stackum, interruptum njagalum thazhe vachitilla...nadi kure ozhuki engilum :) - pramod,2003 passout.
നല്ല ഹാസ്യം മാഷേ. ഫ്രോയ്ഡ് (ചുമ്മാ!) പറയുന്നുണ്ട് നിർദ്ദോഷകരമായ ഹാസ്യമോ തമാശയോ ഇല്ലെന്ന്. മാഷന്മാരുടെ ഈ മഹാരഹസ്യം ചോർത്തി പ്രസിദ്ധീകരിച്ചതിന് ഇന്റർപോളിന്റെ സഹായത്തോടെ എന്തേലും ചെയ്യാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ... നല്ല രചനാപാടവം, കുറേ അനുഭവങ്ങളുണ്ടല്ലോ എഴുതിക്കൂടേ...
പ്രമോദ്,അനിൽ- വളരെ സന്തോഷം!
പഴയ പോസ്റ്റുകള്‍ വായിക്കുന്നു..ഞാന്‍ ഫാന്‍ ആയിട്ടോ..ശെരിക്കും :)
നന്നായിട്ടുണ്ട് മാഷേ... ആശംസകള്‍..
Post a Comment