Monday, September 5, 2011

പ്രണയജീനുകൾ


ഒരു ജോടി പ്രണയജീനുകളുണ്ട്
എന്റെ ക്രോമസോമിൽ.
ഒന്നിന്റെ പ്രകാശനം
മൃദുലം, സുരഭിലം, അഭിജാതം.
സർവ്വോപരി സാമ്പ്രദായികം.
എങ്കിലും അപരനായ അന്തകജീനിനരികിൽ
പോളിമെറേസുകളണയുന്നതറിഞ്ഞ് *
കിടിലം കൊള്ളുന്ന ജീവനെ
പ്രണയങ്ങളെല്ലാം നശ്വരമെന്ന്
സമാധാനിപ്പിക്കുകയാണ് ഞാൻ.


*Gene expression (ജീൻ പ്രകാശനം- പ്രോട്ടീൻ ഉണ്ടാക്കുന്ന വിദ്യ) commences with an enzyme called RNA polymerase transcribing the coding subsequences of DNA into mRNA.
അപരൻ - allele.

Wednesday, May 25, 2011

വലിച്ചെറിയപ്പെട്ടവളുടെ താരാട്ട്


രാവിന്നിരുൾവഴി താണ്ടി, യിടറാതൊഴുകി-
പ്പടരും താരാട്ടിവളുടെ സാന്ത്വനമല്ലോ.
ഇരുളും ഹരിത ദലങ്ങളൊതുക്കി,
ഇമ ചിമ്മാതെ, ചോന്നു കലങ്ങിയ നീൾമിഴി
മുഴുവനിവൾക്കു തിരിച്ചു വിതുമ്പുകയല്ലോ പൂക്കൾ,
ഇവളുടെ മണൽക്കുടങ്ങൾ കുതിരുന്നില്ലീ-
മിഴിനീർക്കുത്തിൽ പോലും.

ഓളമുയർന്നോ, മിഴികൾ തുറന്നോ,
ഇല്ല, മയങ്ങുകയല്ലോ തൊട്ടിലിനരയാലിലയിൽ
കാൽവിരൽ നുകരും യാത്രികനവനുടെ
 താരക്കണ്ണുകൾ രണ്ടും ചിമ്മി.

ഓർമ്മയിൽ മൂങ്ങകൾ മൂളുന്നു
മുൾക്കമ്പികൾ കൊത്തി വലിക്കുന്നു.
കൌമാരത്തിലെരിഞ്ഞ വിളക്കു കരിന്തിരി കത്തുന്നു.
മനസ്സിലേതോ വിരലിൻ പാടുകൾ തിണർത്തു പൊങ്ങുന്നു
ധരയുടെ കരുണാധാരകണക്കെ താരാട്ടൊഴുകുന്നു.

പാടുക, നീലനിശീഥിനി നോവിൻ തമ്പുരു മീട്ടീടും
പാടുകയിവനായ്, തമസയിലോളം താളമടിച്ചീടും.
ദീർഘാപാംഗൻ തീമിഴി രണ്ടും ഉയർത്തി നിന്നീടും
ഹസ്തിനപുരിയുടെ അന്ധസദസ്സിൽ മിന്നലു പാഞ്ഞീടും.
പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം.
പാടുക, പാടുക പ്രാചിയിലുയരും താരം നീയല്ലോ.

നക്ഷത്രങ്ങളിൽ രണശക്തികളുടെ
കൊടിയടയാളം കാൺകെ,
ശംഖൊലി കേൾക്കെ, പ്രപഞ്ചസിരകളിൽ-
 കടുകാകോളം നിറയെ,
പനിനീരലരിൽ നിന്നും ഇളയുടെ പകലിൻ പൊള്ളലിൽ-
വീശിയ കാറ്റായ് നിറയുക, പാടുക,
 നീലാംബരിയിൽ കുളിരട്ടേയീ മണ്ണും വിണ്ണും.

Saturday, April 9, 2011

അല്യോഷ


(ദസ്തയേവ്സ്ക്കിയുടെ കാരാമസോവ് സഹോദരന്മാരിൽ മൂന്നാമനും, ക്രിസ്തുസദൃശനുമായ അലക്സി കാരാമസോവിനെ (അല്യോഷയെ) മുൻ നിർത്തി ഒരു വിചാരം)

വെറുപ്പും വിദ്വേഷവും പുകയുന്ന
കാരാമസോവിന്റെ പേജുകളിൽ
അല്യോഷാ, നീയൊരു സുഗന്ധമായുതിരുന്നു.
പ്രതികാരവും പ്രണയവും ഭ്രാന്തും ചേർത്തുരുക്കിത്തീർത്ത
മഹാഗോപുരത്തിന്റെ ഇരുമ്പു വാതിലുകൾ
നീ മലക്കെ തുറന്നിടുന്നൂ, സ്വാഗതം!

മനുഷ്യാവസ്ഥയെ പകുത്ത്, നാലു സമുദ്രങ്ങളിൽ
നിറച്ചവൻ ദസ്തയേവ്സ്ക്കി.

ചൂതാട്ടത്തിനും മുടിഞ്ഞ മദ്യപാനത്തിനും
പിശാചു മോഹങ്ങൾക്കും ഹിസ്റ്റീരിയക്കും ഇടയിലൂടെ
മനുഷ്യന്റെ ഹതാശമായ ആകാശത്ത്
അല്യോഷാ,
 നീയൊരു പെരുമീൻ പോലെ ഉദിച്ചുയരുന്നു.

ദിമിത്രിയിലേക്ക്, ഇവാനിലേക്ക്,
കാതറീനയിലേക്ക്, ഗ്രുഷങ്കയിലേക്ക്,
 രോഗാതുരനായ  ഇല്യൂഷയിലേക്ക്,
വീൽചെയറിൽ അവളുടെ മാലാഖയെ കാത്തിരിക്കുന്ന ലിസ്സിനരുകിലേക്ക്,
ഗുരുനാഥന്റെ മരണക്കിടക്കയിലേക്ക്
തീക്കടലുകൾ താണ്ടുമ്പോൾ പോലും നീ
പേജുകൾക്കിടയിലൊന്ന് നിന്ന്
ദസ്തയേവ്സ്ക്കിയുടെ പൊന്നോമന
പാളിപ്പോയെന്നു പറഞ്ഞവരെ നോക്കി
കരുണാർദ്രമായി പുഞ്ചിരിക്കുന്നു.

പ്രജ്ഞയുടെ ഒരു മിന്നലിൽ കാതറീന 
അവളുടെ നേര് നിന്നിൽ നിന്നറിയുന്നു
ഗ്രുഷങ്ക നിന്റെ സ്നേഹത്താൽ സ്നാനപ്പെടുന്നു.
ഇവാന്റെ ധിഷണയുടെ ചുണ്ടുകൾ
ഒരു ചുംബനത്താൽ നീ മുദ്രിതമാക്കുന്നു.
ദിമിത്രിയുടെ ചരടു പൊട്ടിയ പട്ടം
നിന്റെ തിരുമുറിവിൽ ചുറ്റിത്തടഞ്ഞു നിൽക്കുന്നു.


അല്യോഷാ, വരൂ!
വരികൾക്കിടയിലൂടെയുള്ള നിന്റെ വരവും കാത്ത്
പുസ്തകത്തിനകത്തും പുറത്തും
 എല്ലാ കാരാമസോവുകളും അക്ഷമരായിരിക്കുന്നു.
ഗംഭീരമതദ്രോഹവിചാരകരുടെ അരമനകൾക്ക്
സ്പർശിക്കാനാവാത്ത  മഹാധാവളൃമേ,
തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽ
തന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്ന
തന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ,
എന്തും അനുവദനീയമായ ഈ ഭൂമിയിൽ,
അല്യോഷാ,   ഓമനേ, നീ വരൂ,
എന്റെ വിളക്കിൽ എണ്ണ വറ്റിത്തീരാറായിരിക്കുന്നു.
ഒരുമ്മയും അതു സഹിക്കാനുള്ള കരുത്തും നീ എനിക്കും തരൂ!
നീതിമാന്മാരെ തേടിയല്ലോ, നീ വന്നതു.

Saturday, March 19, 2011

ഫുകുഷിമയുടെ ഹിബാക്കുഷകൾ


ഭൂകമ്പവും സുനാമിയും ഏൽപ്പിച്ച മഹാപ്രഹരത്തിൽ നിന്ന് ജപ്പാൻ അതിന്റെ അനുപമമായ കർമ്മശേഷിയാൽ ഏതാനും വർഷങ്ങൾക്കകം തന്നെ ഉയർത്തെഴുന്നേറ്റേക്കാം. പക്ഷേ തകർന്ന ആണവനിലയങ്ങളിൽ നിന്നുള്ള മാരകവികിരണങ്ങളിൽ നിന്ന് ജപ്പാൻ എന്നു വിമുക്തമാകും? വികിരണങ്ങൾ കാലിഫോർണിയ വരെ നീളുന്നതായിട്ടാണ് റിപ്പോർട്ട്. കടൽ വെള്ളം കൊണ്ട് ശീതീകരിക്കാനാവുന്നതല്ല ആണവറിയാക്റ്ററുകൾ എന്നു വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഫുകുഷിമയിലെ മൂന്നാം റിയാക്റ്റർ കോൺക്രീറ്റും കല്ലുമെല്ലാം ഉപയോഗിച്ച് എന്നെന്നേക്കുമായി മൂടാനുള്ള ആലോചനകൾ നടന്നു വരുന്നു.

എന്തൊരു വിചിത്രജീവിയാണ് മനുഷ്യൻ? 1945 ലെ ഹിരോഷിമ-നാഗസാക്കി ദുരന്തം ഏറ്റുവാങ്ങിയ ഒരു കൊച്ചു രാജ്യം തന്നെ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയങ്ങൾ പടുത്തുയർത്തി, അഞ്ചാം സീസ്മിക്സോണിൽ തന്നെ .  1979 ലെ ത്രീ മൈൽ ഐലന്റ് ദുരന്തത്തിനും,1985ലെ ചെർണോബയിൽ ദുരന്തത്തിനും ശേഷം ആണവനിലയങ്ങൾ നിരപായങ്ങളാണെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാരെ എന്താണ് പറയേണ്ടത്? ഹ്രസ്വദൃഷ്ടികളായ രാഷ്ടീയ നേതൃത്വങ്ങൾ ആണവനിലയങ്ങളെ പിന്തുണയ്ക്കുന്നു. നാം ആരോട് പരാതി പറയും? ഏതു വാതിലിൽ മുട്ടും?

ഇരുപതോളം നൂക്ലിയർ റിയാക്റ്ററുകൾ അഗ്നിപർവ്വതങ്ങളെപ്പോലെ ഇന്ത്യയിൽ നിലവിലുണ്ടന്ന് നാം മറക്കരുത്. ഘനജല റിയാക്റ്ററുകളാണെന്നതോ, സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്നില്ലെന്നതോ, മൂന്നാം (അഞ്ചിലും ചെറുതാണല്ലോ) സീസ്മിക്സോണിൽ ആണെന്നതോ ആശങ്കകൾ ദൂരീകരിക്കുന്നില്ല.

മഹാരാഷ്ട്രയിലെ 9900 മെഗാവാട്ട് ശേഷിയുള്ള, രത്നഗിരി ജില്ലയിലെ ജയ്താപൂർ ആണവ നി ലയത്തിന്റെ പദ്ധതിയുമായി എതിർപ്പുകളെ തൃണവൽഗണിച്ച് സർക്കാർ മുന്നോട്ട് പോവുകയാണ്. ആണവനിലയത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമവാസികൾ തൊഴുകയ്യുകളുമായി പറയുന്നു, ഞങ്ങൾക്ക് നിങ്ങൾ പകരം ഭൂമി തരേണ്ട, പണം തരേണ്ട, തൊഴിൽ തരേണ്ടാ, പൊന്നൊടയതേജീവിക്കാൻ അനുവദിച്ചാൽ മതി. മീൻ പിടിച്ചും ചെറിയ കൈത്തൊഴിലുകൾ ചെയ്തും കരുകരാപഷ്ണിയിൽ ഒട്ടിയ വയർ അമർത്തിപ്പിടിച്ചും ഞങ്ങൾ ജീവിച്ചു കൊള്ളാം. പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേട്ട ഭാവമില്ല. പ്രക്ഷോഭം തുടരുകയാണ്.

 റേഡിയോആക്ടീവ് മാലിന്യങ്ങൾ ഏതു സമുദ്രാന്തർഭാഗത്തും എത്ര ഭദ്രമായി നിക്ഷേപിച്ചാലും അപകടകരങ്ങളായി തുടരും. വികിരണങ്ങൾ ലുക്കേമിയക്ക് വൻ തോതിൽ വഴി വെക്കും, ജനിതക വൈകല്യങ്ങൾ മാനവരാശിയെ മൊത്തം ഗ്രസിക്കും. ഹിബാക്കുഷഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ പരിണിത ഫലങ്ങൾ പേറുന്നവരുടെ വിളിപ്പേരാകുന്നു. ഹിബാക്കുഷകളാൽ ഭൂമി നിറയാൻ പോവുകയാണ്. അതിശക്തമായി നാം പ്രതിഷേധിക്കണം. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ പ്രതി. സൂര്യനിൽ നിന്ന്, കാറ്റിൽ നിന്ന്, തിരമാലകളിൽ നിന്ന്, ബയോമാസിൽ നിന്ന് ഒക്കെ ഊർജ്ജം സംഭരിക്കാനുള്ള സാങ്കേതിക വിദ്യകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഗവേഷണപദ്ധതികളെ പിന്തുണയ്ക്കണം. അത്തരം പ്ലാന്റുകൾ സ്ഥാപിക്കണം. കേരളത്തിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷിയേക്കാൾ കൂടുതൽ പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന (3628 മെഗാവാട്ട്) തമിഴ്നാട് നല്ലൊരു വഴികാട്ടിയാണ്.

ഒരിക്കലും ഒന്നിൽ നിന്നും ഒരു പാഠവുമുൾക്കൊള്ളാതെ ഹോമോസാപ്പിയൻ എന്ന ഈ സവിശേഷജീവി ഭൂമിയെ ഇല്ലാതാക്കുന്നതിന് നാം വെറും കാണികളായിക്കൂടാ.

Saturday, March 5, 2011

ദൽഹിയിൽ


അങ്ങനെയൊന്ന് ദൽഹിയിൽ പോയി വന്നു, ഭാര്യക്ക് ഒരു കൂട്ടായി. എന്റെ കൌമാരത്തിൽ ഒരു നോവലിന്റെ രൂപത്തിൽ അപകടകരമായ സ്വാധീനം ചെലുത്തിയ നഗരം. അധികാരത്തിന്റെ ഇരിപ്പിടം.
ഒരു മഹാനഗരത്തെ അറിയാൻ ഒട്ടും തികയാത്ത രണ്ടു ദിനങ്ങളിലെ ഉപരിതലക്കാഴ്ചകൾ, അവിദഗ്ധരായ ഞങ്ങൾ രണ്ടു പേരെടുത്ത ചിത്രങ്ങൾ, അത്രയേ എന്റെ പക്കലുള്ളു, സദയം സഹിക്കുമല്ലോ.
വണ്ടിയിറങ്ങി നേരെ പോയത് ലളിതകലാ അക്കാദമിയിലേക്കാണ്, പ്രശസ്ത ചിത്രകാരൻ സുവപ്രസന്നയുടെ ചിത്ര പ്രദർശനം കാണാൻ. ‘കാക്കകൾ പൊരിഞ്ഞു കായ്ക്കുന്ന‘  ഇലക്ട്രിക് കമ്പികൾ, നിരുന്മേഷമായ കൊൽക്കത്തയുടെ പഴമ ആവാഹിച്ചെടുത്ത അപാരമായൊരു നിറക്കൂട്ടിനാൽ അമ്പരപ്പിക്കുന്ന ചിത്രം, തകരച്ചെണ്ടകളുമായി ഓസ്ക്കാറുകളെ തിരയുന്ന ഗൂന്തർഗ്രാസ്, മദർതെരേസ എന്ന മാലാഖ, ഇരുളിലൂടെ, വെളിച്ചത്തിന്റെ ഒളിചിതറലുകൾജാമിനിറോയിയുടെ പോർട്രേറ്റ്, മനോഹരമായ ന്യൂഡ് സ്റ്റഡീസ്, ടഗോറിന്റെ നിഴൽ ഒരു മഹാമരമായി പരിവർത്തനപ്പെടുന്ന കിടിലൻ ചിത്രം, ബ്രോൺസിൽ കരുത്തുറ്റ ശിൽപ്പങ്ങൾ- മഹാപ്രതിഭയായ സുവദയുടെ കലയുടെ വൈവിധ്യം പറഞ്ഞറിയിക്കാനാകാത്തതാണ്.


നിഴലുകൾ- ഒരു  സുവപ്രസന്നാചിത്രം.

റോയിയോടൊപ്പമായിരുന്നൂ താമസം. മുപ്പതോളം വർഷങ്ങൾക്ക് മുമ്പ് രാവൊടുങ്ങും വരെ  മഹാഭാരതവും  രാമായണവും മാർക്കസും ബോർഹസും നെരൂദയും എല്ലാം ആവേശപൂർവ്വം സോഴ്സും സിങ്കുമായി പരസ്പരം പങ്കിട്ട പ്രിയസുഹൃത്ത്. ഇന്നും റോയിയെന്ന മാനേജ്മെന്റ് വിദഗ്ഗ്ദ്ധൻ  തന്റെ അനുപമമായ സംവേദനക്ഷമതയും, മഹാഗൌരവങ്ങൾക്കും കുഞ്ഞുകളികൾക്കും ഇടയിൽ ഊയലാടുന്ന തന്റെ വിചിത്രമായ പെരുമാറ്റരീതിയും, സംസാരത്തിലെ കൌതുകകരമായ സ്വരവ്യതിയാനങ്ങളും കാത്തുസൂക്ഷിക്കുന്നുറോയിയുടെ ഭാര്യ ബിനിറോയ് 2003 ൽ കേരളാലളിതകലാ അക്കാദമി അവാർഡ് നേടിയ ചിത്രകാരിയാണ്. ബിനിയുടെ ഒരു ചിത്രം ചുവടെ. കൂടുതൽ ചിത്രങ്ങൾ ഇവിടെ.


മൂന്നു വിധവകൾ- ബിനിറോയ്

റോയ് ദമ്പതികൾക്ക് രണ്ട് കുട്ടികൾ, എഞ്ജിനീയറിംഗ് വിദ്യാർത്ഥിയായ നീൽ, +1 വിദ്യാർത്ഥിനിയായ താനിയ (അപ്പൂന്നും അമ്മൂന്നും  മലയാളത്തിൽ വിളിച്ചാലും കുട്ടികൾ വിളി കേൾക്കും). അമ്മു ട്രിനിറ്റി 8 ഗ്രേഡ് കഴിഞ്ഞ പിയാനോ വാദകയാകുന്നു.

                                                 
                                          അമ്മു ബാർക്കിനെ വായിക്കുന്നു.

ഇവർക്കു പുറമെ മൈക്കിൾ ജാക്സൺ എന്ന അരുമപ്പൂച്ചയും ലഫ് ( ഒരു ഒറ്റക്കയ്യൻ), ലൂയിസ് എന്നീ രണ്ട് വെള്ള എലികളും ഉണ്ട് ഇവരുടെ കുടുംബത്തിൽ. അപ്പുവിന്റെ ബ്ലോഗിൽ  വെള്ള എലികളുടെ മാഹാൽമ്യത്തെക്കുറിച്ച്  ഉപന്യസിച്ചിട്ടുണ്ട് ( mwoj.wordpress.com)

                                      
                                          റോയ് കുടുംബവും ശൈലജയും

ദൽഹിയിൽ വളരെ ആശ്വാസകരമായ ഒരു കാര്യം മഹാനഗരത്തിന്റെ മധ്യേ നിലനിൽക്കുന്ന പച്ചത്തുരുത്തുകളാണ്. റോയിയുടെ ദൽഹിയുടെ ഹൃദയഭാഗത്തു തന്നെയുള്ള (അളകനന്ദ) ഫ്ലാറ്റിന്റെ അരികിലുള്ള ജഹാമ്പനാ പാർക്ക് ഒരു കൊച്ചു കാടു തന്നെയാണ്. ഒരാറു കിലോമീറ്റർ നമുക്ക് കാട്ടിലെ പാതയിലൂടെ നടക്കാം. രണ്ടു ദിവസം ഞാൻ റോയി ഒത്ത് രാവിലെ നടന്നു, ഒരു വട്ടം ശൈലജയുമൊത്തും.

                                                  
                                              ജഹാംപനാ പാർക്കിൽ

ഇനി ഞങ്ങൾ കണ്ട കാഴ്ചകൾ (പലർക്കും ഒരു പുതുമയുമുണ്ടാവില്ല, ക്ഷമിക്കുക,  ആദ്യമായിട്ടായിരുന്നു ഞങ്ങൾ ദൽഹിയിൽ).

ബഹായികളുടെ ക്ഷേത്രമാണ് ഏറെ ആകർഷിച്ച ഒരു സ്ഥലം, മനോഹരമായ ഒരു ലാൻഡ് സ്കേപ്പിനകത്ത് വെള്ളത്താമരയിതളുകൾക്കകത്ത് വിടർന്നു വിലസി നിൽക്കുന്നു പടുകൂറ്റൻ അമ്പലം. സ്വന്തം ഭാഷയിൽ മൂകമായി പ്രാർത്ഥിക്കാൻ അതി വിശാലമായ ഹാൾ. ഞാനൊന്നു ശ്രമിച്ചു നോക്കി, സാധിച്ചില്ല, തിക്കും പൊക്കും നോക്കി എഴുന്നേറ്റു പോന്നു.

                                                                
                                                 ലോട്ടസ് ടെമ്പിൾ

പിന്നെ, കുത്തബ് മിനാർ, അടിമയുടെ വിജയസ്തംഭം. കുത്തബ്ദ്ദീൻ ഐബക്കിൽ തുടങ്ങി സികന്ദർ ലോധിയിൽ അവസാനിച്ച നിർമ്മിതി. ചരിത്രത്തിന്റെ ക്രൂരവിനോദയാത്രാസ്മരണിക. തൊട്ടടുത്ത് തുരുമ്പെടുക്കാത്ത കാസ്റ്റ് അയേൺ പില്ലർ, പഴയ ഭാരത മെറ്റലർജിയുടെ വിജയവൈജയന്തി. ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഇരുമ്പു തൂൺ (വിഷ്ണുധ്വജം) സുൽത്താൻ അടിച്ചെടുത്തു കൊണ്ട് വന്നതായിരുന്നു.

                                                
കുത്തബ് മിനാരം- വിജയസ്തംഭങ്ങൾക്കു മുകളിലൂടെ ഇരമ്പിയാർത്തു പോയ കാലം

ദില്ലിയിലെ വേദനിപ്പിച്ച കാഴ്ച്ച ഇന്ദിരാഗാന്ധി സ്മൃതിയായിരുന്നു. സഫ്ദർജങ് റോഡിലുള്ള ഇന്ദിരാഗാന്ധിയുടെ വസതിയിലെ ഓരോ വസ്തുവും രാജ്യത്തിന്റെ അഖണ്ഡതയുടെ ബലിപീഠത്തിൽ സ്വയം അർപ്പിച്ച ആ  അമ്മയുടേയും മകന്റേയും ഓർമ്മകളുടെ ഒളി മങ്ങാത്ത സ്മാരകങ്ങളാണ്. വളരെ നന്നായി സൂക്ഷിച്ചിരിക്കുന്നു. അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധിയോടുള്ള എതിർപ്പിൽ നിന്നാണ് എന്റെ രാഷ്ടീയം തുടങ്ങിയത്. എങ്കിലും ഓപ്പറേഷൻ ബ്ലൂസ്റ്റാർ തന്റെ ജീവൻ ആവശ്യപ്പെടുമെന്ന് അറിയാത്തൊരു പൊട്ടിയായിരുന്നിരിക്കില്ല അവരെന്നോർക്കുമ്പോൾ, പ്രധാനമന്ത്രിയുടെ കടമ ജീവനു മുകളിൽ അവർ ഉയർത്തിപ്പിടിച്ചെന്നോർക്കുമ്പോൾ, പിന്നീടു വന്ന പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ - എന്തോ ശിരസ്സ് അറിയാതെ കുനിഞ്ഞു പോകുന്നു. സോണിയക്കരുകിൽ കേംബ്രിഡ്ജിൽ വെച്ചെടുത്ത രാജീവിന്റെ ഒരു ദീപ്തചിത്രമുണ്ട് അവിടെ. ഹാ! കളിച്ചും ചിരിച്ചും ഉത്സവമായി ജീവിക്കേണ്ടിയിരുന്നവർ ...ഇതാ, അമ്മയുടേയും മകന്റേയും രക്തസാക്ഷിത്വത്തിന്റെ തിരുവവശേഷിപ്പുകൾ കണ്ണേ മടങ്ങുക!


                       
രാജീവിന്റേയും ഇന്ദിരയുടേയും രക്തസാക്ഷിത്വത്തിന്റെ തിരുവവശേഷിപ്പുകൾ

ഇതിനു കടക വിരുദ്ധമായി തീർത്തും നിരാശരാക്കി ഞങ്ങളെ, ബിർളാമന്ദിരം. ഗാന്ധിജി വെടിയേറ്റു മരിച്ച സ്ഥലവും, കാൽപ്പാടുകൾ അടയാളപ്പെടുത്തിയമന്ദിരത്തിൽ നിന്ന് പ്രാർത്ഥനാ വേദിയിലേ ക്കുള്ള വഴിത്താരയുമെല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. പക്ഷേ ആ മ്യൂസിയം-മുഴുവൻ ഇലക്ട്രോ ണീക്സും വീഡിയോ ഷോയുമാണവിടെ. ഗാന്ധിജിയുടെ ആത്മീയചൈതന്യത്തിനും, ലാളിത്യത്തിനും നിരക്കാത്ത പ്രദർശനം. ഇലക്ട്രോണിക്  ചർക്കകൾ  കൊണ്ടു വെച്ചിരിക്കുന്നുയന്ത്രവൽക്കൃത    തുണിനെയ്ത്തിനും, വ്യവസായവൽക്കരണ ത്തിനും   എതിരെയുള്ള ഒരു ബിംബമായിരുന്നല്ലോ, വെറുമൊരു ചർക്കയായിരുന്നില്ലല്ലോ ചർക്ക. കുട്ടികളെ കളിപ്പിക്കാൻ കയ്യുവെച്ചാൽ എൽ ഇ ഡികൾ തെളിയുന്ന വിലകുറഞ്ഞ കാർണിവൽ ദൃശ്യം കൂടി കണ്ടപ്പോൾ (രാഷ്ട) പിതാവേ, ഇവർ ചെയ്യുന്ന തെന്തെന്ന് ഇവരറിയുന്നില്ലെന്ന് പിറുപിറുത്ത് ഞാൻ പുറത്തിറങ്ങി.

                                                            
                              ബിർളാമന്ദിരത്തിലെ ഗാന്ധിജിയും കസ്തൂർബയും.

പിന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങൾ-വിശാലമായ പാതകൾക്കിരുഭാഗത്തുമായി കേന്ദ്രസെക്രട്ടേറിയറ്റ്, പാർലമെന്റ്, രാഷ്ട്രപതിഭവൻ (നടുങ്ങിപ്പോയി!) , മന്ത്രാലയങ്ങൾ . കേരളത്തിലെ സെക്രട്ടേറിയറ്റിനു മുമ്പിൽ ഒടുങ്ങാത്ത പ്രതിഷേധങ്ങൾ, ജനാവലികൾ, കണ്ടു ശീലിച്ച എനിക്ക് ദൽഹിയിലെ ഭരണസിരാകേന്ദ്രത്തിന്റെ വിജനത കൌതുകമുണ്ടാക്കി. ഞങ്ങളുടെ ഡ്രൈവർ സുനിൽ (മലയാളി, നല്ലൊരു ചെറുപ്പക്കാരൻ) കുറച്ചേറെ അകലെയൊരു സ്ഥലത്ത് വച്ചു പറഞ്ഞു, ചേട്ടാ, എല്ലാ പാർലമെന്റ്മാർച്ചും ഇവിടെ തീരും. പാർലമെന്റിന്റെ ഏഴയലത്ത് അടുപ്പിക്കത്തില്ല.

                                                    
                                                   രാഷ്ട്രപതി ഭവൻ

ആന്ധ്രാഭവന്റെ കന്റീനിൽ നിന്ന് കുശാലായൊരു ഭക്ഷണം, പണ്ട് കർണ്ണാടകയിൽ ജോലി ചെയ്യു മ്പോഴും തെലുങ്കന്റെ ഭക്ഷണമായിരുന്നു എനിക്കിഷ്ടം, അവിയലില്ലെന്നൊരു കുറവേ ഉള്ളൂ.
ജന്തർമന്തർ- നക്ഷത്രനിരീക്ഷണശാല, ഇന്ന് പ്രയോഗത്തിന്റെ ആവശ്യമില്ലെങ്കിലും ക്ഷേത്രഗണിതശിൽപ്പങ്ങൾ ആരേയും ആകർഷിക്കും. ഔദ്യോഗികഗൈഡുകളെ ഒന്നും ഞങ്ങളവിടെ കണ്ടില്ല, പക്ഷേ ഇത്തരമൊന്നിന് വിശദീകരണം അത്യന്താപേക്ഷിതമെന്നു തോന്നി.
പാലികാബസാർ-ഞങ്ങൾ രണ്ടു പേരും ഷോപ്പിങിൽ വലിയ താത്പര്യമില്ലാത്തവരാണെങ്കിലും ഇതിനെത്ര? (ഹിന്ദീ റ്റീച്ചറുടെ മകളായ ഭാര്യക്ക് എന്നേക്കാൾ ഹിന്ദി വഴങ്ങും), 500 രൂപ, 25 രൂപക്ക് തരുമോ, 50 കൊട്എന്ന ലൈനിലുള്ള മദ്രാസിലെ മൂർ മാർക്കറ്റിനെ അനുസ്മരിപ്പിക്കുന്ന വിലപേശൽ!

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റി എന്ന പുകൾ പെറ്റ ബുജി കേന്ദ്രവും കണ്ടു.


ജെ എൻ യുഇന്ത്യൻ വിപ്ലവത്തിന്റെ ബ്രാഞ്ച് തലം മുതൽ പൊലിറ്റ് ബ്യൂറോ വരെ വിവിധ തസ്തികകളിലേക്ക് വർഷാവർഷം ക്യാമ്പസ് റിക്രൂട്ട്മെന്റെ് നടക്കുന്ന അക്കാദമിക് കേന്ദ്രം.

മെട്രോയിൽ കയ്യറണമെന്ന് ശൈലജക്ക് പൂതി. ലജ്പത് നഗറിൽ നിന്ന് കയറി ഗോവിന്ദ്പുരിയിലിറങ്ങിയ മെട്രോയാത്രയും ഇലക്ട്രോണിക് കിളിയും രസകരമായിരുന്നു.

സാന്ധ്യശോഭയിൽ ചെങ്കോട്ട ജ്വലിച്ചു നിന്നു; ശങ്കരപ്പിള്ളസ്സാറു പ്രാസമൊപ്പിച്ചു പറഞ്ഞ പോലെ ചെങ്കോട്ടയിൽ എന്നാണാവോ ചെങ്കൊടി കുത്തുന്നത്? ചെങ്കോട്ടക്കു മുന്നിൽ സൈക്കിൾ റിക്ഷകൾ ജനാധിപത്യത്തിന്റെ ദയനീയ കഥയെന്തോ വിളിച്ചു പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, മനുഷ്യൻ മനുഷ്യനെ വലിച്ചു കൊണ്ടു പോകുന്നു. ഇല്ല, ഞാൻ ദൽഹി കണ്ടിട്ടില്ല. ഇരുളുന്നൂ ചെങ്കോട്ട, ആഴത്തിലെവിടെയോ മറ്റൊരു ദൽഹിയുണ്ട്, ഞാനത് കണ്ടിട്ടില്ല, ഞാൻ ദില്ലി അറിഞ്ഞിട്ടില്ല.

എന്റെ ദൽഹിയാത്ര സാർത്ഥകമായത് മറ്റൊന്നിനാലാണ്. ഇന്ദിരാഗാന്ധി ഓപ്പൻ യൂണീവേർസിറ്റിയിലെ ഇടനാഴികളിലൊന്നിലൂടെ ഞാൻ അലയുകയായിരുന്നു. ഒരു ബോർഡ് കണ്ണിലുടക്കി. കെ. സച്ചിദാനന്ദൻ, ഡയറക്ടർ, പരിഭാഷാപഠനഗവേഷണകേന്ദ്രം. ഒരു സംശയത്തിൽ, പ്രാർത്ഥനയിൽ, ഞാനൊന്ന് കയറി നോക്കി. അതാ, കവിബുദ്ധൻ, കവിതയുടെ ഒരു വസന്തമെനിക്കു മനം നീറയെ തന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കവി. പരിചയപ്പെട്ടു. നേരിട്ടറിയില്ലായിരുന്നു അദ്ദേഹത്തെ എനിക്ക്. ഒരു ജാടയുമില്ലാതെ, സ്നേഹപൂർവ്വം ചിരപരിചിതനോടെന്ന പോലെ മൃദുലസ്നിഗ്ദ്ധസ്വരത്തിൽ അദ്ദേഹം ഒരു മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു, കവിതയെക്കുറിച്ച്, കഥയെക്കുറിച്ച്, പരിഭാഷകളെക്കുറിച്ച്, അൽപ്പം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്. യാത്ര പറഞ്ഞ് ഞാനും ശൈലജയും ഇറങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു. ഇതു മതി, ഇതു മതി ഈ ദൽഹി യാത്ര എന്നുമോർക്കാൻ.




Friday, January 21, 2011

ത്രിശ്ശങ്കു


മൂഴിക്കുളത്തിനും പാറക്കടവിനുമിടയിൽ
എനിയ്ക്കൊരു പാലമിട്ടു തന്നത്
എന്റെ പാർടിയാണ്.
പാലത്തിൽ നിന്നു നോക്കുമ്പോൾ
മുന്നിൽ, മാഞ്ഞു തുടങ്ങിയ പുഴവില്ലിന്റെ മോഹനം.
പുറകിൽ, കൊണ്ടുവാ ലക്ഷ്മണാ വില്ലും ശരങ്ങളും:
ചാച്ചുച്ചാക്യാർക്ക് കാതോർത്ത് അക്ഷമനായി പെരുമാൾ.
വലത്ത്, അവന്റെ ചാട്ടവാറടികൾ മുഴങ്ങിയ
ഇടവകയിലെ പിതാവിന്റെ ഭവനം.                                                                                                     
ഇടത്ത്, പാലത്തിനക്കരെ, കിളികൾ
ചേക്കേറിയ ചോരക്കൊടിമരച്ചില്ല.
പരസ്പരം കൊത്തികൊത്തിയാട്ടി
ചോരയൊലിപ്പിച്ച്
കിളികൾ പിരിഞ്ഞു പോയിരിക്കുന്നുവോ?
മാനിഫെസ്റ്റോയിലെ വരികൾ രണ്ട്
ഗംഭീരപാളയങ്ങളായി പിളർന്നു നിൽക്കുന്നു.
ഇനി പാറക്കടവിലേക്കില്ലെന്ന് ഞാൻ തിരിഞ്ഞാൽ
പഴയ മോസ്കോ കവലയിൽ ഇരുളു വീണിരിക്കുന്നു.
പാലത്തിനു കീഴിപാവമീ പുഴയോ, ത്രിശ്ശങ്കു സ്വർഗ്ഗം?