Saturday, March 5, 2011

ദൽഹിയിൽ


അങ്ങനെയൊന്ന് ദൽഹിയിൽ പോയി വന്നു, ഭാര്യക്ക് ഒരു കൂട്ടായി. എന്റെ കൌമാരത്തിൽ ഒരു നോവലിന്റെ രൂപത്തിൽ അപകടകരമായ സ്വാധീനം ചെലുത്തിയ നഗരം. അധികാരത്തിന്റെ ഇരിപ്പിടം.
ഒരു മഹാനഗരത്തെ അറിയാൻ ഒട്ടും തികയാത്ത രണ്ടു ദിനങ്ങളിലെ ഉപരിതലക്കാഴ്ചകൾ, അവിദഗ്ധരായ ഞങ്ങൾ രണ്ടു പേരെടുത്ത ചിത്രങ്ങൾ, അത്രയേ എന്റെ പക്കലുള്ളു, സദയം സഹിക്കുമല്ലോ.
വണ്ടിയിറങ്ങി നേരെ പോയത് ലളിതകലാ അക്കാദമിയിലേക്കാണ്, പ്രശസ്ത ചിത്രകാരൻ സുവപ്രസന്നയുടെ ചിത്ര പ്രദർശനം കാണാൻ. ‘കാക്കകൾ പൊരിഞ്ഞു കായ്ക്കുന്ന‘  ഇലക്ട്രിക് കമ്പികൾ, നിരുന്മേഷമായ കൊൽക്കത്തയുടെ പഴമ ആവാഹിച്ചെടുത്ത അപാരമായൊരു നിറക്കൂട്ടിനാൽ അമ്പരപ്പിക്കുന്ന ചിത്രം, തകരച്ചെണ്ടകളുമായി ഓസ്ക്കാറുകളെ തിരയുന്ന ഗൂന്തർഗ്രാസ്, മദർതെരേസ എന്ന മാലാഖ, ഇരുളിലൂടെ, വെളിച്ചത്തിന്റെ ഒളിചിതറലുകൾജാമിനിറോയിയുടെ പോർട്രേറ്റ്, മനോഹരമായ ന്യൂഡ് സ്റ്റഡീസ്, ടഗോറിന്റെ നിഴൽ ഒരു മഹാമരമായി പരിവർത്തനപ്പെടുന്ന കിടിലൻ ചിത്രം, ബ്രോൺസിൽ കരുത്തുറ്റ ശിൽപ്പങ്ങൾ- മഹാപ്രതിഭയായ സുവദയുടെ കലയുടെ വൈവിധ്യം പറഞ്ഞറിയിക്കാനാകാത്തതാണ്.


നിഴലുകൾ- ഒരു  സുവപ്രസന്നാചിത്രം.

റോയിയോടൊപ്പമായിരുന്നൂ താമസം. മുപ്പതോളം വർഷങ്ങൾക്ക് മുമ്പ് രാവൊടുങ്ങും വരെ  മഹാഭാരതവും  രാമായണവും മാർക്കസും ബോർഹസും നെരൂദയും എല്ലാം ആവേശപൂർവ്വം സോഴ്സും സിങ്കുമായി പരസ്പരം പങ്കിട്ട പ്രിയസുഹൃത്ത്. ഇന്നും റോയിയെന്ന മാനേജ്മെന്റ് വിദഗ്ഗ്ദ്ധൻ  തന്റെ അനുപമമായ സംവേദനക്ഷമതയും, മഹാഗൌരവങ്ങൾക്കും കുഞ്ഞുകളികൾക്കും ഇടയിൽ ഊയലാടുന്ന തന്റെ വിചിത്രമായ പെരുമാറ്റരീതിയും, സംസാരത്തിലെ കൌതുകകരമായ സ്വരവ്യതിയാനങ്ങളും കാത്തുസൂക്ഷിക്കുന്നുറോയിയുടെ ഭാര്യ ബിനിറോയ് 2003 ൽ കേരളാലളിതകലാ അക്കാദമി അവാർഡ് നേടിയ ചിത്രകാരിയാണ്. ബിനിയുടെ ഒരു ചിത്രം ചുവടെ. കൂടുതൽ ചിത്രങ്ങൾ ഇവിടെ.


മൂന്നു വിധവകൾ- ബിനിറോയ്

റോയ് ദമ്പതികൾക്ക് രണ്ട് കുട്ടികൾ, എഞ്ജിനീയറിംഗ് വിദ്യാർത്ഥിയായ നീൽ, +1 വിദ്യാർത്ഥിനിയായ താനിയ (അപ്പൂന്നും അമ്മൂന്നും  മലയാളത്തിൽ വിളിച്ചാലും കുട്ടികൾ വിളി കേൾക്കും). അമ്മു ട്രിനിറ്റി 8 ഗ്രേഡ് കഴിഞ്ഞ പിയാനോ വാദകയാകുന്നു.

                                                 
                                          അമ്മു ബാർക്കിനെ വായിക്കുന്നു.

ഇവർക്കു പുറമെ മൈക്കിൾ ജാക്സൺ എന്ന അരുമപ്പൂച്ചയും ലഫ് ( ഒരു ഒറ്റക്കയ്യൻ), ലൂയിസ് എന്നീ രണ്ട് വെള്ള എലികളും ഉണ്ട് ഇവരുടെ കുടുംബത്തിൽ. അപ്പുവിന്റെ ബ്ലോഗിൽ  വെള്ള എലികളുടെ മാഹാൽമ്യത്തെക്കുറിച്ച്  ഉപന്യസിച്ചിട്ടുണ്ട് ( mwoj.wordpress.com)

                                      
                                          റോയ് കുടുംബവും ശൈലജയും

ദൽഹിയിൽ വളരെ ആശ്വാസകരമായ ഒരു കാര്യം മഹാനഗരത്തിന്റെ മധ്യേ നിലനിൽക്കുന്ന പച്ചത്തുരുത്തുകളാണ്. റോയിയുടെ ദൽഹിയുടെ ഹൃദയഭാഗത്തു തന്നെയുള്ള (അളകനന്ദ) ഫ്ലാറ്റിന്റെ അരികിലുള്ള ജഹാമ്പനാ പാർക്ക് ഒരു കൊച്ചു കാടു തന്നെയാണ്. ഒരാറു കിലോമീറ്റർ നമുക്ക് കാട്ടിലെ പാതയിലൂടെ നടക്കാം. രണ്ടു ദിവസം ഞാൻ റോയി ഒത്ത് രാവിലെ നടന്നു, ഒരു വട്ടം ശൈലജയുമൊത്തും.

                                                  
                                              ജഹാംപനാ പാർക്കിൽ

ഇനി ഞങ്ങൾ കണ്ട കാഴ്ചകൾ (പലർക്കും ഒരു പുതുമയുമുണ്ടാവില്ല, ക്ഷമിക്കുക,  ആദ്യമായിട്ടായിരുന്നു ഞങ്ങൾ ദൽഹിയിൽ).

ബഹായികളുടെ ക്ഷേത്രമാണ് ഏറെ ആകർഷിച്ച ഒരു സ്ഥലം, മനോഹരമായ ഒരു ലാൻഡ് സ്കേപ്പിനകത്ത് വെള്ളത്താമരയിതളുകൾക്കകത്ത് വിടർന്നു വിലസി നിൽക്കുന്നു പടുകൂറ്റൻ അമ്പലം. സ്വന്തം ഭാഷയിൽ മൂകമായി പ്രാർത്ഥിക്കാൻ അതി വിശാലമായ ഹാൾ. ഞാനൊന്നു ശ്രമിച്ചു നോക്കി, സാധിച്ചില്ല, തിക്കും പൊക്കും നോക്കി എഴുന്നേറ്റു പോന്നു.

                                                                
                                                 ലോട്ടസ് ടെമ്പിൾ

പിന്നെ, കുത്തബ് മിനാർ, അടിമയുടെ വിജയസ്തംഭം. കുത്തബ്ദ്ദീൻ ഐബക്കിൽ തുടങ്ങി സികന്ദർ ലോധിയിൽ അവസാനിച്ച നിർമ്മിതി. ചരിത്രത്തിന്റെ ക്രൂരവിനോദയാത്രാസ്മരണിക. തൊട്ടടുത്ത് തുരുമ്പെടുക്കാത്ത കാസ്റ്റ് അയേൺ പില്ലർ, പഴയ ഭാരത മെറ്റലർജിയുടെ വിജയവൈജയന്തി. ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഇരുമ്പു തൂൺ (വിഷ്ണുധ്വജം) സുൽത്താൻ അടിച്ചെടുത്തു കൊണ്ട് വന്നതായിരുന്നു.

                                                
കുത്തബ് മിനാരം- വിജയസ്തംഭങ്ങൾക്കു മുകളിലൂടെ ഇരമ്പിയാർത്തു പോയ കാലം

ദില്ലിയിലെ വേദനിപ്പിച്ച കാഴ്ച്ച ഇന്ദിരാഗാന്ധി സ്മൃതിയായിരുന്നു. സഫ്ദർജങ് റോഡിലുള്ള ഇന്ദിരാഗാന്ധിയുടെ വസതിയിലെ ഓരോ വസ്തുവും രാജ്യത്തിന്റെ അഖണ്ഡതയുടെ ബലിപീഠത്തിൽ സ്വയം അർപ്പിച്ച ആ  അമ്മയുടേയും മകന്റേയും ഓർമ്മകളുടെ ഒളി മങ്ങാത്ത സ്മാരകങ്ങളാണ്. വളരെ നന്നായി സൂക്ഷിച്ചിരിക്കുന്നു. അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധിയോടുള്ള എതിർപ്പിൽ നിന്നാണ് എന്റെ രാഷ്ടീയം തുടങ്ങിയത്. എങ്കിലും ഓപ്പറേഷൻ ബ്ലൂസ്റ്റാർ തന്റെ ജീവൻ ആവശ്യപ്പെടുമെന്ന് അറിയാത്തൊരു പൊട്ടിയായിരുന്നിരിക്കില്ല അവരെന്നോർക്കുമ്പോൾ, പ്രധാനമന്ത്രിയുടെ കടമ ജീവനു മുകളിൽ അവർ ഉയർത്തിപ്പിടിച്ചെന്നോർക്കുമ്പോൾ, പിന്നീടു വന്ന പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ - എന്തോ ശിരസ്സ് അറിയാതെ കുനിഞ്ഞു പോകുന്നു. സോണിയക്കരുകിൽ കേംബ്രിഡ്ജിൽ വെച്ചെടുത്ത രാജീവിന്റെ ഒരു ദീപ്തചിത്രമുണ്ട് അവിടെ. ഹാ! കളിച്ചും ചിരിച്ചും ഉത്സവമായി ജീവിക്കേണ്ടിയിരുന്നവർ ...ഇതാ, അമ്മയുടേയും മകന്റേയും രക്തസാക്ഷിത്വത്തിന്റെ തിരുവവശേഷിപ്പുകൾ കണ്ണേ മടങ്ങുക!


                       
രാജീവിന്റേയും ഇന്ദിരയുടേയും രക്തസാക്ഷിത്വത്തിന്റെ തിരുവവശേഷിപ്പുകൾ

ഇതിനു കടക വിരുദ്ധമായി തീർത്തും നിരാശരാക്കി ഞങ്ങളെ, ബിർളാമന്ദിരം. ഗാന്ധിജി വെടിയേറ്റു മരിച്ച സ്ഥലവും, കാൽപ്പാടുകൾ അടയാളപ്പെടുത്തിയമന്ദിരത്തിൽ നിന്ന് പ്രാർത്ഥനാ വേദിയിലേ ക്കുള്ള വഴിത്താരയുമെല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. പക്ഷേ ആ മ്യൂസിയം-മുഴുവൻ ഇലക്ട്രോ ണീക്സും വീഡിയോ ഷോയുമാണവിടെ. ഗാന്ധിജിയുടെ ആത്മീയചൈതന്യത്തിനും, ലാളിത്യത്തിനും നിരക്കാത്ത പ്രദർശനം. ഇലക്ട്രോണിക്  ചർക്കകൾ  കൊണ്ടു വെച്ചിരിക്കുന്നുയന്ത്രവൽക്കൃത    തുണിനെയ്ത്തിനും, വ്യവസായവൽക്കരണ ത്തിനും   എതിരെയുള്ള ഒരു ബിംബമായിരുന്നല്ലോ, വെറുമൊരു ചർക്കയായിരുന്നില്ലല്ലോ ചർക്ക. കുട്ടികളെ കളിപ്പിക്കാൻ കയ്യുവെച്ചാൽ എൽ ഇ ഡികൾ തെളിയുന്ന വിലകുറഞ്ഞ കാർണിവൽ ദൃശ്യം കൂടി കണ്ടപ്പോൾ (രാഷ്ട) പിതാവേ, ഇവർ ചെയ്യുന്ന തെന്തെന്ന് ഇവരറിയുന്നില്ലെന്ന് പിറുപിറുത്ത് ഞാൻ പുറത്തിറങ്ങി.

                                                            
                              ബിർളാമന്ദിരത്തിലെ ഗാന്ധിജിയും കസ്തൂർബയും.

പിന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങൾ-വിശാലമായ പാതകൾക്കിരുഭാഗത്തുമായി കേന്ദ്രസെക്രട്ടേറിയറ്റ്, പാർലമെന്റ്, രാഷ്ട്രപതിഭവൻ (നടുങ്ങിപ്പോയി!) , മന്ത്രാലയങ്ങൾ . കേരളത്തിലെ സെക്രട്ടേറിയറ്റിനു മുമ്പിൽ ഒടുങ്ങാത്ത പ്രതിഷേധങ്ങൾ, ജനാവലികൾ, കണ്ടു ശീലിച്ച എനിക്ക് ദൽഹിയിലെ ഭരണസിരാകേന്ദ്രത്തിന്റെ വിജനത കൌതുകമുണ്ടാക്കി. ഞങ്ങളുടെ ഡ്രൈവർ സുനിൽ (മലയാളി, നല്ലൊരു ചെറുപ്പക്കാരൻ) കുറച്ചേറെ അകലെയൊരു സ്ഥലത്ത് വച്ചു പറഞ്ഞു, ചേട്ടാ, എല്ലാ പാർലമെന്റ്മാർച്ചും ഇവിടെ തീരും. പാർലമെന്റിന്റെ ഏഴയലത്ത് അടുപ്പിക്കത്തില്ല.

                                                    
                                                   രാഷ്ട്രപതി ഭവൻ

ആന്ധ്രാഭവന്റെ കന്റീനിൽ നിന്ന് കുശാലായൊരു ഭക്ഷണം, പണ്ട് കർണ്ണാടകയിൽ ജോലി ചെയ്യു മ്പോഴും തെലുങ്കന്റെ ഭക്ഷണമായിരുന്നു എനിക്കിഷ്ടം, അവിയലില്ലെന്നൊരു കുറവേ ഉള്ളൂ.
ജന്തർമന്തർ- നക്ഷത്രനിരീക്ഷണശാല, ഇന്ന് പ്രയോഗത്തിന്റെ ആവശ്യമില്ലെങ്കിലും ക്ഷേത്രഗണിതശിൽപ്പങ്ങൾ ആരേയും ആകർഷിക്കും. ഔദ്യോഗികഗൈഡുകളെ ഒന്നും ഞങ്ങളവിടെ കണ്ടില്ല, പക്ഷേ ഇത്തരമൊന്നിന് വിശദീകരണം അത്യന്താപേക്ഷിതമെന്നു തോന്നി.
പാലികാബസാർ-ഞങ്ങൾ രണ്ടു പേരും ഷോപ്പിങിൽ വലിയ താത്പര്യമില്ലാത്തവരാണെങ്കിലും ഇതിനെത്ര? (ഹിന്ദീ റ്റീച്ചറുടെ മകളായ ഭാര്യക്ക് എന്നേക്കാൾ ഹിന്ദി വഴങ്ങും), 500 രൂപ, 25 രൂപക്ക് തരുമോ, 50 കൊട്എന്ന ലൈനിലുള്ള മദ്രാസിലെ മൂർ മാർക്കറ്റിനെ അനുസ്മരിപ്പിക്കുന്ന വിലപേശൽ!

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റി എന്ന പുകൾ പെറ്റ ബുജി കേന്ദ്രവും കണ്ടു.


ജെ എൻ യുഇന്ത്യൻ വിപ്ലവത്തിന്റെ ബ്രാഞ്ച് തലം മുതൽ പൊലിറ്റ് ബ്യൂറോ വരെ വിവിധ തസ്തികകളിലേക്ക് വർഷാവർഷം ക്യാമ്പസ് റിക്രൂട്ട്മെന്റെ് നടക്കുന്ന അക്കാദമിക് കേന്ദ്രം.

മെട്രോയിൽ കയ്യറണമെന്ന് ശൈലജക്ക് പൂതി. ലജ്പത് നഗറിൽ നിന്ന് കയറി ഗോവിന്ദ്പുരിയിലിറങ്ങിയ മെട്രോയാത്രയും ഇലക്ട്രോണിക് കിളിയും രസകരമായിരുന്നു.

സാന്ധ്യശോഭയിൽ ചെങ്കോട്ട ജ്വലിച്ചു നിന്നു; ശങ്കരപ്പിള്ളസ്സാറു പ്രാസമൊപ്പിച്ചു പറഞ്ഞ പോലെ ചെങ്കോട്ടയിൽ എന്നാണാവോ ചെങ്കൊടി കുത്തുന്നത്? ചെങ്കോട്ടക്കു മുന്നിൽ സൈക്കിൾ റിക്ഷകൾ ജനാധിപത്യത്തിന്റെ ദയനീയ കഥയെന്തോ വിളിച്ചു പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, മനുഷ്യൻ മനുഷ്യനെ വലിച്ചു കൊണ്ടു പോകുന്നു. ഇല്ല, ഞാൻ ദൽഹി കണ്ടിട്ടില്ല. ഇരുളുന്നൂ ചെങ്കോട്ട, ആഴത്തിലെവിടെയോ മറ്റൊരു ദൽഹിയുണ്ട്, ഞാനത് കണ്ടിട്ടില്ല, ഞാൻ ദില്ലി അറിഞ്ഞിട്ടില്ല.

എന്റെ ദൽഹിയാത്ര സാർത്ഥകമായത് മറ്റൊന്നിനാലാണ്. ഇന്ദിരാഗാന്ധി ഓപ്പൻ യൂണീവേർസിറ്റിയിലെ ഇടനാഴികളിലൊന്നിലൂടെ ഞാൻ അലയുകയായിരുന്നു. ഒരു ബോർഡ് കണ്ണിലുടക്കി. കെ. സച്ചിദാനന്ദൻ, ഡയറക്ടർ, പരിഭാഷാപഠനഗവേഷണകേന്ദ്രം. ഒരു സംശയത്തിൽ, പ്രാർത്ഥനയിൽ, ഞാനൊന്ന് കയറി നോക്കി. അതാ, കവിബുദ്ധൻ, കവിതയുടെ ഒരു വസന്തമെനിക്കു മനം നീറയെ തന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കവി. പരിചയപ്പെട്ടു. നേരിട്ടറിയില്ലായിരുന്നു അദ്ദേഹത്തെ എനിക്ക്. ഒരു ജാടയുമില്ലാതെ, സ്നേഹപൂർവ്വം ചിരപരിചിതനോടെന്ന പോലെ മൃദുലസ്നിഗ്ദ്ധസ്വരത്തിൽ അദ്ദേഹം ഒരു മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു, കവിതയെക്കുറിച്ച്, കഥയെക്കുറിച്ച്, പരിഭാഷകളെക്കുറിച്ച്, അൽപ്പം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്. യാത്ര പറഞ്ഞ് ഞാനും ശൈലജയും ഇറങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു. ഇതു മതി, ഇതു മതി ഈ ദൽഹി യാത്ര എന്നുമോർക്കാൻ.
64 comments:

പ്രയാണ്‍ said...

അതിനിടയില്‍ അതുമുണ്ടായോ? എന്തായാലും രണ്ടുദിവസം കൊണ്ടിത്രയും ധാരാളം... ഇനി വരുമ്പോള്‍ ഹുമയൂണ്‍ തോംബ് വിടണ്ടട്ടോ..:)
(രാഗിണിയെ ബ്ലോഗിണിയാക്കല്‍ നടന്നില്ല അല്ലേ....:))

Raees hidaya said...

വായിച്ചു.ഇഷ്ടായി.....

ന്നാലും തൃപ്തിയായില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

അതു ശരി!

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി ശ്രീനാഥന്‍ ഭായ്.
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.
ഡല്‍ഹിയില്‍ നിങ്ങള്‍ കണ്ടതും വിവരിച്ചതും നന്നായി.
ഇനിയും ബാക്കിയുണ്ടല്ലോ പറയാന്‍ .
തുടരുക.
ആശംസകളോടെ.

SHANAVAS said...

Very good and informative post.I have read it with interest.
regards.

chithrangada said...

ശ്രീമാഷേ ,നന്നായി ഡല്‍ഹി വിശേഷം !
വിധവകളുടെ പെയിന്റിംഗ് ഒരുപാടിഷ്ടമായി ...
ഇനിയും വിശേഷങ്ങള്‍ വരട്ടെ !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അവതരിപ്പിച്ച കാഴ്ച്ചകളെല്ലാം മനസ്സിലേക്കുതന്നെ പകര്‍ത്തി വച്ചിരിക്കയാണ്.അതവിടെക്കിടന്നു ത്രിമാനചിത്രങ്ങളായി സ്വയം പ്രദര്‍ശിപ്പിക്കുന്നു.അതിനൊരു കാരണം,ഏതാണ്ട് മുപ്പതു കൊല്ലം മുമ്പുണ്ടായ ഒരു ദാല്‍ഹിയാത്രയുടെ ഓര്‍മ്മകള്‍ തന്നെ.അന്ന് സന്ദര്‍ശിച്ച ആ സ്ഥലങ്ങളുടെ പ്രത്യേകതകളെല്ലാം അതിനര്‍ഹമായ പ്രാധാന്യത്തോടെ മനസ്സിലാക്കുവാന്‍ താങ്കളുടെ ഈ വിവരണം അത്രയധികം സഹായിച്ചു.
ഒരു കാഴ്ച്ചക്ക് എന്നതിലുപരി മറ്റൊന്നിനും കണ്ണുതുറന്നിരുന്നില്ല അന്ന്.
ഇപ്പോള്‍ ആ ഓര്‍മ്മകളിലൂടെ ഈ വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിനൊരു പരിപൂര്‍ണത കൈവന്നത് പോലെ തോന്നുന്നു.നന്ദിയോടൊപ്പം
ആത്മാര്‍ഥമായ അഭിനന്ദനങ്ങളും.

റോസാപ്പൂക്കള്‍ said...

നന്നായി ഈ വിവരണം.
ഒരു ഡല്‍ഹി സന്ദര്‍ശനത്തില്‍ നിന്നാണ് എന്റെ "താജ്‌മഹല്‍" പിറന്നത്

mayflowers said...

ശ്രീനാഥന്റെ പോസ്റ്റുകളില്‍ എനിക്കേറ്റവും ഇഷ്ടമായത് .
ഒരു പക്ഷെ,ഞാന്‍ കാണാനാഗ്രഹിക്കുന്ന നഗരത്തിലെ വിശേഷങ്ങള്‍ ആയത് കൊണ്ടായിരിക്കാം..
ഹൃദ്യമായിരിക്കുന്നൂ..
പക്ഷെ എന്ത് കൊണ്ട് താജ് സന്ദര്‍ശിച്ചില്ല?
മുകുന്ദന്റെ 'ഡല്‍ഹി'യാണോ ഉദ്ദേശിച്ചത്?
ആശംസകള്‍.

ഉമാ രാജീവ് said...

നന്നായി മാഷെ ഈ വിവരണം ,
ഒപ്പമുള്ള ചിത്രങ്ങളും,
കൂടെ നന്ദി അറിയിക്കുന്നു ഓരോ കവിതയും വായിച്ചു അഭിപ്രായം പറയുന്നതിന്

ഭാനു കളരിക്കല്‍ said...

നെഹ്‌റു ഇന്ത്യ കണ്ടപോലെ എന്നൊരു ചൊല്ലുണ്ട്. അതുപോലെ ശ്രീ മാഷുടെ ദല്‍ഹി വിശേഷങ്ങള്‍ അത്രയ്ക്ക് പിടിച്ചില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ.

രമേശ്‌ അരൂര്‍ said...

ഉള്ളത് കൊണ്ട് ഓണം പോലെ ...ദല്‍ഹി വിശേഷങ്ങളൊക്കെ എത്ര കണ്ടാലും കേട്ടാലും പുതുമ തോന്നും മാഷെ ..നമ്മള്‍ കഥകളി എത്രയോ കണ്ടിരിക്കുന്നു ! ഒരേ കഥ ..ഒരേ വേഷക്കാര്‍ ..ന്നാലും അരങ്ങു മാറി മാറി കാണുമ്പോള്‍ ഒരു രസാ ...

പട്ടേപ്പാടം റാംജി said...

ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍. കുറെ കാഴ്ചകള്‍ പങ്കുവെച്ചത് നന്നായി. ഞാനൊന്നും ഇതുവരെ ഡല്‍ഹിയില്‍ പോയിട്ടില്ല.
ബിനിറോയിയുടെ ചിത്രങ്ങള്‍ എല്ലാം കണ്ടു. നന്നായിരിക്കുന്നു.ഇഷ്ടപ്പെട്ടു.
പൂച്ചയുടെയും എലികലുളുടെയും പേരുകള്‍ മോശമായില്ലട്ടോ.

Rare Rose said...

ശ്രീനാഥന്‍ മാഷേ.,ഡല്‍ഹിക്കാഴ്ചകളൊട്ടും പരിചയമില്ല എനിക്ക്.അത് കൊണ്ട് വാക്കുകളിലൂടെ ഞാനും അവിടൊക്കെ ചുറ്റി നടന്നു.പെയിന്റുകളൊക്കെ ഇഷ്ടമായി.എന്തെല്ലാം ഇനിയുമേറെ കാണാന്‍,അറിയാന്‍ കിടക്കുന്നല്ലോയെന്ന് ചിന്തിച്ചു പോയി..

പിന്നെ അവസാനം ഒട്ടും പ്രതീക്ഷിക്കാതെ കവിയുമായുള്ള കണ്ടുമുട്ടല്‍.യാത്രയ്ക്കൊടുവിലെ മറക്കാനാവാത്ത കൊച്ചു സന്തോഷങ്ങള്‍ അല്ലേ.:)

ശ്രീനാഥന്‍ said...

@പ്രയാൺ- ഹുമയൂൺ കുടീരം കാണണമെന്നുണ്ടായിരുന്നു, സമയം തികഞ്ഞില്ല.ഭാര്യക്ക് ബ്ലോഗിൽ താത്പര്യമായിട്ടില്ല വേണ്ടത്ര. ഇനിയും സമയമുണ്ടല്ലോ.

@റഈസ് , ശങ്കരനാരായണൻ, ചെറുവാടി,ഷാനവാസ്
വളരെയേറെ നന്ദി,
വന്നതിനും അഭിപ്രായത്തിനും

@ചിത്ര- സന്തോഷം, വിധവകളുടെ ചിത്രകാരിയെ അറിയിക്കാം. അത് കമ്പോഡിയൻ വിധവകളാണ്.

@ ആറങ്ങോട്ടുകര- വളരെ സന്തോഷം- വളരെ പഴയൊരു ദൽഹിയാത്ര ഓർമ്മിച്ചല്ലോ, നന്ദി.

@റോസാപ്പൂക്കൾ - സന്തോഷം, ഇനിയും യാത്രകൾ ചെയ്യൂ, കഥകൾ പിറക്കും.

@ മെയ്ഫ്ലവേർസ് – വളരെ സന്തോഷം, മുകുന്ദന്റെ ദൽഹി തന്നെ.

@ ഭാനൂ – ദൽഹിയിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്ക് കഴിഞ്ഞിട്ടില്ല, തീർച്ചയായും അതിന്റെ പരിമിതിയുണ്ട്. ഒരു ദിവസം ചുറ്റിത്തിരിഞ്ഞതിൽ നിന്ന് ഇതിലേറെ എഴുതിയാൽ തീരെ സത്യസന്ധമല്ലാതാകും. നന്ദി. നെഹൃ തീരെ ഇന്ത്യ കാണാത്തൊരാളാണെന്നാണു വിവക്ഷയെങ്കിൽ എനിക്ക് യോജിപ്പില്ല.

@ ഉമ – കവിക്ക് സുസ്വാഗതം, വളരെ സന്തോഷം.

@രമേശ് – വളരെ സന്തോഷം, നന്ദി.
@റാംജി – സന്തോഷം സുഹൃത്തേ, ദൽഹി തീർച്ചയായും ഒന്നു കണ്ടിരിക്കണം.
@റോസ്- നന്ദി, റോസ്, ഇത്രയൊക്കെ മതി നമുക്കൊക്കെ സന്തോഷിക്കാൻ അല്ലേ? സത്യത്തിൽ, കവിയെ കണ്ടില്ലായിരുന്നെങ്കിൽ, ഞാൻ ഈ പോസ്റ്റ് എഴുതുമായിരുന്നില്ല

Unknown said...

ഹൃദ്യമായ വിവരണം!! ലോട്ടസ് ടെമ്പിള്‍ ന്റെ കുറിച്ച് കേട്ടിട്ടുണ്ട്. കാണണം എപ്പോഴെന്കിലും ഡല്‍ഹിയില്‍ പോവുമ്പോള്‍ :)

ആശംസകള്‍!!

krishnakumar513 said...

ശ്രീനാഥന്‍ മാഷേ ,ഡല്‍ഹി വിശേഷം നന്നായി.....

സ്മിത മീനാക്ഷി said...

മാഷേ, ഒരു പരാതി.. ഒന്നറിയിക്കാമായിരുന്നു, സത്യമായും ഞാന്‍ എവിടെങ്കിലും വന്നു കണ്ടേനെ..

Kalavallabhan said...

ഒന്നുകൂടി പോകണമെന്ന് തോന്നുന്നു അല്ലേ ?

അംജിത് said...

വളരെ നന്നായിരിക്കുന്നു സാര്‍ .
ഡല്‍ഹിയില്‍ ആദ്യമായി പോയപ്പോള്‍ ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ് എനിക്കും തോന്നിയത്. പൌരാണികതയും ആധുനികതയും ഇഴ പിരികാനാവാത്ത്ത വിധം കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു നഗരം. സമീപത്തുള്ള ഫതെപുര്‍ സിക്രി,ലക്ക്നോ , ആഗ്ര.. ഇവിടെയൊന്നും ഈ ഒരു മിശ്രണം കിട്ടുകയില്ല.
വളരെ നല്ല ഒരു യാത്രാക്കുറിപ്പ്

Sukanya said...

പരിചയമുള്ള ഒരു കുടുംബം ഈയിടെ ഡല്‍ഹിയില്‍ പോയി വന്നു. അവര്‍ എടുത്ത ചിത്രങ്ങളില്‍ ഏറെ വിഷമിപ്പിച്ചത് ഇന്ദിരാ ഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും തിരുവവശേഷിപ്പുകള്‍ തന്നെ. ഇങ്ങനെ പ്രദര്‍ശിപ്പിക്കണോ എന്നും തോന്നി.
യാത്ര വിവരണം നന്നായി. ഇനിയും കാണാത്ത കാണാന്‍ മോഹിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് എനിക്ക് ഡല്‍ഹി.

അലി said...

ഇതു മതി, ഇതു മതി ഈ ദൽഹി യാത്ര എന്നുമോർക്കാൻ.

ആശംസകൾ!

കുന്നെക്കാടന്‍ said...

remembering my delhi days,


thanx.

ഭാനു കളരിക്കല്‍ said...

നെഹ്‌റു ഇന്ത്യ കണ്ടിട്ടുണ്ട്. ഒരു യാത്രികന്റെ ലാഘവത്തോടെ. ഇന്ത്യയുടെ ആത്മാവ് കണ്ടെത്താന്‍ അദ്ദേഹത്തിനു ആയിട്ടില്ല. ഇന്ത്യന്‍ സംസ്കാരം, ജനത, ചില്ലു ഭരണിയില്‍ സൂക്ഷിക്കേണ്ട ഒന്നായി ആണ് അദ്ദേഹം കണ്ടത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്ടിന്റെ ശവകുടീരത്തില്‍ ചെന്നപ്പോള്‍ പന്ജാബിന്റെ മുറിവുകള്‍ അങ്ങു മറന്നോ? ഭിന്ദ്രന്‍ വാലയെ പാലുകൊടുത്ത് വളര്‍ത്തിയ കൈകളെ മറന്നു പോയോ? ദില്ലിയില്‍ കൂട്ടകൊലക്കിരയായ സിഖ് ജനതയെ മറന്നുവോ?

ഭാനു കളരിക്കല്‍ said...

ഒരു ഫാസിസ്റ്റും താന് കീഴടക്കപ്പെടും എന്നു കരുതുന്നില്ല. ഞാന്‍ അജയ്യനാണ് എന്ന അഹങ്കാരമാണ് അവനു അല്ലെങ്കില്‍ അവള്‍ക്കു.

വരയും വരിയും : സിബു നൂറനാട് said...

ഞാനുമുണ്ട് ഒരിക്കല്‍ ഡല്‍ഹിക്ക്. തീര്‍ച്ച.
എല്ലാ പേരുകളും കേട്ടിട്ടുണ്ടെങ്കിലും കുറച്ചു കൂടെ വിശദമാക്കി പറഞ്ഞാല്‍ ഇനി പോകാനിരിക്കുന്നവര്‍ക്ക് ഒരു ഗൈഡിനെ വേണ്ടി വരില്ലായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ കെട്ട്യോനും,കെട്ട്യോളും കൂടി യാത്രപോയിട്ട് ദില്ലീനെ കുപ്പിലാക്കി കൊണ്ടുവന്നു അല്ലേ..
യാത്രാവിവരണത്തിൽ കൈവെക്കുന്നതിനോടൊപ്പം ശ്രീമാഷുടെ രൂപഭാവങ്ങളെ ഫോട്ടൊയിലൂടെ പരിചയപ്പെടുത്തിയതിലും സന്തോഷം...!
എന്റെ മനസ്സിലിപ്പോഴും ഡൽഹിയുടെ ഛായ നമ്മുടെ മുകുന്ദേട്ടന്റെ ഡെൽഹി തന്നെയാണ്..കേട്ടൊ മാഷെ

ഈ പുത്തൻ ദില്ലിയെ പറ്റിയാൽ എന്നെങ്കിലും നേരിട്ട് കാണണമെന്ന് ഒരു മോഹവും ഉണ്ട്...

siya said...

ശ്രീമാഷേ ,ഈ ഡല്‍ഹി യാത്രയും നന്നായി. എനിക്കും ഡല്‍ഹിയില്‍ ഒന്ന് പോകണം ...
ഇത്രയും കാഴ്ച്ചകള്‍ ഡല്‍ഹിയില്‍ കണ്ടിട്ടും ,അവസാനം പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ അതിശയം തോന്നി .കുറെ കാലമായി കാണണം എന്ന് വിചാരിക്കുന്ന ആളെ നേരില്‍ കാണുമ്പോള്‍ ഉള്ള സന്തോഷം !!

പിന്നെ JNU ടെ മുന്‍പില്‍ രണ്ടു പേരും നില്‍ക്കുന്ന ഫോട്ടോ ,കൊള്ളാം .ഇത് ആണോ അത് എന്ന മട്ടില്‍ ആണല്ലോ ?

jyo.mds said...

നല്ല വിവരണം.ഒരിക്കല്‍ കൊടുംവേനല്‍ക്കാലത്ത് ഞങ്ങള്‍ ദില്ലി കാണാന്‍ പോയിട്ടുണ്ട്.

Unknown said...

ഡെല്‍ഹി വിശേഷം നന്നായിട്ടുണ്ട്.
പിന്നെ ജാമ്യം ആദ്യമേ എടുത്തിട്ടുള്ളതിനാല്‍ കൂടുതല്‍ പറയാനൊന്നും ഇല്ല.

ചാണ്ടിച്ചൻ said...

നന്നായി മാഷേ...പഴയ കൂട്ടുകാരനുമായി പങ്കിട്ട നിമിഷങ്ങള്‍ അടുത്ത ബ്ലോഗില്‍ പോരട്ടെ...

Unknown said...

സര്‍, ഡല്‍ഹിയെ കുറിച്ച ഞാന്‍ ഇതിനു മുന്പ് വായിക്കത്തതും കാണാത്തതുമായ വിവരങ്ങളും ചിത്രങ്ങളും ...നന്ദി സര്‍ ....

ശ്രീനാഥന്‍ said...

ഞാൻ ഗന്ധർവ്വൻ,
കൃഷ്,
അംജിത്,
സുകന്യ,
അലി,
കുന്നെക്കാടൻ - എല്ലാ സുഹൃത്തുക്കൾക്കും അകം നിറഞ്ഞ നന്ദി.

സ്മിത- ഈ ആദ്യവരവിൽ അങ്ങനെയൊന്നും ഓർക്കാനായില്ല, ആകെ ഒരു ദിവസമേ ഫ്രീ ആയി കിട്ടിയുള്ളു. എനിക്ക് ഉറ്റ ചിലരുടെ പരാതി വേറെയുണ്ട്. ഇനിയും വരേണ്ടി വരും ഞങ്ങൾക്കെന്നു തോന്നുന്നു. അപ്പോഴാകട്ടെ കെട്ടോ., ഈ സ്നേഹം എന്നെ സ്പർശിക്കുന്നു.

ഭാനൂ- പറഞ്ഞ കാര്യങ്ങളിൽ മിക്കതിനോടും ഞാൻ യോജിക്കുന്നു (എങ്കിലും നെഹൃ, ഭാനു പറഞ്ഞതിലേറെ പരിഗണന കിട്ടേണ്ട ഒരാളാണെന്ന് ഞാൻ കരുതുന്നു. അതുപോലെ, ഫാസിസ്റ്റായതു കൊണ്ട് ഒരാൾ അജയ്യയാണെന്നു കരുതുമെന്നു പറയുന്നത് ലോജിക്കലാണോ?), അടിയന്തിരാവസ്ഥയിൽ ജീവൻ പണയപ്പെടുത്തി ചെറുത്തവരിൽക്കിടയിൽ ചെറിയ ഒരു പങ്കാണെങ്കിലും ഞാനും വഹിച്ചിട്ടുണ്ട്. ഇന്നും ഇന്ദിരയുടെ ഫാസിസ്റ്റ് മുഖം അംഗീകരിക്കാനാവുന്നില്ല. എങ്കിലും, നെഹ്രു കുടുംബം ഇന്ത്യയെ സോഷ്യലിസ്റ്റ് ചേരിയിൽ നിലനിർത്തിയതിന്റെ പേരിൽ, രാജ്യത്തിന്റെ അഖണ്ഡതയുടെ ബലിപീഠത്തിലുള്ള അർപ്പണം ചെയ്തതിന്റെ പേരിൽ ഒക്കെ കൂടെ ഓർക്കപ്പെടേണ്ടതാണ്. ഗാന്ധിജിയെ കുറിച്ചുള്ള ഇടതു വിലയിരുത്തലുകൾ പുനർവിചിന്തനത്തിനു വിധേയമായിട്ടുണ്ടല്ലോ ? തർക്കത്തിനു വേണ്ടിയല്ല, ചരിത്രം പല കോണുകളിൽ നിന്നു കാണേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുവാൻ മാത്രം. സ്നേഹം.

സിബു- തീർച്ചയായും ദൽഹി ഒന്നു കാണണം. നന്ദി.

ബിലാത്തി- താങ്കൾ പുതിയ ദൽഹി കാണണം, ഇത് ആ അരവിന്ദന്റെ ദൽഹിയല്ല, സിലിമേൽ പറഞ്ഞപോലെ , പഴയ പാളസ്സാർ ദില്ലിയല്ല, ബ്ലൂചിപ് ദില്ലി. വളരെ സന്തോഷം, ദൽഹിയെ ലണ്ടൻ കണ്ടതിൽ.

സിയാ- ഇഷ്ടമായി ആ ഇതാണോ അത് എന്ന കമെന്റ്. വളരെ സന്തോഷം.
ജ്യോ – യാത്രകളുടെ തോഴീ, ഇതൊരു കുഞ്ഞു യാത്ര, നന്ദി.
നിശാസുരഭി, മൈഡ്രീംസ്- സ്ന്തോഷം നന്ദി.
ചാണ്ടിക്കുഞ്ഞേ- അതിലത്ര വിശേഷമൊന്നുമില്ല കൂട്ടുകാരാ. സന്തോഷം.

അനസ് ഉസ്മാന്‍ said...

മാഷെ, പറഞ്ഞതിലേറെ പറയാതെ പോയ ഒരു പോസ്റ്റ്. ആ ഒരു കാരണം കൊണ്ട് തന്നെ കൌതുകം ഉണര്‍ത്തിയ പോസ്റ്റ്. പോസ്റ്റ് format ചെയ്തത് കുറച്ചശ്രദ്ധമായോന്നു സംശയം.

[മാഷേയും ടീച്ചറേയും (അങ്ങനെ വിളിക്കാനാണ് സൌകര്യം) കണ്ടത്തില്‍ സന്തോഷം. ടീച്ചര്‍ക് എന്നെ ഓര്‍മയുണ്ടാകുമോ, എനിക്കു ഫ്രൂട് സലാഡ് തന്നത് ഞാന്‍ മറന്നിട്ടില്ല :)]

ബെഞ്ചാലി said...

ഡല്‍ഹി വിശേഷം നന്നായി.
ആശംസകൾ

ഭാനു കളരിക്കല്‍ said...

പ്റിയ ശ്രീമാഷ്, ഞാനും തര്‍ക്കത്തിനു വന്നതല്ല. മറന്നുപോകുന്ന ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു എന്നു മാത്റം. ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ദുഷ്പ്രവൃത്തികള്‍ ചെയ്തവര്‍ മരണശേഷം ശുദ്ധീകരിക്കപ്പെടുന്ന അവസ്ഥ കേരളത്തില്‍ നിലവിലുണ്ട്. അപ്പോള്‍ എന്റെ മനസ്സിനെ വേദനിപ്പിച്ചത് ഞാന്‍ എഴുതി എന്നു മാത്റം. രാജീവ് ഗാന്ധിയെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ പട്ടാളം ശ്രീലങ്കയില്‍ നടത്തിയ പൈശാചികതയെ പറ്റി ഒരു ശ്രീലങ്കന്‍ എന്നോട് പറഞ്ഞതാണ് ഞാന്‍ എപ്പോളും ഓര്‍ക്കുക. അഖണ്ഡതയെ പറ്റി മാഷുടെ ധാരണകള്‍ ആകാം ഇത്തരം ഒരു വിലയിരുത്തലിനു കാരണം. അതേപറ്റി കൂടുതല്‍ ചര്‍ച്ചകള്‍ വേണം. മുതലാളിത്തത്തിന്റെ സ്ഥാപനപരമായ ഇടപെടലിന് അപ്പുറം വൈകാരികമായി മുതലാളിത്തത്തിനു ദേശീയതയോട് അടുപ്പമൊന്നുമില്ല. കമ്മ്യൂണിസ്ടുകാര്‍ അവസരവാദപരമായി മാറ്റി പറച്ചിലുകള്‍ നടത്തിയതിനോട് എനിക്ക് യോജിപ്പില്ല. പ്രത്യേകിച്ച് ഇ എം സ്. നെഹ്രുവിനെയും ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനെയും വിലയിരുത്തുന്നതില്‍ സ്റ്റാലിന്‍ അടക്കം കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇതൊക്കെ ഇവിടെ പറയുന്നത് ശരിയല്ല എന്നറിയാം ക്ഷമിക്കുമല്ലോ.

ശ്രീനാഥന്‍ said...

ബെഞ്ചാലി - വളരെ നന്ദി. ഭാനൂ- ഓകെ, ഇതൽ‌പ്പം സങ്കീർണ്ണമാണ്, തത്ക്കാലം ഒന്നു സുല്ലിടാം അല്ലേ? സ്നേഹം.

ശ്രീനാഥന്‍ said...

അനസ്- സന്തോഷം, റ്റീച്ചർ അല്ലെന്ന് അറിയാമല്ലോ അല്ലേ? അനസിനെ എന്റെ ഭാര്യക്കും മകനും നല്ല ഓർമ്മയുണ്ട്.ഫ്രൂട്ട് സലാഡ് ഓർക്കുന്നത് പറയാം കെട്ടോ!

Diya Kannan said...

മാഷെ,
കാണാന്‍ ആഗ്രഹിക്കുന്ന നഗരം...മൂന്ന് പ്രാവശ്യം ഡല്‍ഹിയില്‍ പോയിട്ടുണ്ട് എങ്കിലും ഇതൊന്നും തന്നെ ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല..നന്നായി പറഞ്ഞു..ഡല്‍ഹി കാണാനുള്ള ആഗ്രഹം ഒന്ന് കൂടെ ഉറപ്പിച്ചു മാഷുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍.

സ്മിത മീനാക്ഷി said...

ശ്രീനാഥന്‍ മാഷേ, എനിക്കു നല്‍കിയ താങ്ങിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

pournami said...

mashey ,delhi yathra manoharam ,ente kuttikalathanu poyathu veendum vayichappol ormakalil delhi ethi..
avsanathey varikal onukudi manoharamakki

അനസ് ഉസ്മാന്‍ said...

ഓര്‍ക്കുന്നോ !, വല്യ സന്തോഷം, ശ്രീശൈലത്തില്‍ വന്ന ഈ കുട്ടിയെ ഓര്‍ക്കുന്നതിന് :) [ ടീച്ചര്‍ അല്ലെന്നറിയാം, അങ്ങനെ വിളിക്കാന്‍ എളുപ്പം തോന്നി ]

കുസുമം ആര്‍ പുന്നപ്ര said...

മാഷേ, നംമ്പര്‍ വണ്‍ സഫ്ദര്‍ജംഗില്‍ ഒരു ഫോട്ടോയാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്.എന്‍റെ മനസ്സില്‍ ഒരുപാടു വേദന തന്ന ചിത്രം.ഇന്ദിരാജി കരയുന്ന ഒരു ഫോട്ടോ.
സന്‍ജയ് ഗാന്ധിമരിച്ചതാണ് സന്ദര്‍ഭം
ഞാനപ്പോളാലോചിച്ചത്,സ്ത്രീ എത്ര ഉന്നതിയിലെത്തിയാലും അമ്മയെന്ന ഭാവം വെറും
പച്ചയായി എല്ലാവരിലുംഒരുപോലെയാണല്ലോയെന്ന്.അതിന് ഉയര്‍ച്ചയും താഴ്ചയും ഇല്ല.ഒരു ഭാവം മാത്രമേയുള്ളു.മാഷെന്താണേലും ഒന്നുകൂടി പോകണം.വിവരണം കൊള്ളാം.

ചിത്ര said...

"ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, മനുഷ്യൻ മനുഷ്യനെ വലിച്ചു കൊണ്ടു പോകുന്നു"..striking...

ഭാനുവിന്റെ അഭിപ്രായം ഉണ്ട് എനിക്കും ഇന്ദിര, രാജീവ് എന്നിവരുടെ കാര്യത്തില്‍..രക്തസാക്ഷികള്‍ എന്ന് വിളിക്കാമോ അവരെ..അങ്ങനെ തോന്നുന്നില്ല..

ശ്രീനാഥന്‍ said...

@സ്മിത- വരവു വെച്ചിരിക്കുന്നു.
@ദിവ്യ- തീർച്ചയായും ദൽഹി കാണേണ്ടതു തന്നെ.നന്ദി.
@പൌർണ്ണമി- ഒന്നു കൂടൊന്നു പോയി നോക്കൂ പൌർണ്ണമീ, വളരെ സന്തോഷം
@ അനസ്- എങ്ങനെ മറക്കും കുയിലേ!
@ രാമൊഴി – നന്ദി. ഇന്ദിരാഗാന്ധി, രാജീവ് … ഇനിയൊരു തർക്കം ആരംഭിക്കേണ്ടല്ലോ!
@കുസുമം – വളരെ സന്തോഷം, അമ്മയെന്ന ഭാവം തീർച്ചയായും അവരിലും ഉണ്ടായിരുന്നിരിക്കണം. അധികാരപ്രമത്തതയിൽ പലപ്പോഴും അത് മറഞ്ഞു പോയിരുന്നെങ്കിലും.

ഗീത said...

അങ്ങനെ ആരാദ്ധ്യനെ കാണാൻ പറ്റി സാർത്ഥകമായ ഡൽഹി യാത്ര.
ഞാനും ഡൽഹി ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ. ഇപ്പറഞ്ഞിടത്തൊന്നും പോകാൻ പറ്റിയില്ല, വേറെ ചിലടങ്ങൾ കണ്ടു താനും.
ആ അമ്മുവിനേയും അപ്പുവിനേയും അവരുടെ മൈക്കിൾ ജാക്സണെ പ്രത്യേകിച്ചും ഇഷ്ടമായീന്ന് പറ്റുമെങ്കിൽ അറിയിച്ചേക്കൂ. പോസ്റ്റ് ഇഷ്ടമായി.

Pranavam Ravikumar said...

വായിച്ചു.. പടങ്ങളെല്ലാം കൊള്ളാം,

Vayady said...

ദില്ലിയിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയല്ലേ? ഞാന്‍ കാണാത്ത ദില്ലി കുറഞ്ഞ വാക്കുകളില്‍ പരിചയപ്പെടുത്തിയതില്‍ നന്ദി. ഫോട്ടോയിലൂടെ നിങ്ങളെ എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. കുത്തബ് മിനാരിന്റെ ഈ ഫോട്ടോയും അടിക്കുറിപ്പും കലക്കി. യാത്രയില്‍ മനുവിനെ നല്ലോണം മിസ്സ് ചെയ്തുകാണുമല്ലോ അല്ലേ?

ഭാനുവിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഏതായാലും ചര്‍ച്ച ഇന്‍ഫോര്‍‌മേറ്റീവ് ആയിരുന്നു.

Promod P P said...

സാറ് ദില്ലിയിൽ പോയോ?
ബ്ലോഗ് വായന ഇയ്യിടെയായി തീരെ ഇല്ല. അത് കോണ്ട് കാണാൻ വൈകി..

ദില്ലി എനിക്ക് അമ്മവീടാണ്...
ജീവിതത്തിന്റെ ഏറ്റവും നല്ല 6 വർഷം ചിലവിട്ട എന്റെ കർമ്മഭൂമി..

ദില്ലിയിലെ മഞ്ഞുകാലം...

ചരിത്രം മരവിച്ചു കിടക്കും..

ലാൽകിലയിലും പുരാൺ‌കിലയിലും,സാകേതിലും മാളവ്യാനഗറിലും മെഹ്രോളിയിലും ചിരാഗ് ദില്ലിയിലും നെഹ്രു പ്ലേസിലും രാജേന്ദ്രപ്ലേസിലും,മദൻ‌ഗീറിലും(എന്റെ 6 വർഷം ഏറ്റു വാങ്ങിയ) ഖാൺപൂരിലും ഗ്രേറ്റർ കൈലാഷിലും പഴയ സാവിത്രി സിനിമയ്ക്ക് മുകളിലും. അംബേദ്‌കർ നഗറിലും മൂൾചന്ദിലും, ഹൌസ് ഖസ്സിലും ചാണക്യപുരിയിലും, ന്യു ഫ്രന്റ്സ് കോളനിയിലും ദ്വാരകയിലും ഡൌല കുവാനിലും വസന്ത് വിഹാറിലും ... മഞ്ഞു വീഴുന്ന സായം സന്ധ്യകൾ...

ദില്ലി നന്മ തിന്മകളുടെ നഗരം....

ശ്രീനാഥന്‍ said...

ഗീതാ- വളരെ സ്ന്തോഷം, തീർച്ചയായും അവരെ അറിയിക്കാം കെട്ടോ. ദൽഹി ഗീത ഒന്നു കൂടി നന്നായി കാണണം.
പ്രണവം – വളരെ നന്ദി.
തത്തമ്മേ-സന്തോഷം. ഭാനുവിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം എനിക്കും ഇഷ്ടമായി.
തഥാഗതാ- ദൽഹി താങ്കളുടെ ഒരു മേച്ചിൽ സ്ഥലമായിരുന്നെന്നറിയാം, മനുഷ്യരെപ്പോലെ തന്നെ ഊരുകളും, അടുത്തറിയണം, ഉരച്ചറിയണം, വളരെ സന്തോഷം സന്ദർശനത്തിന്.

മുകിൽ said...

ഉള്ള രണ്ടുദിവസം കൊണ്ട് ഇത്രയൊക്കെ കണ്ടുല്ലേ. ദില്ലിയറിയാൻ അലയണം. തിരക്കുകളിൽ, ബ്ലൂലൈൻ ബസ്സുകളിൽ, വിലപേശലിന്റെ തിരക്കുകളിൽ എല്ലാം അലിഞ്ഞു അലയണം. ഇനി വരുമ്പോൾ അതിനാവട്ടെ എന്നാശംസ.

ശ്രീനാഥന്‍ said...

മുകിലേ, ഈ ബ്ലോഗിനു മുകളിൽ വർഷിച്ച കാരുണ്യത്തിനു നന്ദി.

നിരക്ഷരൻ said...

ബഹായി ക്ഷേത്രം പോലെ ഇത്രയും നിശബ്ദമായ ഒരു ദേവാലയം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.

ഓഫ് ടോപ്പിക്ക്:‌- വിരോധമില്ലെങ്കിൽ താങ്കളുടെ യാത്രാവിവരണങ്ങൾ http://yathrakal.com/ സൈറ്റിലേക്ക് നൽകൂ. ഇതിനകം 75ൽ അധികം ബ്ലോഗേഴ്സ് അവിടെ സഹകരിക്കുന്നുണ്ട്.

Anonymous said...

ഡല്‍ഹി കണ്ടിട്ട് ശ്ശി നാളായി. ഇതു വായിച്ചപ്പോള്‍ ഒന്നു കൂടി കാണാന്‍ തോന്നുന്നു. കവി സച്ചിദാനന്ദനെ കുറിച്ചുള്ള പരാമര്‍ശം നന്നായി.ജാഡയില്ലാത്തവര്‍, അവനവനെ അറിയുന്നവര്‍, വളരെ കുറവല്ലേ?

Wash'Allan JK | വഷളന്‍ ജേക്കെ said...

നേരത്തെ വായിച്ചിരുന്നു. കമന്റിയില്ലെന്നെയുള്ളൂ.. ഇഷ്ടായി.

ശ്രീനാഥന്‍ said...

@niraksharan- യാത്രാവിവരണത്തിലെ സവ്യസാചി, ഞാൻ ഇതിലൊരു കന്നിക്കാരൻ. സന്തോഷം വായിച്ചതിൽ. @മൈത്രേയി- നന്ദി. സച്ചിദാനന്ദൻ തന്റെ മൃദുസ്വരത്താൽ നമ്മെ കീഴടക്കുന്നൊരാളാണ്. @ജെകെ- സന്തോഷം

അനാഗതശ്മശ്രു said...

ഈ ദില്ലി യാത്ര ഞാന്‍ അറിഞ്ഞതു ഇങ്ങനെ ഈപോസ്റ്റിലൂടെ
ദില്ലി അല്ലെങ്കിലും എഴുതാന്‍ മോഹിപ്പിക്കും
സച്ചിദാനന്ദന്‍ പറഞ്ഞതു എന്നൊരു പോസ്റ്റ്‌ പ്രതീക്ഷിക്കട്ടെ..
ബ്ലോഗ്‌ വായന/ എഴുത്തു തീരെ കുരഞ്ഞതിനാല്‍ പോസ്റ്റ്‌ ഇടുമ്പോള്‍
ഈ-മെയിലില്‍ ഒന്നറിയിക്കണെ..
ഇപ്പൊ തന്നെ ഒരു ടെസ്റ്റ്‌ മെയില്‍ ഇട്ടോളൂ

അനാഗതശ്മശ്രു said...

radhans@gmail.com

Manu Srinath said...
This comment has been removed by the author.
Manu Srinath said...

i was there for a week ... i didnt see even half of what you have seen in 2 days... it seems Dad n Mom were much interested in discovering Delhi... while your son was searching for KFCs and electronic parks there.... wud you be calling it a generation gap or my simple ignorance? my bet is that you will go with the latter one... :P
nicely written... happy to know that you met ur celebrity poet (u shud share those moments too)...
gud going!
bye 4 now!

ശ്രീനാഥന്‍ said...

മനൂ, ഓരോരുത്തരും അവർക്ക് താത്പര്യമുള്ള കാഴ്ച്ചകൾ ആണ് കാണുക, അത്രയേ ഉള്ളൂ, സന്തോഷം നീ വായിച്ചതിൽ

African Mallu said...

ഇത് ഞാന്‍ യാത്രകളില്‍ വായിച്ചതിനു ശേഷമാണു ഇവിടെ എത്തിയത് .നല്ല വിവരണം

ശ്രീനാഥന്‍ said...

@african mallu- thank yu

Unknown said...

മുകുന്ദനെ വായിക്കുന്നതിനു മുൻപാണ്‌ ഡൽഹിക്ക് പോയത്,മറ്റൊരു യാത്രയ്ക്കിടയിൽ ഒരു ദിവസമെ അവിടെ ഉണ്ടായിരുന്നുള്ളൂ,കണ്ടത് നാഷണൽ മ്യൂസിയം ചെങ്കോട്ട, രാഷ്ട്രപതി ഭവൻ. പിന്നെ കരോൾബാഗിലൂടെ ഒരു നടത്തവും, അപ്പഴേക്കും ട്രെയിന്റെ സമയായി..വീണ്ടും വരാമെന്ന് പറഞ്ഞു.. ശ്രീമാഷ് പറഞ്ഞ ആഴത്തിലുള്ള ഡൽഹിയെ വിലപേശുമ്പോൾ കുറേശ്ശെ തിരിച്ചറിഞ്ഞിരിന്നു.. അതും അപൂർണ്ണം..

ഇഷ്ടായി എഴുത്ത്

സുചാന്ദ്