Tuesday, November 30, 2010

സിഗ്നത്സ്

പുതിയ പോസ്റ്റിന്റെ ലിങ്ക് പലരുടേയും ഡാഷ് ബോർഡിൽ വരാത്തതു കൊണ്ട് ലിങ്ക് താഴെ ചേർക്കുന്നു!
സിഗ്നത്സ് ആന്റ് സിസ്റ്റംസ്

Sunday, November 28, 2010

സിഗ്നത്സ് ആന്റ് സിസ്റ്റംസ്

റോബിൻ അസ്വസ്ഥനായി. സൂത്രത്തിൽ വാച്ചിലേക്ക്പാളി നോക്കി. ഇനി ഇരുപത്തിയഞ്ച് മിനുട്ടു കൂടി. ഇയാൾ എന്തൊക്കെയാണു പുലമ്പുന്നത്? ക്ലാസു് കട്ടു ചെയ്യാനും നിവൃത്തിയില്ല. അറ്റന്റെൻസോ മാർക്കോ കുറഞ്ഞാൽ, പേരൻസ് ഇയാളുടെ മൊബൈലിൽ വിളിക്കണമെന്നാണ് നിയമം. കഴിഞ്ഞകുറി ടെസ്റ്റിനു മാർക്കു കുറഞ്ഞപ്പോൾ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദർശിച്ചതാണ്. അമ്മ- സ്വയം നിർത്താതെ സംസാരിച്ചുകൊണ്ട്, തെരുതെരെ പണിചെയ്ത്‌ തീർത്ത് ഒരു അസംതൃപ്തിക്കുഞ്ഞമ്മയായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയിൽ ഇമ്പൾസുകൾ പോലെ ഉയരുന്ന ശാപവാക്കുകൾ. അല്ല, ആരാണ് അമ്മയുടെ ഫൂറിയർ സ്പെക്ട്രത്തിൽ സ്നേഹത്തിന്റെ അനന്ത ഫ്രീക്വൻസികൾ കണ്ടെത്തിയത്‌?

റോബിൻ വീണ്ടും ക്ലാസ് സാമ്പ്ൾ ചെയ്യാൻ തുടങ്ങി. ഇയാളുടെ ക്ലാസ് ഫെയ്ത്ഫുളായി റീകൺസ്ട്രക്റ്റു ചെയ്യാൻ ഏത് ഇടവേളകളിൽ സാമ്പ്ൾ ചെയ്യണം ഷാനൻ? അഞ്ച് മിനുട്ടിന്റെ ഇടവേളകളിൽ രണ്ട് മിനുട്ട് തുടർച്ചയായി..?

അമ്മ മനസ്സിൽ നിന്നു പോകുന്നില്ല. ആരാണ് നോൺ കോസൽ സിസ്റ്റംസ് പ്രാക്ടിക്കലല്ലെന്നു പറഞ്ഞത്? റോബിന് ചിരി വന്നു. ഭൂത-വർത്തമാനകാല സാമ്പിളുകൾ ഉപേക്ഷിച്ച്, ഭാവിയുടെ ഇൻപുട്ടുകൾ മാത്രം പ്രോസസ് ചെയ്യുകയാണമ്മ. അഛന്റെ നിർബന്ധത്തിനു വഴങ്ങി എൻട്രൻസ് എഴുതിയ കവിതക്കമ്പക്കാരനായ റോബിൻ എഞ്ജിനീയറാകുന്നത്, എൻട്രൻസിന്റെ മഹത്തായ മൂന്നാം പാനിപ്പറ്റിനിറങ്ങുന്ന സബിത ഡോക്ടറാകുന്നത്- കംപ്ലീറ്റ് നോൺ കോസൽ സിസ്റ്റെം, യെറ്റ് സൊ റിയൽ റ്റൈം വൺ.

എന്തോ പതിയെ തിരിയുന്ന ശബ്ദം, ചെറിയൊരു മിന്നായം. മനീജ മൊബൈൽ ക്ലിക്കു ചെയ്തതായിരിക്കും. മനീജ ഒരു ഓർക്കുട്ടിയാകുന്നു. സാർ ക്ലാസെടുക്കുന്ന ചിത്രം ഇന്നു രാത്രി ഇന്റെർനെറ്റിൽ പ്രദർശനം ആരംഭിക്കും.

സന്തോഷ് ഡെസ്ക്കിൽ ദാരുശില്പരചനയിലാണ്. ഇത്തവണത്തെ ഫൈനാട്സ് ഫെസ്റ്റിവലിന് അവനെ മത്സരിപ്പിക്കണം.

വേലായുധന്റെ ശ്രദ്ധ മുഴുവൻ അധ്യാപകനിലാണ്, റോബിൻ കണ്ടു. നന്നെ കഷ്ടപ്പെട്ടു പഠിക്കുന്ന വേലായുധൻ ഉറങ്ങുന്നതു പോലും മുണ്ടൂരിലെ ഒരു ട്യൂഷൻ സെന്ററിലാണ്. ട്യൂഷൻ എടുത്തു കിട്ടുന്നതു കൊണ്ടു വേണം അവനു ഫീസടയ്ക്കാൻ. (അങ്ങിനെ പലരുമുണ്ട് കോളെജിൽ. ജാവെദ് അലിയുടെ അടിപൊളിപ്പാട്ടിനു മുമ്പിൽ നിന്നു ഉറഞ്ഞു തുള്ളിയ ജലജയുടെ അമ്മ നിത്യവും മുറ്റം തൂക്കാൻ എത്തുന്നത് റോബിന്റെ അയല്പക്കത്താണ്.) വേലായുധൻ ജീവിതത്തിന്റെ കർക്കശനിലങ്ങളിൽ വിളഞ്ഞു കടുത്ത പാലക്കാടൻ വിത്താണ്. ഒരു ഡായ് മച്ചൂ വിളിക്കും പിന്തിരിപ്പിക്കാനാവാത്ത മരണസ്റ്റെബിലിറ്റി--അബ്സൊലൂട്ട്ലി സമ്മബ്ൾ. ജയിലും ഒളിവുജീവിതവും തന്ന നരകയാതനകളുടെ ബാക്കിപത്രവുമായി കിടക്കയിൽ കിടന്നുകൊണ്ട് ഇന്ത്യൻ ബൂർഷ്വാസി കോമ്പ്രദോറാണോ എന്ന് ഇന്നും പരിശോധിച്ചു കൊണ്ടിരിക്കുന്ന ഒരച്ഛന്റെ മകൻ. (ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടൊ കേരളത്തിൽ മനുഷ്യര് എന്നാവും നമ്മൾ വിചാരിക്കുക. മൂപ്പര്ക്ക് അദ് ആവാലോ, വേറെന്താ പണീ എന്നാണ് വേലായുധൻ.) വേലായുധന് സോഷ്യലിസ്റ്റു സ്വപ്നങ്ങളില്ല, വേലായുധന് ക്യാപ്പിറ്റലിസ്റ്റ് സ്വപ്നങ്ങളുമില്ല, വേലായുധൻ സമൂഹത്തിനു ഓർത്തോഗണലായി നിന്നു കൊണ്ട് സ്വന്തം ഡൊമൈൻ സൃഷ്ടിക്കുന്നു.

റോബിൻ വീണ്ടും ക്ലാസ്സ് സാമ്പിൾ ചെയ്യാൻ തുടങ്ങി. ബ്ലാക്ക്ബോർഡിൽ സിങ്ക് ഫങ്ഷന്റെ സഹസ്രകമലദലങ്ങൾ വിടർന്നു. സിഗ്നലിലൂടെ തെന്നിതെന്നി കൺവൊലൂട്ട് ചെയ്തു ഒഴുകി നീങ്ങുന്ന ഇമ്പൾസ് റെസ്പോൺസുകൾ. എഞ്ജിനീയറിങ്ങിൽ കവിതയുണ്ടെന്നു തോന്നീ റോബിന്.

ഹർഷൻ നല്ല ഉറക്കം. ഇവനെന്താ രാത്രി കോഴിയെ പിടിക്കാൻ പോയിരുന്നോ? ഒരു വേള രാത്രിയാഘോഷത്തിന്റെ ഹങ്ങോവർ ആയിരിക്കാം. എന്തായാലും ആധുനിക മൊബൈൽ സാങ്കേതിക വിദ്യയിൽ നിഷ്ണാതനായ ഹർഷന് ക്ലാസു ശ്രദ്ധിക്കേണ്ട കാര്യമില്ല. ചോദ്യങ്ങൾ ഇമേജുകളായി പരീക്ഷാഹാളിന് പുറത്തേക്ക്, ഉത്തരങ്ങൾ ഇമേജുകളായി അകത്തേക്കും. ഒരു തുണ്ടു പോലും കരുതേണ്ട.

രാജീവിന്റെ മുഖത്ത് ഒന്നാം റാങ്കുകാരന്റെ ചിരസ്ഥായിയായ പരമപുച്ഛം. ക്യാമ്പസ് ഇന്റെർവ്യു ഒക്കെ വരാനിരിക്കുന്നതേയുള്ളു. എങ്കിലും ഇൻഫൊസിസിലേക്കോ മറ്റോ ഇപ്പൊഴേ കെട്ടിയെടുത്ത മട്ടാണവന്. ഡെസ്കിൽ താളമടിച്ചൊക്കെയുള്ള ഇരിപ്പു നോക്ക്. എല്ലാ റാങ്കുകാരെയും തല്ലിക്കൊല്ലണം. (പണ്ടേ റോബിന് വംശത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, റോബിനും കൂട്ടുകാരും ചേർന്ന് ക്ലാസിലെ ഒന്നാം റാങ്കുകാരി കമലാബായി എന്ന അഹങ്കാരിയെ കൊല്ലാൻ പദ്ധതിയിടുകയും, അതിനുവേണ്ടി, സ്കൂൾ വാർഷികത്തിന് അതിഥിയായി എത്തിയ ജില്ലാകലക്റ്ററോട് തോക്കിനുള്ള ലൈസൻസ് ചോദിക്കണമെന്ന് വിചാരിച്ചതും ആണ്. പക്ഷെ, തദവസരത്തിൽ സന്നിഹിതയായിരുന്ന റോബിന്റെ അമ്മ അതു മോശമാണ് എന്ന് പറഞ്ഞ് വിലക്കിയതു കൊണ്ടു മാത്രം നടക്കാതെ പോയി.)

രഞ്ജിനിയുടെ മുഖത്ത് കഥകളി. അധ്യാപകൻ ബോർഡിലേക്ക് തിരിഞ്ഞിരിക്കയാണ്. ഇത് അവളുടെ സ്ഥിരം കലാപരിപാടി ആകുന്നു. മേക്കിങ് ഫേസസ്. സാർ ബോർഡിലേക്ക് തിരിയണം എന്നു മാത്രം. ചിരിച്ചവന് മാഷ് സെഷണൽ മാർക്കിൽ പണി തരും, രഞ്ജിനി ഒരു അയ്യോ പാവം.

ഛേ! എന്താണിത്? റോബിൻ മനസ്സിനെ ശാസിച്ചു. സർവ്വശക്തിയുമുപയോഗിച്ച് ക്ലാസ് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. മനസ്സിന്റെ എല്ലാ പോളുകളും യൂണിറ്റ് സർക്കിളിനകത്തേക്ക്. പോൾ ഫേസർ റേഡിയസ് 0.9999. ബാന്റ് വിഡ്ത് ഷാർപ്പാകട്ടെ.

അപൂർവമായ ഒരു നല്ല മൂഡിൽ, പഴയ ക്യാമ്പസിനെക്കുറിച്ച് അമ്മ പറഞ്ഞത് റോബിൻ ഓർത്തുപോയി. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമഹോത്സവങ്ങൾ, ചിലങ്കകൾ, സ്വരരാഗ സന്ധ്യകൾ, ഉണ്ണിസത്താറും നന്ദജനും പ്രകാശ്ബാരെയും എല്ലാം നിറഞ്ഞു നിന്ന കലിഗുല പോലുള്ള നാടകങ്ങൾ. രെജിസ് ദെബ്രെയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട്, ഇതുതന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ദക്ഷിണാർധത്തിൽ ഷോപ്പനൊവർ പറഞ്ഞതും എന്നു ക്യാന്റീനിലെ ഡെസ്കിൽ ആഞ്ഞടിച്ച അമ്മയുടെ ബാച്ചിലെ സജിത് ടി. അവരുടെ ബാച്ച് പുറത്തിറങ്ങിയതിന്റെ രജതജൂബിലിക്ക് മലമ്പുഴയിൽ ഒത്തു ചേർന്നപ്പോൾ, തന്നെ തേടിപ്പിടിച്ച് ഷിവസ് റീഗലിന്റെ നേർത്തഗന്ധത്തിൽ ചേർത്തുനിർത്തി വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചൊക്കെ സജിത് വാത്സല്യപൂർവ്വം തിരക്കിയത് റോബിൻ ഓർത്തു. ഇന്ന് കൊക്കക്കോളയുടെ ഏഷ്യ-പസിഫിക് മേഖലയുടെ സിസ്റ്റെംസ് അഡ്മിനിസ്റ്റേറ്ററായ സജിത് അന്ന് അമ്മക്ക് ആരായിരുന്നിരിക്കാം?

-ഫോർ’, ‘സി-ഫൈവ് ’ - റോയി സിസിലിയൻ ഡിഫെൻസിനുള്ള പുറപ്പാടാണ്. റോബിന്റെ തൊട്ടയൽക്കാരായ റോയിയും ജയരാജനും ഇമാജിനറി ബോർഡിൽ ചെസ് കളിക്കുകയാണ്. ആരാണിവർക്ക് ചെസ്സിൽ കൈവിഷം കൊടുത്തത്? കൈവിഷം പലതിലുമാകാം, സസുഖം ഉറക്കം തൂങ്ങുന്ന വൈശാഖിന് അത് ലിനക്സിലാണ് കിട്ടിയത്. ഈ മാർക്സിസ്റ്റ്-ലിനക്സിസ്റ്റ്-പെന്തകോസ്ത് രാത്രി മുഴുവൻ ഹോസ്റ്റലിൽ കൂട്ടുകാരുടെ ലിനക്സ് പ്രശ്നങ്ങൾ സോൾവ് ചെയ്തു നടക്കുന്നു (ഉബണ്ടു വന്നതിൽ പിന്നെ കുറച്ചു ഭേദം ഉണ്ട്) , പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കാത്ത ദിവസങ്ങളിൽ ക്ലാസ്സിൽ വന്ന് ഉറങ്ങുന്നു.

ചെറിയ ക്ലിക് സ്വരങ്ങൾ. ഡെസ്ക്കുകൾക്കടിയിലൂടെ ഒരു ടിന്റുമോൻ തമാശ പാഞ്ഞുനടക്കുന്നു.

സഖാവ് രതീഷ് ചന്ദ്രന്റെ മനസ്സ് സത്യമായും ക്ലാസിലല്ല. ഹ്യുഗൊ ഷവെസിന്റെ കൂടെ ലാറ്റിനമേരിക്കയിലായിരിക്കാം, അല്ലെങ്കിൽ ഒരു വർഗീയ വിരുദ്ധറാലിയിൽ. പ്രശസ്ത ഫെമിനിസ്റ്റ് സുമങ്ഗല വാര്യരുടെ കണ്ണുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്. സിഗ്നത്സ് ആന്റ് സിസ്റ്റംസ്-ഒരു സ്ത്രീപക്ഷചിന്ത എന്ന തലക്കെട്ടിൽ ചിന്തിക്കുകയാവാം.

ജയന്തി ഈസ് ആൾ അറ്റെൻഷൻ. അധ്യാപകന്റെ തിരുവായ്മൊഴികൾ മുത്തുകൾ പോലെ പെറുക്കിയെടുത്ത് ബുക്കിലാക്കി, തലയാട്ടി, അൽഭുതം കൂറി ഇരിക്കയാണ് പഠിത്തപിശാചു മുത്തശ്ശി. എപ്പോഴും എനിക്കൊരു കുന്നു പഠിക്കാനുണ്ടേ എന്ന ഭാവം മുഖത്തു വരുന്നതിനാൽഅസൈൻന്മെന്റ് ഒന്നു തരുമോ’, ‘മ്യൂപ്പി നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തോട്ടേമുതലായ ബിസിനെസ്സ് ചോദ്യങ്ങൾക്കപ്പുറം സുന്ദരിക്കുട്ടിയോട് മിക്കവരും ഡയലോഗിനു പോകാറില്ല. ഒരിക്കൽ ധൈര്യസമേതം, ഒതുക്കത്തിൽ ഒരു ലൈനിടാൻ ചെന്ന ദയാനന്ദിനോട് വാന്റർപോൾ ഇക്വേഷന്റെ ഡൈനമിക്സിനെക്കുറിച്ചും അതിന്റെ രങ്ഗെ-കുട്ട അൽഗൊരിതം ഉപയോഗിച്ചുള്ള നൂമറിക്കൽ സൊലൂഷൻസിനെക്കുറിച്ചും വാതോരാതെ ഉത്സാഹഭരിതയായി സംസാരിച്ചു കൊണ്ട്, അവസാനം അസ്തപ്രജ്ഞനായ അവന്റെ കൈയിൽ ഗേറ്റിന്റെ സിലബസും കൊടുത്തുവിട്ട ചരിത്രമുണ്ടവൾക്ക്. പാവം ദയാനന്ദ് മൂന്നു ദിവസം പനിപിടിച്ച് ഹോസ്റ്റലിൽ കിടന്നത്രേ! എങ്കിലും റോബിന് ജയന്തിയെ ഇഷ്ടമാണ്. ഒലവക്കോട് കേന്ദ്രീയ വിദ്യാലയം മുതൽ അവന്റെ ഏക പഠനസഹായി, അവന്റെ ഷെർമിയൺ.

അതാ, റൊസാരിയൊ എഴുന്നേൽക്കുന്നു. സംശയം തീർന്നു നേരമില്ല, മൂപ്പർക്ക്. സ്റ്റഫ് തീരെയില്ലാത്ത അധ്യാപകർക്ക് പരമദുഷ്ടന്റെ ഫലം ചെയ്യുന്ന പരമശുദ്ധനാകുന്നു റൊസാരിയൊ. സൂത്രക്കാരിയായ ചന്ദ്രികമിസ് മാത്രം അവനെ വിരട്ടിയിരുത്തും. ഇക്കുറി നെഗറ്റിവ് ഫ്രീക്വൻസി കോൺസെപ്റ്റാണ് വിഷയം. ഓക്സ്ഫെഡ് അക്സെന്റിലാണ് മറുനാടൻ മലയാളിയുടെ ഷൂട്ട്. ഇംഗ്ലീഷ് കഷ്ടിയെങ്കിലും (പഴയ മലയാളം മീഡിയം) മാത്തമാറ്റിക്സിൽ പുലിയായ അദ്ധ്യാപകൻ പ്രദക്ഷിണമായും, അപ്രദക്ഷിണമായും കറങ്ങുന്ന രണ്ട് കോമ്പ്ലക്സ് സിനുസോയിഡുകൾ കൊണ്ട് ഒന്നു പയറ്റി നോക്കുന്നുണ്ട്. പക്ഷെ റൊസാരിയോയെ തൃപ്തിപ്പെടുത്തുക അത്ര എളുപ്പമല്ല. റോബിൻ അറിയാതെ ശിവകാമിയെ നോക്കിപ്പോയി. റൊസാരിയൊയുടെ ലൈനാകുന്നു ശിവകാമി. എപ്പോഴും മരണതല്ലാണ് രണ്ടും തമ്മിൽ. ഇടക്കൊക്കെ റോബിൻ മദ്ധ്യസ്ഥനാകാറുണ്ട്. ഒരിക്കൽ ഡിപ്പാർട്ടുമെന്റിന്റെ ഗ്രൌണ്ട് ഫ്ലോറിനും ഒന്നാം നിലക്കും ഇടയിലെ ലാന്റിങിലുള്ള കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ റോബിൻ അവരുടെ വിചിത്രപ്രണയസല്ലാപം കേട്ടുപോയിട്ടുണ്ട്. ഏതോ പ്രോബ്ല്ത്തിന്റെ സിങ്ഗുലാരിറ്റിയിൽ വീണുകിടക്കുകയാണ് ശിവകാമി.

ഇഡിയറ്റ്, ഡോന്റ് യൂ നോ എൽ ഹോസ്പിറ്റത്സ് റൂൾ? പ്രക്ഷുബ്ധനാകുന്നു റൊസാരിയോ. ആന്റ് ഹു വിൽ സം ദ റിമൈനിങ് ടേംസ്, യോർ അപ്പാ?

കടവുളേ, നാൻ എന്ന ശൈവത് എന്നു കത്തുന്നു ശിവകാമി.

ശിവകാമിയുടെ മറ്റൊരു ചിത്രം റോബിന് ഓർമ വന്നു. ജമന്തിയും മുല്ലയും വഴിഞ്ഞൊഴുകുന്ന തെരുവിൽ, രഥസഞ്ചാരത്തിനിടയിൽ, കോലമിട്ട മുറ്റത്ത് മഞ്ഞപട്ടുപാവാടയും, ദാവണിയും, മുടിനിറയെ കനകാംബരവും, കുഞ്ജലവും, ചുവന്നു മിന്നുന്ന മൂക്കുത്തിയുമായി അഴഹാന രാജാത്തിയായി ശിവകാമി.

പക്ഷെ, മാലിനി അവസാനം പറഞ്ഞുനിർത്തിയതെന്താണ്? ആണെന്നോ,അല്ലെന്നോ? റോബിന് നല്ല തിട്ടം പോരാ. വളരെ കോമ്പ്ലെക്സായ ഒരു നോൺ ലീനിയർ സിസ്സ്റ്റമാകുന്നു മാലിനി. അവളെ കാണുമ്പോൾ നെഞ്ചിനകത്തിരുന്ന് ശിവമണി, കിട്ടുന്നതൊക്കെ വെച്ച് കൊട്ടുന്നതു പോലെ തോന്നും റോബിന്. ഒരിക്കൽ വിരലുകളിൽ തീ ആളിപ്പടർന്നതാണ്. എങ്കിലും നിശ്ചയമില്ല. കണ്ണുകളിലെ തടാകങ്ങളിൽ റോബിൻ അലിഞ്ഞലിഞ്ഞ് ഇല്ലെന്നായെങ്കിലും. മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ ഒരിക്കൽ അമ്മ മനോഹരമായി മൂളിത്തുടങ്ങിയതും, കുറ്റബോധത്തോടെ നിർത്തിയതും റോബിൻ ഓർത്തു. പഴയ ക്യാമ്പസിലെ ആസ്ഥാന ഗായിക. ലക്ഷ്മി പാടുമ്പോൾ സൂചി വീണാൽ അറിയാമായിരുന്നു എന്ന് പ്യൂൺ മുരളിച്ചേട്ടൻ റോബിനോട് ഒരിക്കൽ പറഞ്ഞിരുന്നു. പൊടുന്നനവെ റോബിന് അച്ഛൻ കലിച്ചു. റോബിന് അമ്മ മണത്തു. കടിഞ്ഞൂൽ പൊട്ടന് നെഞ്ചകം വിങ്ങി.

ക്ലാസിനു പുറത്ത് ഒരാരവം കേൾക്കുന്നുവോ? ഇടയ്ക്കിടെ റോബിൻ ഇങ്ങനെ കാതോർത്തു പോകാറുണ്ട്. ഒന്നാം വർഷക്കാരൻ യദുവിന്റെ പുറത്തു നെടുനീളത്തിൽ തിണർത്തു കണ്ട സൈക്കിൾ ചെയിൻ പാടുകൾ. ഹരീന്ദ്രനാഥിന്റെ ചോരയിൽ കുതിർന്ന മുഖം. കാവശ്ശേരി പൂരം പോലെ ക്യാമ്പസ് നിറഞ്ഞ് അടി നടക്കുമ്പോൾ അലറി വിളിച്ചു കൊണ്ടോടിയ കമ്പ്യൂട്ടർ സയൻസിലെ രേഷ്മ. റോബിന്റെ മനസ്സ്, മായ്ച്ചു തുടങ്ങിയ ഭദ്രകാളിക്കളമായി. റോബിൻ വേലായുധനെ നോക്കി. ഒന്നും രണ്ടും പറഞ്ഞ് ചൊറിഞ്ഞു ചൊറിഞ്ഞു കൂട്ടുകാർ അടിയുടെ വക്കിലെത്തുമ്പൊൾ റോബിനും വേലായുധനും ഇടപെടാറുണ്ട്. ഒരിക്കൽ ഹമീദിന്റെ നേർക്കുയർന്ന സൈക്കിൾ ചെയിൻ മിന്നൽ വേഗത്തിൽ പിടിച്ചു വാങ്ങി, ഏതു നായിന്റെ മോനാടാ എന്ന് ഇടിമുഴങ്ങിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ ക്ലാസിൽ കയറി പുസ്തകം നിവർത്തി വേലായുധൻ.

, സിഗ്നത്സ്! അമ്പടയാളങ്ങൾ.ശരമാരി പെയ്യുന്നു. ആർത്തു പദ്മവ്യൂഹമൂക്കോടു ഭേദിച്ച് പാർത്ഥാത്മജൻ റോബിൻ സിഗ്നത്സ് ആന്റ് സിസ്റ്റംസിന്റെ അർജജുനപ്പത്ത് ജപിക്കാൻ തുടങ്ങി.ഹൈകിൻസ്, ഓപ്പൻഹീം, ബാരിവീൻ, വിത്സ്കി, ഗണേഷ്റാവു, സഞ്ജയ്ശർമ ... അൽക, അമല, അഞ്ജലി, അർജ്ജുൻ, അനിരുദ്ധ്, അനിത് അദ്ധ്യാപകൻ പരിഭ്രാന്തനായി തെരുതെരെ ഹാജർ വിളിക്കാൻ തുടങ്ങി-പുറത്ത് ആരുടെ നിലവിളിയാണ് ഉയരുന്നത്?