Sunday, November 28, 2010

സിഗ്നത്സ് ആന്റ് സിസ്റ്റംസ്

റോബിൻ അസ്വസ്ഥനായി. സൂത്രത്തിൽ വാച്ചിലേക്ക്പാളി നോക്കി. ഇനി ഇരുപത്തിയഞ്ച് മിനുട്ടു കൂടി. ഇയാൾ എന്തൊക്കെയാണു പുലമ്പുന്നത്? ക്ലാസു് കട്ടു ചെയ്യാനും നിവൃത്തിയില്ല. അറ്റന്റെൻസോ മാർക്കോ കുറഞ്ഞാൽ, പേരൻസ് ഇയാളുടെ മൊബൈലിൽ വിളിക്കണമെന്നാണ് നിയമം. കഴിഞ്ഞകുറി ടെസ്റ്റിനു മാർക്കു കുറഞ്ഞപ്പോൾ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദർശിച്ചതാണ്. അമ്മ- സ്വയം നിർത്താതെ സംസാരിച്ചുകൊണ്ട്, തെരുതെരെ പണിചെയ്ത്‌ തീർത്ത് ഒരു അസംതൃപ്തിക്കുഞ്ഞമ്മയായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയിൽ ഇമ്പൾസുകൾ പോലെ ഉയരുന്ന ശാപവാക്കുകൾ. അല്ല, ആരാണ് അമ്മയുടെ ഫൂറിയർ സ്പെക്ട്രത്തിൽ സ്നേഹത്തിന്റെ അനന്ത ഫ്രീക്വൻസികൾ കണ്ടെത്തിയത്‌?

റോബിൻ വീണ്ടും ക്ലാസ് സാമ്പ്ൾ ചെയ്യാൻ തുടങ്ങി. ഇയാളുടെ ക്ലാസ് ഫെയ്ത്ഫുളായി റീകൺസ്ട്രക്റ്റു ചെയ്യാൻ ഏത് ഇടവേളകളിൽ സാമ്പ്ൾ ചെയ്യണം ഷാനൻ? അഞ്ച് മിനുട്ടിന്റെ ഇടവേളകളിൽ രണ്ട് മിനുട്ട് തുടർച്ചയായി..?

അമ്മ മനസ്സിൽ നിന്നു പോകുന്നില്ല. ആരാണ് നോൺ കോസൽ സിസ്റ്റംസ് പ്രാക്ടിക്കലല്ലെന്നു പറഞ്ഞത്? റോബിന് ചിരി വന്നു. ഭൂത-വർത്തമാനകാല സാമ്പിളുകൾ ഉപേക്ഷിച്ച്, ഭാവിയുടെ ഇൻപുട്ടുകൾ മാത്രം പ്രോസസ് ചെയ്യുകയാണമ്മ. അഛന്റെ നിർബന്ധത്തിനു വഴങ്ങി എൻട്രൻസ് എഴുതിയ കവിതക്കമ്പക്കാരനായ റോബിൻ എഞ്ജിനീയറാകുന്നത്, എൻട്രൻസിന്റെ മഹത്തായ മൂന്നാം പാനിപ്പറ്റിനിറങ്ങുന്ന സബിത ഡോക്ടറാകുന്നത്- കംപ്ലീറ്റ് നോൺ കോസൽ സിസ്റ്റെം, യെറ്റ് സൊ റിയൽ റ്റൈം വൺ.

എന്തോ പതിയെ തിരിയുന്ന ശബ്ദം, ചെറിയൊരു മിന്നായം. മനീജ മൊബൈൽ ക്ലിക്കു ചെയ്തതായിരിക്കും. മനീജ ഒരു ഓർക്കുട്ടിയാകുന്നു. സാർ ക്ലാസെടുക്കുന്ന ചിത്രം ഇന്നു രാത്രി ഇന്റെർനെറ്റിൽ പ്രദർശനം ആരംഭിക്കും.

സന്തോഷ് ഡെസ്ക്കിൽ ദാരുശില്പരചനയിലാണ്. ഇത്തവണത്തെ ഫൈനാട്സ് ഫെസ്റ്റിവലിന് അവനെ മത്സരിപ്പിക്കണം.

വേലായുധന്റെ ശ്രദ്ധ മുഴുവൻ അധ്യാപകനിലാണ്, റോബിൻ കണ്ടു. നന്നെ കഷ്ടപ്പെട്ടു പഠിക്കുന്ന വേലായുധൻ ഉറങ്ങുന്നതു പോലും മുണ്ടൂരിലെ ഒരു ട്യൂഷൻ സെന്ററിലാണ്. ട്യൂഷൻ എടുത്തു കിട്ടുന്നതു കൊണ്ടു വേണം അവനു ഫീസടയ്ക്കാൻ. (അങ്ങിനെ പലരുമുണ്ട് കോളെജിൽ. ജാവെദ് അലിയുടെ അടിപൊളിപ്പാട്ടിനു മുമ്പിൽ നിന്നു ഉറഞ്ഞു തുള്ളിയ ജലജയുടെ അമ്മ നിത്യവും മുറ്റം തൂക്കാൻ എത്തുന്നത് റോബിന്റെ അയല്പക്കത്താണ്.) വേലായുധൻ ജീവിതത്തിന്റെ കർക്കശനിലങ്ങളിൽ വിളഞ്ഞു കടുത്ത പാലക്കാടൻ വിത്താണ്. ഒരു ഡായ് മച്ചൂ വിളിക്കും പിന്തിരിപ്പിക്കാനാവാത്ത മരണസ്റ്റെബിലിറ്റി--അബ്സൊലൂട്ട്ലി സമ്മബ്ൾ. ജയിലും ഒളിവുജീവിതവും തന്ന നരകയാതനകളുടെ ബാക്കിപത്രവുമായി കിടക്കയിൽ കിടന്നുകൊണ്ട് ഇന്ത്യൻ ബൂർഷ്വാസി കോമ്പ്രദോറാണോ എന്ന് ഇന്നും പരിശോധിച്ചു കൊണ്ടിരിക്കുന്ന ഒരച്ഛന്റെ മകൻ. (ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടൊ കേരളത്തിൽ മനുഷ്യര് എന്നാവും നമ്മൾ വിചാരിക്കുക. മൂപ്പര്ക്ക് അദ് ആവാലോ, വേറെന്താ പണീ എന്നാണ് വേലായുധൻ.) വേലായുധന് സോഷ്യലിസ്റ്റു സ്വപ്നങ്ങളില്ല, വേലായുധന് ക്യാപ്പിറ്റലിസ്റ്റ് സ്വപ്നങ്ങളുമില്ല, വേലായുധൻ സമൂഹത്തിനു ഓർത്തോഗണലായി നിന്നു കൊണ്ട് സ്വന്തം ഡൊമൈൻ സൃഷ്ടിക്കുന്നു.

റോബിൻ വീണ്ടും ക്ലാസ്സ് സാമ്പിൾ ചെയ്യാൻ തുടങ്ങി. ബ്ലാക്ക്ബോർഡിൽ സിങ്ക് ഫങ്ഷന്റെ സഹസ്രകമലദലങ്ങൾ വിടർന്നു. സിഗ്നലിലൂടെ തെന്നിതെന്നി കൺവൊലൂട്ട് ചെയ്തു ഒഴുകി നീങ്ങുന്ന ഇമ്പൾസ് റെസ്പോൺസുകൾ. എഞ്ജിനീയറിങ്ങിൽ കവിതയുണ്ടെന്നു തോന്നീ റോബിന്.

ഹർഷൻ നല്ല ഉറക്കം. ഇവനെന്താ രാത്രി കോഴിയെ പിടിക്കാൻ പോയിരുന്നോ? ഒരു വേള രാത്രിയാഘോഷത്തിന്റെ ഹങ്ങോവർ ആയിരിക്കാം. എന്തായാലും ആധുനിക മൊബൈൽ സാങ്കേതിക വിദ്യയിൽ നിഷ്ണാതനായ ഹർഷന് ക്ലാസു ശ്രദ്ധിക്കേണ്ട കാര്യമില്ല. ചോദ്യങ്ങൾ ഇമേജുകളായി പരീക്ഷാഹാളിന് പുറത്തേക്ക്, ഉത്തരങ്ങൾ ഇമേജുകളായി അകത്തേക്കും. ഒരു തുണ്ടു പോലും കരുതേണ്ട.

രാജീവിന്റെ മുഖത്ത് ഒന്നാം റാങ്കുകാരന്റെ ചിരസ്ഥായിയായ പരമപുച്ഛം. ക്യാമ്പസ് ഇന്റെർവ്യു ഒക്കെ വരാനിരിക്കുന്നതേയുള്ളു. എങ്കിലും ഇൻഫൊസിസിലേക്കോ മറ്റോ ഇപ്പൊഴേ കെട്ടിയെടുത്ത മട്ടാണവന്. ഡെസ്കിൽ താളമടിച്ചൊക്കെയുള്ള ഇരിപ്പു നോക്ക്. എല്ലാ റാങ്കുകാരെയും തല്ലിക്കൊല്ലണം. (പണ്ടേ റോബിന് വംശത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, റോബിനും കൂട്ടുകാരും ചേർന്ന് ക്ലാസിലെ ഒന്നാം റാങ്കുകാരി കമലാബായി എന്ന അഹങ്കാരിയെ കൊല്ലാൻ പദ്ധതിയിടുകയും, അതിനുവേണ്ടി, സ്കൂൾ വാർഷികത്തിന് അതിഥിയായി എത്തിയ ജില്ലാകലക്റ്ററോട് തോക്കിനുള്ള ലൈസൻസ് ചോദിക്കണമെന്ന് വിചാരിച്ചതും ആണ്. പക്ഷെ, തദവസരത്തിൽ സന്നിഹിതയായിരുന്ന റോബിന്റെ അമ്മ അതു മോശമാണ് എന്ന് പറഞ്ഞ് വിലക്കിയതു കൊണ്ടു മാത്രം നടക്കാതെ പോയി.)

രഞ്ജിനിയുടെ മുഖത്ത് കഥകളി. അധ്യാപകൻ ബോർഡിലേക്ക് തിരിഞ്ഞിരിക്കയാണ്. ഇത് അവളുടെ സ്ഥിരം കലാപരിപാടി ആകുന്നു. മേക്കിങ് ഫേസസ്. സാർ ബോർഡിലേക്ക് തിരിയണം എന്നു മാത്രം. ചിരിച്ചവന് മാഷ് സെഷണൽ മാർക്കിൽ പണി തരും, രഞ്ജിനി ഒരു അയ്യോ പാവം.

ഛേ! എന്താണിത്? റോബിൻ മനസ്സിനെ ശാസിച്ചു. സർവ്വശക്തിയുമുപയോഗിച്ച് ക്ലാസ് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. മനസ്സിന്റെ എല്ലാ പോളുകളും യൂണിറ്റ് സർക്കിളിനകത്തേക്ക്. പോൾ ഫേസർ റേഡിയസ് 0.9999. ബാന്റ് വിഡ്ത് ഷാർപ്പാകട്ടെ.

അപൂർവമായ ഒരു നല്ല മൂഡിൽ, പഴയ ക്യാമ്പസിനെക്കുറിച്ച് അമ്മ പറഞ്ഞത് റോബിൻ ഓർത്തുപോയി. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമഹോത്സവങ്ങൾ, ചിലങ്കകൾ, സ്വരരാഗ സന്ധ്യകൾ, ഉണ്ണിസത്താറും നന്ദജനും പ്രകാശ്ബാരെയും എല്ലാം നിറഞ്ഞു നിന്ന കലിഗുല പോലുള്ള നാടകങ്ങൾ. രെജിസ് ദെബ്രെയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട്, ഇതുതന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ദക്ഷിണാർധത്തിൽ ഷോപ്പനൊവർ പറഞ്ഞതും എന്നു ക്യാന്റീനിലെ ഡെസ്കിൽ ആഞ്ഞടിച്ച അമ്മയുടെ ബാച്ചിലെ സജിത് ടി. അവരുടെ ബാച്ച് പുറത്തിറങ്ങിയതിന്റെ രജതജൂബിലിക്ക് മലമ്പുഴയിൽ ഒത്തു ചേർന്നപ്പോൾ, തന്നെ തേടിപ്പിടിച്ച് ഷിവസ് റീഗലിന്റെ നേർത്തഗന്ധത്തിൽ ചേർത്തുനിർത്തി വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചൊക്കെ സജിത് വാത്സല്യപൂർവ്വം തിരക്കിയത് റോബിൻ ഓർത്തു. ഇന്ന് കൊക്കക്കോളയുടെ ഏഷ്യ-പസിഫിക് മേഖലയുടെ സിസ്റ്റെംസ് അഡ്മിനിസ്റ്റേറ്ററായ സജിത് അന്ന് അമ്മക്ക് ആരായിരുന്നിരിക്കാം?

-ഫോർ’, ‘സി-ഫൈവ് ’ - റോയി സിസിലിയൻ ഡിഫെൻസിനുള്ള പുറപ്പാടാണ്. റോബിന്റെ തൊട്ടയൽക്കാരായ റോയിയും ജയരാജനും ഇമാജിനറി ബോർഡിൽ ചെസ് കളിക്കുകയാണ്. ആരാണിവർക്ക് ചെസ്സിൽ കൈവിഷം കൊടുത്തത്? കൈവിഷം പലതിലുമാകാം, സസുഖം ഉറക്കം തൂങ്ങുന്ന വൈശാഖിന് അത് ലിനക്സിലാണ് കിട്ടിയത്. ഈ മാർക്സിസ്റ്റ്-ലിനക്സിസ്റ്റ്-പെന്തകോസ്ത് രാത്രി മുഴുവൻ ഹോസ്റ്റലിൽ കൂട്ടുകാരുടെ ലിനക്സ് പ്രശ്നങ്ങൾ സോൾവ് ചെയ്തു നടക്കുന്നു (ഉബണ്ടു വന്നതിൽ പിന്നെ കുറച്ചു ഭേദം ഉണ്ട്) , പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കാത്ത ദിവസങ്ങളിൽ ക്ലാസ്സിൽ വന്ന് ഉറങ്ങുന്നു.

ചെറിയ ക്ലിക് സ്വരങ്ങൾ. ഡെസ്ക്കുകൾക്കടിയിലൂടെ ഒരു ടിന്റുമോൻ തമാശ പാഞ്ഞുനടക്കുന്നു.

സഖാവ് രതീഷ് ചന്ദ്രന്റെ മനസ്സ് സത്യമായും ക്ലാസിലല്ല. ഹ്യുഗൊ ഷവെസിന്റെ കൂടെ ലാറ്റിനമേരിക്കയിലായിരിക്കാം, അല്ലെങ്കിൽ ഒരു വർഗീയ വിരുദ്ധറാലിയിൽ. പ്രശസ്ത ഫെമിനിസ്റ്റ് സുമങ്ഗല വാര്യരുടെ കണ്ണുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്. സിഗ്നത്സ് ആന്റ് സിസ്റ്റംസ്-ഒരു സ്ത്രീപക്ഷചിന്ത എന്ന തലക്കെട്ടിൽ ചിന്തിക്കുകയാവാം.

ജയന്തി ഈസ് ആൾ അറ്റെൻഷൻ. അധ്യാപകന്റെ തിരുവായ്മൊഴികൾ മുത്തുകൾ പോലെ പെറുക്കിയെടുത്ത് ബുക്കിലാക്കി, തലയാട്ടി, അൽഭുതം കൂറി ഇരിക്കയാണ് പഠിത്തപിശാചു മുത്തശ്ശി. എപ്പോഴും എനിക്കൊരു കുന്നു പഠിക്കാനുണ്ടേ എന്ന ഭാവം മുഖത്തു വരുന്നതിനാൽഅസൈൻന്മെന്റ് ഒന്നു തരുമോ’, ‘മ്യൂപ്പി നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തോട്ടേമുതലായ ബിസിനെസ്സ് ചോദ്യങ്ങൾക്കപ്പുറം സുന്ദരിക്കുട്ടിയോട് മിക്കവരും ഡയലോഗിനു പോകാറില്ല. ഒരിക്കൽ ധൈര്യസമേതം, ഒതുക്കത്തിൽ ഒരു ലൈനിടാൻ ചെന്ന ദയാനന്ദിനോട് വാന്റർപോൾ ഇക്വേഷന്റെ ഡൈനമിക്സിനെക്കുറിച്ചും അതിന്റെ രങ്ഗെ-കുട്ട അൽഗൊരിതം ഉപയോഗിച്ചുള്ള നൂമറിക്കൽ സൊലൂഷൻസിനെക്കുറിച്ചും വാതോരാതെ ഉത്സാഹഭരിതയായി സംസാരിച്ചു കൊണ്ട്, അവസാനം അസ്തപ്രജ്ഞനായ അവന്റെ കൈയിൽ ഗേറ്റിന്റെ സിലബസും കൊടുത്തുവിട്ട ചരിത്രമുണ്ടവൾക്ക്. പാവം ദയാനന്ദ് മൂന്നു ദിവസം പനിപിടിച്ച് ഹോസ്റ്റലിൽ കിടന്നത്രേ! എങ്കിലും റോബിന് ജയന്തിയെ ഇഷ്ടമാണ്. ഒലവക്കോട് കേന്ദ്രീയ വിദ്യാലയം മുതൽ അവന്റെ ഏക പഠനസഹായി, അവന്റെ ഷെർമിയൺ.

അതാ, റൊസാരിയൊ എഴുന്നേൽക്കുന്നു. സംശയം തീർന്നു നേരമില്ല, മൂപ്പർക്ക്. സ്റ്റഫ് തീരെയില്ലാത്ത അധ്യാപകർക്ക് പരമദുഷ്ടന്റെ ഫലം ചെയ്യുന്ന പരമശുദ്ധനാകുന്നു റൊസാരിയൊ. സൂത്രക്കാരിയായ ചന്ദ്രികമിസ് മാത്രം അവനെ വിരട്ടിയിരുത്തും. ഇക്കുറി നെഗറ്റിവ് ഫ്രീക്വൻസി കോൺസെപ്റ്റാണ് വിഷയം. ഓക്സ്ഫെഡ് അക്സെന്റിലാണ് മറുനാടൻ മലയാളിയുടെ ഷൂട്ട്. ഇംഗ്ലീഷ് കഷ്ടിയെങ്കിലും (പഴയ മലയാളം മീഡിയം) മാത്തമാറ്റിക്സിൽ പുലിയായ അദ്ധ്യാപകൻ പ്രദക്ഷിണമായും, അപ്രദക്ഷിണമായും കറങ്ങുന്ന രണ്ട് കോമ്പ്ലക്സ് സിനുസോയിഡുകൾ കൊണ്ട് ഒന്നു പയറ്റി നോക്കുന്നുണ്ട്. പക്ഷെ റൊസാരിയോയെ തൃപ്തിപ്പെടുത്തുക അത്ര എളുപ്പമല്ല. റോബിൻ അറിയാതെ ശിവകാമിയെ നോക്കിപ്പോയി. റൊസാരിയൊയുടെ ലൈനാകുന്നു ശിവകാമി. എപ്പോഴും മരണതല്ലാണ് രണ്ടും തമ്മിൽ. ഇടക്കൊക്കെ റോബിൻ മദ്ധ്യസ്ഥനാകാറുണ്ട്. ഒരിക്കൽ ഡിപ്പാർട്ടുമെന്റിന്റെ ഗ്രൌണ്ട് ഫ്ലോറിനും ഒന്നാം നിലക്കും ഇടയിലെ ലാന്റിങിലുള്ള കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ റോബിൻ അവരുടെ വിചിത്രപ്രണയസല്ലാപം കേട്ടുപോയിട്ടുണ്ട്. ഏതോ പ്രോബ്ല്ത്തിന്റെ സിങ്ഗുലാരിറ്റിയിൽ വീണുകിടക്കുകയാണ് ശിവകാമി.

ഇഡിയറ്റ്, ഡോന്റ് യൂ നോ എൽ ഹോസ്പിറ്റത്സ് റൂൾ? പ്രക്ഷുബ്ധനാകുന്നു റൊസാരിയോ. ആന്റ് ഹു വിൽ സം ദ റിമൈനിങ് ടേംസ്, യോർ അപ്പാ?

കടവുളേ, നാൻ എന്ന ശൈവത് എന്നു കത്തുന്നു ശിവകാമി.

ശിവകാമിയുടെ മറ്റൊരു ചിത്രം റോബിന് ഓർമ വന്നു. ജമന്തിയും മുല്ലയും വഴിഞ്ഞൊഴുകുന്ന തെരുവിൽ, രഥസഞ്ചാരത്തിനിടയിൽ, കോലമിട്ട മുറ്റത്ത് മഞ്ഞപട്ടുപാവാടയും, ദാവണിയും, മുടിനിറയെ കനകാംബരവും, കുഞ്ജലവും, ചുവന്നു മിന്നുന്ന മൂക്കുത്തിയുമായി അഴഹാന രാജാത്തിയായി ശിവകാമി.

പക്ഷെ, മാലിനി അവസാനം പറഞ്ഞുനിർത്തിയതെന്താണ്? ആണെന്നോ,അല്ലെന്നോ? റോബിന് നല്ല തിട്ടം പോരാ. വളരെ കോമ്പ്ലെക്സായ ഒരു നോൺ ലീനിയർ സിസ്സ്റ്റമാകുന്നു മാലിനി. അവളെ കാണുമ്പോൾ നെഞ്ചിനകത്തിരുന്ന് ശിവമണി, കിട്ടുന്നതൊക്കെ വെച്ച് കൊട്ടുന്നതു പോലെ തോന്നും റോബിന്. ഒരിക്കൽ വിരലുകളിൽ തീ ആളിപ്പടർന്നതാണ്. എങ്കിലും നിശ്ചയമില്ല. കണ്ണുകളിലെ തടാകങ്ങളിൽ റോബിൻ അലിഞ്ഞലിഞ്ഞ് ഇല്ലെന്നായെങ്കിലും. മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ ഒരിക്കൽ അമ്മ മനോഹരമായി മൂളിത്തുടങ്ങിയതും, കുറ്റബോധത്തോടെ നിർത്തിയതും റോബിൻ ഓർത്തു. പഴയ ക്യാമ്പസിലെ ആസ്ഥാന ഗായിക. ലക്ഷ്മി പാടുമ്പോൾ സൂചി വീണാൽ അറിയാമായിരുന്നു എന്ന് പ്യൂൺ മുരളിച്ചേട്ടൻ റോബിനോട് ഒരിക്കൽ പറഞ്ഞിരുന്നു. പൊടുന്നനവെ റോബിന് അച്ഛൻ കലിച്ചു. റോബിന് അമ്മ മണത്തു. കടിഞ്ഞൂൽ പൊട്ടന് നെഞ്ചകം വിങ്ങി.

ക്ലാസിനു പുറത്ത് ഒരാരവം കേൾക്കുന്നുവോ? ഇടയ്ക്കിടെ റോബിൻ ഇങ്ങനെ കാതോർത്തു പോകാറുണ്ട്. ഒന്നാം വർഷക്കാരൻ യദുവിന്റെ പുറത്തു നെടുനീളത്തിൽ തിണർത്തു കണ്ട സൈക്കിൾ ചെയിൻ പാടുകൾ. ഹരീന്ദ്രനാഥിന്റെ ചോരയിൽ കുതിർന്ന മുഖം. കാവശ്ശേരി പൂരം പോലെ ക്യാമ്പസ് നിറഞ്ഞ് അടി നടക്കുമ്പോൾ അലറി വിളിച്ചു കൊണ്ടോടിയ കമ്പ്യൂട്ടർ സയൻസിലെ രേഷ്മ. റോബിന്റെ മനസ്സ്, മായ്ച്ചു തുടങ്ങിയ ഭദ്രകാളിക്കളമായി. റോബിൻ വേലായുധനെ നോക്കി. ഒന്നും രണ്ടും പറഞ്ഞ് ചൊറിഞ്ഞു ചൊറിഞ്ഞു കൂട്ടുകാർ അടിയുടെ വക്കിലെത്തുമ്പൊൾ റോബിനും വേലായുധനും ഇടപെടാറുണ്ട്. ഒരിക്കൽ ഹമീദിന്റെ നേർക്കുയർന്ന സൈക്കിൾ ചെയിൻ മിന്നൽ വേഗത്തിൽ പിടിച്ചു വാങ്ങി, ഏതു നായിന്റെ മോനാടാ എന്ന് ഇടിമുഴങ്ങിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ ക്ലാസിൽ കയറി പുസ്തകം നിവർത്തി വേലായുധൻ.

, സിഗ്നത്സ്! അമ്പടയാളങ്ങൾ.ശരമാരി പെയ്യുന്നു. ആർത്തു പദ്മവ്യൂഹമൂക്കോടു ഭേദിച്ച് പാർത്ഥാത്മജൻ റോബിൻ സിഗ്നത്സ് ആന്റ് സിസ്റ്റംസിന്റെ അർജജുനപ്പത്ത് ജപിക്കാൻ തുടങ്ങി.ഹൈകിൻസ്, ഓപ്പൻഹീം, ബാരിവീൻ, വിത്സ്കി, ഗണേഷ്റാവു, സഞ്ജയ്ശർമ ... അൽക, അമല, അഞ്ജലി, അർജ്ജുൻ, അനിരുദ്ധ്, അനിത് അദ്ധ്യാപകൻ പരിഭ്രാന്തനായി തെരുതെരെ ഹാജർ വിളിക്കാൻ തുടങ്ങി-പുറത്ത് ആരുടെ നിലവിളിയാണ് ഉയരുന്നത്?

110 comments:

ശ്രീ said...

ഇതു വായിച്ചു കൊണ്ടിരുന്ന പത്തു മിനിട്ട് നേരം ഞാനും ഒരു ക്ലാസ്സ് റൂമിലായിരുന്നു...

പക്ഷേ, ഇരുന്നത് ശ്രീനാഥന്‍ മാഷുടെ ക്ലാസ്സിലായിരുന്നെങ്കിലും മനസ്സ് സുഹൃത്തുക്കള്‍ക്കൊപ്പം എന്റെ പഴയ ക്ലാസ്സ് റൂമിലായിരുന്നു എന്ന് മാത്രം.

നന്ദി മാഷേ, നല്ലൊരു പോസ്റ്റിന്. മനസ്സ് നിറഞ്ഞു,അറിയാതെ കണ്ണും.

Echmukutty said...

ഒരു ക്ലാസ്സ് റൂം.
വിഷയം ഏതായാലും എല്ലാ ക്ലാസ്സിലും ആരെങ്കിലുമൊക്കെ കാണും ഇതു പോലെ.
കഥ ഇഷ്ടപ്പെട്ടു.
സങ്കടവും വരുന്നുണ്ട്.
അഭിനന്ദനങ്ങൾ.
ചില പ്രയോഗങ്ങളൊക്കെ ആർക്കും കോപ്പിയടിയ്ക്കാൻ തോന്നും. ഇമേജുകളായിട്ടും വാക്കുകളായിട്ടും ഒക്കെ.

Anas Usman said...

മാഷേ,

ഇത് വായിച്ചപ്പോള്‍ ഞാന്‍ ഏതെല്ലാം വഴികളിലൂടെ പോയെന്നോ.... ഒരിയ്ക്കലും അനുഭവിക്കാതെ പോയ ചില സ്വപ്നങ്ങള്‍ ജീവിച്ച പോലെ...

നന്ദി; ഈ പോസ്റ്റിന്

കുസുമം ആര്‍ പുന്നപ്ര said...

ശരിയ്ക്കും ക്ലാസ്സ് റൂമില്‍ കൂട്ടിക്കൊണ്ടു പോയി

ഭാനു കളരിക്കല്‍ said...

ഒരു ക്ലാസ് മുറിയിലൂടെ ഈ കഥ ഒരു സമൂഹത്തെ, അതിന്റെ എല്ലാ സിഗ്നലുകളെയും പിടിച്ചെടുക്കുകയാണ്. മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
എന്റെ ഈ ദിവസം സുന്ദരമായി, ഈ കഥാ വായനയിലൂടെ. നന്ദി മഷേ...

തഥാഗതന്‍ said...
This comment has been removed by the author.
തഥാഗതന്‍ said...

സാറിന്റെ ശിഷ്യന്മാർ കൊള്ളാം..

വീണ്ടും പുറകോട്ട് നോക്കിയാൽ.. മോഹൻലാലിനെ മിമിക്രിയായി അവതരിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നുങ് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ തന്നെ. ഞങളുടെ ഫൈനൽ ഇയേർസ് ഡേയ്ക്ക്,മോഹൻലാൽ ബേനസീർ ഭൂട്ടോയെ കണ്ടാൽ എങ്ങനെ ഇരിക്കും എന്നത് അദ്ദേഹം അവതരിപ്പിച്ച് കാണിക്കുകയുണ്ടായി “ എടി നാ...... മോളേ...സിയാച്ചിനിൽ നീ ബോംബിട്ടപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല“ അങ്ങനെ അങ്ങനെ..

അകാലത്ത് കാലം കവർന്ന, അതിമനോഹരമായി പഴയ പാട്ടുകൾ പാടുമായിരുന്ന മറ്റൊരു യുവ അദ്ധ്യാപകനേയും ഒർമ്മ വരുന്നു...

ഇന്നലെ കൂടെ ഒത്ത് ചേർന്നേ ഒള്ളു അലുംനി ഇവിടെ.. പണ്ടാരം ഈ നൊസ്റ്റി വന്നാൽ പിന്നെ രക്ഷയില്ല.

(സാ‍റെ ഈ പ്രകാശ് ബാരേയും ഉണ്ണി സത്താറുമൊക്കെ ഇപ്പോഴത്തെ പേരുകൾ അല്ലെ.. ഇവരുടെ പണ്ടത്തെ പേരുകൾ ഓർമ്മ ഇല്ലേ??????)

Vayady said...

പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ ഒരു ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന പ്രതീതിയാണ് എനിക്കു തോന്നിയത്. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. മനോഹരമായ രചന ശൈലി. നല്ലൊരു പോസ്റ്റ് സമ്മാനിച്ചതിന്‌ നന്ദി. ഒപ്പം അഭിനന്ദനവും.

ചെറുവാടി said...

വേറിട്ട കഥ. പുതുമ നിറഞ്ഞ അവതരണം.
കഥയിലെ ക്ലാസ് റൂം ഇപ്പോഴും കൂടെയുണ്ട്.
ഇഷ്ടപ്പെട്ടു എന്ന് മാത്രം പറഞ്ഞാല്‍ നീതിയാവില്ല. ഒരുപാട് ഒരുപാട് ഇഷ്ടായി.
അഭിനന്ദനങ്ങള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനും ആ ക്ലാസിലുണ്ടായിരുന്ന പോലെ തോന്നി..
മനസ് പഴയ കോളേജ് കാലഘട്ടത്തിലേക്ക് പോയി...
അത്ര മനോഹരമായി എഴുതിയിരിക്കുന്നു...

Venugopal G said...

മനോഹരമായീ സാര്‍... സാറുടെ മാക്സിമം ഫ്രീക്വന്‍സി യെകാള്‍ എത്രയോ കൂടുതല്‍ ആണ് പുള്ളിയുടെ സാമ്പ്ലിംഗ് ഫ്രീക്വന്‍സി..!!! കാരണം സാര്‍ പറഞ്ഞതെല്ലാം പുള്ളിക്ക് മനസിലാകുകയും ചെയ്തു.. ഇടയ്ക്കു വായനോക്കാനും പറ്റി...പിന്നെ കുറെചിന്തിക്കാനും പറ്റി.. അതും വിഷയത്തെ വേദാന്തത്തിന്റെ തലത്തില്‍....

നിശാസുരഭി said...
This comment has been removed by the author.
നിശാസുരഭി said...

പലരും പറഞ്ഞപോലെ ഒരു ക്ലാസ് റൂം അല്ല ഈ കഥയിലൂടെ എന്നില്‍ നിറഞ്ഞത്. മറിച്ച് ഒരു ക്യാമറക്കണ്ണിലൂടെ ഒരു ഫിക്ഷന്‍ സിനിമ കണ്ട പ്രതീതി.

ഡൊണി ബ്രാസ്കൊ എന്നൊരു ഇംഗ്ലീഷ് സിനിമ ഈയിടെ കണ്ടിരുന്നു. അതൊരു ഫിക്ഷന്‍ സിനിമ ആണെന്നല്ല, പക്ഷെ ആ സിനിമ വേറിട്ട അസ്വാദനമേകി എനിക്ക്.

ഇവിടെ ക്ലാസ് മുറിയിലാണ് റോബിനെങ്കിലും (റോബിനൊപ്പം നമ്മളും) കഥയിലെ വിവരണത്തിലൂടെ, റോബിന്റെ കണ്ണിലൂടെ ഒരുപാട് മനുഷ്യരുടെ മാനസിക-ബാഹിക ചലനം ഒരു ചലച്ചിത്രമായ് ഒഴുകി നീങ്ങുകയാണ്, അതിനെ റോബിനൊപ്പം നമുക്കും വിശകലനം ചെയ്യാന്‍ കഥാകാരന്‍ ഇടനല്‍കുന്നു.

നമ്മില്‍ത്തന്നെയും, നമുക്ക് ചുറ്റും കാണാന്‍ പറ്റുന്ന കഥാപാത്രങ്ങളെ മനോഹരമായ് ചിത്രീകരിച്ചിരിക്കുന്നു, അതും ആധുനിക കഥാഗദനത്തിലൂടെ. (കഥാഗദനം, വാക്ക് ശരിയല്ലെ? ഓര്‍മ്മ കിട്ടുന്നില്ല!)

വ്യത്യസ്തപ്രമേയവും അത് അവതരിക്കപ്പെട്ട രീതിയും, മനോഹരങ്ങാളായ പ്രയോഗങ്ങളും കൊണ്ട് സുന്ദരമായിരിക്കുന്നു കഥ. ആശംസകള്‍, അഭിനന്ദനങ്ങള്‍, ഇഷ്ടപ്പെട്ടു ഒത്തിരി, ചില ടെക്നിക്കല്‍ പദങ്ങള്‍ മനസ്സിലായില്ലെങ്കിലും, വരികള്‍ക്കൊത്ത് ഊഹിക്കാന്‍ പറ്റുന്നു, അത് തന്നെ കഥ പറച്ചിലിന്റെ വിജയവും.

ഒരിക്കല്‍ക്കൂടി, ആശംസകള്‍.

ശ്രീനാഥന്‍ said...

ശ്രീ,
അനസ്,
മിഴിനീർത്തുള്ളി,
വായാടി,
എച്ചുംകുട്ടി,
കുസുമം,
ഭാനു,
തഥാഗതൻ,
ചെറുവാടി,
വേണൂ-
എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും വന്നതിനും വായിച്ചതിനും. പലരുടേയും വായനകൾ ഏറെ സന്തോഷിപ്പിച്ചു.

ക്ലാസിന്റെ കണ്ണാടിയിലൂടെ ഞാൻ കണ്ട ലോകമാണ് ഈ കഥയിൽ, എങ്കിലും ഇതിലെ അധ്യാപകനും വിദ്യാർത്ഥികളും സങ്കൽ‌പ്പങ്ങളാണ്,
പിന്നെ പലരിലും പലരുമുണ്ടെന്നു മാത്രം, കൂടെ ഞാനും . തഥാഗതാ – ഉണ്ണിയും പ്രകാശും പുറത്തറിയപ്പെടുന്ന പേരുകളിലാകട്ടെ എന്നു കരുതിയാണ്, എല്ലാ പേരും എനിക്കറിയാം!

അംജിത് said...

പ്രിയപ്പെട്ട ശ്രീനാഥന്‍ സാര്‍..
സാറിന്റെ ഒരു ശിഷ്യനാണ് ഞാന്‍..
ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല..
ഓര്‍മിക്കാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ല
ഒരു പക്ഷെ ചെയ്യാതിരുന്ന കാരണം കൊണ്ട് ഓര്‍മിക്കുമായിരിക്കാം.
മൈക്രോ പ്രോസസ്സറിന്റെയും, കണ്ട്രോള്‍ സിസ്റ്റത്തിന്റെയും ലോകത്തിനു പുറത്തു ഇങ്ങനെയും ഒരു മുഖം സാറിനുണ്ടെന്നു അറിയാന്‍ ഒരുപാട് വൈകിപ്പോയി..
സത്യമായും സാര്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക പദങ്ങളില്‍ ഭൂരിഭാഗവും ഇന്നും എനിക്ക് പിടികിട്ടാപ്പുള്ളികള്‍ ആണ്. പലതിനെയും ഞാനും പലതും എന്നെയും ഓര്‍മയില്‍ നിന്നും മായിച്ചു കളഞ്ഞിരിക്കുന്നു.
സാങ്കേതികതയെ ഒഴിച്ച് നിര്‍ത്തിയാല്‍, സാര്‍ എന്റെ മുന്നില്‍ വരച്ചു കാണിച്ചത് ഞാന്‍ വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ (നമ്മുടെ)കോളെജിനെയാണ്. വളരെ നന്ദി സാര്‍..ഒരു തിരിച്ചു പോക്കിനും, ചില ഓര്‍മപ്പെടുത്തലുകള്‍ക്കും..

naNdaJan said...
This comment has been removed by the author.
naNdaJan said...

പ്രകാശ്‌ ബാരെ , പ്രമോദ് അയച്ച പോസ്റ്റ്‌ ഫോര്‍വേഡ് ചെയ്തപ്പോഴ അരീന്നത് മാഷ്ക്ക് ബ്ലോഗിന്റെ അസ്കിത ഉണ്ടെന്നു . കഥയില്‍ എന്‍റെ പേര് കണ്ടോതോണ്ട് പറെനതല്ല സംഭവം ഗംഭീരം . ക്ലാസ്സ്‌ റൂം എന്ന പ്രത്യക്ഷ തലത്തെ അതിജീവിച്ചു, ബോധാബോധ തലത്തിലേക്ക് ഒരു പ്രയാണം , നന്ദി

പഴയ പോസ്റ്കള്‍ വായിച്ചു കൊണ്ടിരിക്കുന്നു

പട്ടേപ്പാടം റാംജി said...

ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ കുട്ടികളിലൂടെ ഒരു ക്ലാസ്‌ മുറിയിലിരുന്നു കാണുന്ന കാഴ്ചകള്‍ പോലെ എനിക്കും നന്നായ്‌ അനുഭവപ്പെട്ടു.
ഭാവുകങ്ങള്‍.

Manu Srinath said...

achante blog-ile ente aadyathe comment.....
kalakki tto.... pakshe ithile robin njan-anallo.??!! lakshi bhai kamala bhai aayi mari.... chivasregal-inte manamulla uncle maar pidichuthum enne thanne...allathe robine alla...
ethayalum kollam....
achanente aashayangalude kalavarayil njan thanne super hero..... athukondu vaayikkan entho oru vallatthha sukham....
keep writing ...
$ the sreesailathile kutti $

mayflowers said...

ഞാന്‍ കാണാത്ത ക്ലാസ് റൂമിലെ കേള്‍ക്കാത്ത സംഭാഷണ ശകലങ്ങള്‍ എത്ര സുന്ദരമായാണ് വര്‍ണിച്ചിരിക്കുന്നത്‌...
ട്യുഷന്‍ സെന്ററില്‍ ഉറങ്ങുന്ന വേലായുധന്‍ ഒരു വേദനയായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
അഭിനന്ദനങ്ങള്‍..

mayflowers said...

@നിശാസുരഭീ,
കഥാകഥനം ആണ് ശരിയായ വാക്ക്.

ചാണ്ടിക്കുഞ്ഞ് said...

പല പല ടൈപ്പ് ആളുകളല്ലേ...എല്ലാവരെയും റോബിന്റെ വീക്ഷണത്തിലൂടെ നന്നായി അവതരിപ്പിച്ചിരിക്കുന്നു....ഒരിക്കല്‍ കൂടി എഞ്ചിനീയറിംഗ് ക്ലാസിലിരുന്ന ഓര്‍മ....നന്ദി മാഷേ...

രമേശ്‌അരൂര്‍ said...

ശ്രീ നാഥന്‍ മാഷെ ..അടുത്ത കാലത്തായി ബ്ലോഗില്‍ ഇങ്ങനെ മെച്ചപ്പെട്ട മറ്റൊരു കഥ വായിച്ചിട്ടില്ല ..അത്രയ്ക്ക് മനോഹരമായി .(.എച്മു വിന്റെ ലാസ്റ്റ് കഥ ഓര്‍മയില്‍ ഉണ്ട് ) ഞാന്‍ ഒരേ സമയം മനോരാജ്യക്കാരനായ വിദ്യാര്‍ഥി യായും ..കര്‍ത്തവ്യ ബോധമുള്ള അധ്യാപകനായും മാറിപ്പോയി ..
(രണ്ടു വേഷവും കെട്ടിയാടിയതാണ്)....ആത്മാശം ഇല്ലാതെ ഒന്നും എഴുതാന്‍ പറ്റില്ലല്ലോ അല്ലെ ..അത് വായിക്കുമ്പോള്‍ സ്വയം താനറിയാതെ തന്നെ കണ്ടെത്താന്‍ വായനക്കാരനും കഴിഞ്ഞാല്‍ ആ എഴുത്ത് സാര്‍ത്ഥകമാണ് മാഷെ ..ഒരു പാട് നന്ദി ..ഇത്തരം ഒരു വായനാനുഭവം തന്നതിന് ..:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ പോസ്റ്റിന്റെ സിഗ്നൽ എനിക്ക് ലഭിച്ചില്ലല്ലോ ശ്രീ മാഷേ,സിസ്റ്റംസിന്റെ കുഴപ്പമാകാകാം അല്ലേ..?

ക്ലാസ്സ് മുറീലിരിക്കുന്ന ശിഷ്യന്മാരിലൂടെ പലതും ആവാഹിച്ചെടുത്ത് ,സമൂഹത്തിന്റെ മൊത്തം സിഗ്നലുകൾ ശ്രീമാഷുടെ സിസ്റ്റത്തിലൂടെ സമ്പ്രേക്ഷണം ചെയ്ത് ഞങ്ങളെയൊക്കെ അതിശയിപ്പിച്ചു കളഞ്ഞു...ഈ മാഷ് !

ഇതുപോലെയുള്ള ഒരദ്ധ്യാപകന്റെ ക്ലാസ്സിൽ ഇരിക്കാനൊന്നും സാധിച്ചില്ലല്ലോ എന്ന നഷ്ട്ടബോധമാണ് എനിക്കിപ്പോൾ ഉളവാകുന്നത്... കേട്ടൊ

റോസാപ്പൂക്കള്‍ said...

ശ്രീനാഥന്‍ മാഷെ,നല്ല സൂപ്പര്‍ കഥ. എന്നെ പഴയ കോളേജു ജീവിതത്തിലേക്ക് കൊണ്ടു പോയി.
ഇപ്പോള്‍ എന്ജിനീയറിങ്ങു പഠിക്കുന്ന,മലയാളം വായിക്കാനറിയാത്ത(കേരളത്തിനു പുറത്തു പഠിച്ചെങ്കിലും മാതൃഭാഷ പഠിപ്പിക്കാഞ്ഞ ഒരമ്മയുടെ തെറ്റ് !!!) എന്റെ മോനെ വായിച്ചു കേള്പ്പിക്കാനായി ഈ കഥ ഞാന്‍ സേവ് ചെയ്തു വെക്കും.അവനെ വായിച്ചു കേള്പ്പിക്കാനായി. എന്നിട്ട് ചോദിക്കും നിന്റെ ക്ലാസ്സ്‌ മുറിയാണോ ഇതെന്ന്‍

അബ്ദുള്‍ ജിഷാദ് said...

മനോഹരമായി കഥ പറഞ്ഞിരിക്കുന്നു...

Sudha said...
This comment has been removed by the author.
Sudha said...

sreenaath nte ullil ulla kavihridayam palappolum vakkukaliloode arinjittundu...aksharangaliloode athilum kemam...ithrayum nalla anubhavangalum athu bhashayiloode pakaranulla kazhivum ulla aal ezhuthaathirikkaruthe
manassine kure varshangal purakottu nadathi madhuramulla kure divasangal ormapeduthiyadhinu nandi

ezhuthuka dharalam

റ്റോംസ്‌ || thattakam .com said...

കഥ ഇഷ്ടപ്പെട്ടു.മനോഹരമായ രചന ശൈലി.ഒരു ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന പ്രതീതിയാണ് എനിക്കു തോന്നിയത്. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..! അഭിനന്ദനങ്ങൾ.

Wash'llenⒿⓚ | വഷളന്‍'ജേക്കെ said...

ആഹഹ... എഞ്ചിനീയറിംഗിലും കവിതയുണ്ടെന്നു പഠിപ്പിച്ച മാഷേ, ഇതെന്റെ ക്ലാസ് തന്നെ, ഇതില്‍ ഞാനുമുണ്ട്.

ഇതുപോലെ വാതോരാതെ ഹൈ ആംപ്ലിട്യൂഡില്‍ വരുന്ന അനലോഗ് സിഗ്നല്സ് സാമ്പിള്‍ ചെയ്യുന്ന ഡിജിറ്റല്‍ സര്‍ക്കീട്ടുകള്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും. പലപ്പോഴും സാംപ്ലിംഗ് റേറ്റ് നിക്വിസ്റ്റിക്കാള്‍ കുറവായിരുന്നു എന്ന് മാത്രം! കൂടാതെ നോയിസ് ഫില്ട്രെഷന്‍, മള്‍ട്ടിപ്ലെക്സിംഗ് തുടങ്ങിയ അനുബന്ധങ്ങളും..

പിന്നെ കഥാപാത്രങ്ങളില്‍ എന്റെ ചില കൂട്ടുകാരുടെ അംശങ്ങള്‍ ഞാന്‍ കണ്ടു. നല്ല ഒരു അനുഭൂതിയായിരുന്നു അത്. പഴയ സ്മരണകള്‍ ഉണര്‍ത്തിയതിനാലാകാം, എനിക്കു വല്ലാതങ്ങിഷ്ടപ്പെട്ടു.

പല ടെര്‍മിനോളജികളും ഓര്‍മ്മിപ്പിച്ചതിനു പ്രത്യേക നന്ദി. ശ്രീനാഥന്‍ മാഷിന്റെ ക്ലാസ്സില്‍ എന്നെക്കൂടി ഒന്നിരുത്തുമോ?
കൂട്ടത്തില്‍ റാങ്കുകാരെ കുറ്റം പറഞ്ഞത് എനിക്കത്ര പിടിച്ചില്ല ;)

Rare Rose said...

ശ്രീനാഥന്‍ മാഷേ.,എനിക്കും നല്ലോണമിഷ്ടായി ഈ പോസ്റ്റ്.ഞാനുമവരിലെനിക്കറിയാവുന്ന ആരെയൊക്കെയോ കണ്ടു..

പിന്നെ ഒരു ക്ലാസ് റൂമിനെ ഇത്രയും ഭംഗിയായി വരച്ചു കാട്ടണമെങ്കില്‍ തീര്‍ച്ചയായും കുട്ടികളുടെ ഉള്ളുകള്ളികളെല്ലാമറിയുന്ന ഒരു നല്ല മാഷാവാതെ തരമില്ല.:)

ഒഴാക്കന്‍. said...

ഇങ്ങളൊരു മാഷ്‌ തന്നെ

~ex-pravasini* said...

ഞാനിങ്ങനത്തെ ക്ലാസിലൊന്നും പഠിച്ചിട്ടില്ല,
അതുകൊണ്ടുതന്നെ എനിക്കൊന്നും മനസ്സിലായതുമില്ല,

ഡാഷ്ബോര്‍ഡില്‍ കണ്ടപ്പോള്‍ വന്ന് നോക്കിയതാണ്.
തിരക്കുണ്ട്,,ഞാന്‍ പോട്ടെ..

lekshmi. lachu said...

മാഷെ, ഒരുപാട് ഇഷ്ടായി.ശരിയ്ക്കും ക്ലാസ്സ് റൂമില്‍ കൂട്ടിക്കൊണ്ടു പോയി അഭിനന്ദനങ്ങള്‍..

രാമൊഴി said...

got confused with the technical terms..:)but the narration is impressive..the class room picture has come out well..

ശ്രീനാഥന്‍ said...

@അംജിത്- ഓർമ്മയുണ്ട്. ഇപ്പോൾ തിരക്കഥാകൃത്താണെന്ന് ആരോ പറഞ്ഞല്ലോ! വളരെ സന്തോഷമുണ്ട് അവിചാരിതമായ ഈ കണ്ടു മുട്ടലിൽ, അംജിതിന്റെ ഈ വായനയിൽ.
@റാംജി- ഒരു നല്ല കഥാകാരൻ ഇത് ഇഷ്ടപ്പെട്ടുവെന്നതിൽ ഏറെ സന്തോഷമുണ്ട്!
@നന്ദജൻ- നിങ്ങളെല്ലാം വലിയ ഉയരങ്ങളിൽ എത്തിച്ച ക്യാമ്പസ് തിയറ്റർ എനിക്ക് മറക്കാനാവില്ല, ഇന്ന് അതെല്ലാം പോയ്മറഞ്ഞു, ആരെയും കുറ്റപ്പെടുത്താനാകില്ല, കാലം മാറുകയാണ്. കഥ ഇഷ്ടപ്പെട്ടതിൽ ഏറെ സന്തോഷം!
@മനു- നീ വായിച്ചേക്കാമെന്ന് കരുതിയെങ്കിലും കമെന്റ് അപ്രതീക്ഷിതം. റോബിൻ നീയല്ല, കമലാബായി സംഭവം നിന്റെ സ്ക്കൂൾ ജീവിതത്തിൽ നിന്ന് അടിച്ചു മാറ്റിയതാണെകിലും, റോബിൻ അഛൻ കണ്ടിട്ടുള്ള ചില വിദ്യാർത്ഥികളെ സൂപ്പരിമ്പോസ് ചെയ്ത് ഉണ്ടാക്കിയ സങ്കൽ‌പ്പം മാത്രം. പിന്നെ ഏത് ബാച്ചിന്റെ ഗെറ്റ് റ്റുഗദറിനും അങ്കിളുമാരും ഷിവസ് റീഗലുമുണ്ടാവും! ഏതായാലും സന്തോഷം!
@ജിഷാദ്- വളരെ സന്തോഷം ജിഷാദ്!
@ എക്സ്പ്രവാസിനി- ഏയ്, ഇതിലെ സാങ്കേതികമൊക്കെ വലിയ കാര്യമല്ല, ഞാനീ കുട്ടികളെയാണ് കാണാൻ ശ്രമിച്ചത്, കുട്ടികൾ- എഞ്ചിനീയറിങായാലും, സാഹിത്യമായാലും ചരിത്രമായാലും മെഡിസിനായാലും- എവിടെയുമൊന്നാണെന്നാണ് എനിക്ക് തോന്നുന്നത്, അതുകൊണ്ട്, സൌകര്യമുള്ളപ്പോൾ വീണ്ടും വന്ന് ഇതിലെ സാങ്കേതികത കണ്ടില്ലെന്ന് നടിച്ച് ഒന്നു വായിച്ച് നോക്കൂ! നന്ദി.
@ജെകെ- ജെകെ, വളരെ സന്തോഷം, ഇതിലെ അധ്യാപകൻ സങ്കൽ‌പ്പമാണ് ജെകെ, ഞാനല്ല.കുറെക്കൂടി സാങ്കേതികശാസ്ത്രം ഉണ്ടായിരുന്നു ആദ്യ ഡ്രാഫ്റ്റിൽ, ആളുകൾ തല്ലിയാലോ എന്നു പേടിച്ച് ഒഴിവാക്കിയതാണ്. പിന്നെ റാങ്കുകാരിൽ ചിലരങ്ങനെയാണെന്നേ ഉദ്ദേശിച്ചുള്ളു. ഒത്തിരി റാങ്കു കാർ എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്, ജെകെ ഒരു റാങ്കുകാരനായിരുന്നു എന്നു തോന്നുന്നല്ലോ!

ശ്രീനാഥന്‍ said...

@മെയ് ഫ്ലവേസ്- വളരെ സന്തോഷം, വേലായുധൻ മറ്റൊരു പേരിൽ കൊളെജിൽ പഠിച്ചിരുന്നു.
@ ഒഴാക്കൻ - സന്തോഷം, വല്യൊരു അംഗീകാരാ അത്, അതിനർഹതയുണ്ടോ എനിക്കെന്നാണ് സംശയം!
@ചാണ്ടിക്കുഞ്ഞേ-പഴയ ക്ലാസ് ഓർമ വന്നല്ലോ ചാണ്ടിക്കുഞ്ഞേ, സന്തോഷം.
@ രമേശ്- പ്രശംസ അധികമായോ എന്ന് ഇക്കുറിയും തോന്നി. എങ്കിലും ഒരു മാഷായതോണ്ടാവാം കുട്ടികളുടെ ഈ ലോകം എനിക്ക് അത്ര ഹരമാണ്, അത്രയൊന്നും അവരുടെയടുത്ത് പ്രകടിപ്പിക്കാറില്ലെങ്കിലും. രമേശ് ഒരിക്കൽ അധ്യാപകനായിരുന്നത് കൊണ്ട് അതു മനസ്സിലാവും.
@ബിലാത്തിക്കൃഷ്ണൻ- (ഈ അമ്പലപ്പുഴക്കൃഷ്ണൻ, ഗുരുവായൂരെ കൃഷ്ണൻ ന്നൊക്കെ പറയണ പോലെ) വളരെ സ്ന്തോഷം ഈ നല്ല വാക്കുകൾക്ക്.
@റോസാപ്പൂക്കൾ- സന്തോഷം, മകന്റെ ക്ലാസും ഇതുപോലെ ഒക്കെയാവും, എവിടെയും കുട്ടികൾ ഒരു പോലെ തന്നെ, ത്രസിക്കുന്ന പൂക്കളും പറവകളും പോലെ!
@സുധ- ഇവിടെ വന്നിത് വായിച്ചതിൽ നന്ദി, സന്തോഷം, മനുഷ്യനോട് മിണ്ടീം പറഞ്ഞുമിരിക്കാനൊരു കൊതി കൊണ്ടു തുടങ്ങിയതാണ് ബ്ലോഗ്, ഇപ്പോൾ ഒരു അഡിക്ഷനായോ എന്ന് സംശയം.
@റ്റോംസ്- സുഖകരമായ വായന തന്നു ഈ പോസ്റ്റ് എന്നറിഞ്ഞതിൽ വളരെ സ്ന്തോഷം, നന്ദി.
@റോസ്- റോസിനെപ്പോലെ എഞ്ചിനീയറിങ് പശ്ചാത്തലവും (അങ്ങനെയാ ഞാൻ ധരിച്ചേ) സഹൃദയത്വവും ഉള്ള ഒരാൾക്കാവും ഈ പോസ്റ്റ് വിലയിരുത്താനാവുക, എന്ന് തോന്നിയിരുന്നു, സ്ന്തോഷം,നന്ദി.
@ലച്ചൂ- വളരെ സ്ന്തോഷം.
@ രാമൊഴി – ടെക്നിക്കൽ മറന്നു കളയുക, കുട്ടികളെ ഓർത്താൽ മതി. ഈ മൊഴി എന്നെ ഏറെ സ്വാധീനിക്കുന്നുവോ, ഒരു റെഫറൻസ് ഇൻപുട്ടായി മാറുന്നുവോ എന്ന് സംശയം. (in feedback control systems, the output (eg. temperature) is fedback and compared with the reference input so as to bring and maintain the output in a desired level/ or to track a desired profile) – thanks a lot!

Kalavallabhan said...

ഒന്നുമറിയാത്ത ഞാൻ ഇംഗ്ളീഷ് സിനിമ കണ്ടിറങ്ങിയതു പോലായി.
എന്നാലും കഥയ്ക്ക് നല്ല ഒഴുക്കുണ്ടായിരുന്നു.
ഇടയ്ക്കുവച്ചിറങ്ങിപ്പോരാൻ തോന്നിയില്ല.

സ്മിത മീനാക്ഷി said...

ഞാനുമൊരു ക്ലാസിലായിരുന്നു ഇത്രനേരം. എന്തു കൃത്യതയാണു മാഷിന്റെ വിവരണത്തിനു? ഇങ്ങനെയൊരു ക്ലാസിലിരുന്നു “ 3% slip on each belt "എന്നു സാര്‍ പറഞ്ഞത് “ 3 persons sleep on each belt" എന്നെഴുതിയ പഴയ കാലം ഓര്‍മ്മിച്ചുപോയി. സാഹിത്യം പഠിക്കാന്‍ തിരക്കു കൂട്ടിയ എന്നെ എന്ട്രന്‍സിന്റെ കടമ്പ കടത്തി എഞിനീയറിംഗിനു വിട്ട മാതാപിതാക്കളെയും ഓര്‍ത്തു.
മാഷെ, ഒരുപാടു നന്ദി.

ഹംസ said...

കഥ വേറിട്ട ഒരു അനുഭവമായി.
വിത്യസ്തമായ ശൈലിയില്‍ പുതുമയുള്ള വിഷയം ...അവതരണ മികവും കൂടിയായപ്പോള്‍ സംഭവം ജോറായി..
നിശാസുരഭിയുടെ കമന്‍റിനടിയില്‍ എന്‍റെ ഒരു ഒപ്പും കൂടി.

പ്രയാണ്‍ said...

ഇതെന്റെ കാലമല്ലാഞ്ഞിട്ടും എവിയൊടെക്കെയോ വല്ലാതെ നൊസ്റ്റാല്‍ജിക്കായി

jyo said...

വളരെ നല്ല അവതരണശൈലി-താങ്കള്‍ നല്ലൊരു നിരീക്ഷകനാണ്.

നിശാസുരഭി said...

@മേയ് ഫ്ലവര്‍

ശരിയാണ്, ആ വാക്കെഴുതിയപ്പോള്‍ വിരലുകള്‍ക്ക് അറിയാമായിരുന്നു, തെറ്റെന്ന് തന്നെ. പക്ഷെ എന്നിട്ടും തെറ്റ് എഴുതി എന്നതാണ് തെറ്റിലേക്കെത്ര വേഗം നീങ്ങുന്നു എന്നത് ഓര്‍മ്മിപ്പിക്കുന്നത്!

നന്ദി ട്ടോ.

Anonymous said...

മൂന്നു വട്ടം കഥ വായിച്ചു. ഓരോ വായനയ്ക്കും അഭിപ്രായം അടുത്ത പ്രാവശ്യം എന്നു മാറ്റി. വാസ്തവത്തില്‍ എന്തെഴുതണം എന്ന് എനിക്കറിയുന്നില്ലല്ലോ...നല്ലത് എന്നു പറഞ്ഞ് ഒറ്റവാക്കില്‍ ഒതുക്കാനാവുന്നില്ല, വിശകലനം നടത്തി കൊല്ലാനുമാവുന്നില്ല..അസംപ്തൃപ്തി കുഞ്ഞമ്മ, അര്‍ജുന പത്ത് - കടം കൊള്ളാന്‍ തോന്നുന്ന പ്രയോഗങ്ങള്‍.സിഗനല്‍ സാംപ്ലിംഗില്‍ നിന്നു ക്ലാസ്് മുറിയുടെ സാംപ്ലിംഗിലേക്ക്, സമൂഹത്തിന്റെ സാംപ്ലിംഗിലേക്ക് എത്ര സ്മൂത്തായ യാത്ര. ഈയടുത്തയിടയ്ക്ക് വായിച്ചിട്ടില്ല ഇത്രയും നല്ലൊരു കഥ.(anticipatory bail-yet to read echmu's recent stories) സന്തോഷം ഒരു വശത്ത്, വിങ്ങല്‍ മറുവശത്ത്...എല്ലാവരും കൈയ്യെത്തും ദൂരത്തുള്ള പരിചിതര്‍.

ശ്രീനാഥന്‍ said...

@കലാവല്ലഭൻ: ഇതിലൽ‌പ്പം എഞ്ജിനീയറിംഗ് ഒഴിവാക്കാൻ കഴിയാതെ വന്നു പോയി, എങ്കിലും താങ്കൾ വായിച്ചല്ലോ കുട്ടികളുടെ ഈ ലോകം, സന്തോഷം!
@പ്രയാൺ: ആത്യന്തികമായി കാലദേശഭേദങ്ങൾക്കതീതമാണ് ജീവിതത്തിന്റെ ക്ലാസ് മുറികൾ, വളരെ നന്ദി.
@ജ്യോ- വളരെ നന്ദി. നിരീക്ഷകപദവി തന്നതിന് പ്രത്യേകിച്ചും, ഒന്നിലും ഒരു ശ്രദ്ധയുമില്ല എന്നാണ് ഒരാൾ ഇവിടെ എന്നെക്കുറിച്ചു പറയാറ്!
@ഹംസ- ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ ഏറെ സ്ന്തോഷം.
@സ്മിത-നന്ദി,സന്തോഷം, സാഹിത്യം ആസ്വദിച്ചാൽ പോരേ, പഠിക്കണ്ടല്ലോ, അച്ഛനമ്മമാർക്ക് സ്തുതി പാടുക ( മനശ്ശാസ്ത്രം പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, അമ്മ സമ്മതിച്ചില്ല!)
എനിക്ക് ആ മൂന്നു പേര് ബെൽറ്റിൽ കിടന്നുറങ്ങിയത് ഏറെ ഇഷ്ടപ്പെട്ടു. (ഒരിക്കലും ഒപ്പമെത്താനാകാതെ സിങ്ക്റണസ് സ്പീഡിനെ എത്തിപ്പിടിക്കാൻ എന്നുമൊരു സ്ലിപ്പിൽ കിടന്നുഴറുന്ന ഇൻഡക്ഷ്ൻ മോട്ടറിന്റെ ജീവിത ദുരന്തം !)
@നിശാസുരഭി – സാരോല്യ, anyway language is to 'convey' people! പ്രശംസയുടെ മധുരം ഏറിയിരുന്നെങ്കിലും ആ കമെന്റ്‌ വല്ലാതെ സുഖിച്ചു പോയിരുന്നു.
@ മൈത്രേയി – ഈ ക്ലാസ് ഇഷ്ടപ്പെട്ടല്ലോ ഇത്രയൊക്കെ, എനിക്ക് നല്ല സ്ന്തോഷമായി. എനിക്ക് ഇതുപോലെ മറ്റൊന്നാവുമോ എന്നു സംശയമാണ്, പക്ഷേ, എച്ചുംകുട്ടി ഇതു പോലെ അസംഖ്യം കഥകളെഴുതും, കഥകൾ വിളഞ്ഞു കൊണ്ടേയിരിക്കുന്ന ജീവിതത്തിന്റെ ദുരിതഭൂമിയിലെ രാജകുമാരി.

ഞാന്‍ : Njan said...

നല്ല ഒരു കഥയ്ക്ക് നന്ദി!! മൈത്രെയിയുടെ ബസ്സില്‍ നിന്നാണ് ഇവിടെ എത്തിയത്!! ആശംസകള്‍!! (ഞാനും ഒരു പാലക്കാട്ടുകാരന്‍ ആണ് :))

Rare Rose said...

‘രാമൊഴി ഒരു റെഫറന്‍സ് ഇന്‍പുട്ടായി മാറുന്നുവോ എന്ന സംശയം’

‘ഒരിക്കലും ഒപ്പമെത്താനാകാതെ സിങ്ക്രണസ് സ്പീഡിനെ എത്തിപ്പിടിക്കാൻ എന്നുമൊരു സ്ലിപ്പിൽ കിടന്നുഴറുന്ന ഇൻഡക്ഷൻ മോട്ടറിന്റെ ജീവിത ദുരന്തം !’

മറു കമന്റ് വായിക്കാന്‍ വന്ന ഞാന്‍ ശരിക്കും അതിശയിച്ചു പോയി മാഷേ.മെഷീന്‍സിനെയും,കണ്ട്രോള്‍ സിസ്റ്റത്തിനെയുമൊക്കെ ജീവിതവുമായി എങ്ങനെയിത്രയും ഭംഗിയായി ചേര്‍ത്തു നിര്‍ത്തി പറയാന്‍ പറ്റുന്നു.!!
മാഷിനെപ്പോലെ, ആ ഒരു നിര്‍വ്വികാര യാന്ത്രിക ലോകത്തെ നോക്കിക്കാണാന്‍ പറ്റിയിരുന്നെങ്കില്‍ എത്രയോ രസകരമായേനെ ഇപ്പോഴത്തെ ഞങ്ങളുടെയൊക്കെ മുഷിപ്പന്‍ പഠനം.:)

ഹരീഷ് തൊടുപുഴ said...

ഹാ..
വെറയിറ്റിയായൊരു നിരീക്ഷണ കഥ !

റോസ് പറഞ്ഞപോലെ കുട്ടികളെ നന്നായി നിരീക്ഷിക്കാറുണ്ട് അല്ലേ..
പിന്നെ വന്ന വഴിയും ആരും മറക്കാറില്ലല്ലോ..

ആശംസകൾ..

chithrangada said...

ശ്രീമാഷേ,അസ്സലായി !പിടിച്ചിരുത്തി
അവസാനം വരെ .ഏറെ നന്നായി ....
ഒരു chethan bhagat സ്റ്റൈല് വന്നിട്ടുണ്ട് .
but more soulful,touching and emotional !
loved it.

ജൂണ്‍ said...

അയ്യോ ....മാഷേ....ഇതെന്റെ ക്ലാസ്സല്ലേ....?? ഈ സിഗ്നല്സും സിസ്റ്റംസും ഒക്കെ എത്ര പരിചിതം.......

Anonymous said...

പല വാക്കുകളെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ('തലയണ മന്ത്ര'ത്തില്‍ മാമുക്കോയ പറഞ്ഞ പോലെ, ഈ എന്ജിനീയറിംഗ് ഒന്നും പഠിക്കാത്തോണ്ടേ.. :) ) , മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെയായി ടെക്നോളജിയുടെ വസന്തം ആസ്വദിക്കുന്ന തലമുറയുടെ ക്ലാസ് റൂം മനസ്സിലേക്ക് ഓടിയെത്തി.

ചുള്ളിക്കാടിന്റെ കവിതകള്‍ ചൊല്ലി നടന്ന പഴയ ക്യാമ്പസ് ജീവിതത്തെ പറ്റി പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും ഒരു പതിനഞ്ചു വര്‍ഷം മുന്‍പേ ജനിച്ചാല്‍ മതിയാരുന്നു എന്നും തോന്നിയിട്ടുണ്ട്. പിന്നെ, സീറോ ബാലന്‍സില്‍ ATM ഉം മൊബൈല്‍ കമ്പനികളുടെ ആനുകൂല്യങ്ങളും ഓര്‍ക്കൂട്ടിലെ സൌഹൃദവും... പുതു തലമുറക്കും പഠനം ആഘോഷം തന്നെ.

ശ്രീനാഥന്‍ said...

@njaan- സന്തോഷം, കൊറിയയിലും പാലക്കാട്ടുകാരൻ കൂട്ടം കൂടണുണ്ടോ?
@റോസ്- വേണ്ടത്ര റ്റെക്നിക്കൽ ആപ്റ്റിറ്റൂഡില്ലാത്ത ഞാൻ ഒരു അതിജീവനതന്ത്രമായി പഠിക്കും മുതലേ യന്ത്രങ്ങളെ ഇങ്ങനെയൊക്കെ കാണാറുണ്ടായിരുന്നു, നമുക്കും ജീവിക്കണ്ടേ റോസ്? വീണ്ടും എത്തിയതിൽ സന്തോഷം.
@ജൂൺ- എന്തെന്നറിയില്ല, ജൂണിനെ കാണാഞ്ഞതെന്താ എന്നു വിചാരിച്ചിരുന്നു (അതോണ്ടെപ്പൊഴും ഓടിക്കിതച്ചു വരുകയൊന്നും വേണ്ടാട്ടോ, ജൂൺ ഈ ക്ലാസിൽ എവിടെയോ ഉണ്ടായിരുന്നു എന്നും ഞാൻ എഴുതാതെ വിട്ടെന്നുമുള്ള ഒരു തോന്നലുകൊണ്ടായിരിക്കാമിത്, അത്രമാത്രം) സന്തോഷം!
@ഹരീഷ്- ചിത്രമെടുക്കുന്ന താങ്കളാണ് കൂടുതൽ നല്ല നിരീക്ഷകൻ! സന്തോഷം!
@ചിത്ര- വളരെ സ്ന്തോഷം ചിത്ര, ഈ നല്ല വാക്കുകൾക്ക്
@അഞ്ജ്ജു- ഒരു തലമുറയിലേയും കുട്ടികൾ മോശക്കാരല്ല, ജീവിതവും ഇഷ്ടാനിഷ്ടങ്ങളും മാറി വരുന്നെന്നു മാത്രം, കഥ ഇഷ്ടപ്പെട്ടല്ലോ, സന്തോഷം!

pournami said...

മാഷേ അടിപൊളി

ക്ലാസ്സ്‌ റൂം മൊത്തം കഥയിലേക്ക്‌ വന്നു.എന്തായാലും കുട്ടികളെ ഇപ്പോഴും നീരിക്ഷിക്കുന്ന അധ്യാപകര്‍ ഉണ്ടല്ലോ

Anonymous said...

ശ്രീനാഥന്‍ മാഷേ കുറച്ച് സമയത്തേക്കെങ്കിലും പഞ്ചപുച്ഛം അടക്കി മാഷ്ടെ ക്ലാസിലിരുന്നു ഞാന്‍ .....ജീവിതത്തിലൊരിക്കലും ചെയ്യാത്തത്...നന്നായിട്ടുണ്ട് ട്ടോ

a.faisal said...

സര്‍ഗ്ഗം..! സാങ്കേതികം..!!
പാലക്കാടും, ഓലവക്കോടും,കല്പാത്തിയും കലര്‍ന്ന ക്ലാസ്സുമുറി..!

"ജീവിതത്തിന്റെ കർക്കശനിലങ്ങളിൽ വിളഞ്ഞു കടുത്ത പാലക്കാടൻ വിത്ത് ..!"
പ്രയോഗം ഏറെ ഇഷ്ടമായി..!

നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ അതു സത്യമാവില്ല...ക്ലാസ്സിക്...!

അംജിത് said...

പ്രിയപ്പെട്ട സാര്‍,
സാറിന്റെ പോസ്റ്റ്‌ സുന്ദരം..
കമന്റുകള്‍ക്കുള്ള മറുപടി അതിസുന്ദരം.
കാത്തിരിക്കുന്നു, ഇനിയുള്ള നിരീക്ഷണങ്ങള്‍ക്കായി, അവയുടെ മനോഹര വിവരണങ്ങള്‍ക്കായി

krishnakumar513 said...

ഒരു ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന പ്രതീതി,നന്ദി മാഷേ........

siya said...

ശ്രീമാഷേ ...മാഷ്‌ടെ ഓരോ പോസ്റ്റ്‌ വായിക്കുമ്പോള്‍ എന്താ ഇതിന്‌ കമന്റ്‌ ചെയ്യുന്നത് എന്ന് പോലും ഇപ്പോള്‍ കിട്ടുന്നില്ല ..........

ഒരു നിമിഷം മിണ്ടാതെ ഇതൊക്കെ വായിച്ചു കഴിയുമ്പോള്‍ എഴുതുവാന്‍ വന്നതും വിട്ടു പോകും ..മാഷേ ,വളരെ നല്ല പോസ്റ്റ്‌

Typist | എഴുത്തുകാരി said...

ഇഷ്ടായി മാഷെ റോബിന്റെ ക്ലാസ് റൂം. അതിലെ സാങ്കേതികപദങ്ങളൊന്നും വല്യ പിടികിട്ടിയില്ലെങ്കിലും.

സ്മിത മീനാക്ഷി said...

"ഒരിക്കലും ഒപ്പമെത്താനാകാതെ സിങ്ക്റണസ് സ്പീഡിനെ എത്തിപ്പിടിക്കാൻ എന്നുമൊരു സ്ലിപ്പിൽ കിടന്നുഴറുന്ന ഇൻഡക്ഷ്ൻ മോട്ടറിന്റെ ജീവിത ദുരന്തം !) '

ഈ പ്രയോഗത്തിന്റെ എഞ്ചിനീയറിംഗ് എത്ര ഗംഭീരം. ഗുരുദക്ഷിണ വച്ചു തൊഴുന്നു.

ശ്രീനാഥന്‍ said...

@പൌർണ്ണമി, സിയ , ക്രിഷ്, ശ്രീദേവി, ഫൈസൽ,അംജിത് – എല്ലാവർക്കും നന്ദി,വളരെ സന്തോഷം.
എഴുത്തുകാരി- ആദ്യായിട്ടാണ് എന്റെ ബ്ലോഗിലെന്നു തോന്നുന്നല്ലോ, സ്വാഗതം, നന്ദി,സ്നേഹാദരങ്ങൾ!
@സ്മിത- എനിക്ക് പൊക്കം കുറവാണ്, എങ്കിലും സന്തോഷം!
@ഫൈസൽ - പാലക്കാട് ഓർത്തു അല്ലേ, സന്തോഷം!
@സിയ- കൊച്ചു കൊച്ചു വിശേഷങ്ങൾ ഒന്നുമായില്ലേ?

Pranavam Ravikumar a.k.a. Kochuravi said...

Even I went back to my class days...!

Well said... My wishes!

Anonymous said...

deep thoughts.....great writing.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇടയ്ക്കിടയ്ക്ക് ഈ പോസ്റ്റ് വായിച്ചു തിരിച്ചു പോകാറുണ്ട്.എന്തെങ്കിലും കമന്‍റാന്‍ ഒരു പേടി..കാരണം ഒരു കലാലയത്തിന്‍റെ പടി പോലും കാണാത്തോനാണെ..പക്ഷെ ഇനി വയ്യ
മാഷെ ഒന്നിപ്പോള്‍ മനസ്സിലായി..ഒരു അദ്ധ്യാപകന് തന്‍റെ ശിഷ്യമനസ്സുകളിലേക്ക് ഇത്രയധികം ആഴത്തില്‍ ചെന്നെത്താന്‍ കഴിയുമെന്ന സത്യം..എത്ര അനുപമമായ ഉപമകള്‍..ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍.

വല്യമ്മായി said...

എന്റെ ഉമ്മയ്ക്കും മകള്‍ക്കുമിടയിലെ നെഗറ്റീവ് സൈക്കിള്‍ ആണെന്ന് പലപ്പോഴു എനിക്ക് തന്നെ ബോധ്യപ്പെട്ടത് കൊണ്ടാകാം അമ്മയെ കുറിച്ചുള്ള വാചകങ്ങളാണ് ഏറ്റവും ഇഷ്ടമായത്,പിന്നെ വേലായുധനേയും.

ഇതിനെക്കാള്‍ മനോഹരമായി ചിന്തയുടെ സിഗ്നലുകളിലൂടെ ജീവിതമെന്ന സിസ്റ്റത്തെ വരയ്ക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു.ആശംസകള്‍.

ഒറ്റയാന്‍ said...

"കുറച്ചു കണ്ട്രോള്‍ സിസ്ടവും ഡിജിറ്റല്‍ സിഗ്നല്‍ പ്രോസിസ്സിങ്ങും കൂടെ ആവാമായിരുന്നു "

വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇടാന്‍ വേണ്ടി ഞാന്‍ മനസ്സില്‍ കരുതിയ ക്മെന്റാണിത് .

പക്ഷെ വാക്കുകള്‍ കടന്നു പോന്നപ്പോള്‍ ഞാന്‍ പഠിച്ചു പോന്ന സമയത്ത് മനസ്സില്‍ ഉണ്ടായിരുന്ന പലതും ഞാന്‍ ഇവിടെ കണ്ടു . എന്നെയും ....

എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കാണുവാന്‍ ഇവിടെ ഞാന്‍ മാത്രമേ ഉള്ളൂ ...
എനിക്കിപ്പോഴും ആഗ്രഹം ഉണ്ട് , വെറുതെ രണ്ടു ബുക്കുകളും കയ്യില്‍ പിടിച്ചു കൊണ്ട് ആ പടികള്‍ ഒന്ന് കൂടി കയറുവാന്‍

sreee said...

ക്ലാസ്സ്‌ റൂം കണ്ടു . പരിചയപ്പെട്ടതെല്ലാം പരിചയമുള്ള മുഖങ്ങള്‍ പോലെ

ശ്രീനാഥന്‍ said...

പ്രണവം,
പ്രിയദർശിനി,
ശ്രീശ്രീ.
വളരെ സന്തോഷം, നന്ദി വായിച്ചതിനും അഭിപ്രായത്തിനും.
ആറങ്ങോട്ടുകര-സന്തോഷം, താങ്കളുടെ ഈ അഭിപ്രായത്തെ ഞാൻ ഏറെ വിലമതിക്കുന്നു.
വല്യമ്മായി- വളരെ സന്തോഷമായി എനിക്ക്, അമ്മായി, ഏറെക്കാലത്തിനുശേഷം ഈ വഴി വന്നതിന്, ആ അമ്മയെക്കണ്ടതിനു പ്രത്യേകം നന്ദി, എനിക്ക് ആദരമുള്ള ചില സ്ത്രീകളുടെ ജീവിതമുണ്ട് ആ കഥാപാത്രത്തിൽ!
ഒറ്റയാൻ - വളരെ നന്ദി ഈ അഭിപ്രായത്തിന്, കൊണ്ടു പോകൂ എന്നെയാ ക്ലാസ് മുറിയിൽ എന്ന് നാടകഗാനത്തിന്റെ ചേലുക്ക് ചിലർക്ക് അനുഭവപ്പെടുന്നതിൽ ചാരിതാർത്ഥ്യമുണ്ട്!

Sreedevi said...

വീണ്ടും ഒരു കുട്ടിയായി..ക്ലാസ്സ്‌ മുറിയിലിരുന്നു.പഠിപ്പിക്കാന്‍ വന്നത് ഒരിക്കലും കണ്ടിട്ടില്ലാത്ത ശ്രീനാഥന്‍ മാഷ്‌ ആയിരുന്നു :)

കഥ മനോഹരമായി..റോബിന്റെ കണ്ണിലൂടെ എല്ലാവരെയും കണ്ടു..

ഹാപ്പി ബാച്ചിലേഴ്സ് said...

Thrilled!!
അതാണ് ആദ്യം വന്നത്.
ഓ. superb . ഇതൊക്കെ ആലോചിച്ചു കൊണ്ടിരിക്കുന്ന റോബിന്റെ അവസ്ഥ?? ഹഹ.
മാഷേ എന്ന് വിളിക്കുന്നില്ല, വല്ല ചോദ്യവും ഇങ്ങോടു ചോദിച്ചാലോ..
ശ്രീനാഥ്ഏട്ടാ, എന്താ ഇതിനെ കുറിച്ച് പറയേണ്ടത്. വായിച്ചു കൊണ്ടിരിന്നപ്പോ ഇത് കമന്റ്‌ണം, അത് കമന്റ്‌ണം എന്നൊക്കെ കരുതിയതാ.
എല്ലാം മറന്നു. ചില പ്രയോഗങ്ങള്‍ എച്മു പറഞ്ഞപോലെ അസാധ്യവും കടമെടുക്കാന്‍ തോന്നുന്നതും(കടമെടുക്കാന്‍ ഇമ്മാതിരി പോസ്റ്റ്‌ ജന്മത്ത് എഴുതില്ല. :-)).
വായിച്ചില്ലെങ്കില്‍ മിസ്സ്‌ ആയി പോയേനെ. ഇങ്ങനെ എത്രയെത്ര വ്യത്യസ്ത കാരക്ടറുകള്‍ അല്ലേ? സസൂക്ഷ്മം നിരീക്ഷിച്ചു എഴുതി ഫലിപ്പിച്ചു. മാഷേ ഒരായിരം അഭിനന്ദനങ്ങള്‍.

ഫിസിക്സ്‌ ഇഷ്ട വിഷയമായിരുന്നു,10th വരെ. (ആസ്ട്രോ)
പിന്നെ എങ്ങനെയൊക്കെയോ പോയി പോയി ഇപ്പൊ ഒരു കുന്ത്രാണ്ടത്തിന്റെ മുമ്പിലാ 24hrs .
ഊണും ഉറക്കവും കുളിയും എല്ലാം.. ഹഹ. അതും ഫിസിക്സ്‌-ന്റെ ഒരു പ്രോഡക്റ്റ് തന്നെ.ബാബേജ്‌ അച്ചായന്റെ........

ഹാപ്പി ബാച്ചിലേഴ്സ് said...

മനു ശ്രീനാഥ് ആരാ മാഷേ?
ഹഹാ... കമന്ടിനിടയിലൂടെ പരതിയപ്പോള്‍ കണ്ടതാ...
കൊള്ളാം കമന്റും, അതിനുള്ള മറുപടിയും

vasanthalathika said...

കഥ നന്നായി.ക്ലാസ് മുറിയിലെ മനോരാജ്യങ്ങള്‍,സന്ദേഹങ്ങള്‍.
..വിദ്യാര്‍ഥി ജീവിതം അത്ര [പാടി്ഘോഷിക്കുന്നതുപോലെ] പരമരസകരമല്ല.
പിന്നെ...വസന്തലതിക വീണ്ടും പൂക്കാന്‍ തുടങ്ങുന്നു..

gopakumar said...

Sarde shishyanakan kazhinjathil kurachu Ahamkarathode Abhimanikkunnu...;)..(NSS le mattu departmentile aarkkum ee bhagyam undennu thonunnilla...I&C yude swakarya ahamkaramannu sir.)

Bhavukangalode,
Gopakumar

kake said...

It was interesting and nostalgic to see my favorite subject as a blog title.

വെഞ്ഞാറന്‍ said...

പഴയകാലങ്ങളെന്നിൽ.....

ഉമേഷ്‌ പിലിക്കൊട് said...

എഴുത്തിനു ആശംസകള്‍

ഒരൊറ്റ ചില്ലക്ഷരം പോലും കാണുന്നില്ല പകരം ഒരു സിമ്പല്‍ (ൽ) മാത്രം ഉണ്ട് ബ്രൌസര്‍ ന്റെ പ്രശ്നം ആയിരിക്കും (but using ubuntu )അതുകൊണ്ട് ഒരു സുഖം കിട്ടിയില്ല വായനയ്ക്ക് !!

കല|kala said...

സ്വന്തമായ ശൈലി കൊണ്ടു കാട്ടി തന്ന വ്യത്യസ്ത ക്യാമ്പസ് ജീവിത സാഹിത്യം .

നല്ലതു ശ്രീനാഥേ..

ശ്രീനാഥന്‍ said...

വസന്തലതിക- തിരിച്ചെത്തിയല്ലോ, സന്തോഷം! പൂത്തുലയുക വസന്തമായി.
ഗോപകുമാർ, കാക്കെ, വെഞ്ഞാറൻ- സന്തോഷം, നന്ദി.
ഉമേഷ്- browser language settings പ്രശ്നമായിരിക്കും! പരിഹരിക്കുമല്ലോ
കല- ഏറെ സന്തോഷം കലാകാരി!

എന്‍.ബി.സുരേഷ് said...
This comment has been removed by the author.
എന്‍.ബി.സുരേഷ് said...
This comment has been removed by the author.
എന്‍.ബി.സുരേഷ് said...

സാങ്കേതികതയെ സർഗ്ഗാത്മകമാക്കുക,സർഗ്ഗാത്മകതയെ സാങ്കേതികമാക്കുക. അതാണല്ലോ മാഷ് കഥയിൽ ചെയ്തിരിക്കുന്നത്.

ക്ലാസ്സിലേക്ക് ജീവിതം കൊണ്ടുവരിക.
ക്ലാസ്സിനെ ജീവിതത്തിലേക്ക് കൊണ്ടുപോവുക എന്ന കാര്യം റോബിൻ ചെയ്യുന്ന പോലെ.

എനിക്ക് പെട്ടന്ന് പട്ടത്തുവിളയുടെ നട്ടെല്ലികളുടെ ജീവിതം എന്ന കഥ ഓർമ്മ വരുന്നു. രാഷ്ട്രീയവും പ്രണയവും ലബോറട്ടറിയുമൊക്കെ ബ്ലെൻഡ് ചെയ്യുന്ന ആ കഥ മാഷ് ഓർമ്മിക്കുന്നുണ്ടാവുമെന്ന് കരുതുന്നു.

ഇത്തരം എഴുത്ത് കഠിനമായ ഒരു ശ്രമമാണ്.

എന്നെപ്പോലെ ഇത്തരം സാങ്കേതികത അറിയാത്തവർ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യും?
സർഗ്ഗാത്മകത ഇല്ലാത്ത അദ്ധ്യാപകർ ഇതെങ്ങനെ എഴുതും?

ഇവിടെ രണ്ടും ഒന്നിച്ചു വന്നിരിക്കുന്നു.

മേതിലിന്റെ ഡിലൈല, ശൈലജയും ലാറസ് പക്ഷികളും തുടങ്ങി എത്രയോ കഥകൾ ഓർമ്മ വരുന്നു.

റോബിനിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ ഓർമ്മകളും മറവികളും ഭൂതവും വർത്തമാനവും ഭാവിയും അമ്മയും അവനും ജീവിതത്തിന്റെ പല കാലങ്ങളും അവന്റെ പരിചിതവൃത്ത്ത്തിലൂടെ പരിചിത പദങ്ങളിലൂടെ കടന്നുപോകുന്നു.

ഒരു കൊളാഷ് പോലെ എല്ലാം ഒരു പ്രതലത്തിൽ കൂടിച്ചേരുന്നു. ചേരില്ല എന്നു കരുതുന്ന എല്ലാം.

പഴയ കാമ്പസ്സും പുതിയ കാമ്പസ്സും
പഴയ രാഷ്ട്രീയവും പുതിയ അരാഷ്ട്രീയവും
ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിചാരപ്പെടുമ്പോൾ ഭാഷ ഇതാവനേ തരമുള്ളൂ .
എങ്കിലും ഈ ലോകം പരിചിതമല്ലാത്തവർക്ക് അലോസരമുണ്ടാവും. പക്ഷേ കഥയുടെ ഗംഭീരമായ മനസ്സും ക്രാഫ്റ്റും അതിനെ മറികടക്കാൻ സഹായിക്കുന്നുണ്ട്.

ഈ വർഷം ഞാൻ വായിച്ച മികച്ച കഥകളിലൊന്നാണ് എന്നാണ് ഞാൻ പറയുക.(ബ്ലോഗ്ഗിൽ എന്നല്ല) അശോകൻ ചരുവിലിന്റെ ആമസോൺ ആണ് മറ്റൊരു കഥ.

തീർച്ചയായും ഇത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടേണ്ടതാണ്.

ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ മനസ്സിൽ കൂടെ കയറിയിറങ്ങുന്നു എന്നത് നമ്മുടെ സങ്കുചിതരായ അദ്ധ്യാപകർ കാണേണ്ടതാണ്. തന്റ്റെ കണ്ണിലൂടെ വിദ്യാർത്ഥികളെ കാണുന്നവർക്കിടയിൽ അതൊരു ആശ്വാസമല്ലേ മാഷേ...?

ശ്രീനാഥന്‍ said...

@സുരേഷ്-വിശദമായൊരു വായനക്ക് ആസ്വാദനത്തിന് അനുമോദനത്തിന് നന്ദി. ഏറെക്കാലം മനസ്സിൽ കൊണ്ടു നടന്നാണ് വളരെ വളരെ കുറച്ചു മാത്രം എഴുതിയിട്ടുള്ള ഞാൻ ഇത് എഴുതാൻ തുനിഞ്ഞത്. സത്യത്തിൽ ക്ലാസിനെ ചുറ്റിപ്പറ്റി ഒരു രസം പറച്ചിലായി തുടങ്ങിയതാണ്, ഒരു കരച്ചിലിൽ ചെന്ന് ഇത് അവസാനിച്ചെങ്കിലും സ്ങ്കേതികത താങ്കൾ തന്നെ പറഞ്ഞ പോലെ റോബിന്റെ മനസ്സിൽ ജീവിതവുമായി കെട്ടു പിണഞ്ഞ് കിടക്കുന്നതു കൊണ്ട് ഒഴിവാക്കാനായില്ല. പട്ടത്തു വിളയുടെ കഥ വായിച്ചിട്ടുണ്ട്, ഒറ്റയ്ക്ക് നിന്നയാളാണ് പട്ടത്തു വിള. വളരെ നന്ദി.

moideen angadimugar said...

കഥ ഇഷ്ടമായി സാർ, നന്നായി അവതരണം.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good story

pournami said...

Happy new year mashey

മുകിൽ said...

നല്ല അവതരണം. ബാൻഡ് വിഡ്തൊക്കെ ഷാർപ്പ്..
നന്നായി.

സ്നേഹത്തോടെ,
പൂതുവത്സരാശംസകൾ.

ശ്രീനാഥന്‍ said...

@moythIn,pradeep,paurnami,mukil-വളരെ സന്തോഷം! എല്ലാർക്കുമെന്റെ പുതുവത്സരാശംസകൾ!

കല്‍ക്കി. said...

sree,
while reading this beautifully written post , I was wandering through the past, we spent in the campus together.
sree ,
I was wondering what happend to you.
Where gone the poet in you?
Now I find it in this post.
For you , there is no wayout from this- you are back in the track.
you must continue.....

ചെമ്മരന്‍ said...

Nannayi

www.chemmaran.blogspot.com

Anonymous said...

classroom comedy superbbbb....i am from mundur panchayath...

ശ്രീനാഥന്‍ said...

അമ്പിയണ്ണാ, വളരെ സന്തോഷം, അണ്ണനും തുടങ്ങൊരു ബ്ലോഗ്, നമ്മുടെ പഴയ ചെറിയ കഥകൾ ഞാൻ മറന്നിട്ടില്ല.
ചെമ്മരൻ- സന്തോഷം, നന്ദി!
മഞ്ഞുതുള്ളീ – മുണ്ടൂരുകാരീ, വളരെ സന്തോഷം. കൃഷ്ണങ്കട്ടിമാഷ്ടെ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്, സേതു മാഷും എന്റെ സുഹൃത്താണ്.

നിരഞ്ജന്‍.ടി.ജി said...

അതേയ്,
ഇതിനു മുമ്പ് വന്നു വായിച്ചപ്പോ മലയാളത്തില്‍ കമന്റ്‌ ഇടാനുള്ള വിദ്യ ഉണ്ടായിരുന്നില്ല..അപ്പൊ മിണ്ടാതെ പോയതാണ്..
എനിക്കാ ഐ.സി. ബ്ലോക്കിന്റെ അപ്പുറത്തെ മതിലില്‍ 1985 ലെ ഒരു രാത്രിയില്‍ അജിത്‌ സഖറിയയും അജിത്‌ ബിയും ഷിജുവുമോക്കെയായി വന്നിരുന്നു കാറ്റു കൊണ്ട പ്രതീതി..
എന്തൊക്കെ ആലോചിക്കണം അല്ലെ ഒരു മാഷ്ക്ക്..
ഇങ്ങനെ ഒരു എഴുത്ത് നമുക്ക് വേറെ ഇല്ല ..
velayudhan is haunting..

pournami said...

sreemashey ithavana post vayichille?

കണ്ണൂരാന്‍ / K@nnooraan said...

ഇത്രേം മനോഹരമായി ക്ലാസെടുത്ത സാറിന് തന്നെ ഇരിക്കട്ടെ അഭിനന്ദങ്ങള്‍. കണ്ണൂരാന്റെ പുതിയ പോസ്റ്റും പഴയൊരു ക്ലാസ്റൂം തന്നെ.

ശ്രീനാഥന്‍ said...

നിരഞ്ജൻ-വളരെ സന്തോഷം, കടലിൽ മുത്തു വാരാൻ പോയവനേ! പൌർണ്ണമീ - പോസ്റ്റ് കണ്ടു കെട്ടോ. കണ്ണൂരാൻ-നന്ദി, ആ ക്ലാസു മുറിയും കണ്ടു.

പഞ്ചാരക്കുട്ടന്‍ said...

സാറിന്റെ ക്ലാസ്സില്‍ തന്നെ നടക്കുന്നത് ആണോ ഇതൊക്കെ എന്തായാലും സംഭവം കിടിലന്‍

കുസുമം ആര്‍ പുന്നപ്ര said...

മാഷേ പുതിയതിടാന്‍ സമയമായി

ശ്രീനാഥന്‍ said...

പഞ്ചാരക്കുട്ട്ൻ - വളരെ സന്തോഷം! @കുസുമം- എന്തു ചെയ്യാനാണ്, എനിക്ക് എഴുത്ത് വളരെ ബുദ്ധിമുട്ടുള്ള ഒരു പരിപാടിയാണ്, അതു കൊണ്ടാണ് താമസം, ഏതായാലും ഉടൻ പ്രതീക്ഷിപ്പിൻ!

Diya Kannan said...

അയ്യോ..ഇത്രയും കൃത്യമായി ഞങ്ങളെ മന്സ്സിലക്കിയിരുന്നോ ഞങ്ങളുടെ അധ്യാപകര്‍?
മാഷിന്റെ ഈ പോസ്റ്റ്‌ എന്നെ നാലു വര്ഷം പിന്നിലേക്ക്‌ നടത്തി എന്റെ എഞ്ചിനീയറിംഗ് ക്ലാസ്സിലെ എല്ലാവരെയും ഓര്‍മിപ്പിച്ചു. റൊസാരിയോയും ശിവകാമിയും രണ്ജിനിയുമൊക്കെ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു. മ്യുപിയും കണ്ട്രോള്‍ സിസ്റെംസ്- നോടുമൊക്കെ ഒരു പ്രത്യേക സ്നേഹം ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍. നോസ്ടാല്ജിയ.

വളരെ നല്ല പോസ്റ്റ്‌ മാഷെ. ഒത്തിരി നന്ദി.

Sukanya said...

ഓരോ കഥാപാത്രങ്ങളും അവരുടെ സ്വഭാവ വിശേഷങ്ങളും പറഞ്ഞ രീതിയും എല്ലാം നന്നായിട്ടുണ്ട്.
ശ്രീ പറഞ്ഞപോലെ നമ്മുടെ പഠനകാലം ഓര്‍മിപ്പിച്ചു.

അംജിത് said...

ഓരോന്ന് പുതിയതായിട്ട് പോസ്റ്റ്‌ ചെയ്യുമ്പോഴും ഞാന്‍ സാറിനെ പ്രതീക്ഷിക്കും, സാറിന്റെ കമന്റ്‌ വായിക്കാന്‍ കാത്തിരിക്കും.
പക്ഷെ അന്ന് വന്നതല്ലാതെ സാറ് പിന്നെ വന്നതേ ഇല്ല.
ഇതെങ്ങനെയാ പറയ്യാ, പറഞ്ഞാല്‍ മോശമാവില്ലേ എന്നൊക്കെ കരുതി ഞാനും ക്ഷണിച്ചില്ല.
ഇത്തവണ എല്ലാ ഫോര്‍മാലിടിയും ഒഴിവാക്കി ഞാന്‍ ക്ഷണിക്കുന്നു.

സുലേഖ said...

സാങ്കേതിക പദങ്ങളുടെ കുത്തൊഴുക്കിലും കഥ മിഴിവ് കാട്ടുന്നു.koduthal enthenkilum parayan ariyilla.mikachath ennu matram paranju nirthaam

*സൂര്യകണം..|രവി said...

സാങ്കേതിക പദാവലിയില്‍ പലതും മനസ്സിലായില്ലെങ്കിലും കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാവുന്ന പോലെയുണ്ട്.

മികച്ച ഒരു കഥ, മനോഹരമായ എഴുത്ത് വായിച്ച സംതൃപ്തിയോടെ..
സസ്നേഹം.

പകല്‍കിനാവന്‍ | daYdreaMer said...

mikachathu , vethyastham

എന്‍.ബി.സുരേഷ് said...

മാഷേ ഇതെവിടെയാണ്. ബ്ലോഗ് മീറ്റിന്റെ കാര്യമൊക്കെ അറിഞ്ഞില്ലേ? ഒരു സ്മരണിക തയ്യാറാക്കുന്നു. അതിൽ സിഗ്നത്സ് ഞാൻ എടുക്കുകയാണ്.

MyDreams said...

ചില വാക്കുകള്‍ അങ്ങോട്ട മനസിലായില്ല എങ്കിലും ശരിക്കും ആസ്വദിച്ചു വായിച്ചു ....

ക്ലാസില്‍ റൂമില്‍ എത്തിയ അതെ സുഖം ....ഒന്ന് കൂടി ക്ലാസില്‍ റൂമില്‍ പോയത് പോലെ
മാഷെ ....അങ്ങ് ഇപ്പോഴും ക്ലാസില്‍ റൂമിലാണ് അല്ലെ
അസൂയ അസൂയ !!

ഒരികല്‍ M N വിജയന്‍ മാഷ് പറഞ്ഞു :കാമ്പസില്‍ നിന്ന് പുറത്തു പോകുന്നവര്‍ മരിച്ചവരുടെ ലോകത്താണ് എന്ന് ..അത് കൊണ്ട് തന്നെ ഞാനും മരിച്ചിരിക്കുന്നു
ഇത് പോലെ ഇടയ്ക്കു ഇടക്ക് ഒക്കെ ജീവിക്കുന്നു

ശ്രീനാഥന്‍ said...

divya,sukanya,sulekha,daydreamer,mydreams-thanks a lot!

priyag said...

നന്ദി സര്‍

kARNOr(കാര്‍ന്നോര്) said...

അഭിനന്ദനങ്ങള്‍.

Vishnu said...

ഇതു വായിച്ചു കൊണ്ടിരുന്ന പത്തു മിനിട്ട് നേരം ഞാനും ഒരു ക്ലാസ്സ് റൂമിലായിരുന്നു...