Sunday, November 28, 2010

സിഗ്നത്സ് ആന്റ് സിസ്റ്റംസ്

റോബിൻ അസ്വസ്ഥനായി. സൂത്രത്തിൽ വാച്ചിലേക്ക്‌ പാളി നോക്കി. ഇനി ഇരുപത്തിയഞ്ച് മിനുട്ടു കൂടി. ഇയാൾ എന്തൊക്കെയാണു പുലമ്പുന്നത്? ക്ലാസു് കട്ടു ചെയ്യാനും നിവൃത്തിയില്ല. അറ്റന്റെൻസോ മാർക്കോ കുറഞ്ഞാൽ, പേരൻസ് ഇയാളുടെ മൊബൈലിൽ വിളിക്കണമെന്നാണ് നിയമം. കഴിഞ്ഞകുറി ടെസ്റ്റിനു മാർക്കു കുറഞ്ഞപ്പോൾ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദർശിച്ചതാണ്. അമ്മ- സ്വയം നിർത്താതെ സംസാരിച്ചുകൊണ്ട്, തെരുതെരെ പണിചെയ്ത്‌ തീർത്ത് ഒരു അസംതൃപ്തിക്കുഞ്ഞമ്മയായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയിൽ ഇമ്പൾസുകൾ പോലെ ഉയരുന്ന ശാപവാക്കുകൾ. അല്ല, ആരാണ് അമ്മയുടെ ഫൂറിയർ സ്പെക്ട്രത്തിൽ സ്നേഹത്തിന്റെ അനന്ത ഫ്രീക്വൻസികൾ കണ്ടെത്തിയത്‌?

റോബിൻ വീണ്ടും ക്ലാസ് സാമ്പ്ൾ ചെയ്യാൻ തുടങ്ങി. ഇയാളുടെ ക്ലാസ് ഫെയ്ത്ഫുളായി റീകൺസ്ട്രക്റ്റു ചെയ്യാൻ ഏത് ഇടവേളകളിൽ സാമ്പ്ൾ ചെയ്യണം ഷാനൻ? അഞ്ച് മിനുട്ടിന്റെ ഇടവേളകളിൽ രണ്ട് മിനുട്ട് തുടർച്ചയായി..?

അമ്മ മനസ്സിൽ നിന്നു പോകുന്നില്ല. ആരാണ് നോൺ കോസൽ സിസ്റ്റംസ് പ്രാക്ടിക്കലല്ലെന്നു പറഞ്ഞത്? റോബിന് ചിരി വന്നു. ഭൂത-വർത്തമാനകാല സാമ്പിളുകൾ ഉപേക്ഷിച്ച്, ഭാവിയുടെ ഇൻപുട്ടുകൾ മാത്രം പ്രോസസ് ചെയ്യുകയാണമ്മ. അഛന്റെ നിർബന്ധത്തിനു വഴങ്ങി എൻട്രൻസ് എഴുതിയ കവിതക്കമ്പക്കാരനായ റോബിൻ എഞ്ജിനീയറാകുന്നത്, എൻട്രൻസിന്റെ മഹത്തായ മൂന്നാം പാനിപ്പറ്റിനിറങ്ങുന്ന സബിത ഡോക്ടറാകുന്നത്- എ കംപ്ലീറ്റ് നോൺ കോസൽ സിസ്റ്റെം, യെറ്റ് സൊ റിയൽ റ്റൈം വൺ.

എന്തോ പതിയെ തിരിയുന്ന ശബ്ദം, ചെറിയൊരു മിന്നായം. മനീജ മൊബൈൽ ക്ലിക്കു ചെയ്തതായിരിക്കും. മനീജ ഒരു ഓർക്കുട്ടിയാകുന്നു. സാർ ക്ലാസെടുക്കുന്ന ചിത്രം ഇന്നു രാത്രി ഇന്റെർനെറ്റിൽ പ്രദർശനം ആരംഭിക്കും.

സന്തോഷ് ഡെസ്ക്കിൽ ദാരുശില്പരചനയിലാണ്. ഇത്തവണത്തെ ഫൈനാട്സ് ഫെസ്റ്റിവലിന് അവനെ മത്സരിപ്പിക്കണം.

വേലായുധന്റെ ശ്രദ്ധ മുഴുവൻ അധ്യാപകനിലാണ്, റോബിൻ കണ്ടു. നന്നെ കഷ്ടപ്പെട്ടു പഠിക്കുന്ന വേലായുധൻ ഉറങ്ങുന്നതു പോലും മുണ്ടൂരിലെ ഒരു ട്യൂഷൻ സെന്ററിലാണ്. ട്യൂഷൻ എടുത്തു കിട്ടുന്നതു കൊണ്ടു വേണം അവനു ഫീസടയ്ക്കാൻ. (അങ്ങിനെ പലരുമുണ്ട് ഈ കോളെജിൽ. ജാവെദ് അലിയുടെ അടിപൊളിപ്പാട്ടിനു മുമ്പിൽ നിന്നു ഉറഞ്ഞു തുള്ളിയ ജലജയുടെ അമ്മ നിത്യവും മുറ്റം തൂക്കാൻ എത്തുന്നത് റോബിന്റെ അയല്പക്കത്താണ്.) വേലായുധൻ ജീവിതത്തിന്റെ കർക്കശനിലങ്ങളിൽ വിളഞ്ഞു കടുത്ത പാലക്കാടൻ വിത്താണ്. ഒരു ഡായ് മച്ചൂ വിളിക്കും പിന്തിരിപ്പിക്കാനാവാത്ത മരണസ്റ്റെബിലിറ്റി--അബ്സൊലൂട്ട്ലി സമ്മബ്ൾ. ജയിലും ഒളിവുജീവിതവും തന്ന നരകയാതനകളുടെ ബാക്കിപത്രവുമായി കിടക്കയിൽ കിടന്നുകൊണ്ട് ഇന്ത്യൻ ബൂർഷ്വാസി കോമ്പ്രദോറാണോ എന്ന് ഇന്നും പരിശോധിച്ചു കൊണ്ടിരിക്കുന്ന ഒരച്ഛന്റെ മകൻ. (ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടൊ കേരളത്തിൽ മനുഷ്യര് എന്നാവും നമ്മൾ വിചാരിക്കുക. മൂപ്പര്ക്ക് അദ് ആവാലോ, വേറെന്താ പണീ… എന്നാണ് വേലായുധൻ.) വേലായുധന് സോഷ്യലിസ്റ്റു സ്വപ്നങ്ങളില്ല, വേലായുധന് ക്യാപ്പിറ്റലിസ്റ്റ് സ്വപ്നങ്ങളുമില്ല, വേലായുധൻ സമൂഹത്തിനു ഓർത്തോഗണലായി നിന്നു കൊണ്ട് സ്വന്തം ഡൊമൈൻ സൃഷ്ടിക്കുന്നു.

റോബിൻ വീണ്ടും ക്ലാസ്സ് സാമ്പിൾ ചെയ്യാൻ തുടങ്ങി. ബ്ലാക്ക്ബോർഡിൽ സിങ്ക് ഫങ്ഷന്റെ സഹസ്രകമലദലങ്ങൾ വിടർന്നു. സിഗ്നലിലൂടെ തെന്നിതെന്നി കൺവൊലൂട്ട് ചെയ്തു ഒഴുകി നീങ്ങുന്ന ഇമ്പൾസ് റെസ്പോൺസുകൾ. എഞ്ജിനീയറിങ്ങിൽ കവിതയുണ്ടെന്നു തോന്നീ റോബിന്.

ഹർഷൻ നല്ല ഉറക്കം. ഇവനെന്താ രാത്രി കോഴിയെ പിടിക്കാൻ പോയിരുന്നോ? ഒരു വേള രാത്രിയാഘോഷത്തിന്റെ ഹങ്ങോവർ ആയിരിക്കാം. എന്തായാലും ആധുനിക മൊബൈൽ സാങ്കേതിക വിദ്യയിൽ നിഷ്ണാതനായ ഹർഷന് ക്ലാസു ശ്രദ്ധിക്കേണ്ട കാര്യമില്ല. ചോദ്യങ്ങൾ ഇമേജുകളായി പരീക്ഷാഹാളിന് പുറത്തേക്ക്, ഉത്തരങ്ങൾ ഇമേജുകളായി അകത്തേക്കും. ഒരു തുണ്ടു പോലും കരുതേണ്ട.

രാജീവിന്റെ മുഖത്ത് ഒന്നാം റാങ്കുകാരന്റെ ചിരസ്ഥായിയായ പരമപുച്ഛം. ക്യാമ്പസ് ഇന്റെർവ്യു ഒക്കെ വരാനിരിക്കുന്നതേയുള്ളു. എങ്കിലും ഇൻഫൊസിസിലേക്കോ മറ്റോ ഇപ്പൊഴേ കെട്ടിയെടുത്ത മട്ടാണവന്. ഡെസ്കിൽ താളമടിച്ചൊക്കെയുള്ള ആ ഇരിപ്പു നോക്ക്. എല്ലാ റാങ്കുകാരെയും തല്ലിക്കൊല്ലണം. (പണ്ടേ റോബിന് ഈ വംശത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, റോബിനും കൂട്ടുകാരും ചേർന്ന് ക്ലാസിലെ ഒന്നാം റാങ്കുകാരി കമലാബായി എന്ന അഹങ്കാരിയെ കൊല്ലാൻ പദ്ധതിയിടുകയും, അതിനുവേണ്ടി, സ്കൂൾ വാർഷികത്തിന് അതിഥിയായി എത്തിയ ജില്ലാകലക്റ്ററോട് തോക്കിനുള്ള ലൈസൻസ് ചോദിക്കണമെന്ന് വിചാരിച്ചതും ആണ്. പക്ഷെ, തദവസരത്തിൽ സന്നിഹിതയായിരുന്ന റോബിന്റെ അമ്മ അതു മോശമാണ് എന്ന് പറഞ്ഞ് വിലക്കിയതു കൊണ്ടു മാത്രം നടക്കാതെ പോയി.)

രഞ്ജിനിയുടെ മുഖത്ത് കഥകളി. അധ്യാപകൻ ബോർഡിലേക്ക് തിരിഞ്ഞിരിക്കയാണ്. ഇത് അവളുടെ സ്ഥിരം കലാപരിപാടി ആകുന്നു. മേക്കിങ് ഫേസസ്. സാർ ബോർഡിലേക്ക് തിരിയണം എന്നു മാത്രം. ചിരിച്ചവന് മാഷ് സെഷണൽ മാർക്കിൽ പണി തരും, രഞ്ജിനി ഒരു അയ്യോ പാവം.

ഛേ! എന്താണിത്? റോബിൻ മനസ്സിനെ ശാസിച്ചു. സർവ്വശക്തിയുമുപയോഗിച്ച് ക്ലാസ് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. മനസ്സിന്റെ എല്ലാ പോളുകളും യൂണിറ്റ് സർക്കിളിനകത്തേക്ക്. പോൾ ഫേസർ റേഡിയസ് 0.9999. ബാന്റ് വിഡ്ത് ഷാർപ്പാകട്ടെ.

അപൂർവമായ ഒരു നല്ല മൂഡിൽ, പഴയ ക്യാമ്പസിനെക്കുറിച്ച് അമ്മ പറഞ്ഞത് റോബിൻ ഓർത്തുപോയി. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമഹോത്സവങ്ങൾ, ചിലങ്കകൾ, സ്വരരാഗ സന്ധ്യകൾ, ഉണ്ണിസത്താറും നന്ദജനും പ്രകാശ്ബാരെയും എല്ലാം നിറഞ്ഞു നിന്ന കലിഗുല പോലുള്ള നാടകങ്ങൾ. രെജിസ് ദെബ്രെയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട്, ഇതുതന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ദക്ഷിണാർധത്തിൽ ഷോപ്പനൊവർ പറഞ്ഞതും എന്നു ക്യാന്റീനിലെ ഡെസ്കിൽ ആഞ്ഞടിച്ച അമ്മയുടെ ബാച്ചിലെ സജിത് ടി. അവരുടെ ബാച്ച് പുറത്തിറങ്ങിയതിന്റെ രജതജൂബിലിക്ക് മലമ്പുഴയിൽ ഒത്തു ചേർന്നപ്പോൾ, തന്നെ തേടിപ്പിടിച്ച് ഷിവസ് റീഗലിന്റെ നേർത്തഗന്ധത്തിൽ ചേർത്തുനിർത്തി വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചൊക്കെ സജിത് വാത്സല്യപൂർവ്വം തിരക്കിയത് റോബിൻ ഓർത്തു. ഇന്ന് കൊക്കക്കോളയുടെ ഏഷ്യ-പസിഫിക് മേഖലയുടെ സിസ്റ്റെംസ് അഡ്മിനിസ്റ്റേറ്ററായ സജിത് അന്ന് അമ്മക്ക് ആരായിരുന്നിരിക്കാം?

‘ഇ-ഫോർ’, ‘സി-ഫൈവ് ’ - റോയി സിസിലിയൻ ഡിഫെൻസിനുള്ള പുറപ്പാടാണ്. റോബിന്റെ തൊട്ടയൽക്കാരായ റോയിയും ജയരാജനും ഇമാജിനറി ബോർഡിൽ ചെസ് കളിക്കുകയാണ്. ആരാണിവർക്ക് ചെസ്സിൽ കൈവിഷം കൊടുത്തത്? കൈവിഷം പലതിലുമാകാം, സസുഖം ഉറക്കം തൂങ്ങുന്ന വൈശാഖിന് അത് ലിനക്സിലാണ് കിട്ടിയത്. ഈ മാർക്സിസ്റ്റ്-ലിനക്സിസ്റ്റ്-പെന്തകോസ്ത് രാത്രി മുഴുവൻ ഹോസ്റ്റലിൽ കൂട്ടുകാരുടെ ലിനക്സ് പ്രശ്നങ്ങൾ സോൾവ് ചെയ്തു നടക്കുന്നു (ഉബണ്ടു വന്നതിൽ പിന്നെ കുറച്ചു ഭേദം ഉണ്ട്) , പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കാത്ത ദിവസങ്ങളിൽ ക്ലാസ്സിൽ വന്ന് ഉറങ്ങുന്നു.

ചെറിയ ക്ലിക് സ്വരങ്ങൾ. ഡെസ്ക്കുകൾക്കടിയിലൂടെ ഒരു ടിന്റുമോൻ തമാശ പാഞ്ഞുനടക്കുന്നു.

സഖാവ് രതീഷ് ചന്ദ്രന്റെ മനസ്സ് സത്യമായും ക്ലാസിലല്ല. ഹ്യുഗൊ ഷവെസിന്റെ കൂടെ ലാറ്റിനമേരിക്കയിലായിരിക്കാം, അല്ലെങ്കിൽ ഒരു വർഗീയ വിരുദ്ധറാലിയിൽ. പ്രശസ്ത ഫെമിനിസ്റ്റ് സുമങ്ഗല വാര്യരുടെ കണ്ണുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്. സിഗ്നത്സ് ആന്റ് സിസ്റ്റംസ്-ഒരു സ്ത്രീപക്ഷചിന്ത എന്ന തലക്കെട്ടിൽ ചിന്തിക്കുകയാവാം.

ജയന്തി ഈസ് ആൾ അറ്റെൻഷൻ. അധ്യാപകന്റെ തിരുവായ്മൊഴികൾ മുത്തുകൾ പോലെ പെറുക്കിയെടുത്ത് ബുക്കിലാക്കി, തലയാട്ടി, അൽഭുതം കൂറി ഇരിക്കയാണ് പഠിത്തപിശാചു മുത്തശ്ശി. എപ്പോഴും എനിക്കൊരു കുന്നു പഠിക്കാനുണ്ടേ എന്ന ഭാവം മുഖത്തു വരുന്നതിനാൽ ‘അസൈൻന്മെന്റ് ഒന്നു തരുമോ’, ‘മ്യൂപ്പി നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തോട്ടേ’ മുതലായ ബിസിനെസ്സ് ചോദ്യങ്ങൾക്കപ്പുറം സുന്ദരിക്കുട്ടിയോട് മിക്കവരും ഡയലോഗിനു പോകാറില്ല. ഒരിക്കൽ ധൈര്യസമേതം, ഒതുക്കത്തിൽ ഒരു ലൈനിടാൻ ചെന്ന ദയാനന്ദിനോട് വാന്റർപോൾ ഇക്വേഷന്റെ ഡൈനമിക്സിനെക്കുറിച്ചും അതിന്റെ രങ്ഗെ-കുട്ട അൽഗൊരിതം ഉപയോഗിച്ചുള്ള നൂമറിക്കൽ സൊലൂഷൻസിനെക്കുറിച്ചും വാതോരാതെ ഉത്സാഹഭരിതയായി സംസാരിച്ചു കൊണ്ട്, അവസാനം അസ്തപ്രജ്ഞനായ അവന്റെ കൈയിൽ ഗേറ്റിന്റെ സിലബസും കൊടുത്തുവിട്ട ചരിത്രമുണ്ടവൾക്ക്. പാവം ദയാനന്ദ് മൂന്നു ദിവസം പനിപിടിച്ച് ഹോസ്റ്റലിൽ കിടന്നത്രേ! എങ്കിലും റോബിന് ജയന്തിയെ ഇഷ്ടമാണ്. ഒലവക്കോട് കേന്ദ്രീയ വിദ്യാലയം മുതൽ അവന്റെ ഏക പഠനസഹായി, അവന്റെ ഷെർമിയൺ.

അതാ, റൊസാരിയൊ എഴുന്നേൽക്കുന്നു. സംശയം തീർന്നു നേരമില്ല, മൂപ്പർക്ക്. സ്റ്റഫ് തീരെയില്ലാത്ത അധ്യാപകർക്ക് പരമദുഷ്ടന്റെ ഫലം ചെയ്യുന്ന പരമശുദ്ധനാകുന്നു റൊസാരിയൊ. സൂത്രക്കാരിയായ ചന്ദ്രികമിസ് മാത്രം അവനെ വിരട്ടിയിരുത്തും. ഇക്കുറി നെഗറ്റിവ് ഫ്രീക്വൻസി കോൺസെപ്റ്റാണ് വിഷയം. ഓക്സ്ഫെഡ് അക്സെന്റിലാണ് മറുനാടൻ മലയാളിയുടെ ഷൂട്ട്. ഇംഗ്ലീഷ് കഷ്ടിയെങ്കിലും (പഴയ മലയാളം മീഡിയം) മാത്തമാറ്റിക്സിൽ പുലിയായ അദ്ധ്യാപകൻ പ്രദക്ഷിണമായും, അപ്രദക്ഷിണമായും കറങ്ങുന്ന രണ്ട് കോമ്പ്ലക്സ് സിനുസോയിഡുകൾ കൊണ്ട് ഒന്നു പയറ്റി നോക്കുന്നുണ്ട്. പക്ഷെ റൊസാരിയോയെ തൃപ്തിപ്പെടുത്തുക അത്ര എളുപ്പമല്ല. റോബിൻ അറിയാതെ ശിവകാമിയെ നോക്കിപ്പോയി. റൊസാരിയൊയുടെ ലൈനാകുന്നു ശിവകാ‍മി. എപ്പോഴും മരണതല്ലാണ് രണ്ടും തമ്മിൽ. ഇടക്കൊക്കെ റോബിൻ മദ്ധ്യസ്ഥനാകാറുണ്ട്. ഒരിക്കൽ ഡിപ്പാർട്ടുമെന്റിന്റെ ഗ്രൌണ്ട് ഫ്ലോറിനും ഒന്നാം നിലക്കും ഇടയിലെ ലാന്റിങിലുള്ള കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ റോബിൻ അവരുടെ വിചിത്രപ്രണയസല്ലാപം കേട്ടുപോയിട്ടുണ്ട്. ഏതോ പ്രോബ്ല്ത്തിന്റെ സിങ്ഗുലാരിറ്റിയിൽ വീണുകിടക്കുകയാണ് ശിവകാമി.

ഇഡിയറ്റ്, ഡോന്റ് യൂ നോ എൽ ഹോസ്പിറ്റത്സ് റൂൾ? പ്രക്ഷുബ്ധനാകുന്നു റൊസാരിയോ. ആന്റ് ഹു വിൽ സം ദ റിമൈനിങ് ടേംസ്, യോർ അപ്പാ?

കടവുളേ, നാൻ എന്ന ശൈവത് എന്നു കത്തുന്നു ശിവകാമി.

ശിവകാമിയുടെ മറ്റൊരു ചിത്രം റോബിന് ഓർമ വന്നു. ജമന്തിയും മുല്ലയും വഴിഞ്ഞൊഴുകുന്ന തെരുവിൽ, രഥസഞ്ചാരത്തിനിടയിൽ, കോലമിട്ട മുറ്റത്ത് മഞ്ഞപട്ടുപാവാടയും, ദാവണിയും, മുടിനിറയെ കനകാംബരവും, കുഞ്ജലവും, ചുവന്നു മിന്നുന്ന മൂക്കുത്തിയുമായി അഴഹാന രാജാത്തിയായി ശിവകാമി.

പക്ഷെ, മാലിനി അവസാനം പറഞ്ഞുനിർത്തിയതെന്താണ്? ആണെന്നോ,അല്ലെന്നോ? റോബിന് നല്ല തിട്ടം പോരാ. വളരെ കോമ്പ്ലെക്സായ ഒരു നോൺ ലീനിയർ സിസ്സ്റ്റമാകുന്നു മാലിനി. അവളെ കാണുമ്പോൾ നെഞ്ചിനകത്തിരുന്ന് ശിവമണി, കിട്ടുന്നതൊക്കെ വെച്ച് കൊട്ടുന്നതു പോലെ തോന്നും റോബിന്. ഒരിക്കൽ വിരലുകളിൽ തീ ആളിപ്പടർന്നതാണ്. എങ്കിലും നിശ്ചയമില്ല. കണ്ണുകളിലെ തടാകങ്ങളിൽ റോബിൻ അലിഞ്ഞലിഞ്ഞ് ഇല്ലെന്നായെങ്കിലും. മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ… ഒരിക്കൽ അമ്മ മനോഹരമായി മൂളിത്തുടങ്ങിയതും, കുറ്റബോധത്തോടെ നിർത്തിയതും റോബിൻ ഓർത്തു. പഴയ ക്യാമ്പസിലെ ആസ്ഥാന ഗായിക. ലക്ഷ്മി പാടുമ്പോൾ സൂചി വീണാൽ അറിയാമായിരുന്നു എന്ന് പ്യൂൺ മുരളിച്ചേട്ടൻ റോബിനോട് ഒരിക്കൽ പറഞ്ഞിരുന്നു. പൊടുന്നനവെ റോബിന് അച്ഛൻ കലിച്ചു. റോബിന് അമ്മ മണത്തു. കടിഞ്ഞൂൽ പൊട്ടന് നെഞ്ചകം വിങ്ങി.

ക്ലാസിനു പുറത്ത് ഒരാരവം കേൾക്കുന്നുവോ? ഇടയ്ക്കിടെ റോബിൻ ഇങ്ങനെ കാതോർത്തു പോകാറുണ്ട്. ഒന്നാം വർഷക്കാരൻ യദുവിന്റെ പുറത്തു നെടുനീളത്തിൽ തിണർത്തു കണ്ട സൈക്കിൾ ചെയിൻ പാടുകൾ. ഹരീന്ദ്രനാഥിന്റെ ചോരയിൽ കുതിർന്ന മുഖം. കാവശ്ശേരി പൂരം പോലെ ക്യാമ്പസ് നിറഞ്ഞ് അടി നടക്കുമ്പോൾ അലറി വിളിച്ചു കൊണ്ടോടിയ കമ്പ്യൂട്ടർ സയൻസിലെ രേഷ്മ. റോബിന്റെ മനസ്സ്, മായ്ച്ചു തുടങ്ങിയ ഭദ്രകാളിക്കളമായി. റോബിൻ വേലായുധനെ നോക്കി. ഒന്നും രണ്ടും പറഞ്ഞ് ചൊറിഞ്ഞു ചൊറിഞ്ഞു കൂട്ടുകാർ അടിയുടെ വക്കിലെത്തുമ്പൊൾ റോബിനും വേലായുധനും ഇടപെടാറുണ്ട്. ഒരിക്കൽ ഹമീദിന്റെ നേർക്കുയർന്ന സൈക്കിൾ ചെയിൻ മിന്നൽ വേഗത്തിൽ പിടിച്ചു വാങ്ങി, ഏതു നായിന്റെ മോനാടാ എന്ന് ഇടിമുഴങ്ങിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ ക്ലാസിൽ കയറി പുസ്തകം നിവർത്തി വേലായുധൻ.

ഓ, സിഗ്നത്സ്! അമ്പടയാളങ്ങൾ.ശരമാരി പെയ്യുന്നു. ആർത്തു പദ്മവ്യൂഹമൂക്കോടു ഭേദിച്ച് പാർത്ഥാത്മജൻ … റോബിൻ സിഗ്നത്സ് ആന്റ് സിസ്റ്റംസിന്റെ അർജജുനപ്പത്ത് ജപിക്കാൻ തുടങ്ങി.ഹൈകിൻസ്, ഓപ്പൻഹീം, ബാരിവീൻ, വിത്സ്കി, ഗണേഷ്റാവു, സഞ്ജയ്ശർമ ... അൽക, അമല, അഞ്ജലി, അർജ്ജുൻ, അനിരുദ്ധ്, അനിത്… അദ്ധ്യാപകൻ പരിഭ്രാന്തനായി തെരുതെരെ ഹാജർ വിളിക്കാൻ തുടങ്ങി-പുറത്ത് ആരുടെ നിലവിളിയാണ് ഉയരുന്നത്?

Saturday, November 13, 2010

സൗഭാഗ്യവാൻ

ഇരുളൊരു ചിമിഴു പിളർന്നിട്ടുയരെ,

തുറുമിഴി പൊട്ടിച്ചലറിവിളിച്ചൊരു

കൊച്ചു വെളിച്ചം, ഒരു നിലവിളിയായ്

വീണു പിടഞ്ഞു മരിക്കെ,

വ്യഥയൊരു കോണിൽ ചൊരിയെ,

ഞാനെൻ ലോലിതയൊത്ത്,

തിരയെണ്ണുന്ന തിരക്കിൽ

നാണം കെട്ടൊരു കൊച്ചു തമാശ പറഞ്ഞു ചിരിക്കും.

നിരത്തു വക്കിലെ നീളും ദുരിതം കുത്തിക്കയറും കണ്ണുകൾ

കറുത്ത റിബണാൽ കെട്ടും ഞാൻ

കടത്തിൽ വാങ്ങിയ മോടികളുലയാതോടിപ്പോകും.

നീണ്ടു വരുന്നൊരു ചുവന്ന പാട്ടിൻ വരികളടയ്ക്കാൻ

ചെവിയറിയാതെ പഞ്ഞികൾ വെച്ചു മറക്കും.

നൊമ്പരമോർമ്മകൾ കോച്ചിവലിച്ചു തരാതെയിരിക്കാൻ

തൊലിയിൽ കുഷ്ഠം വാരി നിറയ്ക്കും.

പ്രിയരേ, പലരും പലവുരു പലതായ് ചെയ്തത്

കൈയ്യറിയാതെ, മെയ്യറിയാതെ മനമറിയാതെ നടത്തും.

പിന്നെ,

വിജയശ്രീലാളിതനായി, ഗജകേസരി യോഗത്തോടെ

ഇത്തിരിയെൻ വട്ടത്തിൽ ഞാൻ ചുണ്ടറിയാതെ വിതുമ്പും

ഞാൻ, കണ്ണറിയാതെ നിറയ്ക്കും

ഒടുവിൽ,

ശൂന്യത, ശൂന്യത, ശൂന്യത മാത്രം!

Saturday, October 2, 2010

കവിത അറിയാതെ പോകുന്ന ക്യാമ്പസ്

ബ്ലോഗെഴുത്ത് തുടങ്ങിയ കാലം മുതലേ കവിതയെക്കുറിച്ച് ഇതുപോലൊരു കുറിപ്പെഴുതണമെന്ന് കരുതിയതാണ്. പക്ഷേ, ധൈര്യം വന്നില്ല. എനിക്ക് വേണ്ടത്ര കാവ്യശിക്ഷണമില്ല, മലയാളകവിതാചരിത്രത്തെ ഞാൻ ശ്രദ്ധാപൂർവ്വം അനുധാവനം ചെയ്തിട്ടുമില്ല. വഴിയിൽ തടയുന്നത് വായിക്കും, ചിലപ്പോൾ ഉറക്കെ ചൊല്ലും, അത്ര തന്നെ.നിത്യജീവിതത്തിന്റെ വൈരസ്യങ്ങളിൽ നിന്ന് രക്ഷപെട്ട് ചേക്കേറാനൊരു ചില്ല, ഭാരങ്ങൾ ഇറക്കിവെക്കാനൊരത്താണി-അതാണെനിക്ക് കവിത. അത്തരമൊരാളിന്റെ കുറിപ്പിൽ കാലഗണനയിലും ലാവണ്യദർശനത്തിലുമൊക്കെ ഒത്തിരി പോരായ്മകൾ ഉണ്ടാകും. പണ്ഡിതോചിതമായ ഒരു നിരൂപണപ്രബന്ധമല്ല, വെറുമൊരു ആസ്വാദകപക്ഷമെന്നു കരുതി വായിക്കുമല്ലോ. ഞങ്ങൾ ആസ്വാദകർക്ക് ഒരു കവി നാലു വരി മാനിഫെസ്റ്റോ ദയാപൂർവ്വം എഴുതി തന്നിട്ടുണ്ട്.

അന്ധർ നിൻ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ വാലിൻ
രോമം കൊണ്ടൊരു മോതിരം

(ആറ്റൂർ രവിവർമ-മേഘരൂപൻ)

പഴകിയ കാവ്യാനുശീലനങ്ങളുടെ തടവറയിൽ നിന്നു് രക്ഷപെടുക അത്ര എളുപ്പമല്ല.എന്റെ വലിയഛന് ഒറവങ്കരക്കു ശേഷം കവികളില്ലായിരുന്നു, അമ്പലപ്പറമ്പിലെ അക്ഷരശ്ലോക സദസ്സിനപ്പുറം ഒരു കാവ്യമണ്ഡലവും. എന്റെ അഛന് വള്ളത്തോളിന്റെ കേകയായിരുന്നു കവിതയുടെ പാരമ്യം. വൈലോപ്പിള്ളിയും ഇടശ്ശേരിയും ശങ്കരക്കുറുപ്പും രചനാശൈലിയിൽ വള്ളത്തോൾ പാഠശാ ലക്കാരാ‍യിരുന്നതു കൊണ്ട് ഒട്ടൊക്കെ അംഗീകരിച്ചിരുന്നു. ചങ്ങമ്പുഴ അഛന് ഒരു പാട്ടുകാരൻ മാത്രമായിരുന്നു. ഞാനോ, സച്ചിദാനന്ദനും, വിനയചന്ദ്രനും ബാലചന്ദ്രനുമപ്പുറത്തേക്കൊരു മലയാള കവിത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ ഇന്ന് പി.പി. രാമചന്ദ്രനും അൻവർ അലിയും മോഹനകൃഷ്ണനും മനോജ് കുറൂരും ജോസഫും രാമനും, വിഷ്ണുപ്രസാദും, ജ്യോതിബായിയും മുതൽ ആറാം ക്ലാസുകാരി അഭിരാമി വരെ എന്റെ കാവ്യസങ്കൽ‌പ്പങ്ങളെ അട്ടിമറിച്ചിരിക്കുകയാണ്. രണ്ടാം വരവും (സച്ചിദാനന്ദൻ) വീട്ടിലേക്കുള്ള വഴിയും (വിനയചന്ദ്രൻ) ഗസലും (ബാലചന്ദ്രൻ) പോലെ എന്നെ ഇവരുടെ കവിതകൾ ആവേശിച്ചിട്ടില്ലെങ്കിലും (സത്യസന്ധമായി പറയണമല്ലോ) ഭാവുകത്വം മാറുകയാണെന്ന് ഞാൻ അറിയുന്നു. കുന്നിടിച്ചു നിരത്തുന്ന യന്ത്രവും (മോഹനകൃഷ്ണൻ) കാറ്റാടിയും (അനീസ് ഹസ്സൻ), പുതിയ കവിതയിൽ ഉളവാകുന്ന കമ്പനങ്ങൾ എന്റെ മനസ്സിൽ എത്തിച്ചേരുന്നുണ്ട്. സുഗതകുമാരിക്കുംഅയ്യപ്പപണിക്കർക്കും അപ്പുറത്തേക്ക് രാധാകൃഷ്ണ സങ്കൽ‌പ്പം വികസിക്കുന്നതും (മനോജ് കുറൂറ്) ജീവിതത്തിന്റെ നാനാർത്ഥങ്ങൾ വിനയചന്ദ്രകവിതയുടെ തലങ്ങൾ മറികടക്കുന്നതും (വിഷ്ണുപ്രസാദ്), തന്റെ ബോധത്തിനു ചുറ്റും കവിതയാകാൻ വിധിക്കപ്പെട്ടവരുടെ നീണ്ട വരികളും (അനൂപ് ചന്ദ്രൻ) ഞാൻ അറിഞ്ഞു തുടങ്ങുന്നു. ചിതലരിച്ചു ദ്രവിച്ച വാക്കുകളെ (സ്മിത മീനാക്ഷീ) ശ്രദ്ധാപൂർവ്വം മാറ്റിനിർത്തുന്ന പുതുകവിതയുടെ മഴ (യറാഫത്ത്), ഉത്തരാധുനികതയുടെ ചുവന്ന വാലുപോലെ ഇടതുമൂല്യച്യുതികളിൽ ജാഗ്രത്താകുന്നവ (നിരഞ്ജൻ).. പി. എ. അനീഷ്, മുകിൽ, അനിലൻ, ടി.എ. ശശി, രാമചന്ദ്രൻ വെട്ടിക്കാട്,ഭാനു കളരിക്കൽ എന്നിങ്ങനെ പുതിയ ഒത്തിരി കവികൾ - പലരേയും ബ്ലോഗിലാണ് ഞാൻ ആദ്യം കണ്ടത്- എന്നെ ആഹ്ലാദിപ്പിക്കുന്നു.

അതെ, കവിതയിൽ ഒരു പാരഡൈം ഷിഫ്റ്റ് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. കാവ്യബിംബങ്ങളുടെ നെറ്റിപ്പട്ടങ്ങളും, കുടതഴവെഞ്ചാമരങ്ങളും കവിത പടം പൊഴിച്ചു കഴിഞ്ഞിരിക്കുന്നു. തർജ്ജമയിൽ ചോർന്നു പോകാത്തതാണ് കവിതയെന്ന് സാമ്പ്രദായിക വിശ്വാസത്തെ സച്ചിദാനന്ദൻ തിരിച്ചിട്ടത് സത്യമാക്കുന്നു പുതിയ കവിത. കാൽ‌പ്പനികത തലകീഴായി നിൽക്കാൻ തുടങ്ങി, അലർച്ചകൾ ഒടുങ്ങി, കവിത ചൊൽക്കാഴ്ചകൾക്ക് ഉതകാതായി. ജ്വരവും ഭ്രാന്തും പിടിപെട്ട വാക്കുകൾ ഒരുക്കുന്ന നരകാഗ്നിമധ്യത്തിലെ ദിഗംബരനടനമല്ല്ല ഇന്നു കവിത. കവിത ഞാനും നിങ്ങളും സംസാരിക്കുന്ന ലളിത മലയാളത്തിൽ ആത്മാവിനോട് മന്ത്രിക്കാൻ തുടങ്ങി. ഈണത്തിനും താളത്തിനും കവിതയെ ബലികൊടുക്കാതെ ജീവിതം (അതെ, ഒരു രക്ഷയുമില്ലാത്ത ഇക്കാലത്തെ കുഴഞ്ഞു മറിഞ്ഞ ജീവിതം!) എങ്ങനെ വരികൾക്കിടയിൽ നിറക്കാം (ചിത്ര-രാമൊഴി) എന്നതാണ് പുതിയ കവി ഏറ്റെടുക്കുന്ന വെല്ലുവിളി.

പക്ഷേ, ഇതൊന്നുമല്ലല്ലോ എനിക്ക് പറയാനുള്ളത്. ഞാൻ ക്യാമ്പസിനെ ചൊല്ലിയാണ് വ്യാകുലപ്പെടുന്നത്. പുതിയ കവിത ക്യാമ്പസിനെ സ്പർശിച്ചിട്ടില്ല. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ ഡൈനമിക്സിനെക്കുറിച്ച് അറിയാവുന്ന കുട്ടികൾക്ക് കവിതയും മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ക്യാമ്പസ് ഇങ്ങനെയായിരുന്നില്ലെന്ന് നമുക്കറിയാം. കടമ്മനിട്ടയേയും ബാലചന്ദ്രനേയുമൊക്കെ മുഖ്യധാരാമാധ്യമങ്ങൾ തിരസ്കരിച്ചപ്പോൾ നെഞ്ചേറ്റിലാളിച്ചത് ക്യാമ്പ്സായിരുന്നു. ചങ്ങമ്പുഴക്കാലത്തായാൽ പോലും ക്യാമ്പസാണ് മുമ്പേ നടന്ന ആസ്വാദകസദസ്സ്. പക്ഷേ, പുതിയ കവിത എന്തുകൊണ്ടോ ചലനമുണ്ടാക്കുന്നില്ല ക്യാമ്പസിൽ. ക്യാമ്പസിൽ മുഴങ്ങുന്നത് ചൊല്ലാനാവുന്ന കഴമ്പില്ലാത്ത കവിതകളാണ്. മധുസൂദനൻ നായർ സാറിന്റെ കവിതകളുടെ ദുർബ്ബലാനുകരണങ്ങൾ. ഒരന്തസിനു വേണ്ടി മാത്രം ചില ചലച്ചിത്ര ഗാനരചയിതാക്കളൊക്കെ പടച്ചു വിടുന്ന കവിതയുടെ പേക്കോലങ്ങൾ, പിന്നെ യുവജനോത്സവ ഫേവറിറ്റുകളായ പഴയ ചില കാൽ‌പ്പനിക കവിതകൾ! മാതൃഭൂമി ദിനപ്പത്രം മധുസാറിന്റെ കവിത പോലെ ചൊല്ലാൻ കഴിഞ്ഞേക്കും (മനോരമയെങ്കിൽ വളരെ നന്നു്, പല മനോരമ റിപ്പോർട്ടുകളും കവിതകളേക്കാൾ വളരെ റൊമാന്റിക്കാണ്). അതു കൊണ്ട് എന്തു കാര്യം? പുതിയ കവികളും കവിതയും ക്യാമ്പസിന് അന്യം. ഈയിടെ രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കോളെജിലെ മാഗസിനു വന്ന സൃഷ്ടികൾ പരിശോധിച്ചപ്പോൾ ആകെ ഒരു കവിതയാണ് കഷ്ടി നന്നെന്നു കണ്ടത്, പക്ഷേ നല്ല കുറെ കഥകൾ ഉണ്ടായിരുന്നു താനും.

എന്തുകൊണ്ട് ഇങ്ങനെ? ഒരു വിശകലനത്തിനുള്ള പ്രാപ്തി എനിക്കില്ലെങ്കിലും ചില സംശയങ്ങൾ കുറിക്കട്ടെ, സുചിന്തിതാഭിപ്രായങ്ങളല്ല, ഒരു ബ്രെയിൻ സ്റ്റോമിങ് എന്നു ധരിച്ചാൽ മതി.

ഒന്ന്-താളബദ്ധമല്ലാത്ത പുതിയ കവിത മനസ്സിൽ തങ്ങി നിൽക്കുന്നില്ല, ചൊല്ലിചൊല്ലി പ്രചരിക്കുന്നില്ല.

രണ്ട്-മധുസാറിന്റെ കവിതയുടെ അനുകരണങ്ങൾ ആധുനിക വിൽ‌പ്പന തന്ത്രങ്ങളൊക്കെ ഉപയോഗിച്ച് പ്രചരിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ പുതിയ കവിതക്ക് അവശ്യം വേണ്ട ഒരാമുഖം പോലും ലഭിക്കുന്നില്ല. കഥയിലെ ആധുനികത (വിജയൻ, കാക്കനാടൻ, മുകുന്ദൻ ..) ക്ക് അതിശക്തരായ മെന്റർമാരുണ്ടായിരുന്നു ( കെ. പി, അപ്പൻ, ആഷാമേനോൻ, നരേന്ദ്രപ്രസാദ്, രാജകൃഷ്ണൻ …). സച്ചിദാനന്ദന്റെ ലേഖനങ്ങൾ ആറ്റൂരിന്റേയും ശങ്കരപ്പിള്ളയുടേയും സച്ചിയുടേയും കടമ്മനിട്ടയുടേയും, ബാലചന്ദ്രന്റേയും ഒക്കെ പ്രമോട്ട് ചെയ്യുന്നതിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അത്തരം മെന്റർമാരുടെ അഭാവം പുതിയ കവിതക്ക് ഇല്ലേ? ഒറ്റപ്പെട്ട ശ്രമങ്ങളില്ലെന്നില്ല. കവി കെ.എം. പ്രമോദ് ജയശീലനെ (പ്രായം കൊണ്ടല്ലെങ്കിലും പുതിയ കവികളുടെ കൂട്ടത്തിലാണല്ലോ ജയശീലൻ) ക്കുറിച്ചെഴുതിയ ലേഖനം നോക്കുക. പ്രമോദ് കൊറിയയെ കുറിച്ചെഴുതിയാലും അതിൽ അൻവർ അലിയും രാമനും വിഷ്ണുപ്രസാദുമൊക്കെ കടന്നു വരും. പക്ഷേ, വേണ്ടത്ര ഒരു പ്രമോഷൻ തീർച്ചയായും പുതിയ കവിതക്ക് കിട്ടുന്നില്ല.

മൂന്ന്- പുതിയ കവികൾ ക്യാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു.

നാല്- പുതിയ യൌവ്വനത്തിന്റേയും കൌമാരത്തിന്റേയും അഭിലാഷങ്ങളും നിരാശകളും രോഷങ്ങളും ജീവിതമാകെയും അവർക്ക് പൊള്ളും വിധത്തിൽ അനുഭവിപ്പിക്കാൻ പുതിയ കവിതക്ക് ആകുന്നില്ല. നോക്കുക, പുതിയ കവിത പോലെ അപരിചിതമല്ല പുതിയ കഥ ക്യാമ്പസിൽ. സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, സുസ്മേഷ് ചന്ത്രോത്ത്, കെ.ആർ. മീര, ഏ.എസ്. പ്രിയ മുതലായ എഴുത്തുകാരൊക്കെ ക്യാമ്പസിൽ ഒട്ടൊക്കെയെങ്കിലും വായിക്കപ്പെടുന്നുണ്ട്.

ഒരു പകുതി മനസ്സിലെഴുതിയതാണ് ഞാനീ കാരണങ്ങൾ, വെറും സംശയങ്ങൾ, പലതിനും മറുപടിയും മനസ്സിൽ വരുന്നു! തീർച്ചയായും കവികൾക്കും നിരൂപകർക്കുമൊക്കെ കൂടുതൽ വ്യക്തതയുണ്ടാകും. ഒന്നു മാത്രം എനിക്കറിയാം, പുതിയ കുട്ടികൾക്ക് എന്തോ നഷ്ടപ്പെടുന്നുണ്ട്!

ഇനി വായനക്കാരുടെ ഊഴം.

അനുബന്ധം:

ഇതാ എനിക്കറിയാവുന്ന ചില കവിതാബ്ലോഗുകൾ, തെരഞ്ഞെടുപ്പൊന്നും നടത്തിയിട്ടില്ല, ഞാനതിനാളല്ല താനും. പ്രധാനപ്പെട്ടവ പോലും ചിലപ്പോൾ വിട്ടു പോയിരിക്കും. ഇനി ബ്ലോഗറിയാത്തതു കൊണ്ട് കവിത വായിച്ചിട്ടില്ലെന്ന് പരിഭവമരുതാരുമെന്നു കരുതി ധൃതിയിൽ..

· ഹരിതകം - http://www.harithakam.com/

· ബൂലോക കവിത - http://boolokakavitha.blogspot.com/

· പുതു കവിത - http://www.puthukavitha.com/

· സമകാലിക കവിത - http://samakaalikakavitha.blogspot.com/

· കാവ്യം - http://kaavyam.blogspot.com

· പരിഭാഷ (രവികുമാർ) - http://paribhaasha.blogspot.com/

· സച്ചിദാനന്ദൻ - http://satchidanandan.blogspot.com/

· ബാലചന്ദ്രൻ ചുള്ളിക്കാട് - http://balachandranchullikkad.blogspot.com/

· പി.പി. രാമചന്ദ്രൻ - http://thiramozhi.blogspot.com

· അൻവർ അലി - http://urumbinkoodu.blogspot.com/

· മനോജ് കുറൂർ - http://manojkuroor2.blogspot.com/

· രാം മോഹൻ പാലിയത്ത് - http://valippukal.blogspot.com/

· കുഴൂർ വിൽസൻ - http://vishakham.blogspot.com/

· വിഷ്ണു പ്രസാദ് - http://www.prathibhasha.blogspot.com/

· കെ. എം. പ്രമോദ് - www. pramaadam.blogspot.com

· ഉമ്പാച്ചി - http://umbachy.blogspot.com/

· ചിത്ര - http://raamozhi.blogspot.com/

· അനൂപ് ചന്ദ്രൻ - http://twentytwo-and-half.blogspot.com/

· സ്മിത മീനാക്ഷി - http://smithameenakshy.blogspot.com/

· എം. ആർ. അനിലൻ - http://akasathekkullagovani.blogspot.com/

· ടി. എ. ശശി - http://sasiayyappan.blogspot.com/

· യറാഫത്ത്- http://naidaagham.blogspot.com/

· രാമചന്ദ്രൻ വെട്ടിക്കാട് - http://thambivn.blogspot.com/

· ആർ. ശ്രീലതാ വർമ - http://nelambari.blogspot.com/

· ജ്യോതിബായ് പരിയാടത്ത് - http://jyothiss.blogspot.com/

· എൻ. ബി. സുരേഷ് - http://kilithooval.blogspot.com/

· രാജേഷ് ചിത്തിര - http://sookshmadarshini.blogspot.com/

· മുകിൽ - http://kaalamaapini.blogspot.com/

· നിരഞ്ജൻ - http://niranjantg-niranjantg.blogspot.com/

· ഭാനു കളരിക്കൽ - http://jeevithagaanam.blogspot.com/

· ഉമേഷ് പീലിക്കോട് - http://umeshpilicode.blogspot.com/

· പി. എ. അനീഷ് എളനാട് - http://naakila.blogspot.com/

· ടി.പി. വിനോദ് - http://lapuda.blogspot.com/

· അജിത് – http://ajit-howzat.blogspot.com/

· ലതീഷ് മോഹൻ - http://junkiegypsy.blogspot.com/

· നിർഭാഗ്യവതി- http://nirbhagyavathy.blogspot.com/

· രവീണ - http://raveena-myworld.blogspot.com/

· അനീസ് ഹസ്സൻ - http://aneeshassan.blogspot.com/

· ഹൻലല്ലത്ത്- http://murivukalkavitha.blogspot.com/

· ജൂൺ - http://ilamarmarangal.blogspot.com/

· സോണാ ജി - http://sonagnath.blogspot.com/

· ഹരിശങ്കർ കർത്ത - http://harisankarkartha.blogspot.com/

· കല ­- http://marampeyyunnu.blogspot.com/

· കലാവല്ലഭൻ - http://kalavallabhan.blogspot.com/

· വിപിൻ - http://midnightsombre.blogspot.com/

· നിശാഗന്ധി - http://suniljacobkavithakal.blogspot.com

· ആറങ്ങോട്ടുകര മുഹമ്മദ് - http://nizhalvarakal.blogspot.com/

· രാജേഷ് ചിത്തിര - http://sookshmadarshini.blogspot.com/

· ചന്ദ്രകാന്തം - http://chandrakaantham.blogspot.com

· കുസുമം ആർ പുന്നപ്ര - http://pkkusumakumari.blogspot.com/

Tuesday, September 7, 2010

കവിത - നെരൂദ

അങ്ങനെയക്കാലത്താണ്‌ കവിത

എന്നെത്തേടിയെത്തിയത്.

ശിശിരത്തിൽ നിന്നോ, സരിത്തിൽ നിന്നോ

എവിടെനിന്നെവിടെനിന്നെന്നറിയാതെ

എങ്ങനെ, എപ്പോഴെന്നറിയാതെ

എന്നെത്തേടിയെത്തിയത്.

അവ സ്വരങ്ങളല്ലായിരുന്നു

വാക്കുകളോ, വിമൂകതയോ അല്ലായിരുന്നു.

എങ്കിലും ഞാൻ വിളിക്കപ്പെട്ടു!

ഏതോ ഒരു തെരുവിൽ നിന്ന്,

നിശയുടെ ശിഖരങ്ങളിൽ നിന്ന്

കവിത എന്നെ മാടി വിളിച്ചു.

പൊടുന്നനവെ മറ്റുള്ളവർക്കിടയിൽ നിന്ന്,

ആളുന്ന തീയിൽ നിന്ന്,

ഏകനായി തിരിച്ചെത്താൻ

ഞാൻ വിളിക്കപ്പെട്ടു.

ഏറെ അവ്യക്തമായിരുന്നെങ്കിലും

അതെന്നെ സ്പർശിച്ചു.

എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു.

പേരുകൾ എനിക്ക് വഴങ്ങില്ലായിരുന്നു

എനിക്ക് നേരായ കാഴ്ചയില്ലായിരുന്നു

എങ്കിലും എന്തോ ഒന്ന് എന്റെ ആത്മാവിൽ മുട്ടി വിളിച്ചു,

പനിയോ മറന്ന ചിറകുകളോ.

എന്നിട്ടാ അഗ്നിയെ അപഗ്രഥിക്കാൻ

ഞാനെന്റെ സ്വന്തം വഴി കണ്ടെത്തി.

അങ്ങനെ എന്റെ ആദ്യത്തെ

നേർത്ത വരി വാർന്നു വീണു.

ഒന്നുമറിയാത്തൊരാളുടെ

നേർത്ത, കഴമ്പില്ലാത്ത

ശുദ്ധ അസംബന്ധം

ശുദ്ധജ്ഞാനം.

പൊടുന്നനവെ, എനിക്ക് മുമ്പിൽ

സ്വർഗ്ഗങ്ങൾ കൊട്ടിത്തുറക്കപ്പെട്ടു!

ഗ്രഹങ്ങൾ,

ത്രസിക്കുന്ന സസ്യജാലം.

അമ്പുകൾ സുഷിരങ്ങൾ തീർത്ത നിഴലുകൾ

അഗ്നിയും പൂക്കളും

ഗ്രസിക്കുന്ന രാവും

പ്രപഞ്ചവും.

അങ്ങനെ ഞാനെന്ന നിസ്സാരത

ഈ താരാകീർണ്ണമഹാശൂന്യതയും

ഈ പാരസ്പര്യങ്ങളും

ഈ നിഗൂഢതകളും

പാനം ചെയ്കെ അറിയുന്നു

ഞാനുമീ ആദിമയഗാധതയുടെ

അവിഭാജ്യഭാഗമെന്ന്.

ഞാൻ താരങ്ങൾക്കൊപ്പം ചുറ്റിത്തിരിഞ്ഞു

എന്റെ ഹൃദയം കാറ്റിൽ പിഞ്ഞിപ്പറന്നു.

കുറിപ്പ്: എനിക്ക് ഏറെ പ്രിയങ്കരമായ ഒരു കവിതയുടെ മൊഴിമാറ്റം: ‘ഭാഷയിലാക്കാൻ’ ചെറിയ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്!

Monday, August 9, 2010

മുപ്പത് വർഷങ്ങൾക്ക് മുമ്പൊരു സാഹിത്യസമ്മേളനത്തിൽ…

അലനല്ലൂരിലൊരു സാഹിത്യസമ്മേളനം, 1980-ൽ ആണെന്നു തോന്നുന്നു. ഞാൻ പാലക്കാട് എഞ്ചിനീയറിങ് പഠിക്കുന്ന(?) കാലം. ‘കലിയും, കവിതയും’ ബാധിച്ച കാലം. തോളറ്റം മുടിയും, താടിയും വളർത്തി, ഒറ്റമുണ്ടുടുത്ത്, മൂന്നു രൂപ മീറ്ററിനു വിലയുള്ള വലിച്ചാൽ വലിയുന്ന, വെള്ളം കാണാത്ത വെളുത്ത (?) ഷർട്ടുമിട്ട്, സഞ്ചി തൂക്കി, ഒരു ബീഡി വലിച്ച്, പകുതിയാകുമ്പോൾ കെടുത്തി, പിന്നെയും കത്തിച്ച്, വഴി നീളെ കവിത ചൊല്ലി നടക്കുന്ന ഒരു ജന്മമായിരുന്നു അന്നു ഞാൻ. (ഇന്നും സ്ഥലകാലബോധമില്ലാതെ കവിത ചൊല്ലുന്ന ദുശ്ശീലം മുഴുവനായും എന്നെ വിട്ടുപോയിട്ടില്ല, മാഷല്ലേ, കുട്ടികൾ വട്ടാണെന്നു ധരിക്കില്ലേ എന്ന് കരുതി നിയന്ത്രിക്കാറുണ്ടെന്നു മാത്രം. എന്ത് ചെയ്യാം, എഴുപതുകളുടെ ഹാങോവർ!)

ആ, അപ്പോൾ, അലനല്ലൂരിലൊരു സാഹിത്യസമ്മേളനം. പുറപ്പെട്ടു. അലനല്ലൂർ ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഒരു താടിക്കാരൻ, കുളിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, കവിലക്ഷണം. പരിചയപ്പെട്ടു. നേരോം, കാലോം നോക്കാതെ ആരുമായും കവിതയും വിപ്ലവവും വാതോരാതെ സംസാരിക്കുന്ന അസുഖമുണ്ടായിരുന്നു എനിക്ക് അക്കാലത്ത്. താടിയുമായി സംവാദത്തിലേർപ്പെട്ടു. ചെറുതായി ഒന്നു ചിരിച്ച് വളരെ യുക്തിസഹമായി സംസാരിച്ചു അയാൾ. കവിയല്ലെന്നുറപ്പായി, അതിവൈകാരികതയില്ല, നല്ല ജ്ഞാനവും, നിരീക്ഷണപാടവവും. രാജൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരനുമായി അലനല്ലൂരിലെത്തുമ്പോഴേക്കും ഞാൻ നല്ല ചങ്ങാത്തമായി. സമ്മേളനസ്ഥലത്തെത്തി, ആളുകൾ അയാളുമായി കുശലം പറയുന്നതു കേട്ടപ്പോഴാണ്, അദ്ദേഹം, പ്രശസ്ത ചരിത്ര പണ്ഡിതനും, ഇപ്പോൾ എം.ജി. സർവ്വക ലാശാലാ വൈസ്ചാൻസലറുമായ രാജൻഗുരുക്കൾ സാറാണെന്ന് മനസ്സിലായത്. ചമ്മി അടപ്പൂരി, എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ളിച്ചിരിക്കുമോ ഞാൻ ബസ്സിൽ വെച്ച് … എന്നൊക്കെയായി ചിന്ത. എന്തായാലും സമ്മേളനത്തിന്റെ രണ്ടു ദിവസവും സാർ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. നല്ല മനുഷ്യൻ.

അലനെല്ലൂർ സമ്മേളനത്തിൽ മേജർസെറ്റുകാർ പലരും പങ്കെടുത്തിരുന്നു.(ഒരു ‘യുഗപ്രഭാവൻ‘ കയറിവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നത് ഓർക്കുന്നു, ആരായിരുന്നു അത്? ഓർമയില്ല, വള്ളത്തോൾ എന്നു സങ്കൽ‌പ്പിക്കാനാണ് എനിക്കിഷ്ടം.) രണ്ടു ചിത്രങ്ങൾ മാത്രം മിഴിവാർന്നു നിൽക്കുന്നു, ഇന്നും.

ഒന്ന്: കോവിലൻ! ഏ മൈനസ് ബി, ഏഴാമെടങ്ങൾ, ഹിമാലയം,തോറ്റങ്ങൾ... ഒക്കെ വായിച്ച് ഒരു കടുത്ത കോവിലൻ ഫാൻ ആയിരുന്നു ഞാൻ അന്ന് (ഇന്നും). ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന പുലിമടയിലിരുന്ന്, തീരെ മേദസ്സില്ലാത്ത, കരുത്തും ഓജസ്സുമുറ്റ ശൈലിയിൽ ചോരപൊടിയും വിധം കോവിലൻ മനുഷ്യകഥയുടെ കോലങ്ങൾ മലയാളിയുടെ മനസ്സിൽ കോറിയിട്ടു. മുമ്പു പറഞ്ഞ ബൃഹദാഖ്യാനങ്ങളൊന്നും വേണ്ടാ, ‘റ’ എന്ന ഒറ്റക്ഷരശീർഷകത്തിലുള്ള ഒറ്റപ്പേജു കഥ ഒന്നു മതി, കോവിലൻ അനശ്വരനാകാൻ. സമ്മേളനത്തിൽ കോവിലൻ സംസാരിച്ചിരുന്നു. ആത്മാർഥത തുളുമ്പുന്ന സ്വരത്തിൽ, past continuous tense ധാരാളമായി ഉപയോഗിച്ച് (അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു…എന്നൊക്കെ)ഉരുക്കു പോലുള്ള ആ മനുഷ്യൻ സംസാരിച്ചപ്പോൾ ഞാൻ വാപൊളിച്ച് കേട്ടിരുന്നു.

ഒരിടവേളയിൽ ഞാൻ കോവിലന്റെ അരികിലെത്തി, ഒരു ഡയറി നീട്ടി, ഓട്ടോഗ്രാഫ്! മുഖം ചുളിഞ്ഞു കോവിലന്റെ. അതൊന്നും ശരിയാകില്ലെന്നു പറഞ്ഞു. തലകുനിച്ച് ഞാൻ അവിടെത്തന്നെ നിന്നു. മുമ്പിലുള്ള ദയനീയരൂപത്തെ നോക്കിനിൽക്കെ പതുക്കെ കോവിലൻ കരുണാമയനായി. കൈനീട്ടി ഡയറി വാങ്ങി അതിൽ കുറിച്ചു-കൊത്തിവച്ചതുപോലുള്ള, വിറയാർന്ന അക്ഷരങ്ങളിൽ - ‘നന്മകൾ നേരുന്നു: കോവിലൻ‘ – പിന്നെ, തെളിവെയിലുപോലെ ഒന്നു ചിരിച്ചു. അങ്ങനെ, ആദ്യമായും, അവസാനമായും ഒരു സെലിബ്രിറ്റിയിൽ നിന്ന് ഞാൻ ഓട്ടോഗ്രാഫ് വാങ്ങി.

രണ്ട്: എൻ.എൻ. കക്കാട്! അന്ന് ക്യാൻസർ ബാധിതനായിരുന്ന കക്കാട്, ഏറെ പ്രയാസപ്പെട്ട് സഫലമീ യാത്ര ചൊല്ലി. അതിപ്രശസ്തമായ ഈ കവിത പിന്നീടാണ് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതെന്നാണ് എന്റെ ഓർമ. ഏതോ പുഴയുടെ കളകളത്തിൽ.. എന്നു തുടങ്ങുന്ന ഖണ്ഡം ചൊല്ലിച്ചൊല്ലി എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ എന്നിടത്തെത്തിയപ്പോഴേക്കും കക്കാടിന്റെ കണ്ണുകൾ സജലങ്ങളായത് ഞാൻ അറിഞ്ഞു. എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന്നിപ്പോയി.

സഫലമീ യാത്രയുടെ രചയിതാവു മാത്രമായാണ് കക്കാട് പുതിയ തലമുറയിൽ അറിയപ്പെടുന്നത് എന്ന് തോന്നുന്നു. വൈലോപ്പിള്ളിയെ മാമ്പഴം കൊണ്ടും ഇടശ്ശേരിയെ പൂതപ്പാട്ടു കൊണ്ടും മാത്രം അടയാളപ്പെടുത്തുന്നതിലുള്ള നീതികേടുണ്ട് ഇതിൽ. ഈ മൂന്നു കവിതകളും മഹത്തായ രചനകളാണെങ്കിലും (വൈലോപ്പിള്ളി മാ മ്പഴത്തിന്റെ കാര്യത്തിൽ അതുപോലും സമ്മതിച്ചിരുന്നില്ല!) ഈ കവികളുടെ കാവ്യസപര്യയുടെ മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്നില്ല അവ. കക്കാട്, ‘എന്തു നിൻ മിഴിയിണ തുളുമ്പിയെന്നോ സഖീ …‘ എന്നൊക്കെ എഴുതിയതിനേക്കാൾ ‘നീരന്ധ്രയന്ത്രാരവഭൈരാവരാവിൽ, പൊടിയും, വെളിച്ചവും കൊണ്ടു മൂടിയ മോഹാന്തമാമീ മഹാനഗരത്തിൻ കവലയിൽ….’ എന്നൊക്കെയാണു കൂടുതലും എഴുതാൻ ഇഷ്ടപ്പെട്ടിരുന്നത്. കാളിദാസനും, എലിയട്ടും ചേർന്നൊരു കവിതയെഴുതിയ പോലെ. രചനാശൈലിയിലും, വിഷയസ്വീകരണത്തിലും തന്റെ കാ ലത്തിനു മുമ്പേ നടന്നു, കക്കാട്. പഴമയുടേയും, ആധുനികതയുടേയും ഒരപൂർവ്വസംഗമഭൂമിയാണ് കക്കാടിന്റെ കാവ്യപരിസരം.

ന്യൂ ജനറേഷൻ കോഴ്സുകൾ തട്ടിപ്പാണെന്നും അവ പഠിച്ചാൽ പണികിട്ടില്ലെന്നും എം.ജി. സർവ്വകലാശാലാ വൈസ്ചാൻസലർ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. മുപ്പത് കൊല്ലം മുമ്പ് ഞാൻ കണ്ട ചെറുപ്പക്കാരൻ ഒരു വി.സി യുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നതിൽ എനിക്ക് അത്ഭുതാദരങ്ങൾ ഉണ്ട്.

എങ്കിലും പിന്നീട് ഞാനൊരിക്കലും രാജൻ ഗുരുക്കൾ സാറിനെ കണ്ടിട്ടില്ല, പരിചയം പുതുക്കിയിട്ടുമില്ല.

രാജൻ ഗുരുക്കൾ സാറ് എന്നെ ഓർക്കാൻ ഒരു സാധ്യതയും ഇല്ല.

കക്കാട് ഇന്നില്ല.

കോവിലൻ ഇന്നില്ല.