Thursday, July 1, 2010

ഫുട്ബോൾ ഫിക്സ്ചർ

ജൂലായ്-രണ്ട്, മൂന്ന് – ക്വാർട്ടർ
ജൂലായ്-ആറ്, ഏഴ് – പയിന്റ്
ജൂലായ് – 11- ഫുള്ള്.

Wednesday, June 23, 2010

ഇന്ദു പറഞ്ഞു തന്ന പാഠം

ഒരു ഉച്ചയിടവേളയിൽ ഊണു കഴിഞ്ഞ് സ്റ്റൂളിൽ കാലും കയറ്റിവെച്ച് ഡിപ്പാർട്ട്മെന്റിലെ എന്റെ കസേരയിൽ ഒന്നു മയങ്ങുകയായിരുന്നു.
‘സാാാാാാർ’
കണ്ണു തുറന്നപ്പോൾ മുമ്പിൽ ഇന്ദു. എന്റെ വിദ്യാർഥിനി. കോഴ്സ് കഴിഞ്ഞു പോയതാണ്. പോയപ്പോൾ അഞ്ചാറു പേപ്പറുകൾ ബാക്കിയിട്ടിട്ടാണ് പോയത്. (ഉഴപ്പിയിട്ടൊന്നുമല്ല, കാക്കതൊള്ളായിരത്തിപതിനൊന്നാണ് എൻട്രൻസ് റാങ്ക്, ദളിത് സംവരണം.) സപ്ലികൾ എഴുതാനുള്ള എഴുന്നള്ളത്താണ്.
‘സാറേ, ശല്യായോ?’
‘ഏഏയ്….എന്താ ഇന്ദൂനു വേണ്ടേ’ ജീവിക്കുന്നത് തന്നെ നിനക്കൊക്കെ വേണ്ടിയല്ലേ എന്ന മട്ടിൽ ഞാൻ. പോയ മയക്കം ഏതായാലും തിരിച്ചു വരില്ല.
‘ എനിക്ക് കൺട്രോളിൽ കൊറച്ചു ഡവുട്ട്ണ്ട്’
കൺട്രോൾ സിസ്റ്റംസ് എടുത്തിരുന്ന സഹപ്രവർത്തകൻ കുറച്ചു നാൾ അസുഖം മൂലം അവധിയിലായിരുന്നതിനാൽ അവരുടെ ബാച്ചിനു എന്റെ മുട്ടുശാന്തിയായിരുന്നു.
‘ ആ, കാണിക്ക്’
തികഞ്ഞ അലക്ഷ്യ ഭാവത്തിൽ ഞാൻ പറഞ്ഞു. ഇന്ദുവല്ലേ, വല്ല ചെറുകിട സംശയവുമായിരിക്കും, ഇപ്പോൾ തീർത്തുകൊടുത്തേക്കാം എന്നമട്ടിൽ.
‘ അത് സാർ..’ ഒരു നീളൻ ബുക്ക് തുറന്നുവെച്ച് അവൾ പറയാൻ തുടങ്ങിയപ്പോളാണ് എന്റെ മയക്കം പൂർണ്ണമായും ആവിയായിപ്പോയത്. ഒരു ബുക്കു നിറയെ നാഗ്രത്ത് ആന്റ് ഗോപാലിലേയും, ഒഗാതയിലേയും, കൂവിലേയും (കൺട്രോൾ സിസ്റ്റത്തിന്റെ ആചാര്യന്മാർ) എക്സർസൈസ് പ്രോബ്ലങ്ങൾ ഒന്നൊന്നായി ചെയ്തിട്ടിരിക്കുന്നു. കുറച്ചു സങ്കീർണ്ണമായ, സാധാരണ കുട്ടികൾ എത്തിനോക്കുകപോലും ചെയ്യാത്ത പ്രോബ്ലങ്ങൾ പാതി നിർത്തിയിരിക്കുന്നു. അതാണവൾ എന്നോട്…
ഞാൻ പതുക്കെ എഴുന്നേറ്റ് മുഖം കഴുകി. ഓഫ് ഹാന്റായി അതൊക്കെ അവളുടെ മുമ്പിൽ attempt ചെയ്ത് നോക്കാനുള്ള ധൈര്യമില്ല. കൺട്രോൾ സിസ്റ്റംസിന്റെ ആശയങ്ങളുടെ മനോഹാരിത, ജീവിതയാഥാർത്ഥ്യങ്ങളുമായുള്ള അതിന്റെ അമ്പരപ്പിക്കുന്ന സമാനതകൾ -എല്ലാം എക്കാലത്തും എന്നെ ആകർഷിച്ചിട്ടുണ്ടെങ്കിലും, ജന്മനാ മടിയനായ ഞാൻ കീറാമുട്ടിക്കണക്കൊന്നും ചെയ്തു നോക്കാൻ മിനക്കെടാറില്ല (പരീക്ഷക്കു സാധാരണ വരാറുമില്ല!). ഭഗവാനേ, ഇതൊരു വല്ലാത്ത പരൂക്ഷ തന്നെ! മാഷ്ന്മാരുടെ അടവു ഞാൻ എടുത്തു.
‘ ഞാൻ ഒന്നു നോക്കട്ടെ, ഇന്ദു നാളെ വാ’
അന്ന് രാത്രി പാതിരായെണ്ണയെരിച്ച് ഞാൻ അതെല്ലാം ചെയ്തു തീർത്തു. (ഒന്നു രണ്ടെണ്ണം കിട്ടിയില്ല, അതിന് എനിക്കു ഒരു രാത്രി പോരാ).
രാവിലെ ഇന്ദു റെഡി. ഒരു വിധത്തിൽ പറഞ്ഞുകൊടുത്തു വിട്ടു. നന്ദി പറഞ്ഞ് അവൾ പോയി. പിന്നീട് റിസൾട്ട് വന്നപ്പോൾ ആദ്യചാൻസിലെ ടോപ്പ് മാർക്കിനപ്പുറമായിരുന്നു ഇന്ദുവിന്റെ മാർക്ക്. കോഴ്സ് പാസായി ഇന്ദു വിടചൊല്ലി പിരിഞ്ഞപ്പോൾ എന്റെ മനസ്സിൽ അവൾ പറയാതെ പറഞ്ഞു തന്ന പാഠമായിരുന്നു.
സത്യത്തിൽ ഇന്ദു മാത്രമൊന്നുമല്ലല്ലോ ഇതു പറഞ്ഞു തന്നിട്ടുള്ളത്. മറ്റൊരു ദളിത് വിദ്യാർഥി. അഞ്ചാറു പേപ്പർ ബാക്കി വെച്ചു പുറത്തുപോയി. പിടിച്ചു നിൽക്കാൻ അടുത്തൊരു കോളെജിൽ ‘ഗോസ്റ്റ്‘ ലെക്ച്ചററായി (പാസാവാതെങ്ങനാ എന്നല്ലേ, അതൊക്കെ സാധിക്കും) രാത്രി പത്തു മണിക്ക് പുസ്തകക്കെട്ടുമായി വരും. സാർ, നാളെ പഠിപ്പിക്കുവാൻ ഉള്ളതാണ് … അങ്ങിനെ പല രാത്രികൾ…. ഒടുവിൽ മൂന്നക്കത്തുകയിൽ ഒതുങ്ങുന്നതല്ല ജീവിതം എന്നായപ്പോൾ വാശിയോടെ പഠിച്ച് പേപ്പറുകൾ എഴുതിയെടുത്തു. ഗേറ്റ് എഴുതി, ഉയർന്ന സ്കോറോടെ പാസായി, ഐഐടിയിൽ പി.ജി. ചെയ്തു, ഇപ്പോൾ നല്ലൊരു ഉദ്യോഗത്തിൽ.
മറ്റൊരു വിദ്യാർഥി- മാനേജുമെന്റ് സീറ്റിലാണ് പ്രവേശനം തരപ്പെടുത്തിയത്. ഒന്നാം വർഷം തന്നെ പത്ത് പേപ്പറിൽ അഞ്ചിനും എട്ടു നിലയിൽ പൊട്ടി. നേരെ പോയി മലമ്പുഴക്ക്, ആത്മഹത്യ ചെയ്യാനൊന്നുമല്ല, സൌകര്യമായിട്ടൊന്നു ചിന്തിക്കാൻ. ഒന്നുകിൽ എടവാട് നിർത്തിപ്പോണം, അല്ലെങ്കിൽ ഒരു മരണപിടുത്തം പിടിക്കണം. മൂപ്പര് (പാലക്കാട്ടുകാർക്ക് എല്ലാരും മൂപ്പരാണ്) രണ്ടാമതേത് തെരഞ്ഞെടുത്തു. കഥ ചുരുക്കിയാൽ, ക്ലാസിൽ നാലാമനായാണ് കോഴ്സ് തീർത്തത്. (യൂണിവേർസിറ്റിയിൽ വേറൊരു സ്ഥലത്തും മരുന്നിനു പോലും ഈ കോഴ്സ് ഇല്ലാത്തതിനാൽ, നാലാം റാങ്ക് ). ഇന്നയാൾ എന്റെ സഹപ്രവർത്തകൻ, എന്റെ മാഷാകാൻ യോഗ്യൻ.
അത്രയേ ഉള്ളൂ ഇതൊക്കെ എന്നു ഞാൻ എന്റെ കുട്ടികളോട് പറയാറുണ്ട്, ഏതു ശ്രീനാഥനും കഴിയുന്നത്. ജീവിതം പത്തി വിടർത്തി ഇപ്പോൾ കൊത്തുമെന്ന് കൺമുമ്പിൽ വന്നു നിന്നു പറയണം എന്നു മാത്രം.

Tuesday, June 22, 2010

അമേരിക്കക്കാർക്ക് മാത്രം

എനിക്ക് ഒരനിയനായ രമേശൻ (രമേശ് കുറുമശ്ശേരി-സിനിമാല) എം.ജി. ശ്രീകുമാർ നയിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാരേ, അവനൊരേനക്കേടു പറ്റാതെ , തിരിച്ചയക്കേണമേ!

Thursday, June 10, 2010

സമ്മേളനം

സമ്മേളനം രണ്ടു മണി കടന്നപ്പോൾ
പ്രതിനിധി വയറു പുകഞ്ഞ് ആലോചിച്ചു.
സാമ്രാജ്യത്വ വിരുദ്ധമായ സാമ്പാർ
വർഗ്ഗീയ വിരുദ്ധമായ അവിയൽ
സ്ത്രീപക്ഷ മധുരക്കറി
നോൺ വെജിറ്റേറിയൻ സ്വത്വബോധമുണർത്തുന്ന ചിക്കനും മീനും
ദേശീയബോധം ഊട്ടിയുറപ്പിക്കാൻ ബട്ടൂര
ആഗോളവൽക്കരണത്തിന്റെ ഭാഗമായി അൽപ്പം ചൈനീസ്
ബുഫെയുടെ വികേന്ദ്രീകരണം, ജനാധിപത്യവൽക്കരണം.
അറിയിപ്പു വന്നു, ഭക്ഷണത്തിനു ശേഷം ആരും മുങ്ങരുത്,
സമ്മേളനാനന്തരം,
യുജിസി (പുതിയ സ്കെയിൽ) വിതരണം ഉണ്ടായിരിക്കുന്നതാണ്.

Monday, May 31, 2010

ദേ, പിന്നേം, തൊടങ്ങീ...

ജൂൺ ഒന്നാണിന്ന്. ഈ മാഷമ്മാരുടെ ഒരു കഷ്ടപ്പാട് മാളോർക്കറിയാമോ? രണ്ട് മാസത്തെ കുശാലായ അവധിപ്പൊറുപ്പാണ് വെടി തീരാൻ പോകുന്നത്. വെറുതെയങ്ങനെ ചാരുകസേരയിൽ മലർന്ന് കിടന്ന്, ചാനലായ ചാനലൊക്കെ മാറ്റിമാറ്റിക്കളിച്ച്, അവധിക്കു വന്ന മകനോട് റിമോട്ടിനു തല്ലുകൂടി, ഇടയ്ക്കിടയ്ക്ക് പഠിക്കടാ..എന്ന് ആക്രോശിച്ച് ..... (കേട്ട ഭാവം നടിക്കാറില്ല, തൃപ്പുത്രൻ- ഒന്നേ ഉള്ളു, ഒലയ്ക്കക്കടിച്ച് വളർത്തേണ്ടതായിരു ന്നു), ഈ ടിവിയിലാകെ ചവറാണല്ലോ എന്നു പറഞ്ഞു കഴിഞ്ഞു, കഴിയുന്നത്ര നേരം. (എന്നെക്കൊണ്ടൊന്നും പറയിപ്പിക്കെണ്ടാ എന്നു ഭാര്യ) പിന്നെ, ബ്ലോഗുലകം മുഴുവൻ പരതി, ‘ആക്ഷേപങ്ങളും, അഭിപ്രായങ്ങളും’ പോസ്റ്റു ചെയ്യലായിരുന്നു മറ്റൊരു പ്രധാന പണി. അതു വിട്ടാൽ, സെൻസെക്സിന്റെ രേഖീയാന്ദോളനങ്ങൾ അനുധാവനം ചെയ്യൽ (വ്യാപാരമൊന്നുമല്ല പൊന്നേ, വിൻഡോ ഷോപ്പിങിന്റെ സൈബെർ പരിഭാഷ). പിന്നെ കാലാകാലത്ത്, ജോലിക്കു പോകുന്നതിനു മുമ്പ് കളത്രം ഉണ്ടാക്കിവെച്ചതൊക്കെ, അവരുടെ ഭാഷയിൽ പറഞ്ഞാൽ, വെട്ടിവിഴുങ്ങുക. പിന്നെയും സമയം കിട്ടിയാൽ, ദേശീയപാത മീറ്റർ മുപ്പതു വേണോ, നാൽപ്പത്തഞ്ചു വേണോ, സ്വത്വരാഷ്ട്രീയമോ, വർഗ്ഗരാഷ്ടീയമോ ശരി, നീലകണ്ഠനെ തല്ലിയത് ചരിത്ര-സാമൂഹ്യ-രാഷ്ട്രീയ-പരിപ്രേക്ഷ്യങ്ങളിൽ വിലയിരുത്തുമ്പോൾ തൊഴിലാളിവർഗ്ഗത്തിനാണോ, അയാൾക്കാ ണോ മൈലേജു കിട്ടുക- മുതലായ കാര്യങ്ങളെക്കുറിച്ച് കൂലങ്കഷമായി പരിശോധിക്കും.

ഈശ്വരാ, ഒരു സുവർണ്ണകാലം അവസാനിക്കുകയാണ് , ഇന്ന് ജൂൺ ഒന്ന്. എന്താണാവോ പഠിപ്പിച്ചു കൊണ്ടിരുന്നത്? നാലാം സെമസ്റ്ററോ, അതോ അഞ്ചാം—അല്ല, നാലു തന്നെ. മൈക്രോപ്രൊസസ്സേർസ്-എവിടെ നിർത്തിയെന്ന് ദൈവത്തിനറിയാം! സാരമില്ല, ഏതെങ്കിലും പഠിപ്പിസ്റ്റുകൾ നോട്ടു കൊണ്ടു വരാതിരിക്കില്ല, അതു നോക്കിയിട്ട് തുടങ്ങാം. ചർവിതചർവണം ആയതിനാൽ എവിടെന്നും തുടങ്ങാമെന്ന ധൈര്യം ഉണ്ട്. പോരാത്ത തിന് ആദ്യത്തെ ക്ലാസല്ലേ, അവധിയൊക്കെ എങ്ങനെ ചെലവഴിച്ചു എന്നു ചോദിക്കുന്ന സൂത്രമൊക്കെ സ്ക്കൂളിൽ മാത്രമല്ല, എഞ്ചിനീയറിങ് കോളേജിലും എടുക്കാം, ആരും തൂക്കിക്കൊല്ലില്ല. (പഴയ കുട്ടികളാരും ബ്ലോഗു കാണില്ല എന്നാണു പ്രതീക്ഷ, അല്ലെങ്കിൽ ശ്രീമാഷ് ഈ മൈക്രോപ്രൊസസ്സേർസ് താഴെ വച്ചില്ലേ ഇതുവരെയും എന്നു വിചാരിക്കും. ഒരു ഇൻഫൊസിസുകാരൻ ഈയിടെ കണ്ടപ്പോൾ കുശലം ചോദിച്ചതാണ്, സാറിന്റെ സ്റ്റാക്കിനും, റാമിനും, ഇന്റരപ്റ്റുകൾക്കും, തീറ്റക്കും,ഡെൽറ്റക്കും, ഗാമക്കും ഒക്കെ സുഖമല്ലേ എന്ന്. തന്റെയൊക്കെ കൃപാകടാക്ഷത്താൽ, അവറ്റയൊക്കെ കഞ്ഞികുടിച്ചു കഴിയുന്നെടേ എന്നു പറഞ്ഞു. ഇൻഫൊസിസ് തന്നെ ആകെക്കൂടെ ഒരു പ്രോഗ്രാം ചെയ്തിട്ട് അത് തിരിച്ചും മറിച്ചും പെയിന്റടിച്ചു വിറ്റല്ലേ കഴിഞ്ഞു കൂടുന്നത്?)
അപ്പോൾ ജൂൺ ഒന്ന് ! dear Mark, every june first, the teacher felt miserable as it started another academic year’s suffering at college!!!!!

എങ്കിലും കൂട്ടരേ, രണ്ടാമതൊരു കുറി മുങ്ങാനാവാത്ത നദി പോലുള്ള കുട്ടികളുടെ നിതാന്തപ്രവാഹത്തിൽ ഈ മാഷും ഒന്നു മുങ്ങിനിവർന്ന് കന്മഷമകറ്റട്ടെ!

Wednesday, May 19, 2010

ഇലയനക്കങ്ങൾ

കൊച്ചിലയനക്കങ്ങൾക്കുള്ളിലൂടെ
സൂചിപ്രകാശമായി കടന്നുചെന്നാലും.
കാറ്റ് മടിഞ്ഞു മടിഞ്ഞ്, അടിയിൽ
കൊച്ചിലയനക്കങ്ങൾ.
നോവാതെ,നോവിക്കാതെ, കടന്നുചെന്നാലും.
ഇലകളുടെ അടിയിലെ വെള്ളനാരുചെപ്പുകൾക്കുമടിയിൽ
മാനും മാഞ്ചാടിയുമറിയാതെ ശയിക്കൂ.
ഇലകളുടെ അറ്റങ്ങൾ നിങ്ങളെ മെല്ലെത്തലോടുന്നു
ഇളം ചുവപ്പുതണ്ടുകളുടെ പുളിപ്പ് ചുണ്ടിൽ തൊടുന്നു
മണ്ണിന്റെ അതിസൂക്ഷ്മസുഷിരങ്ങൾ
രഹസ്യക്കുളിരിനാൽ നിങ്ങളെ മൂടുന്നു
യുഗങ്ങളോളം പോന്ന നിദ്രയിലേക്ക്
നിങ്ങൾ ഒലിച്ചു പോകുന്നു.

Tuesday, May 18, 2010

കെട്ട ജീവിതം, ഉണ്ടെനിക്കെന്നാൽ,
മറ്റൊരു സൈബർ ജീവിതം മന്നിൽ!