Wednesday, June 23, 2010

ഇന്ദു പറഞ്ഞു തന്ന പാഠം

ഒരു ഉച്ചയിടവേളയിൽ ഊണു കഴിഞ്ഞ് സ്റ്റൂളിൽ കാലും കയറ്റിവെച്ച് ഡിപ്പാർട്ട്മെന്റിലെ എന്റെ കസേരയിൽ ഒന്നു മയങ്ങുകയായിരുന്നു.
‘സാാാാാാർ’
കണ്ണു തുറന്നപ്പോൾ മുമ്പിൽ ഇന്ദു. എന്റെ വിദ്യാർഥിനി. കോഴ്സ് കഴിഞ്ഞു പോയതാണ്. പോയപ്പോൾ അഞ്ചാറു പേപ്പറുകൾ ബാക്കിയിട്ടിട്ടാണ് പോയത്. (ഉഴപ്പിയിട്ടൊന്നുമല്ല, കാക്കതൊള്ളായിരത്തിപതിനൊന്നാണ് എൻട്രൻസ് റാങ്ക്, ദളിത് സംവരണം.) സപ്ലികൾ എഴുതാനുള്ള എഴുന്നള്ളത്താണ്.
‘സാറേ, ശല്യായോ?’
‘ഏഏയ്….എന്താ ഇന്ദൂനു വേണ്ടേ’ ജീവിക്കുന്നത് തന്നെ നിനക്കൊക്കെ വേണ്ടിയല്ലേ എന്ന മട്ടിൽ ഞാൻ. പോയ മയക്കം ഏതായാലും തിരിച്ചു വരില്ല.
‘ എനിക്ക് കൺട്രോളിൽ കൊറച്ചു ഡവുട്ട്ണ്ട്’
കൺട്രോൾ സിസ്റ്റംസ് എടുത്തിരുന്ന സഹപ്രവർത്തകൻ കുറച്ചു നാൾ അസുഖം മൂലം അവധിയിലായിരുന്നതിനാൽ അവരുടെ ബാച്ചിനു എന്റെ മുട്ടുശാന്തിയായിരുന്നു.
‘ ആ, കാണിക്ക്’
തികഞ്ഞ അലക്ഷ്യ ഭാവത്തിൽ ഞാൻ പറഞ്ഞു. ഇന്ദുവല്ലേ, വല്ല ചെറുകിട സംശയവുമായിരിക്കും, ഇപ്പോൾ തീർത്തുകൊടുത്തേക്കാം എന്നമട്ടിൽ.
‘ അത് സാർ..’ ഒരു നീളൻ ബുക്ക് തുറന്നുവെച്ച് അവൾ പറയാൻ തുടങ്ങിയപ്പോളാണ് എന്റെ മയക്കം പൂർണ്ണമായും ആവിയായിപ്പോയത്. ഒരു ബുക്കു നിറയെ നാഗ്രത്ത് ആന്റ് ഗോപാലിലേയും, ഒഗാതയിലേയും, കൂവിലേയും (കൺട്രോൾ സിസ്റ്റത്തിന്റെ ആചാര്യന്മാർ) എക്സർസൈസ് പ്രോബ്ലങ്ങൾ ഒന്നൊന്നായി ചെയ്തിട്ടിരിക്കുന്നു. കുറച്ചു സങ്കീർണ്ണമായ, സാധാരണ കുട്ടികൾ എത്തിനോക്കുകപോലും ചെയ്യാത്ത പ്രോബ്ലങ്ങൾ പാതി നിർത്തിയിരിക്കുന്നു. അതാണവൾ എന്നോട്…
ഞാൻ പതുക്കെ എഴുന്നേറ്റ് മുഖം കഴുകി. ഓഫ് ഹാന്റായി അതൊക്കെ അവളുടെ മുമ്പിൽ attempt ചെയ്ത് നോക്കാനുള്ള ധൈര്യമില്ല. കൺട്രോൾ സിസ്റ്റംസിന്റെ ആശയങ്ങളുടെ മനോഹാരിത, ജീവിതയാഥാർത്ഥ്യങ്ങളുമായുള്ള അതിന്റെ അമ്പരപ്പിക്കുന്ന സമാനതകൾ -എല്ലാം എക്കാലത്തും എന്നെ ആകർഷിച്ചിട്ടുണ്ടെങ്കിലും, ജന്മനാ മടിയനായ ഞാൻ കീറാമുട്ടിക്കണക്കൊന്നും ചെയ്തു നോക്കാൻ മിനക്കെടാറില്ല (പരീക്ഷക്കു സാധാരണ വരാറുമില്ല!). ഭഗവാനേ, ഇതൊരു വല്ലാത്ത പരൂക്ഷ തന്നെ! മാഷ്ന്മാരുടെ അടവു ഞാൻ എടുത്തു.
‘ ഞാൻ ഒന്നു നോക്കട്ടെ, ഇന്ദു നാളെ വാ’
അന്ന് രാത്രി പാതിരായെണ്ണയെരിച്ച് ഞാൻ അതെല്ലാം ചെയ്തു തീർത്തു. (ഒന്നു രണ്ടെണ്ണം കിട്ടിയില്ല, അതിന് എനിക്കു ഒരു രാത്രി പോരാ).
രാവിലെ ഇന്ദു റെഡി. ഒരു വിധത്തിൽ പറഞ്ഞുകൊടുത്തു വിട്ടു. നന്ദി പറഞ്ഞ് അവൾ പോയി. പിന്നീട് റിസൾട്ട് വന്നപ്പോൾ ആദ്യചാൻസിലെ ടോപ്പ് മാർക്കിനപ്പുറമായിരുന്നു ഇന്ദുവിന്റെ മാർക്ക്. കോഴ്സ് പാസായി ഇന്ദു വിടചൊല്ലി പിരിഞ്ഞപ്പോൾ എന്റെ മനസ്സിൽ അവൾ പറയാതെ പറഞ്ഞു തന്ന പാഠമായിരുന്നു.
സത്യത്തിൽ ഇന്ദു മാത്രമൊന്നുമല്ലല്ലോ ഇതു പറഞ്ഞു തന്നിട്ടുള്ളത്. മറ്റൊരു ദളിത് വിദ്യാർഥി. അഞ്ചാറു പേപ്പർ ബാക്കി വെച്ചു പുറത്തുപോയി. പിടിച്ചു നിൽക്കാൻ അടുത്തൊരു കോളെജിൽ ‘ഗോസ്റ്റ്‘ ലെക്ച്ചററായി (പാസാവാതെങ്ങനാ എന്നല്ലേ, അതൊക്കെ സാധിക്കും) രാത്രി പത്തു മണിക്ക് പുസ്തകക്കെട്ടുമായി വരും. സാർ, നാളെ പഠിപ്പിക്കുവാൻ ഉള്ളതാണ് … അങ്ങിനെ പല രാത്രികൾ…. ഒടുവിൽ മൂന്നക്കത്തുകയിൽ ഒതുങ്ങുന്നതല്ല ജീവിതം എന്നായപ്പോൾ വാശിയോടെ പഠിച്ച് പേപ്പറുകൾ എഴുതിയെടുത്തു. ഗേറ്റ് എഴുതി, ഉയർന്ന സ്കോറോടെ പാസായി, ഐഐടിയിൽ പി.ജി. ചെയ്തു, ഇപ്പോൾ നല്ലൊരു ഉദ്യോഗത്തിൽ.
മറ്റൊരു വിദ്യാർഥി- മാനേജുമെന്റ് സീറ്റിലാണ് പ്രവേശനം തരപ്പെടുത്തിയത്. ഒന്നാം വർഷം തന്നെ പത്ത് പേപ്പറിൽ അഞ്ചിനും എട്ടു നിലയിൽ പൊട്ടി. നേരെ പോയി മലമ്പുഴക്ക്, ആത്മഹത്യ ചെയ്യാനൊന്നുമല്ല, സൌകര്യമായിട്ടൊന്നു ചിന്തിക്കാൻ. ഒന്നുകിൽ എടവാട് നിർത്തിപ്പോണം, അല്ലെങ്കിൽ ഒരു മരണപിടുത്തം പിടിക്കണം. മൂപ്പര് (പാലക്കാട്ടുകാർക്ക് എല്ലാരും മൂപ്പരാണ്) രണ്ടാമതേത് തെരഞ്ഞെടുത്തു. കഥ ചുരുക്കിയാൽ, ക്ലാസിൽ നാലാമനായാണ് കോഴ്സ് തീർത്തത്. (യൂണിവേർസിറ്റിയിൽ വേറൊരു സ്ഥലത്തും മരുന്നിനു പോലും ഈ കോഴ്സ് ഇല്ലാത്തതിനാൽ, നാലാം റാങ്ക് ). ഇന്നയാൾ എന്റെ സഹപ്രവർത്തകൻ, എന്റെ മാഷാകാൻ യോഗ്യൻ.
അത്രയേ ഉള്ളൂ ഇതൊക്കെ എന്നു ഞാൻ എന്റെ കുട്ടികളോട് പറയാറുണ്ട്, ഏതു ശ്രീനാഥനും കഴിയുന്നത്. ജീവിതം പത്തി വിടർത്തി ഇപ്പോൾ കൊത്തുമെന്ന് കൺമുമ്പിൽ വന്നു നിന്നു പറയണം എന്നു മാത്രം.

64 comments:

അലി said...

അങ്ങനെ മാഷമ്മാരും പാഠം പഠിക്കട്ടെ...
നല്ല എഴുത്ത് മാഷെ ഇഷ്ടപ്പെട്ടു.

krishnakumar513 said...

നല്ല ശൈലി . ക്രിട്ടിയും,ഒടിയലും,റ്റിപിയും എല്ലാം ആ കാലങ്ങളിലെ സ്ഥിരം സംഭവങ്ങളായിരുന്നല്ലൊ.ഓര്‍മ്മകള്‍ക്കു നന്ദി.....

Vayady said...

എന്തിനാ വെറുതെ ഒരു പഠിക്കുന്ന കുട്ടീടെ സീറ്റ് കളയുന്നത് എന്നു കരുതിയിട്ടാണ്‌ ഞാന്‍ ഈ പണിക്ക് പോകാഞ്ഞത്. അല്ലാതെ പഠിക്കാന്‍ മടിയായിട്ടൊന്നുമല്ല. എന്നെ സമ്മതിക്കണം അല്ലേ? :)

Anonymous said...

നന്നായി എഴുതിയിരിക്കുന്നു മാഷേ......കൊച്ചു പോസ്റ്റ് , ക്ഷമ പരീക്ഷിക്കുന്നില്ല....വലിയ കാര്യങ്ങള്‍....കോളേജില്‍ നിന്നു സപ്ലി വന്നു കൊഴിഞ്ഞ് എങ്ങുമെത്താതായവരെപ്പറ്റി എഴുതണമെന്നു കരുതിയിരുന്നു. എന്‍ജിനീയറിംഗ് കോളേജുകള്‍ കൂണു പോലെ...പക്ഷേ ഈ ജീവിതങ്ങളെക്കുറിച്ച് ആരും അന്വേഷിക്കാറില്ല..

ഇതിനു മൂന്നു കമന്റൊന്നും പോരല്ലോ. ഇനി കമന്റുകള്‍ പൊലിക്കും കേട്ടോ .എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുറവെങ്കിലും എനിക്കു മറ്റു ബ്ലോഗുകളില്‍ നല്ല കമന്റു രാശിയുണ്ടേ....അതാ..:) :) .ഇനിയും വരും ബാക്കി വായിക്കാന്‍ ഇപ്പോള്‍ നേരമില്ല....

തറവാടി said...

no comments ;)

ഒഴാക്കന്‍. said...

നല്ല എഴുത്ത്

jayanEvoor said...

നല്ല കുറിപ്പ്.
ഇഷ്ടപ്പെട്ടു.

റ്റോംസ് കോനുമഠം said...

നല്ല എഴുത്ത്..
ഇഷ്ടായി

മൈലാഞ്ചി said...

നന്നായിരിക്കുന്നു മാഷേ.. രണ്ടുതവണയായി അധ്യാപികയെന്ന കൂലിപ്പണിക്ക്(മാഷ് പറഞ്ഞപോലെ ഗോസ്റ്റ് ലക്ചറര്‍) പോയതിന്റെ അനുഭവം എന്നെ പഠിപ്പിച്ചതും നമുക്ക് വിദ്യാര്‍ഥികളുടെ അടുത്തുനിന്നും പലതും പഠിക്കാനുണ്ടെന്നു തന്നെ... മറ്റൊന്നു കൂടി പഠിച്ചു.. അധ്യാപനം എനിക്ക് വഴങ്ങില്ലെന്ന്..

ആദ്യായാണ് ഇവിടെ.. ഇനീം വരാം.. ഇപ്പൊ പഴേ പോസ്റ്റുകള്‍ നോക്കട്ടെട്ടോ

Naushu said...

നന്നായിരിക്കുന്നു മാഷേ....
എഴുത്ത് ഇഷ്ടപ്പെട്ടു.......

Captain Haddock said...

നല്ല പോസ്റ്റ്‌. ഇത് തുറന്നു എഴുതാന്‍ കാണിച്ച ആ വലിയ മനസിന്‌ ഒരു സെലൂട്റ്റ്‌!

ശ്രീനാഥന്‍ said...

@അലി-ഇനിയും അവരിൽ നിന്ന് പഠിക്കണമെന്നുണ്ട്, അലിവാർന്ന വാക്കുകൾക്ക് നന്ദി.
@കൃഷ്-ഓർത്തല്ലോ, ഏതെങ്കിലും മാഷ് ‘ഒടിച്ചിട്ടുണ്ടോ?’
@വായാടി-അല്ലെങ്കിലും വായാടി ആരാ മോള്?
@മൈത്രേയി ഈ ബ്ലോഗിന്റെ ഐശ്വര്യം, രാശി.
@തറവാടികൾ ഇങ്ങനെ ഒന്നും പറയാതെ പോകുന്നത് ശരിയല്ല, വിശ്വസാഹിത്യരചനയല്ല സർ, താങ്കളെപ്പോലുള്ളവരുമായി സംവദിക്കുക മാത്രമാണ് ഈ ബ്ലോഗിന്റെ ഏക ഉദ്ദേശ്യം.
@ഒഴാക്കൻ, ജയൻ,റ്റോംസ്, നൌഷു-നന്ദി, നമസ്ക്കാരം
@ക്യാപ്റ്റൻ-ഞാൻ, ചെറിയ ഒരാൾ,ചെറിയ മനസ്സ്-എങ്കിലും താങ്കൾക്ക് വളരെ നന്ദി.
@മൈലാഞ്ചി -എഴുതുന്ന ശൈലി കണ്ടാൽ നല്ല അധ്യാപികയാകാൻ കഴിയുമെന്നാണല്ലോ തോന്നുക!

Venugopal G said...

Ente anubhavavum vethyasthamalla ennu thonnee

vasanthalathika said...
This comment has been removed by the author.
vasanthalathika said...

സത്യത്തില്‍ അധ്യാപകര്‍ കുട്ടികളില്‍നിന്ന് ഏറെ അറിയാനുണ്ട്
.പഠനം വഴങ്ങാതെ ആത്മഹത്യ ചെയ്തെന്നു ഉള്ള വാര്‍ത്തയാണ് കൂടുതല്‍ കേള്‍ക്കാറുള്ളത്.അതല്ലാതെ ഒരു തീവ്രയത്നം നടത്തിയാല്‍ ശോ ഭനമാകും തങ്ങളുടെ ഭാവി എന്ന് കുട്ടികള്‍ക്ക് തിരിച്ചറിവ് കൊടുക്കുന്ന ഇത്തരം അനുഭവവിവരണങ്ങള്‍ക്ക് പ്രചാരം കിട്ടിയിരുന്നെങ്കില്‍...
പിന്നെ...വസന്തലതിക എന്ന കാല്‍പനികതയെ തേടിവന്നതിനു നന്ദി..ആഹ്ലാദം.
ഇനിയും കാണാം...

കൂതറHashimܓ said...

മാഷേ..... ഉമ്മ്മഹ ഉമ്മഹ ... :)
എനിക്ക് ഇപ്പളും 5 സപ്ലി ഉണ്ട് ട്ടാ... എല്ലാരും പറയുന്നു ഞാന്‍ പൊട്ടനാണെന്ന്
മാഷിന്റെ പോസ്റ്റ് വായിച്ചപ്പോ സന്തോഷായി
(അടുത്ത തവണ എല്ലാം പൊക്കണം)

chithrangada said...

മാഷേ ശരിക്കും നന്നായിട്ടുണ്ട്.ജീവിതം മുന്നില് പടം വിടര്ത്തുമ്പോള്",fight or plight എന്ന ഘട്ടത്തില് എന്ത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നതില് ആണ് ജീവിതവിജയം.
മാഷുടെ ഈ പോസ്റ്റ് ഒരുപാട് പേര്ക്ക് പ്രചോദനം ആവട്ടെ !!!!!!!!!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ശ്രീനാഥനല്ല അപ്പോൾ നല്ലൊരു സാക്ഷാൽ ഗുരുനാഥൻ തന്നെ !
ശിഷ്യഗണങ്ങളെ ഉന്നതിയിൽ എത്തിച്ചതിന്റെ, നല്ല കുറേ നേർചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നു കേട്ടൊ മാഷേ

ശ്രീനാഥന്‍ said...

വേണു-വന്നു കണ്ടതിൽ സന്തോഷം, സാറിപ്പോൾ ബ്ലോഗുപുറത്താണ് എന്നൊന്നും പറഞ്ഞു പരത്തല്ലേ, നമുക്കു ജീവിച്ചു പോണ്ടേ?
ഹേ, വസന്തലതികേ, ഭവതിയുടെ തൂലികാസ്പർശത്താൽ ഈ ബ്ലോഗം അനുഗൃഹീതമായിരിക്കുന്നു.
ഹാഷീം, അഞ്ചു സപ്ലിയൊക്കെ പുല്ലു പുല്ലു പോലെ പൊക്കാം, എട്ടും പത്തും ഒറ്റയടിക്കു പൊക്കിയിട്ടുള്ള ഹെർക്കുലീസുകളെ കണ്ടിട്ടുണ്ട് ഞാൻ, പക്ഷെ ഇച്ഛാശക്തി വേണം.
ചിത്ര, വളരെ സന്തോഷം, പ്രചോദനമായാൽ പെരുത്ത് സന്തോഷം
ശീമത്തമ്പുരാനെ, അൽപ്പം കൂടിപ്പോയി പ്രശംസ, ഞാൻ അത്ര വലിയ അദ്ധ്യാപകനൊന്നുമല്ല, എങ്കിലും, നല്ല വാക്കുകൾക്ക് നന്ദി

Rare Rose said...

ഈ തുറന്നു പറച്ചിലുകള്‍ക്ക് ഒരു സലാം മാഷേ..
ആ അവസാന വരി..അതങ്ങു പെരുത്തിഷ്ടപ്പെട്ടു..അങ്ങനെയൊരു നിമിഷത്തിന്റെ ശക്തി ഏതൊരാളെയും മാറ്റി മറിച്ചു കളയുന്നത് തന്നെയാണു..

വഷളന്‍ | Vashalan said...

ശ്രീമാഷേ, വേറിട്ട ചിന്തകള്‍ ... ശരിയാണ്, ചിന്ന ചിന്ന മാര്‍ക്കുപോയതില്‍ പരിതപിക്കാനൊന്നുമില്ല, പക്ഷെ പലരും അത് മനസ്സിലാക്കുന്നില്ല. എല്ലാ ഫീല്‍ഡിലും കടിപിടി മത്സരം നടക്കുന്ന ഈ കാലത്ത്.
Academic excellence does not necessarily translate to professional excellence.
പണ്ടാരാണ്ടോ പറഞ്ഞപോലെ ചിന്തിച്ചാലൊരു അന്തോമില്ല, ചിന്തിച്ചില്ലേലൊരു കുന്തോമില്ല.

കഴിഞ്ഞ പോസ്റ്റിലും ഒരു അടിക്കുറിപ്പ് ചാര്‍ത്തിയിട്ടുണ്ട്!

ശ്രീനാഥന്‍ said...

സന്തോഷം റോസ്- ആ അവസാന വരി എഴുതിയപ്പോൾ ഞാൻ എന്നെ ഓർത്തിരുന്നു, വെറും ഒരു ശരാശരിക്കാരനായ എന്നെ. വഷളൻ (താങ്കളെ ഇങ്ങനെ വിളിക്കാൻ ഒരു വിഷമം)-ശരിയാണ്, ഞങ്ങളുടെ കാലത്തെ ഏറ്റവും വിജയിച്ച എഞ്ചീനീയർ ആദ്യ ചാൻസിൽ പാസായ ആളല്ല.

b Studio said...

അതിശയോക്തി ആണെന്ന് കരുതരുതേ മാഷേ.. മലമ്പുഴയിൽ പോയ സഹപാഠിയുടെ അതേ അവസ്ഥ നേരിട്ട ഒരുവനാണു ഞാനും. പക്ഷെ സൗകര്യമായിട്ടൊന്നു ചിന്തിക്കാൻ സമയം കിട്ടിയത് ആറാം സെമസ്റ്റർ അവസാനത്തിൽ ആണു എന്ന് മാത്രം. കണ്ടു തീർക്കാൻ ഒരു പാട് സിനിമകൾ ബാക്കി വെച്ച് കൊണ്ട് ആ സപ്ലി സീസണിൽ 23 സപ്ലികൾ എഴുതി. ഒരെണം ഒഴിച്ച് ബാക്കിയെല്ലാം ജയിച്ചു എന്ന പറയുമ്പോഴാണു കോളേജിലെ പ്രിൻസിപ്പാൾ ചോദിച്ച ചോദ്യം എല്ലാവരും ചോദിക്കുക്ക. “ എത്ര കാശ് കൊടുത്തു നീ യൂണിവേഴ്സിറ്റിയിൽ”

suchand scs said...

പഠിപ്പിക്കലിലെ കുറച്ച് അനുഭവങ്ങൽ ഇവിടെ ഗമന്റണമെന്നുണ്ട്..പിന്നെ ആ കമന്റൊരു സപ്ലിയാകട്ടെയെന്നു കരുതി..

ചുമ്മാ.. :-)

സുചാന്ദ്

Manoraj said...

ആദ്യമായാണിവിടെ.. കൊള്ളാം.. അദ്ധ്യാപകർക്ക് വിദ്യാർഥികളിൽ നിന്നും ഒട്ടേറെ പഠിക്കാനുണ്ട്.

ശ്രീനാഥന്‍ said...

സ്റ്റുഡിയോ, താങ്കൾ ഒരു ഹെർക്കുലീസുതന്നെ, വിദ്യാർത്ഥി രക്ഷപെടുമ്പോൾ, അംഗീകരിക്കാൻ ചില അദ്ധ്യാപകർക്കു വൈമുഖ്യമുണ്ടെന്നതു ശരി തന്നെ ഓ,സുശാന്ത്, സന്തോഷം!, പിന്നെ അന്നന്നത്തെ അന്നന്നു തീർക്കണം, അല്ലേൽ സപ്ലി വരും കുട്ടാ! മനോരാജ്-വളരെ നന്ദി, ഇനിയും വരുമല്ലോ.

jayarajmurukkumpuzha said...

valare nannayittundu..... aashamsakal......

suchand scs said...

ഇന്നേക്ക് വരെ ഒരു സപ്ലിയും അടിക്കാത്ത ഒരാളുടെ സപ്ലി ആഗ്രഹമായി കാണൂ ശ്രീ മാഷേ; രാഹുൽ ദ്രാവിഡ് സിക്സർ അടിക്കാൻ ആഗ്രഹിക്കണ പോലെ!!

സുചാന്ദ് സംഗീത്

സലാഹ് said...

വ്യതിരിക്തമായ കുറിപ്പുതന്നെ,
അറിവനുഭവത്തിന് നന്ദി

ചാണ്ടിക്കുഞ്ഞ് said...

കൊള്ളാം...മനുഷ്യന്‍ വിചാരിച്ചാ അസാധ്യമായതെന്തുണ്ട്...കഠിനപ്രയത്നം മാത്രം മതി....
അല്ലെങ്കി എന്റെ കാര്യം തന്നെ നോക്കൂ...അഞ്ചാം സെമെസ്ടര്‍ ആയപ്പോഴേക്കു സപ്ലികള്‍ ഏകദേശം പതിനഞ്ച്...അതെഴുതിയെടുത്തു തിരിച്ചു കേറിയാ മതിയെന്ന് വിചാരിച്ചു ഒരു കൊല്ലം ബ്രേക്ക് എടുത്തു...തിരിച്ചു വന്നപ്പോ സപ്ലികള്‍ ഒന്ന് പോലും കുറഞ്ഞിട്ടില്ല...പിന്നെ ഒരു വാശിയായിരുന്നു...സിക്സ്ത് കഴിഞ്ഞപ്പോഴേക്കും എല്ലാം എഴുതിയെടുത്തു...സാമാന്യം കൊള്ളാവുന്ന 70 ശതമാനവുമായി പാസ്സായി...പിന്നെ അതെ കോളേജില്‍ "ഗോസ്റ്റ്" ആയി..ഇപ്പോള്‍ ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ ജൂനിയര്‍ ഫാക്കല്ടി മെമ്പര്‍....കൂടെ MS ജൂലൈയില്‍ കമ്പ്ലീട്റ്റ് ചെയ്യുന്നു...
എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിയതിനും നന്ദി...ചാണ്ടിയുടെ ലണ്ടന്‍ യാത്ര കൂടി വായിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...
പിന്നെ, ഞാന്‍ പാലക്കാട് ഒരു മാസം പഠിച്ചിട്ടുണ്ട് കേട്ടോ, 1993 നവംബര്‍...പിന്നെ തൃശ്ശൂരിലേക്ക് പോന്നു...

ശ്രീനാഥന്‍ said...

സുചാന്ദാ, അതുതന്നെയാണ് പറഞ്ഞത് എന്റെ മിടുക്കൻ കുട്ടീ, എന്തിനാ, കമെന്റിൽ മാത്രം സപ്ലിയടിക്കുന്നത്? സലാഹ്, വളരെ നന്ദി, ഒരു സീരിയസ് റീഡറാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചാണ്ടി, എന്റെ കുറിപ്പിനു ഇതിനേക്കാളെറെ പിൻബലം കിട്ടാനില്ല. എല്ലാ മംഗളങ്ങളും.

ഏ ഹരി ശങ്കർ കർത്ത said...

സത്യസന്ധം...ഞങ്ങൾക്ക് സാറുമ്മാരോട് പറയാനുണ്ടാരുന്നത്...

ഞാനും 3ഈ ആകുന്നു

ഏ ഹരി ശങ്കർ കർത്ത said...

കണ്ട്രോൾ രണ്ടും പാസായിട്ടും എൽ എസ് ഏ പസാകാത്ത ഭാഗ്യവാനാ ഞാൻ...

പണ്ട് ഞാൻ വഴി തെറ്റി ക്ലാസ്സിൽ എത്യപ്പോ മിസ്സിനോട് ചോദിച്ചൂ
എന്തായീ ചതുരത്തിന്റെ ഒക്കെ പൊരുൾ
റ്റീച്ചർ കണ്ണുരുട്ടി
ഇന്നലത്തെ ക്ലാസ്സിൽ വരണാമായിരുന്നു

“ബിൻഗ്ഗോ”

suchand scs said...

sreenthan maashe, is that nikhil?

ഉപാസന || Upasana said...

ആരില്‍ നിന്നും പഠിക്കാം. ആരും പഠിപ്പിക്കാം. അതാണ് ജീവിതം
:-)

ശ്രീനാഥന്‍ said...

കർത്താവേ, എൽ എസ് എ ക്കു ഡെവിഡ് കെ ചെങ് എഴുതിയ സുവിശേഷം വായിക്കൂ. ഉപാസനാ‍, പഠനം ഒരു ഉപാസനയാകുന്നു. suchand, exactly! my student, my colleague, and my friend.

suchand scs said...

nikhil is my cricket-mate :) and good friend.. he told me that he will be coming to iisc for phd..even retheep also..

nice to hear that both of them are your colleagues..

പണ്ട് ഞാനും നിഖിലും മതം/ദൈവം ഇല്ലായ്മയെപ്പറ്റി മുട്ടൻ അടിയിട്ടിരുന്നു..ചുമ്മാ ഒരു ദിവസം തർക്കോവിസ്കിയായി..ഓർമ്മകളുടെ പെരുമഴക്കാലം..

തിരിച്ച് പി എച്ച് ഡിക്ക് വരുന്നൂന്ന് കേട്ടു..ഞാനിവിടെ കാണുമോ എന്തോ.. എനിക്കിട്ട് വല്ല പാരയും താങ്ങിയോ ആശാൻ, അല്ലാ ഇവിടെ വരുമ്പോ തിരിച്ച് കൊടുക്കാനാണെന്നെ..അക്കാര്യത്തിൽ നോ സപ്ലി.. :-)

ശ്രീനാഥന്‍ said...

ആ, നിഖിൽ മതസംവാദത്തിന്റെ കാര്യം പറഞ്ഞു ഇന്നലെ. (ഞാനും മൂപ്പരും കൂടി ഒരു ലാബു പരൂക്ഷ നടത്തിക്കൊണ്ടിരിക്കുകാ) പിന്നെ, ആളു കൊള്ളാമെന്നു കേട്ടു, പക്ഷെ പറയുന്നില്ല, സുഹൃത്തിനെ ഒറ്റിക്കൊടുക്കാൻ പാടില്ലല്ലോ.

ശ്രീ said...

നല്ലൊരു കുറിപ്പ്, മാഷേ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നമുക്ക് ചുറ്റിലുമുള്ളവരിൽ നിന്ന് പാഠമുൾകൊള്ളാ‍ാൻ കഴിയുന്നത് തന്നെ വലിയ കാര്യം. മാഷാ‍യാൽ പിന്നെ പാഠം പഠിക്കേണ്ടതില്ലെന്ന് കരുതുന്നവർക്ക് ഒരു പാഠമാവട്ടെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT:


നാലഞ്ചു പോസ്റ്റുകൾ ഓടിച്ച് വായിച്ചു ...ഇഷ്ടായി മാഷേ..

വീണ്ടും വരാം..ആശംസകൾ

suchand scs said...

sree mashe :)

30 vellikkaash tharaam :-)

njan kollam ennu nikhil paranjo? kollam :D

തെച്ചിക്കോടന്‍ said...

ഇച്ഛാശക്തി ഉണ്ടെങ്കില്‍ മനുഷ്യന് അസാധ്യമായി ഒന്നുമില്ല!
ഈ നല്ല എഴുത്തിനും എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി.

SULFI said...

ശ്രീ മാഷെ. എല്ലാവരും വന്നു വലിയ കമന്റുകള്‍ അടിച്ചു പോയപ്പോള്‍ ശരിക്കും സങ്കടം കൊണ്ട് വാക്ക് കിട്ടാതിരിക്കുകയാ ഞാന്‍. സത്യം.
എന്തെന്നോ? എല്ലാവരും വലിയ ആളുകള്‍, ഇതിനെ കുറിച്ച് ആധികാരികമായി പറയാന്‍ അറിയുന്നവര്‍. ഞാനോ? മാഷ്‌ പറഞ്ഞ 'കണ്ട്രോള്‍' കേട്ടപ്പോഴേ എന്റെ 'കണ്ട്രോള്‍' പോയി.
ചരിത്രവും മലയാളവും, പിന്നെ കൂട്ടിനു അറബിയും പഠിച്ച ഞാനെങ്ങിനെ ഇതിനെ കുറിച്ചൊക്കെ കേള്‍ക്കും.
അസൂയയാ എല്ലാരോടും (കമന്റിയവന്മാരോട്) . ദുഷ്ടന്മാര്‍, എന്നെ ഒന്നും പറയാന്‍ പറ്റാതാക്കിയില്ലേ. ഞാനറിയുന്നു ഇപ്പോള്‍, എത്ര ചെറുതാണ് എന്റെ അറിവിന്റെ ലോകമെന്നു. ജീവിതത്തില്‍ പോലും കേള്‍ക്കാത്ത കാര്യങ്ങളല്ലേ ഇവിടെ......
അതിനാല്‍ ഒന്നും മിണ്ടാനാവാതെ തല കുനിച്ചു ഞാനിവിടെ ഇരുന്നോട്ടെ. (അതെങ്കിലും സമ്മതിക്കൂന്നെ)
പക്ഷെ ഒന്ന് ഞാന്‍ പറയും, പറഞ്ഞ കാര്യങ്ങള്‍, തുറന്നെഴുത്ത് അത് എനിക്കിഷ്ടായെന്നു. (ഹാവൂ സമാധാനമായി. അതെങ്കിലും പറയാന്‍ പറ്റിയല്ലോ)

ഹംസ said...

നല്ല പോസ്റ്റ്.!

ശ്രീനാഥന്‍ said...

ബഷീർ, തെച്ചിക്കോടൻ, ഹംസ, ശ്രീ –നന്ദി, വന്നതിനും വായിച്ചതിനും.ഇനിയും കാണാം
സുചാന്ദ്-കൊല്ലണം എന്നാണ് നിഖിൽ പറഞ്ഞത്. പിന്നെ ഞാൻ ക്രിസ്തു അല്ലെങ്കിലും യൂദായല്ല്ല്ലോ.
സുൾഫി, ഈ കണ്ട്രൊൾ എന്റെ ഒരു വയറ്റിപ്പിഴപ്പു കാര്യം എന്നു കണ്ടാൽ മതി. പക്ഷെ, ജീവിതം വല്ലാതെ വെറുത്തു പോകുന്നവരാണ് എഞ്ജിനീയറിംഗ് കോളേജുകളിൽ പഠിച്ചിട്ടും ധാരാളം പേപ്പറുകൾ ബാക്കി വന്നു ഒന്നുമാകാതെ പോകുന്നവർ. കണ്ടു കണ്ട് മനസ്സു നൊന്ത കാഴ്ചകൾ. അവരെ കൂടെ പഠിച്ച എഞ്ജിനീയർമാർക്കു പോലും ചിലപ്പോൾ മനസ്സിലാകാറില്ല. സുൾഫിക്കു മനസ്സിലാവാതിരിക്കില്ല. കാരണം, എന്നെക്കാളുമൊക്കെ ജീവിതം എത്ര കണ്ടവരാ നിങ്ങൾ ഗൾഫുകാർ?

Jishad Cronic™ said...

നല്ല ശൈലി .

തഥാഗതന്‍ said...

സകലമാന പ്രശ്നങ്ങൾക്കും നിന്ന് ,ഒന്ന് വീഴുക പോലും ചെയ്ത് മൂന്നാം വർഷം തിരികെ കയറിയ ഒരാൾ ഒരു പ്രണയത്തിലകപ്പെടുകയും 18 പേപ്പർ ഒറ്റയടിക്ക് പാസാകുകയും പിന്നെ ഉണ്ടായ സെമസ്റ്ററുകളിലെല്ലാം ഒരു പേപ്പർ പോലും തോൽക്കാതെ കോഴ്സ് കമ്പ്ലീറ്റ് ചെയ്ത് പ്രണയിനിയെ തന്നെ വിവാഹം ചെയ്ത് ഇപ്പോൾ ഒരു വലിയ നിലയിൽ വിദേശത്ത് ജീവിക്കുന്ന ഒരാളും ഉണ്ട്.
പ്രചോദനം പലവിധം

ശ്രീനാഥന്‍ said...

jishaad, thanks.തഥാഗതാ, അതാരാ, ബ്ലോഗിൽ എഴുതണമെന്നില്ല, എനിക്കറിയാവുന്ന ആരെങ്കിലും ആകാം.

Anas Usman said...

ee commentukal vaayichu vaayichu ucha bakshanam marannu.... vayaru niranno ennariyilla.... manassu nirnjilla, enkilum santhosham....

evide varan tonniyathu nannayi... kooduthal pinneedorikkalakatte alle mashe

ശ്രീനാഥന്‍ said...

അനസ്, നീയിത് കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

Thommy said...

Liked it much

Anas Usman said...

orabhiprayam parayatte.... "parishramattekkal vendathu aatma vishwasamanu".... aatma vishwasam nashtappedumpolakanam, parishramam vridavilavunnathu... itenikku alpam aadikarikamayi parayamennu tonnunnu.. 7 varshattolam bayappadode kanda... ezhuthan orikkal polum dairyappedatha oru paper 4 divasam kondu jayikkan kazhinja (pass marke undayirunnullu ketto) oru bagyavananu ee madiyan :)

ശ്രീനാഥന്‍ said...

തൊമ്മീ, ഈ വഴി വന്ന വരക്കാരാ, നന്ദി. അനസ്, ആത്മവിശ്വാസം-ശരിയാണ്, വേണം, പക്ഷെ, അത് പലർക്കും ഇല്ലല്ലോ!

സ്വപ്നാടകന്‍ said...

ഇവിടെ ആദ്യമാണു..പരിചയം കാണില്ല :)
നന്നായി മാഷേ..നന്നായി എഴുതി..നല്ല ചിന്തകള്‍ ..
ജീവിതാവസ്ഥകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഒരദ്ധ്യാപകനു കഴിയും.
ഇഷ്ട്ടപ്പെട്ടു..:)-ഒരു എഞ്ചിനീയറിംഗ് കോളേജ് ഡ്രോപ് ഔട്ട് .

ശ്രീനാഥന്‍ said...

സ്വപ്നാടകാ, ഇപ്പോഴാണു ഞാൻ ഈ അഭിപ്രായം കണ്ടത്, നന്ദി. പിന്നെ, ആ അവസാനവരി.. ഞാൻ പ്രൊഫൈൽ നോക്കി, റ്റെലികൊമിൽ നല്ല സ്ഥിതിയിലെന്നു കരുതട്ടെ!. വള്ളിക്കുന്നിൽ നിന്ന് റ്റെലികൊമിൽ ജോലിയുള്ള എന്റെ അളിയൻ വിവാഹം ചെയ്തിട്ടുണ്ട്!

lakshmi. lachu said...

നല്ല എഴുത്ത് മാഷെ ഇഷ്ടപ്പെട്ടു.

ശ്രീനാഥന്‍ said...

ലച്ചു-കുറച്ചു പഴയൊരു പോസ്റ്റ് കണ്ടെത്തി വായിച്ചല്ലോ, നന്ദി.

ജൂണ്‍ said...

അയ്യോ..ഈ പോസ്റ്റ്‌ കുറച്ചു നേരത്തെ ഉണ്ടായെങ്കില്‍...:(
ഈ പോസ്റ്റും കമന്റുകളും ആണ് ഇനി എന്റെ വഴി വിളക്കുകള്‍... :)
രണ്ടു സപ്ളികളുടെ ആക്രമണത്തില്‍ തന്നെ തകര്‍ന്നു പോയ ഒരാളാണ്.. course കഴിഞ്ഞു...
മുന്നോട്ടു പോകാന്‍ വല്ലാത്ത ആത്മവിശ്വാസക്കുറവുമായി ഇരിക്കുമ്പോഴാണ് ഈ വഴി വന്നത് ..
നന്ദി സര്‍...

ശ്രീനാഥന്‍ said...

june, i started blogging to escape from the boredom of everyday life. now how happy i am to know that it helped someone like you in a little way in regaining self confidence.so be confident, i have seen even mediocore ones get through engg. and i hope you are above them! So awake arise and stop not till the goal is reached (vivekananda)

റോസാപ്പൂക്കള്‍ said...

ശ്രീനാഥന്‍ മാഷേ .ഈ പോസ്റ്റിനു നന്ദി. ഏത്ര സിമ്പിളായി ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍

ശ്രീനാഥന്‍ said...

Roses: (in December?)- thank you very much

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ വിത്യസ്തമായ ആശയങ്ങള്‍ കൊണ്ടു മനസ്സിനെ ആകര്‍ഷിക്കുന്ന പോസ്റ്റുകള്‍..നന്നായി...

ശ്രീനാഥന്‍ said...

സ്ന്തോഷം മുഹമ്മദ് സാഹിബ്!