അങ്ങിനെയങ്ങിനെ നീങ്ങിപ്പോമൊരു-
തങ്കക്കുടത്തിനെ, വയലിന്റെ മൂലയി-
ലെടവഴികേറുമ്പൊൾ പടർപന്തൽ പോലുള്ളോ-
രരയാലിൻ ചോടെത്തിമറയും വരെ പടി-
പ്പുരയീന്നു നോക്കുന്നു നങ്ങേലി!
- പൂതപ്പാട്ട് (ഇടശ്ശേരി)
ഞങ്ങളെ തനിച്ചാക്കി നീ ഹോസ്റ്റലിലേക്ക് മടങ്ങി.
ദൂരെ, ദൂരെ, അങ്ങു വളരെ ദൂരേക്ക്.
പെയ്തൊഴിയാത്ത മഴക്കാർ നിറഞ്ഞ മുഖവുമായവൾ
നിന്റെ മുറി അടുക്കിപ്പെറുക്കുന്നു.
നീ ഉപേക്ഷിച്ചു പോയ ഡിവിഡികൾ, നൂസ് പേപ്പർ കട്ടിങുകൾ
ചോക്ലറ്റ് റാപ്പറുകൾ, പൊലിത്തിൻ കവറുകൾ
മുഷിഞ്ഞ ജീൻസുകൾ, റ്റീഷർട്ടുകൾ
കൊയ്ലോയുടെ പാതി നിര്ത്തിയ തീർഥയാത്ര.
മുറി വിങ്ങി നിറഞ്ഞ സംഗീതം.
ദാ, പൊതപ്പിന് ന്റെ കുട്ടീടെ മണം,
ശ്രീ, ഈ തലേണയ്ക്ക് കുട്ടീടെ മണം.
സാന്ത്വനിപ്പിച്ചാൽ അവൾ പൊട്ടിത്തെറിക്കും:
അമ്മേടെ കുഞ്ഞിനെ നീ പൂച്ചയെ പുഴ കടത്തും പോലെ
തൂക്കിയെടുത്ത്, കൊണ്ടുപോയ് കളഞ്ഞില്ലേ?
ശൈലജേ, അതു നമ്മൾ ഒരുമിച്ചെടുത്ത, അവനാഗ്രഹിച്ച…..
എനിക്ക് കേൾക്കണ്ടാ, എന്റെ കുട്ടിയെവിടെ?
ആ, അമ്മ മാത്രമാണല്ലോ, അഛൻ വിതുമ്പുന്നത് ഒരു കഥയിലുമില്ല്ല്ലോ.
ആ, പോട്ടേ,പോട്ടേ!
നിന്റെ തത്ത ചോളക്കതിർ തിരിഞ്ഞു നോക്കാതെ
നീ പോയ വഴി കണ്ണു നട്ട് നിശ്ചല.
വളർത്തുപെട്ടിയുടെ ജലവിതാനത്തിൽ മീനുകൾ കിതച്ചു നിൽക്കുന്നു.
നീ പാലു കൊടുത്തിരുന്ന പൂച്ച ഈ വഴി വരാറേ ഇല്ല.
നീയെടുത്ത അതിന്റെ ഫോട്ടൊയുടെ കണ്ണുകൾ , ഡസ്ക് റ്റോപ്പിൽ നിന്ന്
എന്റെ നേർക്ക് നിസ്സഹായരായി തിരിയുന്നു.
നിന്റെ അണ്ണാൻ കുഞ്ഞുങ്ങൾ അമ്മയെ പറ്റിച്ച് ഓടിപ്പോയി.
ഇനി വരുമ്പോൾ അമ്മ ലൌ ബേർഡ്സിനെ വാങ്ങി തരും.
രണ്ടു മാസം രണ്ടു ദിനം പോലെ പൊലിഞ്ഞുപോയി
പതിനെട്ടിന്റെ വീറും കൂർപ്പും തിളക്കവും ബാലിശതയുമായി
കമ്പിനു കമ്പിന് തർക്കുത്തരം പറഞ്ഞു നീ വീട്ടിടം നിറഞ്ഞപ്പോൾ
എല്ലാമാവർത്തിക്കുകയാണല്ലോ എന്നു ഞാൻ ഓർത്തിരുന്നു.
രാത്രി നാലു മണി വരെ ഉറങ്ങാതിരിക്കല്ലേ, സമയത്തിന് ആഹാരം കഴിക്ക്,
സ്പീഡു കുറച്ച് ഓടിക്ക്, മഴ നനയല്ലേ, വെയിലു കൊള്ളല്ലേ
അങ്ങോട്ടു തിരിയല്ലേ, ഇങ്ങോട്ടു പോകല്ലേ …..
എല്ലാ അഛനമ്മമാരും എക്കാലത്തും കുട്ടികളെ വെറുപ്പിക്കുന്നു.
കസബിനു നീതി നിഷേധിച്ചെന്നോ, അഛനൊന്നുമറിയില്ല
അല്ലെന്കിലും, അഛൻ എന്തു ചെയ്യാനാണ്?
ആദ്യം ഷാരൂഖിന്റെ ഡോണാകാൻ മോഹിച്ച കുട്ടി.
പിന്നെ ‘കഥാവശേഷൻ’ ആയാൽ മതിയെന്നു പരിവർത്തനപ്പെട്ടവൻ.
മാവോയിസ്റ്റ് പോരാളികൾ, അഫ്സൽഗുരു,കിണാലൂർ
കൃഷ്ണയ്യർ, നർമദ, ഇന്ത്യൻ ഭരണഘടന,
നയന്താര, അസിൻ, കാജോൾ, മെസ്സി, ധോണി…
കുട്ടികളുടെ മനസ്സിൽ കൊളാഷാണെപ്പോഴും.
അഛനെ കാണുമ്പോൾ അടയുന്ന ലാപ്റ്റോപ്പ്
നോക്കട്ടെ,നോക്കട്ടെ, ആരാണ് വാൾപേപ്പർ?
ചന്ദ്രമല്ലിക? ഊർമിള? സപ് ന? ബസുമതി ചാറ്റർജി ?
നിലീനാ ജോക്ധർ? ഏക മല്ലുവിന്റെ കൂട്ടുകാരിയേത്?
ആരാണാരാണു ചാറ്റിൽ?
അമ്മേ!!! ഈ അഛനെ അങ്ങോട്ടു വിളിക്കൂ!
രണ്ടിനും ചിണുങ്ങാതിരുന്നു കൂടെ?
അഛൻ ഡെസ്ക്പുറത്ത്, മകൻ ലാപ് പുറത്ത്
ഞാൻ പാത്യെം പുറത്തും... അവൾ കലമ്പുന്നു.
ട്രെയിൻ ഇന്ത്യയുടെ കിഴക്കൻ തീരത്തിലൂടെ കുതിക്കുന്നു.
അതിനു രണ്ടാത്മാക്കളുടെ ഹൃദയമിടിപ്പിന്റെ താളം.
എന്റെ തോളിൽ കിടന്ന് പ്ലാവു നോക്കി ‘ചച്ച’ എന്നു പറഞ്ഞ കുഞ്ഞ് അതിനകത്തുണ്ട്.
ഇന്നും നാളെയും മാവോയിസ്റ്റ് ബന്ദ്.
ഇന്ത്യ മുഴുവൻ വിമോചിതമാകുന്നത് സ്വപ്നം കണ്ടിരുന്ന ഞാൻ
ഇന്ന് റെയിൽപ്പാളങ്ങൾ വിമോചിതങ്ങൾ അല്ലെന്നു പ്രത്യാശിക്കുന്നു.
അവൾ മനസ്സിലൊരു കൃഷ്ണവിഗ്രഹത്തിനു മുമ്പിൽ തൊഴുതു നിൽക്കുന്നു.
രാവേറെ ചെന്നിരിക്കുന്നു
ആ തലയിണ കെട്ടിപ്പിടിച്ച്, ആ പുതപ്പുകൊണ്ടു മൂടി
എന്റെ പെണ്ണ് മയങ്ങിപ്പോയി.
ഞാൻ ഈ ചാരുകസേരയിൽ ഇരിപ്പാണ്
ഇനി എന്നാണീ ഡിസമ്പർ വരിക?

കുട്ടീടെ അണ്ണാറക്കണ്ണന്മാർ!