Saturday, April 9, 2011

അല്യോഷ


(ദസ്തയേവ്സ്ക്കിയുടെ കാരാമസോവ് സഹോദരന്മാരിൽ മൂന്നാമനും, ക്രിസ്തുസദൃശനുമായ അലക്സി കാരാമസോവിനെ (അല്യോഷയെ) മുൻ നിർത്തി ഒരു വിചാരം)

വെറുപ്പും വിദ്വേഷവും പുകയുന്ന
കാരാമസോവിന്റെ പേജുകളിൽ
അല്യോഷാ, നീയൊരു സുഗന്ധമായുതിരുന്നു.
പ്രതികാരവും പ്രണയവും ഭ്രാന്തും ചേർത്തുരുക്കിത്തീർത്ത
മഹാഗോപുരത്തിന്റെ ഇരുമ്പു വാതിലുകൾ
നീ മലക്കെ തുറന്നിടുന്നൂ, സ്വാഗതം!

മനുഷ്യാവസ്ഥയെ പകുത്ത്, നാലു സമുദ്രങ്ങളിൽ
നിറച്ചവൻ ദസ്തയേവ്സ്ക്കി.

ചൂതാട്ടത്തിനും മുടിഞ്ഞ മദ്യപാനത്തിനും
പിശാചു മോഹങ്ങൾക്കും ഹിസ്റ്റീരിയക്കും ഇടയിലൂടെ
മനുഷ്യന്റെ ഹതാശമായ ആകാശത്ത്
അല്യോഷാ,
 നീയൊരു പെരുമീൻ പോലെ ഉദിച്ചുയരുന്നു.

ദിമിത്രിയിലേക്ക്, ഇവാനിലേക്ക്,
കാതറീനയിലേക്ക്, ഗ്രുഷങ്കയിലേക്ക്,
 രോഗാതുരനായ  ഇല്യൂഷയിലേക്ക്,
വീൽചെയറിൽ അവളുടെ മാലാഖയെ കാത്തിരിക്കുന്ന ലിസ്സിനരുകിലേക്ക്,
ഗുരുനാഥന്റെ മരണക്കിടക്കയിലേക്ക്
തീക്കടലുകൾ താണ്ടുമ്പോൾ പോലും നീ
പേജുകൾക്കിടയിലൊന്ന് നിന്ന്
ദസ്തയേവ്സ്ക്കിയുടെ പൊന്നോമന
പാളിപ്പോയെന്നു പറഞ്ഞവരെ നോക്കി
കരുണാർദ്രമായി പുഞ്ചിരിക്കുന്നു.

പ്രജ്ഞയുടെ ഒരു മിന്നലിൽ കാതറീന 
അവളുടെ നേര് നിന്നിൽ നിന്നറിയുന്നു
ഗ്രുഷങ്ക നിന്റെ സ്നേഹത്താൽ സ്നാനപ്പെടുന്നു.
ഇവാന്റെ ധിഷണയുടെ ചുണ്ടുകൾ
ഒരു ചുംബനത്താൽ നീ മുദ്രിതമാക്കുന്നു.
ദിമിത്രിയുടെ ചരടു പൊട്ടിയ പട്ടം
നിന്റെ തിരുമുറിവിൽ ചുറ്റിത്തടഞ്ഞു നിൽക്കുന്നു.


അല്യോഷാ, വരൂ!
വരികൾക്കിടയിലൂടെയുള്ള നിന്റെ വരവും കാത്ത്
പുസ്തകത്തിനകത്തും പുറത്തും
 എല്ലാ കാരാമസോവുകളും അക്ഷമരായിരിക്കുന്നു.
ഗംഭീരമതദ്രോഹവിചാരകരുടെ അരമനകൾക്ക്
സ്പർശിക്കാനാവാത്ത  മഹാധാവളൃമേ,
തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽ
തന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്ന
തന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ,
എന്തും അനുവദനീയമായ ഈ ഭൂമിയിൽ,
അല്യോഷാ,   ഓമനേ, നീ വരൂ,
എന്റെ വിളക്കിൽ എണ്ണ വറ്റിത്തീരാറായിരിക്കുന്നു.
ഒരുമ്മയും അതു സഹിക്കാനുള്ള കരുത്തും നീ എനിക്കും തരൂ!
നീതിമാന്മാരെ തേടിയല്ലോ, നീ വന്നതു.