Tuesday, September 7, 2010

കവിത - നെരൂദ

അങ്ങനെയക്കാലത്താണ്‌ കവിത

എന്നെത്തേടിയെത്തിയത്.

ശിശിരത്തിൽ നിന്നോ, സരിത്തിൽ നിന്നോ

എവിടെനിന്നെവിടെനിന്നെന്നറിയാതെ

എങ്ങനെ, എപ്പോഴെന്നറിയാതെ

എന്നെത്തേടിയെത്തിയത്.

അവ സ്വരങ്ങളല്ലായിരുന്നു

വാക്കുകളോ, വിമൂകതയോ അല്ലായിരുന്നു.

എങ്കിലും ഞാൻ വിളിക്കപ്പെട്ടു!

ഏതോ ഒരു തെരുവിൽ നിന്ന്,

നിശയുടെ ശിഖരങ്ങളിൽ നിന്ന്

കവിത എന്നെ മാടി വിളിച്ചു.

പൊടുന്നനവെ മറ്റുള്ളവർക്കിടയിൽ നിന്ന്,

ആളുന്ന തീയിൽ നിന്ന്,

ഏകനായി തിരിച്ചെത്താൻ

ഞാൻ വിളിക്കപ്പെട്ടു.

ഏറെ അവ്യക്തമായിരുന്നെങ്കിലും

അതെന്നെ സ്പർശിച്ചു.

എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു.

പേരുകൾ എനിക്ക് വഴങ്ങില്ലായിരുന്നു

എനിക്ക് നേരായ കാഴ്ചയില്ലായിരുന്നു

എങ്കിലും എന്തോ ഒന്ന് എന്റെ ആത്മാവിൽ മുട്ടി വിളിച്ചു,

പനിയോ മറന്ന ചിറകുകളോ.

എന്നിട്ടാ അഗ്നിയെ അപഗ്രഥിക്കാൻ

ഞാനെന്റെ സ്വന്തം വഴി കണ്ടെത്തി.

അങ്ങനെ എന്റെ ആദ്യത്തെ

നേർത്ത വരി വാർന്നു വീണു.

ഒന്നുമറിയാത്തൊരാളുടെ

നേർത്ത, കഴമ്പില്ലാത്ത

ശുദ്ധ അസംബന്ധം

ശുദ്ധജ്ഞാനം.

പൊടുന്നനവെ, എനിക്ക് മുമ്പിൽ

സ്വർഗ്ഗങ്ങൾ കൊട്ടിത്തുറക്കപ്പെട്ടു!

ഗ്രഹങ്ങൾ,

ത്രസിക്കുന്ന സസ്യജാലം.

അമ്പുകൾ സുഷിരങ്ങൾ തീർത്ത നിഴലുകൾ

അഗ്നിയും പൂക്കളും

ഗ്രസിക്കുന്ന രാവും

പ്രപഞ്ചവും.

അങ്ങനെ ഞാനെന്ന നിസ്സാരത

ഈ താരാകീർണ്ണമഹാശൂന്യതയും

ഈ പാരസ്പര്യങ്ങളും

ഈ നിഗൂഢതകളും

പാനം ചെയ്കെ അറിയുന്നു

ഞാനുമീ ആദിമയഗാധതയുടെ

അവിഭാജ്യഭാഗമെന്ന്.

ഞാൻ താരങ്ങൾക്കൊപ്പം ചുറ്റിത്തിരിഞ്ഞു

എന്റെ ഹൃദയം കാറ്റിൽ പിഞ്ഞിപ്പറന്നു.

കുറിപ്പ്: എനിക്ക് ഏറെ പ്രിയങ്കരമായ ഒരു കവിതയുടെ മൊഴിമാറ്റം: ‘ഭാഷയിലാക്കാൻ’ ചെറിയ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്!